കോഴിക്കോട്: ഏഴരപ്പതിറ്റാണ്ടുകാലം മലയാളികളെ തൂലികയിലൂടെ ജീവിതത്തിന്റെ പല അടരുകളിലൂടെ നടത്തിച്ച സാഹിത്യത്തിന്റെ യുഗപ്രഭാവന്‌
മലയാളം ഇന്ന് വിട നല്‍കും. 'കാറ്റത്ത് ഒരു തിരിനാളം അണഞ്ഞുപോകുന്നതുപോലെ മരിക്കാനാണ് എനിക്കാഗ്രഹം' എന്നെഴുതിയ എം.ടി, ഒരു തിരിനാളം പോലെ അണയും വരെ അക്ഷരങ്ങള്‍കൊണ്ട് പ്രകാശം നല്‍കി. എം.ടി എന്ന വന്‍വൃക്ഷത്തണലില്‍ അദ്ദേഹത്തിന്റെ ബന്ധുജനങ്ങളും വായനക്കാരും സുഹൃത്തുക്കളും പരിചിതരും ആശ്രയം കൊണ്ടു. മലയാളത്തിന്റെ എം.ടിക്കാലം ഇന്ന് വൈകിട്ട് നാലുമണിയോടെ കോഴിക്കോട് കൊട്ടാരം റോഡിലെ സിതാരയില്‍ നിന്നും പടിയിറങ്ങുകയാണ്. ആ കാലം ഇനി ഓര്‍മയുടെ നാലുകെട്ടിലേക്ക്‌. 

To advertise here,

ബുധനാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു എം.ടിയുടെ അന്ത്യം സംഭവിച്ചത്‌. രാത്രി പതിനൊന്നുമണിയോടെ അദ്ദേഹത്തിന്റെ സ്വന്തം വസതിയായ സിതാരയിലേക്ക് ഭൗതികശരീരം കൊണ്ടുവന്നതുമുതല്‍ സമൂഹത്തിന്റെ നാനാതുറയില്‍പ്പെട്ടവര്‍ അന്ത്യോപചാരങ്ങളര്‍പ്പിക്കാനായി ഒഴുകുകയായിരുന്നു. തന്റെ ഭൗതിക ശരീരംപൊതുദര്‍ശനത്തിന് വെച്ച് ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്, റോഡുകളില്‍ വാഹനഗതാഗതം തടസ്സപ്പെടരുത്, എന്ന് കര്‍ശനമായി പറഞ്ഞ എം.ടിയെ അവസാനമായി ഒരു നോക്കുകാണാന്‍ അദ്ദേഹത്തിന്റെ വീട് എക്കാലത്തയുമെന്നപോലെ സന്ദര്‍ശകര്‍ക്കായി തുറന്നുകിടന്നു. മാവൂര്‍റോഡിലെ പൊതുശ്മശാനം 'സ്മൃതിപഥം'  എന്ന പേരിട്ട് പുതുക്കിപ്പണിത് ദിവസങ്ങളേ ആയിട്ടുള്ളൂ. സ്മൃതിപഥത്തിലേക്ക് ആദ്യത്തെ വിലാപയാത്ര എം.ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ളതാണ് എന്നത് കാലത്തിന്റെ നിയതി മാത്രം.