പാരീസ്: പാരീസ് ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ ചരിത്രം തീര്‍ത്ത് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ലക്ഷ്യ സെന്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ ചൗ ചെന്നിനെ തകര്‍ത്താണ് ലക്ഷ്യയുടെ സെമി പ്രവേശം. ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം തുടര്‍ന്നുള്ള രണ്ട് ഗെയിമുകളും പിടിച്ചടക്കുകയായിരുന്നു. 19-21, 21-15, 21-12 സ്‌കോറിനാണ് ജയം. ഇതോടെ ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ സെമി ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷതാരമായി മാറി ലക്ഷ്യ സെന്‍. 

To advertise here,

സൈന നേവാള്‍, പി.വി. സിന്ധു എന്നിവര്‍ക്ക് ശേഷം സെമിയില്‍ പ്രവേശിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരവുമാണ് ലക്ഷ്യ. സിന്ധു ഫൈനലിലും പ്രവേശിച്ചിട്ടുണ്ട്. പുരുഷന്മാരില്‍ കശ്യപ് - കിഡംബി ശ്രീകാന്ത് സഖ്യം 2012 ലണ്ടന്‍ ഒളിമ്പിക്‌സിലും 2016 റിയോ ഒളിമ്പിക്‌സിലും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചിരുന്നു. 

ടോപ് സീഡായ ഡെന്മാര്‍ക്ക് താരം വിക്ടര്‍ അക്‌സല്‍സെന്നും സിങ്കപ്പൂരിന്റെ കീന്‍ യുവും തമ്മിലുള്ള പോരാട്ടത്തിലെ വിജയിയുമായിട്ടായിരിക്കും സെമിയില്‍ ലക്ഷ്യക്ക് നേരിടേണ്ടിവരിക. ലോക 11-ാം നമ്പര്‍ താരമാണ് ലക്ഷ്യ തോല്‍പ്പിച്ച ചൗ ചെന്‍. 2021 ലോക ചാമ്പ്യന്‍ഷിപ്പില്‍ ലക്ഷ്യ വെങ്കല മെഡല്‍ നേടിയിട്ടുണ്ട്. ബാഡ്മിന്റണില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന സാത്വിക് സായ്‌രാജ് റങ്കിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യവും പി.വി. സിന്ധുവും എച്ച്.എസ്. പ്രണോയിയും നേരത്തേ പുറത്തായിരുന്നു. പ്രീക്വാര്‍ട്ടറില്‍ മലയാളി താരം എച്ച്.എസ്. പ്രണോയിയെ തകര്‍ത്താണ് ലക്ഷ്യ സെന്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നത്.