പട്ടിയെ പേടിച്ച് ചായ്പ്പില്‍ മണിക്കൂറുകളോളം ഇരിക്കേണ്ടി വന്ന ഓണാഘോഷം


രബിത എന്‍

പ്രതീകാത്മക ചിത്രം | Photo: Mathrubhumi

ണം എക്കാലത്തും ആസ്വദിക്കാനും ആഘോഷിക്കാനുമുള്ള ഉത്സവം തന്നെ. പക്ഷെ എനിക്ക് കുട്ടികാലത്തെ ഓണാഘോഷങ്ങളാണ് എന്നെന്നും പ്രിയപ്പെട്ടത്. ഈ ലോകം കണ്ടുതുടങ്ങുന്നതിന് മുന്‍പ് വീടും വീട്ടുകാരും ലോകമായിരുന്ന ആ കുട്ടിക്കാലം, ഓടാനും ചാടാനും പൂപറിക്കാനും ഫുള്‍ എനെര്‍ജിയുള്ള ആ കാലം ഇന്ന് ഓര്‍മകളില്‍ മാത്രം. അങ്ങനെ ഒരു ഓണക്കാലത്ത് ഇടവഴിയും പറമ്പും ഓടിച്ചാടി സ്‌കൂളില്‍ പോയൊരു അനുഭവമാണിത്.

കുന്നിനു മുകളിലെ വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് നടന്നു പോകാന്‍ മാത്രം ദൂരംമാത്രമാണുള്ളത്. സ്‌കൂളില്‍ ബെല്ലടിച്ചാലും പ്രാര്‍ഥന തുടങ്ങിയാലും വീട്ടില്‍ ഇരുന്നാല്‍ കേള്‍ക്കാം. ഈ ദൂരക്കുറവുകൊണ്ട് ഒരുപാട് ഗുണങ്ങളുണ്ടായിരുന്നെങ്കിലും ചില ദോഷങ്ങളും ഉണ്ടായിരുന്നു. ഒരു മലയാളി ആയതുകൊണ്ട് ദോഷം ആദ്യം പറഞ്ഞു തുടങ്ങാം. സ്‌കൂള്‍ വിട്ടാല്‍ നേരെ വീട്ടില്‍ എത്തണം അതിനു വീട്ടുകാര് ഞങ്ങളോട് പറയുന്ന ഭാഷയില്‍ പറഞ്ഞാല്‍ 'കണ്ട അപ്പയോടും കുറുന്തോട്ടിയോടും മിണ്ടിപ്പറഞ്ഞു നേരം വൈകാതെ വീട്ടില്‍ കേറണം'. അങ്ങനെ പറഞ്ഞത്തിനു കാരണം സ്‌കൂളിലേക്ക് പോകുന്ന വഴിയിലെ എല്ലാ ജീവികളെയും ഞങ്ങള്‍ക്ക് സുപരിചിതമായിരുന്നു. കാണുന്ന എല്ലാ തൊട്ടാവാടി ചെടിയെയും ഒന്ന് തൊട്ട് ഉറക്കിയാല്‍ മാത്രം മുന്നോട്ടുള്ള നടത്തം, കുയിലിനോട് കൂവിയും ഒറ്റ മൈനക്ക് പാസ് പറഞ്ഞും ചുവപുകണ്ണന്‍ ചെമ്പോത്തിനെ നോക്കി പേടിപ്പിച്ചും തത്തമ്മചുണ്ടനിലെ തേന്‍ കുടിച്ചും, പോകുന്ന വഴിയിലെ വീട്ടിലെ റോസ്പ്പൂ പറിച്ചും ആടികുഴഞ്ഞു നടക്കുന്നത് ഞങ്ങളുടെ കൂടെവരുന്ന മുതിര്‍ന്നവര്‍ പലവട്ടം കണ്ടിട്ടുണ്ട്. ഇനി ഗുണമായിട്ട് പറഞ്ഞാല്‍ ബസ് യാത്ര വേണ്ട. പിന്നെ ഉച്ചക്ക് ചോറുണ്ണാന്‍ വീട്ടില്‍ പോകാം.

വഴിയില്‍ കാണുന്ന പാമ്പിന്‍ തൊലിയും ഹോണ്‍ മുഴക്കി അതിവേഗത്തില്‍ പോകുന്ന വാഹനങ്ങളും മാത്രമായിരുന്നു ആ കാലങ്ങളില്‍ സ്‌കൂളില്‍ പോകുന്നവഴിയില്‍ പേടിക്കാനായിട്ടുണ്ടായിരുന്നത്. അന്ന് മുതിര്‍ന്നവര്‍ ആരെങ്കിലും കൂടെ വരുന്നത് പതിവായിരുന്നു. അതുകൊണ്ട് തന്നെ അതൊന്നും ഒരു കൂസലില്ലാതെ നടന്നുപോകും. അങ്ങനെ പോകുന്ന വഴിയെല്ലാം ഞങ്ങള്‍ക്ക് മനഃപാഠമായെന്ന് വീട്ടുകാര്‍ക്ക് മനസ്സിലായപ്പോള്‍ വീടിനടുത്തുള്ള കൂട്ടുകാര്‍
എല്ലാവരും കൂടി ഒരുമിച്ചായി പോകുന്നതും വരുന്നതും.

അതിനുശേഷമാണ് പോകുന്ന വഴിയില്‍ പുതിയ താമസക്കാര്‍ക്ക് രണ്ടു പട്ടികളുള്ളത് കണ്ടത്. ആ പട്ടികളെ മിക്കപ്പോഴും വീടിനുള്ളില്‍ തന്നെയാണ് ഇടാറുള്ളത്. പോകപോകെ ആ വീടിനെ കൂടി പേടിയുടെ ലിസ്റ്റില്‍ ചേര്‍ത്ത് തുടങ്ങി. അതിനുള്ള കാരണം ആ വീട്ടിലെ പട്ടികള്‍ തന്നെ, വീടിന്റെ ജനലിലൂടെ കൈ കയറ്റിവെച്ച് വഴിയില്‍ പോകുന്ന ഓരോരുത്തരെയും കാണുമ്പോള്‍ രണ്ടു പട്ടികളും കുരക്കും. ഈ ശബ്ദം കേട്ടാല്‍ തന്നെ അന്ന് പേടിയാകും. സ്‌കൂള്‍ യൂണിഫോമില്‍ ബാഗും തോളിലേറ്റി കാലിലിട്ട കൊലുസുപോലും ഇളക്കാതെ ആ വീടെത്തുമ്പോള്‍ തല അങ്ങോട്ടേക്ക് മാത്രം തിരിച്ച് പട്ടികള്‍ വീട്ടിനുള്ളില്‍ തന്നെയാണെന്ന് ഉറപ്പുവരുത്തി അതിവേഗത്തില്‍ ഒരു നടപ്പുണ്ട്.

ചില ദിവസങ്ങളില്‍ അവയ്ക്ക് ഞങ്ങളോടുള്ള ഇഷ്ട്ടം കാരണം ഞങ്ങള്‍ പോകുന്ന സമയത്ത് തന്നെ വീടിനു പുറത്തു ചാടുകയും ചെയ്യും. പട്ടികളുടെ ശല്യത്തെ കുറിച്ച് വീട്ടുകാരോട് പറഞ്ഞാല്‍ 'ചലപില ശബ്ദമുണ്ടാക്കി പോകുന്ന കുട്ടികളെയും കളര്‍ നിറമുള്ള ഡ്രെസ്സും ആ പട്ടികള്‍ക്ക് ഇഷ്ടമാണെന്നും കൂടാതെ അവരൊന്നും ചെയ്യില്ല, ഞങ്ങള്‍ക്ക് മക്കളെ പോലെയാ, അവര് നിങ്ങളോട് കളിക്കുകയാണെന്നും' പറഞ്ഞ് പരാതിക്കാരെ തിരിച്ചുവിടും. ഈ പട്ടികളെ പേടിച്ച് പല പുതിയ ഇടവഴികളും കൂടെയുള്ളവര്‍ കണ്ടെത്തി തുടങ്ങി. അങ്ങനെ ചിലപ്പോഴൊക്കെ ഞങ്ങളുടെ ടീം പവര്‍ കുറഞ്ഞുവന്നു.

അങ്ങനെ ഒരു ഓണാഘോഷപരിപാടിക്കായി നല്ല കളര്‍ഫുള്‍ കുപ്പായവുമിട്ട് വീട്ടില്‍നിന്നും ഇറങ്ങിയ ഞങ്ങള്‍ ഒരുപാട് നേരം വൈകിയാണ് സ്‌കൂളിലെത്തിയത്. അതിനുകാരണം അണിഞ്ഞൊരുങ്ങി നേരം വൈകിയതായിരുന്നില്ല. അന്നത്തെ ഓണപരിപാടികളും മാവേലിയും ഓണപൂക്കളവും കയ്യില്‍ കരുതിയ തുമ്പപ്പൂവും മാത്രമായിരുന്നു ഞങ്ങളുടെ വര്‍ത്തമാന വിഷയങ്ങള്‍, വഴിയിലെ മറ്റൊന്നും ഓര്‍ത്തുമില്ല പേടിച്ചുമില്ല. ഞങ്ങള്‍ മറന്നെങ്കിലും ഞങ്ങളുടെ കലപില ശബ്ദം കേട്ട് പട്ടികള്‍ ഞങ്ങളുടെ അടുത്തേക്ക് ഓടിവരുന്നത് കണ്ടപ്പോള്‍ തന്നെ സര്‍വ്വതും ഓര്‍മ്മയിലേക്ക് തിരിച്ചുവന്നു, ഓടി അടുത്ത വീട്ടിലെ ചായ്പ്പില്‍ കയറി വാതിലടച്ചു. അന്നത്തെ സ്‌കൂളിലെ ലോങ്ങ് ബെല്ലും പ്രാര്‍ത്ഥനയും ചായ്പ്പിനുള്ളില്‍ നിന്നുകൊണ്ട് കേള്‍ക്കാമായിരുന്നു. ചായ്പിനു പുറത്തു പട്ടികളുടെ കുരക്കലും. കുറച്ച് കഴിഞ്ഞു അത് കേള്‍ക്കാതെ ആയി.

ആ വീട്ടിലെ ചേച്ചിയെ ഞങ്ങള്‍ ഓരോരുത്തരും വിളിച്ചെങ്കിലും അവരൊന്നും അവിടില്ലെന്നു മനസിലായപ്പോള്‍ കൂടെയുണ്ടായിരുന്ന ഹൈസ്‌കൂളിലെ ചേച്ചി പുറത്തൊന്ന് നോക്കിയിട്ട് വരാമെന്നും പറഞ്ഞു വാതില്‍ തുറന്നു. പേടിക്കേണ്ട ഞാന്‍ വന്നു വിളിക്കാമെന്ന അവരുടെ ഉറപ്പിന്‍മേല്‍ ഞങ്ങള്‍ മിണ്ടാതെ നിന്നു. പിന്നെയും സമയം പോകുന്നെന്നും പട്ടിയുടെ കുര അടുത്തൊന്നും കേള്‍ക്കുന്നില്ലെന്ന ധൈര്യം കൊണ്ട്, ആ ചേച്ചി ഞങ്ങളെ കൂട്ടാതെ മുങ്ങിയെന്നും മനസ്സിലായപ്പോള്‍ വാതില്‍ തുറന്നു പുറത്തു വന്നുനോക്കി. കളര്‍ ഫുള്‍ ഡ്രെസ്സെല്ലാം പേടിച്ചതുകൊണ്ടാണോ ചായ്പ്പിനുള്ളിലെ ചൂടുകൊണ്ടാണോ എന്നറിയില്ല വിയര്‍ത്തു മുങ്ങിയിരുന്നു.

ഓണപ്പൂക്കള മത്സരം തുടങ്ങിയതിന്റെ ബഹളം സ്റ്റേജിനു പിന്നിലെ ഹാളില്‍ കേള്‍ക്കുന്നുണ്ട്. കൈയിലുണ്ടായിരുന്ന തുമ്പപ്പൂ വാടി കേടായിരിക്കുമെന്ന സങ്കടത്തോടെ ബാഗ് തുറന്നു നോക്കിയപ്പോള്‍ ഞങ്ങളെ പോലെ ക്ഷീണിച്ചിരുന്നില്ല. ആ പൂവും കൊടുത്ത് കൂട്ടുകാരോട് കളിച്ചും ചിരിച്ചും പൂക്കള്‍ അരിയാന്‍ കൂടിയും ഓണപ്പാട്ടുപാടിയും ഞങ്ങളുടെ ക്ഷീണവും മാറിപ്പോയി. എല്ലാം മറന്ന് ഓണപരിപാടിക്കളില്‍ പങ്കെടുത്ത് ആഘോഷിച്ചു.

Content Highlights: onam memories and onam celebartaio


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented