റെ പ്രതീക്ഷയോടെയായിരുന്നു ഈ ഓണക്കാലത്തെ കലാകാരന്മാർ കാത്തിരുന്നത്. ഓണം തുടങ്ങുന്നതിന് മാസങ്ങൾക്ക് മുൻപേ പലർക്കും പരിപാടികൾക്കുള്ള ബുക്കിങ്ങും ലഭിച്ചു. കോവിഡിനു ശേഷമുണ്ടായ ക്ഷീണത്തിൽ നിന്നും ഇത്തവണ കരകയറുമെന്ന പ്രതീക്ഷ അവരില്ലെല്ലാം ഉണ്ടായി. പക്ഷേ, അപ്രതീക്ഷിതമായി വന്ന വയനാട് ദുരന്തത്തിൽ എല്ലാം അസ്തമിച്ചു. നൂറുകണക്കിന് പേരുടെ ജീവനെടുത്ത ദുരന്തത്തിൽ അവരും വിറങ്ങലിച്ചു നിന്നു. വയനാട്ടിലെ ജനതയ്ക്കായി അവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും അല്ലാതെയുമായി സംഭാവനകൾ നൽകി. വയനാടിന്റെ ദുഃഖത്തിലും അതിജീവനത്തിലും മുഴുവൻ കേരളീയരോടൊപ്പം അവരും ഭാ​ഗമായി. പക്ഷേ, ഇന്നവർക്ക് ആരെങ്കിലും കൈത്താങ്ങാവേണ്ട സാഹചര്യമാണ്.

To advertise here,

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഓണക്കാലത്ത് സർക്കാർ ആഭിമുഖ്യത്തിൽ നടത്തുന്ന ആഘോഷപരിപാടികൾ മാറ്റിവെച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിക്കുന്നത്. പല കലാകാരന്മാരുടെയും ഒരു വർഷക്കാലത്തേക്ക് ഉള്ള ഉപജീവനമാർഗവും നിന്നു. ഇനി ആശ്രയം സർക്കാരിതര പരിപാടികൾ ‌മാത്രമാണെന്ന് കരുതിയിരിക്കുമ്പോഴാണ് ക്ലബുകളും സംഘടനകളുമെല്ലാം തങ്ങളുടെ ഓണാഘോഷ പരിപാടികൾ റദ്ദാക്കുന്നത്. സമിതികൾക്കോ  സംഘടനകൾക്കോ ഓണാഘോഷം വേണ്ടെന്ന തീരുമാനം ബാധകമല്ലെങ്കിലും ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അവരെല്ലാം അങ്ങനെയൊരു തീരുമാനമെടുത്തു. ഇതോടെ ഗാനമേള, നാടൻപാട്ട്, മിമിക്രി, സ്കിറ്റ് തുടങ്ങിയ സ്റ്റേജ് കലാകാരന്മാർ പൂർണമായി ഇരുട്ടിലായി. 

കേരളത്തിൽ മു​പ്പ​തി​നാ​യി​ര​ത്തോ​ളം സ്​​റ്റേ​ജ്​ ക​ലാ​കാ​ര​ന്മാ​രും അത്രത്തോളം അ​നു​ബ​ന്ധ ക​ലാ​കാ​ര​ന്മാ​രും ഉ​ണ്ടെന്നാണ് കണക്ക്. ഇവരെ കൂടാതെ ലൈറ്റ് ആന്‍ഡ് സൗണ്ട്സ്, സ്റ്റേജ് ഡെക്കറേഷൻ പോലുള്ള തൊഴിൽ മേഖലയിലുള്ളവർ വേറെയും. ഈ സാഹചര്യത്തിൽ പരിപാടികൾ റദ്ദാക്കുന്നത് ആയിരക്കണക്കിന് കുടുംബങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലാക്കും. നിലവിൽ ഓ​ണ​ത്തി​നാ​യി ബു​ക്ക്​ ചെ​യ്ത 80 ശ​ത​മാ​നം പ​രി​പാ​ടി​ക​ളും റ​ദ്ദാ​ക്കിയെന്നാണ് ക​ലാ​കാ​ര​ന്മാ​ർ പറയുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കാലം ഇന്നവർക്ക് നിരാശ മാത്രമായി. പൂക്കളും സദ്യയും കൂടിച്ചേരലുമൊക്കെയായി ഓണം ആഘോഷമാക്കുന്നവർക്കിടയിൽ ഈ സമയം എങ്ങനെ അതിജീവിക്കുമെന്ന ചിന്തയിലാണ് കലാകാരന്മാർ. 

കലാകാരന്മാരുടെ മനസിലും ജീവിതത്തിലും ഉരുൾപൊട്ടുന്നത് ആരും മനസിലാക്കുന്നില്ല - സന്നിദാനന്ദൻ (​ഗായകൻ)

placeholder
സന്നിധാനന്ദൻ

കേരളത്തിലെ സീസണൽ കാലാവസ്ഥയെ കുറിച്ചോർക്കുമ്പോൾ  "നോവിൻ പെരുമഴക്കാലം" എന്ന പാട്ടും അതേ ജീവിതാവസ്ഥയുമാണിപ്പോൾ ഓരോ കലാകാരനും നേരിട്ടുകൊണ്ടിരിക്കുന്നത്. കല  ഉപജീവനമാക്കിയവൻ മറ്റൊരു തൊഴിൽ അന്വേഷിക്കേണ്ടിവരുന്നത് കൊറോണക്കാലത്തും കഴിഞ്ഞ വെള്ളപ്പൊക്ക കാലത്തും വലിയ വാർത്ത ഒന്നും ആയിരുന്നില്ല. അതിനെന്താ മേലനങ്ങി പണിചെയ്തു ജീവിക്കട്ടെ എന്നു പറഞ്ഞ് ചെറിയ പുഞ്ചിരിയോടെ പുച്ഛം വാരി വിതറുന്ന മലയാളി, രാത്രിയിൽ പണിമാറ്റി വന്ന് മേലുകഴുകി ചെറു കാറ്റേറ്റ് ഇരുന്ന് തൻ്റെ അന്നന്നത്തെ ഭാരം ഇറക്കിവയ്ക്കുന്നത് മേൽപ്പറഞ്ഞ മേലനങ്ങാത്തവൻ്റെ തൊണ്ടക്കുഴിയിൽ നിന്നു വരുന്ന ശബ്ദത്തിലേക്കാണ്. പാട്ടാണ് മനുഷ്യമനസിൻ്റെ ഭാരത്തെ അലിയിച്ചു കളയുന്നത്. പാട്ടാണ് കനം കെട്ടിയ മനസിനെ കണ്ണുനീരായി പുറത്തേയ്ക്കൊഴുകാൻ സഹായിക്കുന്നത്. 'യേശുദാസ്' മ്മടെ സ്വന്തം ദാസേട്ടൻ പാടിയില്ലായിരുന്നു എങ്കിൽ ഞാനെങ്ങനെ പ്രണയിച്ചേനെ അല്ലങ്കിൽ എന്റെ വിരഹവേദന എങ്ങനെ ഞാൻ ഉള്ളിലൊതുക്കിയേനെ? എന്ന മലയാളിയുടെ ചോദ്യത്തിൽ തന്നെ എല്ലാ ഉത്തരങ്ങളും അടങ്ങിയിട്ടുണ്ട്. 

വെള്ളപ്പൊക്കത്തിൽ നിന്നും മറ്റു ദുരിതങ്ങളിൽ നിന്നും മനസിന് ആശ്വാസം കണ്ടെത്താൻ എവിടെയൊക്കെയോ കേട്ടുമറന്ന ഈരടികൾക്ക് കാതോർക്കുമ്പോൾ അവിടെ ആ പാട്ടുകാരൻ്റെ പേരോ അവൻ്റെ ഇപ്പോഴത്തെ അവസ്ഥയോ ആരെങ്കിലും ചിന്തിക്കുമെന്ന് തോന്നുന്നില്ല. വയനാട്  പോലെയുള്ള പ്രദേശങ്ങളിൽ പ്രത്യക്ഷത്തിൽ ഉരുൾപൊട്ടുമ്പോൾ, തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള കലാകാരൻമാരുടെ പരിപാടികൾ നിർത്തലാക്കപ്പെടുമ്പോൾ അവരുടെ മനസിലും ജീവിതത്തിലും ഉരുൾപൊട്ടുന്നത് മനസിലാക്കാതെ പോകുന്നതെന്താണ്? 

ബാക്കി ജോലിക്കാരുടെ ശമ്പളത്തിൻ്റെ 10 ശതമാനം മാത്രം ദുരന്ത നിവാരണത്തിന് ആവശ്യപ്പെടുമ്പോൾ കലാകാരന്റെ മുഴുവൻ ജീവിതമാണ് സർക്കാർ 'വേണ്ട' എന്ന ഒറ്റവാക്കിൽ ഒതുക്കുന്നത്. ദുരന്തത്തിൽപെട്ടവർക്കൊപ്പവും ജീവിച്ചിരിക്കുന്നവർക്കൊപ്പവും ഒരുപോലെ നിൽക്കാൻ നമ്മുടെ സർക്കാർ ശ്രമിക്കാറുണ്ട്. പക്ഷേ ഞങ്ങളുടെ കാര്യത്തിൽ എന്തുകൊണ്ട് അത് സാധ്യമാകുന്നില്ലെന്ന് പലപ്പോഴും ഓർക്കാറുണ്ട്. 

ആഘോഷപരിപാടി എന്ന് പേരിലുള്ളതിനാൽ ആദ്യം തന്നെ ഒഴിവാക്കുന്നു
രാ​ഗേഷ് കെ.എം (​ഗായകൻ)

placeholder
രാ​ഗേഷ് കെ.എം

കല എന്നുപറയുന്നത് ഓരോ സീസൺ അനുസരിച്ചുള്ളതാണ്. സീസണിലെ പരിപാടികളിൽ നിന്നും ലഭിക്കുന്ന പണം കൂട്ടിവെച്ചാണ് അല്ലാത്ത സമയത്ത് കലാകാരന്മാർ അവരുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. നിശ്ചിത ശമ്പളം എന്നൊന്ന് അവർക്കില്ല. പ്രളയം, കൊറോണ തുടങ്ങി എന്ത് ദുരന്തമുണ്ടായാലും അത് കാര്യമായി ബാധിക്കുന്ന വിഭാ​ഗമാണ് കാലാകാരന്മാർ. കോവിഡിനുശേഷം പൊതുവെ എല്ലാ കലാകാരന്മാരും നല്ല കഷ്ടപാടിലാണ്. ഈ സീസണിലെങ്കിലും എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലിക്കുമ്പോഴാണ് വയനാട്ടിലെ ദുരന്തമുണ്ടാകുന്നതും പ്രാദേശികതലത്തിൽ വരെ പരിപാടികൾ ഒഴിവാക്കുന്നതും. സ്റ്റേജ് പരിപാടികളെ മാത്രം ആശ്രയിച്ച്, അത് ഉപജീവനമാക്കിയ നിരവധി കലാകാരന്മാരെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്. 

എന്ത് ദുരന്തം വന്നാലും നമ്മളതിനെ അതിജീവിച്ച് മുന്നോട്ടുപോകണം. അതിന് സഹായിക്കുന്ന കാര്യങ്ങളാണ് സം​ഗീതവും മറ്റു കലാപരിപാടികളുമെല്ലാം. പക്ഷേ ആഘോഷപരിപാടി എന്ന് പേരിലുള്ളതിനാൽ ആദ്യം ഒഴിവാക്കുന്നത് ഇത്തരം കലാപരിപാടികളാണ്. ഒഴിവാക്കാനാകുന്ന മറ്റു പല കാര്യങ്ങളുള്ളപ്പോഴും എന്തുകൊണ്ട് കലാപരിപാടികൾ മാത്രമെന്നത് ചോദ്യമാണ്. തങ്ങളുടെ പ്രകടനത്തിലൂടെ മറ്റുള്ളവരെ സന്തോഷിപ്പിക്കുമ്പോൾ കലാകാരന്മാർ ഉള്ളിൽ കരഞ്ഞുകൊണ്ട് കഴിയേണ്ട ഒരു സാഹചര്യമാണ് ഇപ്പോഴുള്ളത്. 

വയനാട്ടിലെ ജനതയ്ക്കൊപ്പം ഞങ്ങളെയും ചേർത്തുനിർത്തണം
സ്മികേഷ് മൊകവൂർ (മിമിക്രി ആർടിസ്റ്റ്, അവതാരകൻ, സിനി ആക്ടർ)

placeholder
സ്മികേഷ് മൊകവൂർ

സ്റ്റേജ് പരിപാടികളും സ്റ്റേജ് ആങ്കറിങ്ങും മാത്രമായി മുന്നോട്ടുപോകുന്ന ഒരാളാണ് ഞാൻ. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് പരിപാടികളെല്ലാം ഒരുപാട് കുറഞ്ഞു. കൊറോണയ്ക്കുശേഷം സാമ്പത്തിക പ്രശ്നങ്ങളെല്ലാം കാരണം പൊതുവെ പരിപാടികൾ കുറവാണ്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓ​ഗസ്റ്റിലും പരിപാടികൾ ഉണ്ടായിരുന്നില്ല.

വിദേശരാജ്യ​ങ്ങളിലൊക്കെ എന്തെങ്കിലും ദുരന്തങ്ങളോ അപകടങ്ങളോ ഉണ്ടായാൽ വിനോദത്തിനാണ് ആളുകൾ കൂടുതൽ സമയം ചെലവഴിക്കുകയെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. പക്ഷേ, നമ്മളിവിടെ എല്ലാം കുറയ്ക്കുകയാണ് ചെയ്യുക. ഇത് ശരിയായ കാര്യമല്ലെന്നാണ് എന്റെ അഭിപ്രായം. സർക്കാർ തലത്തിൽ ഒരുപാട് പരിപാടികൾ നടക്കുന്നുണ്ട്. കലാകാരന്മാർക്ക് മാത്രമേ ഇത്തരം പ്രശ്നങ്ങൾ വരുന്നുള്ളൂ. ദുരന്തത്തിൽ ഞങ്ങൾക്കും വേദനയുണ്ട്. പക്ഷേ, ഇനിയെന്ത് എന്നത് ഞങ്ങളെ സംബന്ധിച്ച് വലിയൊരു ചോ​​ദ്യചിഹ്നമാണ്. ഒരു മിമിക്രി കലാകാരന്റെയോ പാട്ടുകാരന്റെയോ പ്രശ്നമല്ല, സം​ഗീതോപകരണങ്ങൾ വായിക്കുന്നവർ, ലൈറ്റ് ആന്റ് സൗണ്ട്സ്, തുടങ്ങി നിരവധി വിഭാ​ഗം ആളുകളുടെ ഉപജീവനമാർ​ഗമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. വയനാട്ടിലെ ജനതയോടൊപ്പം ഞങ്ങളെ കൂടി ചേർത്തുപിടിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം.

ഓണപരിപാടികളെല്ലാം ഒഴിവായി, ഇനി പ്രതീക്ഷ പുതുവത്സരാഘോഷം
ബിലിൻ രാജ് (​ഗായകൻ)

placeholder
ബിലിൻ രാജ്

ഓണം തുടങ്ങുന്നതിനും മാസങ്ങൾക്കുമുൻപ് തന്നെ പരിപാടികൾക്കുള്ള ബുക്കിങ്ങും തുടങ്ങും. ഈ തവണയും അതിൽ മാറ്റമുണ്ടായിരുന്നില്ല. എന്നാൽ അങ്ങനെ പറഞ്ഞുവെച്ച മിക്ക പരിപാടികളും പിന്നീട് ഒഴിവാക്കി. ചിലർക്ക് ഒരു പരിപാടി പോലുമില്ലാത്ത അവസ്ഥയാണ്. ഫെസ്റ്റിവലിലൊക്കെ പ്രശസ്തരായ പാട്ടുകാർക്കൊപ്പം ​ഗ്രൂപ്പ് സിം​ഗേഴ്സായി നമ്മളും പോകാറുണ്ട്. ഈ വട്ടം ആ പരിപാടിയുമില്ല. നിലവിലിപ്പോൾ ആശ്രയം കല്യാണ പരിപാടികൾ മാത്രമാണ്. വയനാട് ഉണ്ടായ ദുരന്തത്തിന്റെ തീവ്രത അറിയാഞ്ഞിട്ടോ വേദന ഇല്ലാഞ്ഞിട്ടോ അല്ല, ഞങ്ങൾക്കും ജീവിക്കണ്ടേ... ഇനി പുതുവത്സരാഘോഷമാണ് മുന്നിലുള്ള പ്രതീക്ഷ. അത് തന്നെ ഉണ്ടാകുമോയെന്ന് ഇപ്പോൾ സംശയമാണ്. 

പ്രാദേശികതലത്തിൽ ഫോക്​ലോർ അക്കാദമി അവസരമൊരുക്കിയിട്ടുണ്ട്
എ.വി. അജയകുമാർ (കേരള ഫോക് ലോർ അക്കാദമി സെക്രട്ടറി)

placeholder
എ.വി. അജയകുമാർ

പ്രാദേശിക തലത്തിൽ കലാകാരന്മാർക്ക് ഓണത്തിന് പരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകിയിട്ടുണ്ടെന്നാണ് ഫോക്​ലോർ അക്കാദമി പറയുന്നത്. 

'സാധാരണ​ ഓണക്കാലത്തും ഉത്സവസമയത്തും കേരളത്തിലെ ഫോക്​ലോർ അക്കാദമിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കലാസാംസ്കാരിക സംഘടനകൾ, കോളേജുകൾ, സ്കൂളുകൾ, പഞ്ചായത്തുകൾ ഇവരൊക്കെ അക്കാദമിയുമായി സഹകരിച്ചുകൊണ്ട് വിവിധ ഫോക് കലാപരിപാടികൾ അവതരിപ്പിക്കാനായി അപേക്ഷ തരാറുണ്ട്. ഇങ്ങനെ പരിപാടികൾ അവതരിപ്പിക്കാറുള്ള കാലാകാരന്മാർക്ക് ഞങ്ങളാണ് ശമ്പളം നൽകാരുള്ളത്. സർക്കാർതലത്തിൽ ഓണപരിപാടിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോഴും കലാകാരന്മാരുടെ ജീവിതവും മറ്റു പരി​ഗണിച്ചുകൊണ്ട് അഞ്ചോ ആറോ പരിപാടികൾ വിവിധ ക്ലബുകൾക്ക് ​ഗ്രാമീണതലത്തിൽ അക്കാദമി അനുവദിച്ചുകൊടുത്തിട്ടുണ്ട്. കലാകാരന്മാരെ സംരക്ഷിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. പക്ഷേ, സർക്കാർ തലത്തിലുള്ള ഓണാഘോഷം മാറ്റിവെച്ചത് കലാകാരന്മാരെ ബാധിച്ചിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. എന്നാലും കേരളത്തിൽ വലിയൊരു ദുരന്തമുണ്ടായപ്പോൾ അതിനോട് മാനസികമായി ഐക്യപ്പെട്ടാണ് കലാകാരന്മാർ ജീവിക്കുന്നതെന്നാണ് എനിക്ക് തോന്നിയിട്ടുളളത്', എ.വി. അജയകുമാർ പറ‍ഞ്ഞു. 

കലാകാരന്മാർക്ക് വേണ്ടി ഉയർന്ന ശബ്ദങ്ങൾ 

ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ മാറ്റിവയ്ക്കാൻ സർക്കാർ തീരുമാനിച്ചതിനുപിന്നാലെ കലാകാരന്മാർക്കുവേണ്ടി നിരവധിപേർ രം​ഗത്ത് വന്നിരുന്നു. ഓണാഘോഷങ്ങൾ നിയന്ത്രിക്കാനുള്ള തീരുമാനം കലാകാരന്മാർ അടക്കമുള്ള നിരവധി പേരുടെ ജീവിതം ദുരിതപൂർണമാക്കുമെന്നും ഓണാഘോഷ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് പി.സി വിഷ്ണുനാഥ് എംഎൽഎ മുഖ്യമന്ത്രിക്ക്  കത്തുനൽകിയിരുന്നു.

‘കേരളത്തിലെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ് വയനാട് ഉണ്ടായത്. നമ്മുടെ സഹോദരങ്ങൾക്ക് വേണ്ടി ആ ദുരന്തസമയത്ത് ഒരു ജനത എന്ന നിലയിൽ ഒറ്റക്കെട്ടായാണ് സർക്കാരിനൊപ്പം നിന്ന് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണോഘോഷങ്ങൾ ഒഴിവാകുന്നു എന്ന ആശയക്കുഴപ്പം നിലനിൽക്കുകയാണ്. ആ മേഖലയിൽ പ്രവർത്തിക്കുന്ന കലാകാരന്മാരൊക്കെ വലിയ പ്രതിസന്ധിയിലാണ്. ഈ ആഘോഷങ്ങൾ അവരെ സംബന്ധിച്ചിടത്തോളം അതീജിവനത്തിന്റെ അവസരങ്ങൾ കൂടിയാണ്. 2018ലെ പ്രളയമുണ്ടായപ്പോൾ കലാകാരന്മാരൊക്കെ പട്ടിണിയിലായിരുന്നു. ആ കാലത്ത് അവർക്ക് പ്രവർത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ അവരുടെ ജീവിതം ദുരിതപൂർണമാകും. ഈ കലാകാരന്മാരും വ്യാപാരികളും വയനാട്ടിലെ സഹോദരങ്ങൾക്കുവേണ്ടി അവരാൽ കഴിയുന്നത് പോലെ സഹായം ചെയ്തവരാണ്. ഇനിയും കിട്ടുന്ന വരുമാനത്തിൽ നിന്നും ചെയ്യാൻ കഴിവുള്ളവരാണ്. പക്ഷേ, ആഘോഷങ്ങളെല്ലാം ഒഴിവാകുമ്പോൾ അവരുടെ ജീവിതം ഇരുളടഞ്ഞതാകും. വയനാടിന്റെ പശ്ചാത്തലത്തിൽ ധൂർത്തും ആഢംബരവുമെല്ലാം പൂർണമായി ഒഴിവാക്കാം പക്ഷേ, ഈ മേഖലയിലുള്ളവർക്ക് പ്രവർത്തിക്കാനുള്ളൊരു സാഹചര്യം സർക്കാർ സൃഷ്ടിക്കണം‘, എന്ന് ഫെയ്​സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ എംഎൽഎ പറയുന്നുണ്ട്. 

വയനാട്ടിലെ മനുഷ്യരോട് ഐക്യപ്പെട്ടു കൊണ്ടുതന്നെ കലാകാരന്മാർക്കുവേണ്ടി സംസാരിച്ച മറ്റൊരാൾ ഗായിക രശ്മി സതീഷാണ്. ആഘോഷങ്ങൾ ഒഴിവാക്കിയും വലിയ പ്രതിഫലം വാങ്ങുന്നവരെ ഈ വർഷം മാറ്റി നിർത്തിയും പരിപാടി നടത്താനായി അഭ്യർഥിച്ച ഇവർ മുഖ്യമന്ത്രിയെ നേരിൽ കണ്ട് ഇതുസംബന്ധിച്ച് നിവേദനവും കൈമാറിയിരുന്നു. 

‘വയനാട് ദുരന്തത്തിന്റെ നടുക്കത്തിൽ നിന്നും നമ്മളൊന്നും ഇനിയും കരകയറിയിട്ടില്ല. നാടൊട്ടാകെ ആ ജനതയെ കൈപിടിച്ചുയർത്താനുള്ള ശ്രമത്തിലാണ്. ഇതിനിടയിലാണല്ലോ ഈ വർഷത്തെ ഓണം കടന്നുവരുന്നത്. നമുക്കൊന്നും ഈ വർഷം ഓണത്തിന് ആഘോഷങ്ങളില്ല എന്നത് സത്യമാണ്. സർക്കാരും ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ മാറ്റിവയ്ക്കാൻ തീരുമാനിച്ചതായി നമ്മളെല്ലാം പത്ര- മാധ്യമങ്ങളിലൂടെ അറിഞ്ഞിട്ടുണ്ട്. എന്നാൽ, സർക്കാർ എല്ലാ വർഷവും നടത്തുന്ന ഓണാഘോഷ പരിപാടികളിലൂടെ ജീവിതമാർഗം കണ്ടെത്തുന്ന പാവപ്പെട്ട നിരവധി കലാപ്രവർത്തകരുണ്ട്. എല്ലാ ജെൻഡറിലും പെട്ട ഒരു പാടുപേരുടെ വലിയ പ്രതീക്ഷയാണ് ഇത്തരം പരിപാടികൾ. അവരിൽ പലരേയും നേരിട്ടറിയാവുന്നതാണ്. ആഘോഷങ്ങൾ മാറ്റി വച്ചാൽ അവരുടെ ജീവിതം വഴിമുട്ടും എന്ന കാര്യത്തിൽ സംശയമില്ല.

placeholder
രശ്മി സതീഷ് 

നമ്മൾ വിചാരിക്കുന്നതിലും അപ്പുറം കഷ്ടപ്പെടുന്ന പരമ്പരാഗത കലാപ്രവർത്തകർ ഉൾപ്പെടെ ഇതിലുണ്ട്. അതുകൊണ്ട് തന്നെ അവിടെ ജീവിതം അടുത്തു നിന്ന് കാണുന്നയാൾ എന്ന നിലയിൽ ഈ വിവരങ്ങളെല്ലാം ഉൾപ്പെടുത്തി ഇന്നലെ കേരള മുഖ്യമന്ത്രി പിണറായി വിജയന് ഒരു നിവേദനം നൽകിയിരുന്നു. വളരെ ഗൗരവത്തിലാണ് അദ്ദേഹം എന്നെ കേട്ടിരുന്നത്. ആഘോഷങ്ങൾ ഒഴിവാക്കിയും വലിയ പ്രതിഫലം വാങ്ങുന്നവരെ ഈ വർഷം മാറ്റി നിർത്തിയും പരിപാടി നടത്താനാണ് ഞാൻ കലാപ്രവർത്തകരുടെ ഭാഗത്ത് നിന്ന് അഭ്യർഥിച്ചത്. രണ്ടു ദിവസത്തിനകം അനുകൂല തീരുമാനമെടുത്ത് അറിയിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. സർക്കാർ ഇതിനെ ഗൗരവത്തിൽ കാണുകയും പാവപ്പെട്ട കലാപ്രവർത്തകർക്കൊപ്പം നിൽക്കുകയും ചെയ്യും എന്നറിയിച്ചതിൽ വലിയ സന്തോഷമുണ്ട്. വയനാട്ടിലെ മനുഷ്യരോട് ഐക്യപ്പെട്ടു കൊണ്ടുതന്നെ ഇത്തവണത്തെ ഓണം ആഘോഷങ്ങൾ ഒഴിവാക്കി നമുക്ക് കലാപ്രവർത്തകരേയും ചേർത്തുപിടിക്കാം.‘ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ രശ്മി കുറിച്ചു. 

ആഘോഷങ്ങൾ ഒഴിവാക്കുകയാണോ വേണ്ടത്? 

പ്രളയം, കോവിഡ്, ഉരുൾപൊട്ടൽ, അങ്ങനെ ഓരോ വർഷവും നാം ഓരോ ദുരന്തങ്ങൾക്ക് ദൃക്സാക്ഷികളാവുകയാണ്. ഈ സമയത്തെല്ലാം ദുഃഖാചരണത്തിന്റെയും നിയന്ത്രണങ്ങളുടെയും ഭാ​ഗമായി ആഘോഷങ്ങൾക്ക് തന്നെയാണ് ആദ്യം കടിഞ്ഞാൺ ഇടുന്നതും. നമുക്ക് ആഘോഷം മാത്രമായ പലതും നിരവധി പേർക്ക് ഉപജീവന മാർ​ഗമാണ്. ജോലിയില്ലാതായാൽ എങ്ങനെ അവർ ജീവിക്കുമെന്നതിനുള്ള ഉത്തരം കൂടെ നമ്മൾ കണ്ടെത്തികൊടുക്കണം. 

രാ​ത്രി 10 ക​ഴി​ഞ്ഞാ​ൽ മൈ​ക്ക്​ പ​രി​പാ​ടി​ക​ൾ​ക്ക്​ അ​നു​മ​തി ല​ഭി​ക്കാത്തതുപോലുള്ള വേറെയും പ്രശ്നങ്ങൾ സ്റ്റേജ് കലാകാരന്മാർ നേരിടുന്നുണ്ട്. തങ്ങളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സ്​​​റ്റേ​ജ്​ ക​ലാ​കാ​ര​ന്മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​ക​ൾ സ​മ​ര​ത്തി​ന്​ ഒ​രു​ങ്ങു​ക​യാ​ണെന്നും റിപ്പോർട്ടുകളുണ്ട്. ഒരു വിഭാ​ഗത്തെ ചേർത്തുനിർത്തുന്നതിനായി മറ്റൊരു വിഭാ​ഗത്തെ മാറ്റിനിർത്തുകയല്ല, മറിച്ച് എല്ലാവർക്കും അഭികാമ്യമായ രീതിയിൽ സാ​ഹചര്യങ്ങളെ കൈകാര്യം ചെയ്യാൻ കൂടി സാധിക്കണം.