ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ അഭിമാന താരങ്ങളായിരുന്നു ഷൂട്ടര്‍ മനു ഭാക്കറും ജാവലിന്‍ താരം നീരജ് ചോപ്രയും. പാരീസിലെ ഇന്ത്യയുടെ ഏക വെള്ളി മെഡല്‍ നീരജ് നേടിയപ്പോള്‍ മനു ഷൂട്ടിങ്ങില്‍ ഇരട്ട മെഡലുകള്‍ നേടി ചരിത്രമെഴുതി.

To advertise here,

ഇപ്പോഴിതാ കഴിഞ്ഞ ദിവസം പുറത്തുവന്ന ഇരുവരും ഒന്നിച്ചുള്ള ഒരു വീഡിയോയെ ചുറ്റിപ്പറ്റിയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ മുഴുവന്‍. പാരീസ് ഒളിമ്പിക്‌സിനു ശേഷം നടന്ന ഒരു ചടങ്ങില്‍ നിന്നുള്ളതായിരുന്നു ഈ വീഡിയോ. ദൃശ്യങ്ങളില്‍ പരസ്പരം മുഖത്ത് നോക്കി സംസാരിക്കാന്‍ മടിക്കുന്ന നീരജിനെയും മനുവിനെയും കാണാം. ഇതോടൊപ്പം തന്നെ മനു ഭാക്കറിന്റെ അമ്മ നീരജിനോട് സംസാരിക്കുന്നതിന്റെയും താരത്തിന്റെ കൈ എടുത്ത് തലയില്‍ വെയ്ക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. 

ഇതിനു പിന്നാലെ നീരജും മനുവും വിവാഹിതരാകാന്‍ പോകുകയാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുകയും ചെയ്തു. മനുവിന്റെ അമ്മയും നീരജും തമ്മില്‍ എന്താണ് സംസാരിച്ചതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും.

ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ കാടുകയറിപ്പോയതോടെ ഇപ്പോഴിതാ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മനുവിന്റെ പിതാവ് രാം കിഷന്‍. വിവാഹം സംബന്ധിച്ച് പ്രചരിക്കുന്ന കാര്യങ്ങളെല്ലാം അദ്ദേഹം തള്ളിക്കളഞ്ഞു.

''മനു വളരെ ചെറുപ്പമാണ്. അവള്‍ക്ക് വിവാഹപ്രായം പോലുമായിട്ടില്ല. അതിനെക്കുറിച്ചൊന്നും ഇപ്പോള്‍ ചിന്തിക്കുന്നുപോലുമില്ല. മനുവിന്റെ അമ്മ നീരജിനെ തന്റെ മകനെപ്പോലെയാണ് കാണുന്നത്. അവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ബന്ധവും വാത്സല്യവും സൂചിപ്പിക്കുന്നതും അതാണ്.'' - രാം കിഷന്‍ പറഞ്ഞു.

നീരജിന്റെ അമ്മാവന്‍ ഭീം ചോപ്രയും ഇക്കാര്യത്തില്‍ പ്രതികരണവുമായെത്തിയിട്ടുണ്ട്. നീരജ് മെഡല്‍ നേടിയപ്പോള്‍ രാജ്യം മുഴുവന്‍ അറിഞ്ഞതുപോലെ നീരജ് വിവാഹം കഴിക്കുമ്പോഴും രാജ്യം മുഴുവന്‍ അറിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.