പാരീസ്: വയനാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുസ്തി വെങ്കലമെഡല്‍ ജേതാവ് അമന്‍ ഷെരാവത്തിനെ ശനിയാഴ്ച ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ''അഭിനന്ദനങ്ങള്‍ അമന്‍'' എന്നു പറഞ്ഞാണ് മോദി തുടങ്ങിയത്. താങ്കളുടെ പേരുപോലെതന്നെ രാജ്യത്തിന്റെ മനസ്സുനിറച്ചു. വളരെ കുറച്ചുപേര്‍ മാത്രമാണ് ഛത്രസാല്‍ സ്റ്റേഡിയം വീടാക്കിമാറ്റിയത്. അതില്‍ നിങ്ങളുണ്ട്... അമന്റെ ജീവിതം രാജ്യത്തെ എല്ലാവര്‍ക്കും പ്രചോദനമാകുന്നതാണ്. നിങ്ങളുടെ മുന്നില്‍ ഇഷ്ടംപോലെ സമയമുണ്ട്. ജീവിതത്തിലും അമന്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിട്ടുണ്ടെന്ന് അറിയാമെന്നും മോദി പറഞ്ഞു. അടുത്ത ഒളിമ്പിക്സില്‍ ഞാന്‍ സ്വര്‍ണം കൊണ്ടുവരുമെന്ന് അമന്‍ മോദിയോട് ഉറപ്പിച്ചു പറഞ്ഞു. മെഡല്‍ എന്നത് വിട്ടേക്കൂ, നിങ്ങള്‍ രാജ്യത്തിന് എപ്പോഴും നന്നായി ചെയ്യുന്നുണ്ടെന്നായിരുന്നു മോദിയുടെ മറുപടി.

To advertise here,

ഈ മെഡല്‍ എനിക്ക് അടിത്തറ

''സ്വര്‍ണം തേടിവന്ന എനിക്ക് വെങ്കലം കിട്ടി. ഇത് അടുത്ത ഒളിമ്പിക്സിലേക്കുള്ള എന്റെ അടിത്തറയാണ്. സുശീല്‍കുമാറിന് രണ്ടു മെഡലുണ്ട്. എനിക്കും രണ്ടോ മൂന്നോ മെഡലുകള്‍ നേടാനാകും. ഈ മെഡല്‍ രാജ്യത്തിനും എന്നെ വിട്ടുപോയ അച്ഛനും അമ്മയ്ക്കും സമര്‍പ്പിക്കുന്നു.'' - അമന്‍ ഷെരാവത്ത്.

10 മണിക്കൂര്‍കൊണ്ട് കുറച്ചത് 4.6 കിലോഗ്രാം തൂക്കം

ഒളിമ്പിക് ഗുസ്തിയില്‍ ഇന്ത്യക്ക് ആദ്യമെഡല്‍ സമ്മാനിച്ച അമന്‍ ഷെരാവത്ത് 10 മണിക്കൂര്‍കൊണ്ട് കുറച്ചത് 4.6 കിലോഗ്രാം തൂക്കം. ഗോദയില്‍ ഇന്ത്യയുടെ ഉറച്ച പ്രതീക്ഷയായിരുന്ന വിനേഷ് ഫോഗട്ടിന് ഫൈനലിനുമുന്‍പ് ഭാരപരിശോധന തിരിച്ചടിയായപ്പോള്‍ വളരെ ശ്രദ്ധാപൂര്‍വമാണ് ഇന്ത്യന്‍ ക്യാമ്പ് തയ്യാറെടുത്തത്. തൂക്കംകുറച്ചകാര്യം അമന്‍ തന്നെയാണ് വെളിപ്പെടുത്തിയത്.

57 കിലോ ഫ്രീസ്‌റ്റൈല്‍ ഇനത്തില്‍ വെങ്കലമെഡല്‍ പേരാട്ടത്തിനായി തയ്യാറെടുക്കുന്ന സമയത്ത് പരിശീലകര്‍ അമന്റെ ഭാരം പരിശോധിച്ചപ്പോള്‍ അനുവദനീയമായതില്‍നിന്ന് നാലരക്കിലോ കൂടുതലായിരുന്നു. ഇന്ത്യന്‍ ഗുസ്തി ക്യാമ്പില്‍ ആശങ്കയുടെ നിമിഷങ്ങള്‍. ജപ്പാന്റെ റി ഹുഗൂച്ചിയോട് സെമിയില്‍ തോറ്റശേഷം ശരീരഭാരം പരിശോധിച്ചപ്പോഴാണ് കൂടുതലാണെന്ന് മനസ്സിലായത്.

അമന്റെ പരിശീലകസംഘത്തിലെ വിരേന്ദര്‍ ദഹിയയും ജഗ്മന്ദര്‍ സിങ്ങും ചേര്‍ന്ന് തൂക്കം കുറയ്ക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഉറക്കമില്ലാതെയാണ് പരിശീലനപരിശ്രമങ്ങളെന്ന് കോച്ച് വിരേന്ദര്‍ ദാഹിയ പറഞ്ഞു. മത്സരം അവസാനിക്കുംവരെ പരിശീലകരും അമനൊപ്പം കൂട്ടിരുന്നതോടെ പാരീസില്‍ ഇന്ത്യക്ക് ഗുസ്തിയില്‍ ആദ്യമെഡല്‍ തേടിയെത്തി. പ്യൂര്‍ട്ടോറിക്കോയുടെ ഡാരിയന്‍ ക്രൂസിനെ തോല്‍പ്പിച്ചാണ് (13-5) അമന്‍ വെങ്കലമെഡല്‍ സ്വന്തമാക്കിയത്. ആദ്യം പോയിന്റെടുത്തത് ക്രൂസാണെങ്കിലും അമന്‍ പിന്നീട് എതിരാളിയെ പൂട്ടി. ആദ്യറൗണ്ടില്‍ അമന് ആറുപോയിന്റും ക്രൂസിന് മൂന്നുപോയിന്റുമാണ് ലഭിച്ചത്. രണ്ടാം റൗണ്ടില്‍ അമന്‍ ഏഴുപോയിന്റും ക്രൂസ് രണ്ടും നേടി.

കഴിഞ്ഞ ഒളിമ്പിക്സില്‍ രവി ദാഹിയ ഫൈനലിനുമുന്‍പ് തൂക്കം കുറയ്ക്കുന്നതിനായി കടുത്ത വ്യായാമങ്ങള്‍ നടത്തിയിരുന്നു. വെള്ളിമെഡലാണ് ലഭിച്ചത്.