മനാമ: ഐ.വൈ.സി.സി. ബഹ്റൈൻ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയായ 'ഓണച്ചമയം 2026' വിപുലമായ പരിപാടികളോടെ നടന്നു. മനോഹരമായ പൂക്കളമൊരുക്കി ആരംഭിച്ച ആഘോഷത്തിൽ വിവിധ കലാപരിപാടികളും ഓണക്കളികളും സാംസ്‌കാരിക പരിപാടികളും അരങ്ങേറി. ബഹ്റൈനിലെ സാമൂഹിക- സാംസ്‌കാരിക- രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും നിരവധി പ്രവാസി കുടുംബങ്ങളും പരിപാടിയിൽ പങ്കെടുത്തു.

To advertise here,

കെ.എം.സി.സി. ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര പരിപാടി ഉദ്ഘാടനം ചെയ്തു. കേരള വനിതാ- ശിശുക്ഷേമ, തൊഴിൽ- ക്ഷീരവികസന- മൃഗസംരക്ഷണ മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ മുഖ്യാതിഥിയായി പങ്കെടുത്തു.

പ്രവാസി മലയാളികൾ കേരളത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വളർച്ചയ്ക്ക് നൽകുന്ന സംഭാവനകളെ മന്ത്രി പ്രസംഗത്തിൽ അനുസ്മരിച്ചു. പ്രവാസികളുടെ ക്ഷേമത്തിനായി സർക്കാരും പൊതുസമൂഹവും ഒപ്പമുണ്ടാകുമെന്നും അവർ പറഞ്ഞു. പ്രവാസികൾ സർക്കാരിനും കേരള സമൂഹത്തിനും അന്യരല്ലെന്നും പ്രവാസി സംഘടനകൾ സംഘടിപ്പിക്കുന്ന പരിപാടികളിൽ മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികൾ പങ്കെടുക്കുന്നതിനെച്ചൊല്ലിയുള്ള വിവാദങ്ങൾ അനാവശ്യമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രസിഡന്റ് മുഹമ്മദ് മൻസൂർ, സെക്രട്ടറി മുഹമ്മദ് ഗയാസ് എന്നിവരോടൊപ്പം എൻ.എസ്.എസ്. പ്രതിനിധി ശ്രാജേഷ് നമ്പ്യാർ, നവകേരള പ്രതിനിധി പ്രവീൺ മേൽപ്പത്തൂർ, വടകര സൗഹൃദവേദി പ്രതിനിധി അഷറഫ് എം.പി, നൗക ബഹ്റൈൻ പ്രതിനിധി അശ്വതി മിഥുൻ എന്നിവരടക്കം ബഹ്റൈനിലെ വിവിധ സംഘടനകളുടെ പ്രതിനിധികളും പരിപാടിക്ക് ആശംസകൾ അറിയിച്ചു. കുട്ടികളടക്കം നിരവധി കലാകാരന്മാർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഓണക്കളികളിലും മറ്റ് മത്സരങ്ങളിലും വിജയിച്ചവർക്കും കലാപരിപാടികളിൽ പങ്കെടുത്ത കലാകാരന്മാർക്കും ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.

'ഓണച്ചമയം 2026' കൺവീനർ സജിലിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഐ.വൈ.സി.സി. ബഹ്റൈൻ ദേശീയ പ്രസിഡന്റ് റിച്ചി കളത്തുരേത്ത് അധ്യക്ഷത വഹിച്ചു. ഐ.വൈ.സി.സി. അംഗം പ്രവീൺ ആന്റണി പരിപാടി നിയന്ത്രിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ സുനിൽ കുമാർ, കമ്മിറ്റി അംഗങ്ങളായ നിതീഷ് ചന്ദ്രൻ, ഷംഷാദ് കാക്കൂർ, വിൻസു കൂത്തപ്പള്ളി, ഹാഷിർ സാലി, ജസീൽ പറമ്പത്ത്, റോബിൻ കോശി, അനൂപ് തങ്കച്ചൻ എന്നിവർ സംഘാടനത്തിന് നേതൃത്വം നൽകി. ഐ.വൈ.സി.സി. ബഹ്റൈൻ ജനറൽ സെക്രട്ടറി സലിം അബൂതാലിബ് സ്വാഗതവും ദേശീയ ട്രഷറർ ഷഫീക് സൈഫുദ്ധീൻ നന്ദിയും അറിയിച്ചു.