ബോധപൂര്‍വ്വമുള്ളതല്ലെന്ന് എഴുത്തുകാരി പറയുമ്പോഴും സ്ത്രീപക്ഷഎഴുത്തുകളാണ് ഭൂരിഭാഗവുമെന്ന് ഉറക്കെ ശബ്ദിക്കുന്ന രചനകളാണ് യുവകവയിത്രി സന്ധ്യ എന്‍. പിയുടേത്. പെണ്‍ബുദ്ധന്‍, ശ്വസിക്കുന്ന ശബ്ദം മാത്രം, മറുപടിക്കാട്, നഗ്നജലം, ചേതി തുടങ്ങി കവിതാസമാഹാരങ്ങളും നോവലുകളുമായി അഞ്ച് പുസ്തകങ്ങളാണ് ഈ എഴുത്തുകാരിയുടേതായി പുറത്തിറങ്ങിയത്. കൂടാതെ ഓണ്‍ലൈന്‍ ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളില്‍ കവിതകളും കഥകളും ലേഖനങ്ങളും സജീവമായി എഴുതുന്നുമുണ്ട്. സന്ധ്യയുടെ എഴുത്തുകളെല്ലാം തന്നെ മികച്ചുനില്‍ക്കുന്നവയാണെന്ന് ഇതിനോടകം വിലയിരുത്തപ്പെട്ടിരിക്കുന്നു. തന്റെ എഴുത്തുവഴികളും അനുഭവങ്ങളും എഴുത്തുകാരി പങ്കുവെക്കുന്നു. 

To advertise here,

സാഹിത്യരംഗത്ത് സ്ത്രീകളുടെ ഇടപെടലുകളേയാണല്ലോ പൊതുവേ 'പെണ്ണെഴുത്ത്' എന്ന് വിശേഷിപ്പിക്കുന്നത്. സ്വന്തം എഴുത്തുകള്‍ പെണ്ണെഴുത്ത് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തപ്പെടുന്നതിനെ സന്ധ്യ എന്ന എഴുത്തുകാരി എത്തരത്തിലാണ് വിലയിരുത്തുന്നത്

സ്ത്രീ ഒരു രണ്ടാംതരം പൗരയാണ് എന്ന പൊതുബോധം നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് അതിനെതിരെ നീങ്ങുക, അതിൽ നിന്ന് മുന്നോട്ടു പോവുക, അതിനെ മറി കടന്നുപോകാൻ വേണ്ടി പോരാടുക എന്നതാണെന്നു തോന്നുന്നു പൊതുവെ ഫെമിനിസത്തെക്കുറിച്ചുള്ള ധാരണ.ഫെമിനിസ്റ്റുകൾ പറയുന്ന ഈ പൊതുധാരണയല്ല എൻ്റെ ധാരണ. ഞാൻ ആലോചിക്കാറ് സ്ത്രീ പ്രകൃതിയുടെ ഒരു ചെറുബിംബമാണ്, ആ ബിംബത്തിൽ നിന്ന് ഉണ്ടാവുന്നവനാണ് പുരുഷൻ. അതിനാൽത്തന്നെ സ്ത്രീ സ്വയം അഭിമാനി ആവേണ്ടതുണ്ട് സ്ത്രീ ആയതിൽ. ആ അഭിമാനം കൊള്ളൽ ആണ് എൻ്റെ എഴുത്തുകൾ . 

സ്ത്രീയുടെ അനുഭവങ്ങൾ അത്രയും ശക്തമായി സ്ത്രീക്കു മാത്രമേ എഴുതാൻ കഴിയൂ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. സ്ത്രീക്ക് ഉണ്ടെന്നു ലകാൻ (ഫ്രഞ്ച് ചിന്തകനായ ഷാക്ക് ലകാൻ) പറയുന്ന അഭാവത്തേക്കാൾ വലുതാണ് പുരുഷനിലുള്ള അഭാവം. മുലയുടെ അഭാവമുള്ള പുരുഷൻ  സ്ത്രീയേക്കാൾ ദുർബലനാണ്. സ്ത്രീ ആയതിലുള്ള അഭിമാനം എഴുതുക എന്നതാണ് എൻ്റെ എല്ലാ എഴുത്തിൻ്റേയും ആധാരം.

സ്ത്രീകഥാപാത്രങ്ങള്‍ക്കും സ്ത്രീകളുടെ വിചാരവികാരങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന എഴുത്തുകളാണ് അധികവും. ബോധപൂര്‍വ്വം തന്നെയാണോ അത്തരത്തിലുള്ള രചനകള്‍

അല്ലാ... ഞാൻ സ്ത്രീയായതു കൊണ്ടാവും അങ്ങനെ വരുന്നത് എന്നാണ് ഞാൻ വിചാരിക്കുന്നത്. എൻ്റെ അനുഭവങ്ങളും നിരീക്ഷണങ്ങളും ഒക്കെയാണ് ഞാൻ എഴുതുന്നത്, ഇന്നതെഴുതണം എന്ന് ബോധപൂർവ്വം  എഴുതുന്നതല്ല, പെട്ടെന്ന് മനസ്സിൽ വരുന്നത് എഴുതുന്നു എന്നു മാത്രം. മുല എന്നു പോലും ഉറക്കെപ്പറയാൻ കഴിയാത്ത പറഞ്ഞാൽ ചീത്ത വാക്ക് പറയുന്നു എന്ന് വായ പൊത്തുന്ന ഒരു കുടുംബമായിരുന്നു എൻ്റെ കുട്ടിക്കാലം. സ്ത്രീയുടെ ശരീരവുമായി ബന്ധപ്പെട്ട എല്ലാ അനുഭവങ്ങളും ഒച്ച കുറച്ച് മാത്രം പറയുന്ന അല്ലെങ്കിൽ പറയാതിരിക്കുന്ന ഒരു പശ്ചാത്തലം. അതുകൊണ്ടു തന്നെ സ്ത്രീ ശരീരവുമായി ബന്ധപ്പെട്ട  അനുഭവത്തെ ഉറക്കെപ്പറയുക എന്നത് എനിക്ക് പ്രധാനമാണ്, ഉള്ളിലീ വിചാരം ഉള്ളതുകാരണം എഴുതുന്നവ അങ്ങനെയാവുന്നതാവണം.

കവിത, കഥ, നോവല്‍...താങ്കളുടെ രചനാലോകം വിശാലമാണ്. കവിതയെഴുത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി മറ്റ് വിഭാഗങ്ങള്‍ കൂടി മുന്നോട്ടുകൊണ്ടുപോകുന്ന ഒരു രചനാരീതിയാണോ ആഗ്രഹിക്കുന്നത്

ഞാൻ കവിതകൾ ആണ് ആദ്യം എഴുതിയത്. ആദ്യം പ്രസിദ്ധീകരിച്ചു വന്ന പുസ്തകം കവിതാപുസ്തകം ആണ് എന്നതു കൊണ്ട് മാത്രമാണ് ഞാൻ കവയത്രിയായി നിലകൊള്ളുന്നത് എന്ന് തോന്നുന്നുന്നു 

എനിക്ക് കവിതയും കഥയും നോവലും ലേഖനവും ഒക്കെ എഴുതാൻ ഇഷ്ടമാണ് അതൊക്കെ ഭാഷയെ പലതരത്തിൽ പ്രയോഗിച്ചു നോക്കാൻ ഉള്ള ശ്രമങ്ങളാണ്. ഭാഷാത്തൊഴിലാളി എപ്പോഴും ഭാഷയിൽ പണിതു കൊണ്ടിരിക്കണം എന്ന് ഞാൻ എപ്പോഴും കേൾക്കാറുള്ളതുകൊണ്ട്. കവിത പേടിയുള്ള വിഷയമാണ്. പൊതുവെ കവിതകൾ  എനിക്ക്   ഓർമ്മയിൽ നിൽക്കുക പ്രയാസമാണ്. കവിതയെക്കുറിച്ച് സംസാരിക്കാൻ പറഞ്ഞാൽ ചിലപ്പോൾ എനിക്കൊന്നും പറയാൻ കഴിയണം എന്നില്ല. 

പക്ഷേ ഞാൻ നിരന്തരം കേട്ടു കൊണ്ടിരിക്കുന്നത് കവിതയാണ്. എല്ലായ്പ്പോഴും കവിതകൾ വായിക്കുകയും കവിതയെക്കുറിച്ച് നിരന്തരം പറയുകയും ചെയ്യുന്ന ഒരു കവിയാണ്  കൂടെ ഉള്ളത് എന്നതിനാലാവും എനിക്ക് നിത്യമെന്നോണം   കവിതയിൽ നിൽക്കാൻ ഉള്ള ഒരു ഊർജ്ജം കിട്ടുന്നത്. കവിത കഴിഞ്ഞ് വന്ന നോവൽ, കഥ... അവിചാരിതമായി സംഭവിച്ച എഴുത്തുകൾ ആണ്.

എഴുത്ത് ഏതുരൂപത്തിൽ വരുന്നോ ആ രൂപത്തിൽ എഴുതുക എന്നേ വിചാരിക്കാറുള്ളൂ കവിയെന്നോ, നോവലിസ്റ്റ് എന്നോ കാറ്റഗറൈസ് ചെയ്തു വിചാരിക്കാറില്ല വരുന്നതെന്താണോ അതെഴുതും, എന്നാലും കവിതാഭാഷയാണ് എനിക്കുള്ളതെന്ന് തോന്നുന്നു കവിതയോടാണ് കുറച്ചു കൂടി ചായ്‌വ് എന്നു തോന്നുന്നു.

മൂന്ന് കവിതാസമാഹാരങ്ങള്‍ പുറത്തിറങ്ങിയല്ലോ, രണ്ട് നോവലുകളും. അവ ഒന്ന് പരിചയപ്പെടുത്താമോ

എൻ്റെ ആദ്യ കവിതാസമാഹാരം 2012 ൽ ആണ് വരുന്നത്- ശ്വസിക്കുന്ന ശബ്ദം മാത്രം. അന്നുവരെ ഒരു കവിതയും  പ്രസിദ്ധീകരിച്ചു വന്നിട്ടില്ലാത്ത എൻ്റെ കവിതകൾ കറൻ്റ് ബുക്സ്  തൃശൂരിലെ പബ്ലിക്കേഷൻ  മാനേജർ കെ.ജെ. ജോണി പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു. ഞാൻ 2000 തൊട്ടെഴുതിയ കവിതകൾ. കവിതകളാണ് എന്നറിയാതെ എഴുതിയ എഴുത്തുകളായിരുന്നു അവ. വെച്ചുകെട്ടലുകളോ സാഹിത്യധാരണകളോ ഒന്നുമില്ലാത്ത കുപ്പായമില്ലാത്ത എഴുത്ത്.
       "അരുവിയിൽ നിന്നും
        വെള്ളം കുടിക്കും പോലെ 
        അവനെൻ്റെ മുല കുടിക്കുന്നു" എന്നൊക്കെ.
     
പതിനാറു ദിവസം ആശുപത്രിയിൽക്കിടന്ന് അച്ഛൻ എന്നേക്കുമായി പോയ ദിവസമാണ് എൻ്റെ ആദ്യ പുസ്തകം അച്ചടിച്ച് കൈയ്യിൽക്കിട്ടുന്നത്. അച്ഛനെയത് കാണിക്കാൻ പറ്റിയില്ല. ആ സമാഹാരത്തിനാണ് സാഹിത്യ അക്കാദമിയുടെ കനകശ്രീ അവാർഡ് കിട്ടിയത്. അവാർഡ് കിട്ടിയപ്പോൾ ഇനിയും ധാരാളം അവാർഡുകൾ കിട്ടട്ടെ എന്ന് കെ.സി. നാരായണൻ ആശംസിച്ചു. "വേണ്ട എനിക്കു പേടിയാണ് " എന്നു ഞാൻ പറഞ്ഞു.

രണ്ടാമത്തെ  പുസ്തകം പെൺബുദ്ധൻ 2018 ൽ പ്രസിദ്ധീകരിച്ചു. ആഴ്ചപ്പതിപ്പിൽ ആദ്യമായി അച്ചടിച്ചു വന്ന കവിതയാണ് പെൺബുദ്ധൻ. 2014 ൽ മാതൃഭൂമിയിൽ. അന്ന് മാതൃഭൂമിയിൽ നിന്ന് അനൂപാണ് (കെ.വി. അനൂപ്) നാളത്തെ ആഴ്ചപ്പതിപ്പിൽ നിൻ്റെ കവിതയുണ്ടെന്ന് വിളിച്ചു പറഞ്ഞത് "ഇനി മുതൽ നീയാണെൻ്റെ കവി" എന്നും.

നഗ്നജലം ആണ്  ആദ്യം വന്ന നോവൽ 2019 ൽ കോഴിക്കോട് ഹരിതം ബുക്സ് ആണ് പ്രസാധകർ. 2014 ൽ എഴുതിയിട്ട് 2018 വരെ ഞാനതു തിരുത്തിക്കൊണ്ടിരുന്നു. 
  
ആത്മഹത്യ ചെയ്യാൻ ഇറങ്ങിത്തിരിച്ച വിന്ധ്യൻ എന്ന യുവാവ് കാട്ടിൽ ശോശാമ്മയെ കാണുന്നതോടെ ആത്മഹത്യാശ്രമം വേണ്ടെന്നു വെക്കുന്നു. റസിയ, ശോശാമ്മ എന്നീ രണ്ടു സ്ത്രീകളെ ഒളിഞ്ഞു നോക്കി, ഒളിഞ്ഞു നോക്കി സ്ത്രീയാവാൻ കൊതിച്ച് സ്ത്രീത്വത്തെ ആരാധിച്ച് ഒടുക്കം  വിന്ധ്യൻ സ്ത്രീയായി മാറുന്നിടത്ത് നോവൽ കഴിയുന്നു. എൻ്റെ ഫെമിനിസം എന്താണെന്ന്  നഗ്നജലം വായിച്ചാൽ മനസ്സിലാകും. പ്രപഞ്ചത്തോളം അനന്തമായ സ്ത്രീത്വത്തെ നമസ്ക്കരിക്കുന്ന പുരുഷൻ - എന്നതാണ് എൻ്റെ കാഴ്ചപ്പാട്.

വിന്ധ്യൻ്റെ കാഴ്ചയിലൂടെയാണ് കഥ പറയുന്നത്. ഒരു ആണായി മാറി ആണിൻ്റെ കണ്ണിലൂടെ സ്ത്രീയെ നോക്കി  നോവൽ എഴുതുക എന്നത് ഒരു വെല്ലുവിളിയായിരുന്നു. പക്ഷേ ഞാൻ ഏറ്റവും ആസ്വദിച്ചെഴുതിയ എഴുത്തായിരുന്നു അത്. പിന്നെ മറുപടിക്കാട് എന്നൊരു കവിതാ സമാഹാരം  2021 ൽ പ്രസിദ്ധീകൃതമായി. അതിൽ പൈതൃകം, വല്യമ്മ, യൂസ്ഡ് ബുക്സ് വീണ്ടും വാങ്ങി വായിക്കുമ്പോൾ എന്നിവയൊക്കെ എനിക്കിഷ്ടപ്പെട്ട കവിതകളാണ്.
       
രണ്ടാമത്തെ നോവലായ ചേതി 2023 ൽ പ്രസിദ്ധീകരിച്ചു. ആദ്യ നോവൽ തികച്ചും കാല്പനികമായി കാവ്യഭാഷയിലാണ് എഴുതിയിട്ടുള്ളത്. ചേതി തികച്ചും റിയലിസ്റ്റിക്കാണ് എൻ്റെ കുട്ടിക്കാലത്തെ, അക്കാലത്തെ നാടിനെ, മാറിപ്പോയ പ്രകൃതിയെ ഒക്കെ വാക്കുകളിൽ എന്നേക്കുമായി എനിക്കു വേണ്ടി ജീവിപ്പിച്ചു  നിർത്തുക എന്ന് വിചാരിച്ച് എഴുതിയതാണ് ആ നോവൽ. ചിത്രകാരൻ ബോണി തോമസാണ് ചേതിയുടെ കവർച്ചിത്രം വരച്ചത്. അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ എനിക്കൊരുപാട് ഇഷ്ടമാണ്.

placeholder
കവിതാസമാഹാരങ്ങള്‍ 

താങ്കള്‍ ഒരു നല്ല വായനക്കാരി കൂടിയാണല്ലോ. എഴുത്തില്‍ വായനയുടെ സ്വാധീനത്തെ കുറിച്ച് / നല്ല എഴുത്തുകാരി അഥവാ എഴുത്തുകാരനാകാന്‍ ധാരാളം വായിക്കേണ്ടതുണ്ടോ

വായിക്കുന്നത് തീർച്ചയായും നല്ലതാണല്ലോ. പലതരം എഴുത്തുരീതികൾ അറിയാൻ അത് സഹായിക്കും. പലതരം ക്രാഫ്റ്റുകൾ പരിചിതമാവും. പരിഭാഷകൾ ആണിപ്പോ ഞാൻ വായിക്കാറ് കൂടുതൽ. നമ്മുടെ തൊട്ടടുത്ത ദേശക്കാർ എന്തെഴുതുന്നു എന്തു ചിന്തിക്കുന്നു എന്നൊക്കെ പരിഭാഷയിലൂടെ അറിയാം വായന നല്ലതു തന്നെ. പുതിയ ആശയങ്ങൾ ഒക്കെ വായനയിലൂടെ കിട്ടുമല്ലോ. ഉള്ളിലേക്ക് കൂടുതൽ പ്രകാശം കയറും. വികാരങ്ങളും അനുഭവങ്ങളും  വാക്കുകളുടെ വെളിച്ചത്തിൽ കൂടുതൽ  വ്യക്തമായി കാണാം.
   
ഞാൻ കൂടുതലായും  വീണ്ടും വീണ്ടും വായിക്കുന്നത് പഴയ ക്ലാസ്സിക്കുകളാണ്, പണ്ട് വായിച്ചിരുന്നവ വീണ്ടും വായിച്ചു നോക്കുമ്പോൾ അന്ന് വളരേയധികം സന്തോഷിപ്പിച്ചിരുന്ന കൃതികൾ ഇപ്പോൾ അത്ര സന്തോഷിപ്പിക്കുന്നില്ല എന്ന് തോന്നാറുണ്ട്. പക്ഷേ സി.വി. രാമൻപിള്ളയുടെ കൃതികൾ അന്ന് വളരെ കടുപ്പമായിരുന്നത് ഇപ്പോൾ  വായിക്കുമ്പോൾ വളരെ രസം. അന്ന് മനസ്സിലാവാതിരുന്ന 'ജലജളൂകൻ'  'മശകമക്കുണ പിപീലികാദി കോടി പ്രപഞ്ചം' പോലെ  ഉള്ള പ്രയോഗങ്ങൾ വിടർത്തിയെടുത്ത് കഥാസന്ദർഭം വായിക്കുമ്പോൾ അന്ന് വായിച്ചതിനേക്കാൾ ആസ്വാദ്യം സി.വിയെ വീണ്ടും വീണ്ടും വായിക്കുന്ന രസം പറഞ്ഞറിയിക്കാൻ കഴിയില്ല

"കായപരിചിതിയും ദേഹബലവും കൊണ്ട് സൃഷ്ടി ശക്തിയാൽ അദ്വിതീയനായി അനുഗ്രഹിക്കപ്പെട്ടിരുന്നെങ്കിലും, കാലാനുസാരമായുള്ള രക്ത ദർശന സഹന ശക്തി അദ്ദേഹത്തിന്റെ മനഃകോശത്തിൽ ഒട്ടും തന്നെ സഞ്ചയിക്കപ്പെട്ടിരുന്നില്ല " എന്നൊക്കെ വായിക്കുമ്പോൾ ഒരാനന്ദം. ഒരു കൃതി കാലങ്ങളെ വെല്ലുന്നത് അതിലെ ഭാഷ കൊണ്ടാണെന്ന്, കൃതി എന്നാൽ ഭാഷ തന്നെയെന്ന് സി.വി നൂറ്റാണ്ടുകൾക്കപ്പുറത്തു നിന്നുകൊണ്ടു  തിരിച്ചറിഞ്ഞു എന്നത് അത്ഭുതമാണ് !       

അതുപോലെ ഇപ്പോഴും മായികമായൊരനുഭൂതിയോടെ  വായിക്കാൻ പറ്റുന്നുണ്ട് ഖസാക്കിൻ്റെ ഇതിഹാസം. ഒരാത്മാവു പോലെ , അന്തരീക്ഷത്തിൽ ഒരു പൊടിയായ് പറക്കുന്നതു പോലൊക്കെത്തോന്നും എനിക്ക് ഖസാക്ക് വായിക്കുമ്പോൾ. സാഹിത്യമെന്നാൽ ഭാഷ - ഭാഷയുണ്ടാക്കുന്നൊരനുഭൂതി എന്നറിയുമ്പോഴും  ദസ്തേവിസ്കിയുടെ കുറ്റവും ശിക്ഷയും എനിക്ക്  വേറൊരു അനുഭവമാണ്. എത്ര കഥാപാത്രങ്ങളുടെ മനസ്സിലൂടെ വൈകാരികതകളിലൂടെ ആ കഥാകാരൻ കടന്നു പോവുന്നു ;അത്ഭുതം പറഞ്ഞറിയിക്കുന്നതെങ്ങനെയാണ്?      

അതുപോലെ ഓർഹാൻ പാമുക്കിൻ്റെ 'മൗനവീട് ' പോലെയുള്ള നോവലിലെ ഭാഷ, കന്നട നോവൽ ശ്രീകൃഷ്ണ ആലനഹള്ളിയുടെ 'ഭുജംഗയ്യൻ്റെ ദശാവതാരങ്ങൾ 'ഞാൻ ഇടയ്ക്കിടെ വായിക്കാറുണ്ട്. കർമ്മത്തിൽ ഈശ്വരനെ വെല്ലുന്ന ദുജംഗയ്യനെപ്പോലൊരു കഥാപാത്രത്തെ സൃഷ്ടിച്ച കഥാകാരൻ എന്തൊരെഴുത്തുകാരനാണ്! പരിഭാഷയിലൂടെയാണെങ്കിലും അവ വായിക്കാൻ കഴിഞ്ഞല്ലോ എന്ന് ഞാൻ ആശ്വസിക്കാറുണ്ട്. അതേസമയം  പരിഭാഷകരോട് അതിരറ്റ സ്നേഹാദരങ്ങളും തോന്നാറുണ്ട്. പരിഭാഷകർ ജീവരക്തം ദാനം ചെയ്യുന്നവരെപ്പോലെയാണ്. അവരില്ലായിരുന്നെങ്കിൽ ലോകകൃതികൾ നമ്മൾ എങ്ങനെ അറിഞ്ഞേനെ!
 
മറ്റ് ഭാഷകൾ അറിയാത്തതിൽ എനിക്കു വിഷമം തോന്നാറുണ്ട്. ലോകഭാഷകൾ അറിയാത്തതിലല്ല  നമ്മുടെ അടുത്ത ദേശങ്ങളിലെ ഭാഷ തമിഴ്, തെലുങ്ക്, കന്നട ഒന്നുമറിയാത്തതിൽ കുറ്റബോധം  തോന്നാറുണ്ട്.

അതാത് കാലത്ത് ഭയങ്കരമായി വിറ്റഴിക്കപ്പെടുന്ന കൃതികൾ, ഘോഷിക്കപ്പെടുന്ന കൃതികൾ വായിക്കാൻ എനിക്ക് താത്പര്യമില്ല. കൃതികൾ  നിലനിലക്കുന്നത് കാലത്തിലൂടെയാണ് . യാതൊരാച്ചപ്പാടുകളുമില്ലാതെ മൗനമായി കാലത്തിലൂടെ സഞ്ചരിക്കുന്ന കൃതികൾ വായിക്കാനാണ് എനിക്കിഷ്ടം. ഈ വായനകളെല്ലാം എൻ്റെ എഴുത്തിനുള്ള പരിശീലങ്ങൾ തന്നെയായാണ്  ഞാൻ കാണുന്നത്.
   
ഇന്ന് കാഴ്ചയ്ക്ക് പ്രാധാന്യമുള്ള കാലമാണല്ലോ. കുട്ടികൾ കണ്ണ് എന്ന ഇന്ദ്രിയം, കാഴ്ചകൾ  വേഗം കണ്ട് തീർക്കാൻ ആണ് ഉപയോഗിക്കുന്നത്. ഒരു മിനിറ്റ് മാത്രമുള്ള റീൽസുകളിൽ തങ്ങി നിൽക്കാൻ ഉള്ള ക്ഷമയെ  അവർക്കുള്ളൂ. അക്ഷമ കളയാൻ  അക്ഷരങ്ങളാണ് നല്ലത്. അക്ഷരങ്ങളാവുമ്പോൾ കണ്ണുകൾ കുറേനേരം അതിൽ തങ്ങിനിൽക്കും - മനസ്സിലാണ് അപ്പോൾ കാഴ്കൾ തെളിയുക , കണ്ണിലല്ല. മനസ്സിൽ കാഴ്ചകൾ വളർന്നു പടരാൻ വായന നല്ലതെന്ന് പുതിയ കാലത്തെ കുട്ടികൾ തിരിച്ചറിയേണ്ടതുണ്ട്.

തുടര്‍ച്ചയായി എഴുതിക്കൊണ്ടിരിക്കുകയാണല്ലോ. ഇതിനിടയില്‍ റൈറ്റേഴ്‌സ് ബ്ലോക് പോലുള്ള അവസ്ഥ അനുഭവപ്പെട്ടിട്ടുണ്ടോ, അങ്ങനെയെങ്കില്‍ അത്തരം എഴുത്തുപ്രതിസന്ധികളെ ഏതുവിധത്തിലാണ് തരണം ചെയ്യുന്നത്

നഗ്നജലം എഴുതി കഴിഞ്ഞപ്പോൾ മനസ്സിൽ ഒന്നുമില്ലാത്ത അവസ്ഥ ആയിരുന്നു. അപ്പോ കഥകളെപ്പറ്റി ചിന്തവന്നു. അങ്ങനെ കഥാതന്തുക്കൾ ഉള്ള കവിതകൾ എഴുതി. കഥകൾ ആവേണ്ടിയിരുന്ന വിത്തുകൾ അതേപടി കവിതയാക്കി എഴുതിയവയാണ് മറുപടിക്കാടിലെ കവിതകൾ. പിന്നെ റൈറ്റേഴ്സ് ബ്ലോക്ക് എന്ന വലിയ വാക്കൊന്നും ഉപയോഗിക്കാൻ എനിക്കു ശക്തി തോന്നുന്നില്ല.  അതൊക്കെ വലിയ  എഴുത്തുകാർക്കുള്ള പ്രയോഗങ്ങൾ ആണെന്നാണ് ഞാൻ കരുതുന്നത്. മനസ്സിലൊന്നുമില്ലാതെ ഡെസ്പടിച്ചിരിക്കുമ്പോൾ ഞാൻ ഏകാന്തതയുടെ നൂറുവർഷങ്ങൾ വായിക്കും. അപ്പോൾ മനസ്സിലെ മൂടലെല്ലാം മാറി

"അടച്ചിട്ട കാലം
ഞാൻ വരുമ്പോൾ
സ്വീകരിക്കാനായി
വീടു മുഴുവൻ
മഞ്ഞപ്പൂക്കൾ
നിറച്ചിട്ടു പോയി  എന്നൊക്കെ ഞാൻ മനസ്സുതുറന്ന് എഴുതും. അങ്ങനെ മൂഡ് ശരിയാകും. ഇപ്പോഴും മരുന്ന് മാറിയിട്ടില്ല ഏകാന്തതയുടെ നൂറുവർഷങ്ങൾ തന്നെ.അതു വീണ്ടും വീണ്ടും വായിച്ച്,

"വീടുമുഴുവൻ
സ്വപ്നത്തിൽ നിന്നിറങ്ങി വന്ന
തേരട്ടകൾ :
സ്വപ്നം മുഴുവൻ
ഇടിവെട്ടിൽ
ഞെട്ടി വിടർന്ന പൂക്കൾ ! "
എന്നൊക്കെ എഴുതി സന്തോഷിക്കും ഞാൻ
        
പിന്നെ വേറൊരാലോചനയും വരാറുണ്ട്. നമ്മൾ എഴുതിയില്ലെങ്കിലും ലോകം മുന്നോട്ടു നീങ്ങും, എഴുതിക്കൊണ്ടിരിക്കൽ മാത്രമല്ലല്ലോ ജീവിതം , എഴുതാതെ വെറുതേ ഇരിക്കലും ജീവിതത്തിൽ ഉള്ളതാണല്ലോ എന്ന് ! എഴുത്തില്ലാത്ത സമയങ്ങളിൽ ശബ്ദബഹളങ്ങളില്ലാതെ വേണ്ടുവോളം മനോരാജ്യം കണ്ടും  എഴുത്തിനെക്കുറിച്ച് ഒട്ടുമേ ബേജാറില്ലാതെ  സിനിമ കണ്ടും പാട്ടു കേട്ടുമൊക്കെ  ആ സമയം  തീർന്നുപോകും. 

placeholder
നോവലുകള്‍

ഓണക്കാലമാണല്ലോ, എന്താണ് ഓണത്തെക്കുറിച്ചുള്ള താങ്കളുടെ ഓര്‍മകള്‍ / ആഘോഷാനുഭവങ്ങള്‍ എഴുത്തില്‍ സ്വാധീനിച്ചിട്ടുണ്ടോ 

ആഘോഷങ്ങളെല്ലാം നല്ലതാണെന്നാണ് എന്റെ അഭിപ്രായം. പ്രത്യേകിച്ച് ഓണം, വിഷു പോലുള്ളവ. ഓരോ വ്യക്തിയ്ക്കും അവരുടെ ആഘോഷം പ്രധാനം തന്നെയാണ്. അവരുടെ കുട്ടിക്കാലം മുതലുള്ള ഓര്‍മകള്‍ അതിനോട് ബന്ധപ്പെട്ടുകിടക്കുന്നതാണതിന് കാരണം. അത് ഏതൊക്കെയോ വിധത്തില്‍ അവരുടെ എഴുത്തുകളെ സ്വാധീനിക്കാറുമുണ്ട്. 

എനിക്ക് ഓണമെന്ന് പറഞ്ഞാല്‍ ഞാനും എന്റെ ഏട്ടത്തിയും കൂടി രാവിലെതന്നെ പൂക്കളമൊരുക്കുന്ന ഓര്‍മയാണ്. തേക്കിന്റെ ഇല കുമ്പിള്‍ കുത്തി അടുത്തുള്ള പറമ്പുകളില്‍-ഒഴിഞ്ഞുകിടക്കുന്ന ഒരുപാട് പറമ്പുകള്‍ അന്നുണ്ട്. മതിലുകളൊന്നുമില്ലാത്ത, കുട്ടികള്‍ക്ക് കയറിയിറങ്ങി പൂക്കള്‍ പറക്കാന്‍ ഇഷ്ടം പോലെ സ്വാതന്ത്ര്യമുള്ള പറമ്പുകള്‍ ധാരാളമുണ്ടായിരുന്നു- നിന്ന് പൂക്കള്‍ പറിയ്ക്കും. തുമ്പപ്പൂവൊക്കെ ധാരാളമുണ്ടായിരുന്നു. വൈകുന്നേരം തുമ്പപ്പൂക്കള്‍ പറിക്കും. ക്ഷമയോടെ ഇരുന്ന് പറിയ്ക്കും. ധാരാളം പൂക്കള്‍, പഞ്ചാരമണമുള്ള വട്ടപ്ലാവിലപ്പൂ, പിന്നെ ചെന്തീ പോലെയാളുന്ന മേന്തൊന്നി...ഓരോ പൂക്കള്‍ പറിയ്ക്കുമ്പോള്‍ അതിന്റെ കളര്‍ കോമ്പിനേഷനൊക്കെ നമ്മുടെ മനസ്സിലിങ്ങനെ നിറയ്ക്കുവല്ലോ. ഓരോദിവസവും വട്ടത്തില്‍ പൂക്കളിടുക, തിരോവോണമാകുമ്പോഴേക്കും ഏറ്റവും വലിയ വട്ടത്തിലിടുക. കടയില്‍ നിന്ന് ഒരിക്കലും പൂ വാങ്ങിയിട്ടേ ഉണ്ടായിരുന്നില്ല. നാടന്‍ പൂക്കള്‍ മാത്രമിടുന്നതിന്റെ ഭംഗിയുണ്ട്. ആ പൂക്കളമിടുന്നതിന്റെ കളര്‍ഫുള്ളായ ഓര്‍മയാണ് എനിക്ക് ഓണമെന്നുള്ളത്. പട്ടാമ്പിയിലെത്തിയപ്പോള്‍ തൃക്കാക്കരയപ്പനൊക്കെയുള്ള തികച്ചും വേറെയോണമാണ്. ആദ്യമൊക്കെ എനിക്ക് ഈ വേറെയോണം ഉള്‍ക്കൊള്ളാന്‍ പറ്റിയിരുന്നില്ല. പിന്നെ ഇവിടത്തെ ഓണവും പ്രിയപ്പെട്ടതായി മാറി. ഓണത്തിന് വേണ്ടപ്പെട്ടരൊക്കെ വരും. ഒത്തുചേരലിന്റെ ആഹ്‌ളാദമാണ് എല്ലാ ആഘോഷങ്ങള്‍ക്കും. അങ്ങനെ എല്ലാ ആഘോഷങ്ങളും മനുഷ്യന് മനസ്സ് തുറന്ന് സന്തോഷിക്കാനുള്ള സന്ദര്‍ഭമായാണ് ഞാന്‍ കാണുന്നത്. തിരക്കുനിറഞ്ഞ ഇന്നത്തെ ജീവിതത്തില്‍ കുറച്ച് റിലാക്‌സ്ഡ് ആയിരിക്കാന്‍ ഓണം പോലുള്ള ആഘോഷങ്ങള്‍ നല്ലതാണെന്നാണ് എന്റെ അഭിപ്രായം. 

 ഏതുവിധത്തിലാണ് താങ്കളുടെ എഴുത്തുരീതി, അതായത് ഒറ്റയിരിപ്പില്‍ എഴുതിത്തീര്‍ക്കാന്‍ സാധിക്കാറുണ്ടോ അതോ ദിവസങ്ങളെടുത്ത് എഴുതുന്നതാണോ

ഒറ്റയിരുപ്പിന് എഴുതുന്നതാണ് എൻ്റെ എഴുത്തുരീതി. ഞാനെൻ്റെ ചേതി മുഴുവനാക്കിയത്  ഇരുപത് ദിവസം കൊണ്ടാണ്. എഴുതാൻ തോന്നിയാൽ വേഗം എഴുതി തീർക്കണം എന്നുണ്ട്. ചില കാഴ്ചകൾ  സംഭവങ്ങൾ ഒക്കെ കണ്ടാൽ പെട്ടെന്ന് മനസ്സിലുടക്കും. വേറെ ചില കാഴ്ചകളും സംഭവങ്ങളുമായ് അത് മാച്ചാവും,  അപ്പോൾ അത് എഴുതണം എന്നു തോന്നും
 
ഞാൻ താമസിക്കുന്നത് പാലക്കാട് ജില്ലയിൽ പട്ടാമ്പിയിലാണ്. പാലക്കാടൻ കാറ്റുകാലം  എനിക്ക്  വലിയ ഇഷ്ടമാണ്. കാറ്റിന് കടലിരമ്പം പോലുള്ള ശബ്ദമാണ്. മുറ്റത്ത് കടൽ വന്നു വിളിക്കുന്നെന്ന് തോന്നും. നമ്മുടെ  വീടിരിക്കുന്ന സ്ഥലത്ത് നിറയെ തേക്കുമരങ്ങൾ  ആണ് ഉണ്ടായിരുന്നത്. കാറ്റുകാലമായാൽ അതിൽ നിന്ന് ഇലകളെല്ലാം കൊഴിഞ്ഞു പോകും. അതുപോലെ പിന്നിൽ പാമ്പിൻ കാവിൽ ഒരു ചെന്തൂരി മരമുണ്ട്. ഒരു തവണ ഞാൻ നോക്കുമ്പോൾ ചെന്തൂരി മരത്തിൻ്റെ ഇലകളെല്ലാം പൊഴിഞ്ഞ് പോയിട്ട്, ചെറിയ പച്ച ഇലകൾ ഇങ്ങനെ നാമ്പിട്ടു വരുന്നത് കണ്ടു. പെട്ടെന്ന് ബ്ലീഡിംഗ് എന്ന കവിത എഴുതാൻ തോന്നി.

നിർത്താതെ ചോര പോയി വലയും പെണ്ണിനെപ്പോലെ
ഇല പൊഴിച്ചു കൊണ്ടേയിരിക്കുന്നു മരം!

ചോരപോക്ക് തടയാൻ
തുണി ചേർത്തു വെക്കും പോലെ
പച്ചച്ച ഇലകൾ വിടർത്തി വയ്ക്കുന്നു മരം!

അതുപോലെ രാത്രിയിൽ അടുക്കളപ്പുറത്തിറങ്ങിയപ്പോൾ പയറുവള്ളിയിൽ ഒറ്റയൊരു വയലറ്റു പൂവ് ഇലയ്ക്കടിയിൽ ഇരിക്കുന്നു. അപ്പോൾ, വലുതാവൽ എന്ന കവിത എഴുതി.

വലുതാവൽ

ആരും കാണുന്നില്ലെന്നുറപ്പു വരുത്തി
കാലുകൾക്കിടയിലെ  നനവ്
എന്താണെന്നറിയാൻ
കുനിഞ്ഞു നോക്കുന്ന
പെൺകുട്ടിയെപ്പോലെ
ഇലകൾക്കടിയിൽ മറഞ്ഞിരുന്ന്
ഇതളുകൾ വിടർത്തി നോക്കുന്നു
ഒരു ചെറു പയറിൻ പൂമൊട്ട്   

ചില കാഴ്ചകളും വാർത്തകളും ഒക്കെ എഴുത്തിലേക്കു എന്നെ കൊണ്ടുപോയിട്ടുണ്ട്. ഈയിടെ മലയാളം വാരികയിൽ വന്ന വംശഹത്യ എന്ന കഥ പലസ്തീനിൽ കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നതിനെക്കുറിച്ചാണ്. പ്രത്യക്ഷമായി ആ വിഷയം പറയുന്ന ഒരൊറ്റ വരിയേ അതിലുള്ളൂ. പക്ഷേ  ആ കഥ വംശഹത്യയെക്കുറിച്ചാണ്. എത്രയോ  കാലങ്ങളായി , എനിക്ക് അക്ഷരങ്ങൾ കൂട്ടിവായിക്കാറായ കാലം തൊട്ട് പേപ്പർ കഷണങ്ങളിൽ ഞാൻ വായിച്ചു കൊണ്ടിരിക്കുന്ന ക്രൂരയാഥാർഥ്യമാണ് പലസ്തീനിൽ കുഞ്ഞുങ്ങളെ കൊന്നൊടുക്കി ആ വംശത്തെത്തന്ന ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു എന്നുള്ളത്. അത് വേണ്ടപോലെ പറഞ്ഞോ എന്നെനിക്കറിയില്ല, പക്ഷേ കാലങ്ങളായി ഉള്ളിൽക്കിടന്ന കാര്യമാണ് ഞാൻ കഥയാക്കി എഴുതിയത്. 
        
കഥയിലെ ജീവിത പശ്ചാത്തലം ഇവിടെ എനിക്കു ചുറ്റുമുള്ളതു തന്നെ. എൻ്റെ തീവണ്ടിയാത്രാ അനുഭവം തന്നെയാണ് കഥയുടെ തുടക്കത്തിലുള്ളത്.  ഇങ്ങനെ ഉള്ളിൽകിടക്കുന്നതും സ്വാനുഭവങ്ങളും ചുറ്റുമുള്ള  കാഴ്ചകളും ലോക കാഴ്ചകളുമൊക്കെയാണ് ഞാൻ എഴുതുന്നത്. ചിലപ്പോൾ ഭാഷയൊക്കും, ചിലപ്പോൾ ഒക്കില്ല. 

സാഹിത്യകാരി എന്ന നിലയില്‍ സാമൂഹികമായ ഇടപെടലുകള്‍ നടത്താറുണ്ടോ / സമയം ലഭിക്കാറുണ്ടോ? ഒരു എഴുത്തുകാരന്‍ / എഴുത്തുകാരി എന്ന നിലയില്‍ സമൂഹത്തോട് പ്രതിബദ്ധത പുലര്‍ത്തേണ്ടതുണ്ട് എന്ന അഭിപ്രായമുണ്ടോ

ഒരു സാമൂഹ്യജീവി എന്ന നിലയിൽ സാമൂഹ്യാനുഭവങ്ങളുടെ നേർക്കുള്ള ഒരു പ്രതികരണം തന്നെയാണ് എൻ്റെ എഴുത്ത് എന്നാണ് ഞാൻ വിചാരിക്കുന്നത്. കുറച്ചുകാലം അധ്യാപികയായി ജോലി ചെയ്ത് പിന്നീട് അത് ഉപേക്ഷിച്ചപ്പോൾ എനിക്കു ബേജാറു തോന്നിയിരുന്നു . ഒരു സാമൂഹ്യജീവി എന്ന നിലയിൽ  സമൂഹപുരോഗതിക്കായി  ഞാൻ ഒരു പ്രവൃത്തിയും ചെയ്യുന്നില്ലല്ലോ  എന്നോർത്ത്.

ഒരിക്കൽ തമിഴ് എഴുത്തുകാരൻ ജയമോഹൻ അദ്ദേഹത്തിൻ്റെ സംസാരമധ്യേ പറഞ്ഞ വാക്കുകൾ എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. എഴുത്തുകാരൻ (writer) എഴുതുന്ന ഓരോ വാക്കും സമൂഹത്തിനു വേണ്ടിയുള്ളതാണ്, സമൂഹത്തിനു വേണ്ടി വാക്കുകളെ സൂക്ഷിക്കുന്നവനാണ് എഴുത്തുകാരൻ എന്നാണദ്ദേഹം പറഞ്ഞത്. എഴുത്തുകാരൻ്റെ , എഴുത്തുകാരിയുടെ, എഴുത്താളരുടെ ഏറ്റവും വലിയ ആയുധം വാക്കാണ്. അവർ പ്രത്യക്ഷ ആക്ടിവിസ്റ്റായി പ്രവൃത്തിക്കേണ്ടതില്ല എന്നാണ് എൻ്റെ പക്ഷം
          
സമൂഹത്തോടു പറയാൻ ഉള്ളത് കൃതികളിലൂടെ പറയുകയാണ് വേണ്ടതെന്ന് ഞാൻ കരുതുന്നു . സമൂഹത്തെ തെറ്റായ ദിശയിലേക്കു നയിക്കുന്ന കാര്യങ്ങൾ പറയാതിരിക്കാൻ ഉള്ള ജാഗ്രതയും ക്ഷമയും പുലർത്തേണ്ടതുണ്ട് എഴുത്തുകാർ എന്നും തോന്നാറുണ്ട്. ആത്യന്തികമായി എഴുതുക എന്നതു മാത്രമാണ്  ചെയ്യാൻ ഉള്ളത്.

ഈ തലമുറയിലെ പ്രമുഖനായ കവിയാണല്ലോ ജീവിതപങ്കാളി. എഴുത്തില്‍ അദ്ദേഹത്തിന്റെ സ്വാധീനം / പ്രോത്സാഹനം- പങ്കുവെക്കാമോ

ഞാൻ എഴുതിയത് കവിതയാണെന്നെന്നോടു ആദ്യം പറഞ്ഞത്  അദ്ദേഹമാണ്. എൻ്റെ ഡയറിയിൽ ഉള്ളത് എന്താണെന്നെനിക്കറിയുമായിരുന്നില്ല. 

"ഈ കുയിലുകളെല്ലാം എവിടുന്നു വരുന്നു?"
എന്നെഴുതിയനു ചോട്ടിൽ

"നിറയെ കുയിലുകളാണ്
രാത്രിയെന്നില്ലാതെ
അവ പാടുന്നു

ഞാനെൻ്റെ  ഉള്ളംകൈ
നിവർത്തി നോക്കട്ടെ

അതിൽ നിന്നും
കുയിലുകൾ
കൂട്ടമായി പാറുമോയെന്ന് "എന്നു വായിച്ചിട്ട് ഇതു കവിതയല്ലാതെ മറ്റെന്താണെന്നു ചോദിച്ചു. അപ്പോൾ മുതൽ ഞാൻ കവിതയിലായി. അദ്ദേഹം കവിതാവായനക്കാരനാണ് ഞാൻ ഗദ്യവായനക്കാരിയും . ഞാൻ നോവലും കഥകളും വായിച്ച് കഥകൾ പറഞ്ഞു കൊടുക്കുമ്പോൾ എനിക്ക് കവിതകൾ വായിച്ചുതരും.  വായിക്കുന്ന വേറേതോ ഭാഷയിലെ കവിത മലയാളത്തിലാക്കി എന്നെ കേൾപ്പിക്കും, അല്ലെങ്കിൽ പരിഭാഷ ചെയ്യുകയാണെങ്കിൽ അത് കേൾപ്പിക്കും അങ്ങനെയൊരു കാവ്യപരിചയം എന്നെ വിട്ടുമാറാതെ എപ്പോഴും കൂടെ ഉണ്ട്. അങ്ങനെയൊരു കാവ്യസ്വാധീനം ഉണ്ട്. പിന്നെ അദ്ദേഹം എഴുത്തിനെ പരിചരിക്കുന്ന വിധം കാണുമ്പോൾ എഴുത്ത് വളരെ ശ്രദ്ധിച്ചും ഗൗരവപ്പെട്ടും ചെയ്യേണ്ട വിഷയമാണ്  എന്ന് ഞാൻ എന്നെ ഒട്ടൊരു പേടിയോടെ ഓർമ്മപ്പെടുത്താറുണ്ട്.
     
എഴുത്തിൽ വേറെ  സ്വാധീനമൊന്നുമില്ല എനിക്ക് എൻ്റെ എഴുത്തുരീതിയും ഭാഷയുമാണ് ഉള്ളത്. എൻ്റേത് ഗദ്യഭാഷയാണ്. എനിക്ക് വൃത്തമറിയില്ല വൃത്തം വഴങ്ങില്ല.

placeholder
രാമനും സന്ധ്യയും 

പുതിയ രചനകള്‍

മുടിപ്പാലം എന്നൊരു ബാലസാഹിത്യ  കൃതി - കുട്ടികൾക്കുള്ള നോവൽ വരുന്നുണ്ട്. ശിശുദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങും. കോവിഡ് കാലം പോലൊരു കാലമാണതിൽ വിശദീകരിക്കുന്നത്. കുട്ടികൾക്ക് ഇഷ്ടമാവുമെന്ന് വിശ്വസിക്കുന്നു.

കണ്ണൂര്‍ അഞ്ചരക്കണ്ടിയാണ് സന്ധ്യയുടെ സ്വദേശം. പരേതനായ പുതിയെടുത്ത് രാജനും എന്‍.പി. ശ്യാമളയുമാണ് മാതാപിതാക്കള്‍. ബിരുദാനന്തബിരുദവും ബി.എഡും നേടി. ഇപ്പോള്‍ പട്ടാമ്പിയിലാണ് സ്ഥിരതാമസം. കവിയും കുറ്റിപ്പുറം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനുമായ പി. രാമനാണ് ഭര്‍ത്താവ്. രണ്ട് മക്കള്‍. ചിത്രകാരന്‍ കൂടിയായ മകന്‍ ഹൃദയ് കൃഷ്ണന്‍ ബറോഡ യൂണിവേഴ്‌സിറ്റിയില്‍ ബി.വി.എ വിദ്യാര്‍ഥിയാണ്. പട്ടാമ്പി ഹയര്‍ സെക്കന്‍ഡി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയായ പാര്‍വ്വതിയാണ് മകള്‍. 

placeholder
സന്ധ്യ, മക്കള്‍ ഹൃദയ്, പാര്‍വ്വതി