തിരുവനന്തപുരം: വിശേഷണങ്ങള്‍ക്ക് അതീതനായ മഹാപ്രതിഭയായിരുന്നു എം.ടി വാസുദേവന്‍ നായരെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. 'എം.ടിയെ ഞാനെന്നും കണ്ടിട്ടുള്ളത് ഒരു ജ്യേഷ്ഠസഹോദരനായിട്ടാണ്. ഞങ്ങള്‍ എപ്പോഴും സംസാരിക്കുകയോ നിരന്തരം കാണുകയോ ചെയ്തിട്ടില്ല. പക്ഷേ എനിക്ക് അദ്ദേഹം മലയാള സാഹിത്യത്തിലെ മഹാപ്രതിഭകളില്‍ ഒരാളാണ്. എഴുത്തുകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തെ ശ്രദ്ധിക്കാന്‍ തുടങ്ങിയ കാലം മുതല്‍ക്കേ ഒരു എഴുത്തുകാരന്റെ അന്തസ്സും ഗരിമയും ഒന്നുപോലെ പുലര്‍ത്തിയിരുന്ന ആളായിരുന്നു എം.ടി. മലയാളിക്കും മലയാള സംസ്‌കാരത്തിനും അങ്ങേയറ്റം സംഭാവന അദ്ദേഹം നല്‍കി. എത്രയോ സിനിമകള്‍ക്ക് അദ്ദേഹം കഥയും തിരക്കഥയും സംഭാഷണവും നല്‍കി. സാധാരണ കാഴ്ചക്കാര്‍ ശ്രദ്ധിക്കാതെ പോവുമായിരുന്ന ഇടത്തരം സിനിമകള്‍ പോലും എം.ടിയുടെ രചനകള്‍ കൊണ്ട് മാത്രം ശ്രദ്ധിക്കപ്പെട്ടു. അത്തരം സിനിമകളില്‍ മലയാളിത്തനിമയുണ്ടായി. കഥാപാത്രങ്ങള്‍ക്ക് ജീവന്‍ വന്നു. എം.ടിയുടെ കഥാപാത്രങ്ങള്‍ സംഭാഷണങ്ങള്‍ പറയുന്ന വെറും വ്യക്തികള്‍ മാത്രമായിരുന്നില്ല. അവരുടേതായ ജീവിതപശ്ചാത്തലമുള്ള വ്യക്തികളായി കഥാപാത്രങ്ങളെ മാറ്റാന്‍ കഴിഞ്ഞു. കഥാപാത്രങ്ങള്‍ക്കുമേല്‍ വളരെ സൂക്ഷ്മമായിട്ടുള്ള ദര്‍ശനവും ഉള്‍ക്കാഴ്ചയും സിനിമകളില്‍ കൊണ്ടുവരുവാന്‍ അദ്ദേഹം ശ്രദ്ധിച്ചു. നിര്‍മാല്യവും കടവും എടുത്തുപറയേണ്ടുന്ന സിനിമകളാണ്. സാഹിത്യരംഗത്ത് പ്രവര്‍ത്തിക്കേണ്ടി വന്നില്ലെങ്കില്‍ അദ്ദേഹം കൂടുതല്‍ സമയം സിനിമാരംഗത്ത് പ്രവര്‍ത്തിക്കുമായിരുന്നു എന്നെനിക്ക് തോന്നിയിട്ടുണ്ട്. തികച്ചും ആധുനികമായ മനസ്സുള്ള ഒരു എഴുത്തുകാരന്‍. കഴിഞ്ഞ നൂറ്റാണ്ടിലാണ് കൂടുതല്‍ കാലം ജീവിച്ചതെങ്കിലും ഈ നൂറ്റാണ്ടിലെ പ്രബുദ്ധത അദ്ദേഹത്തിന്റെ എഴുത്തുകളിലും പ്രവര്‍ത്തനങ്ങളിലും കാണിച്ചു. അങ്ങനെയുള്ള ഒരു വലിയ എഴുത്തുകാരന്റെ, എന്റെ മുതിര്‍ന്ന സഹോദരന്റെ വേര്‍പാട് മലയാളഭാഷയ്ക്കും എനിക്ക് വ്യക്തിപരമായും വലിയ നഷ്ടമായി കരുതുന്നു.' - അനുശോചനമറിയിച്ചുകൊണ്ട് അടൂര്‍ പറഞ്ഞു.

To advertise here,

എം.ടിയുടെ എഴുത്ത് വളരെ വിശാലമായ എഴുത്തുതന്നെയാണെന്നും കഥ, നോവല്‍, തിരക്കഥ, സഞ്ചാര സാഹിത്യം ഉള്‍പ്പെടെ വിവിധങ്ങളായ മേഖലകളെ അദ്ദേഹത്തിന്റെ എഴുത്ത് സ്പര്‍ശിക്കാനിടയായെന്നും അടൂര്‍ പറഞ്ഞു. എഴുത്തിനെപ്പറ്റിയുള്ള എഴുത്തും അദ്ദേഹത്തിന്റെ വിഷയമായെന്നും കിളിവാതിലിലൂടെ എന്ന പംക്തി മുഖേന ലോകസാഹിത്യത്തെപ്പറ്റിയുള്ള അറിവ് മലയാളിക്ക് കൃത്യമായി പകര്‍ന്നുകൊടുക്കാന്‍ എം.ടിക്കു കഴിഞ്ഞുവെന്നും അടൂര്‍ ഓര്‍ത്തു.