തൃശ്ശൂർ: മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ കെ. സച്ചിദാനന്ദൻ 80-ന്റെ നിറവിൽ. സാംസ്‌കാരികവും സർഗാത്മകവും സാമൂഹികവുമായ ഇടങ്ങളിൽ നിരന്തരം ഇടപെടുന്ന സച്ചിദാനന്ദന്റെ എഴുത്തുജീവിതവും ആറു പതിറ്റാണ്ട് പിന്നിടുകയാണ്.

To advertise here,

ഈ വേളയിൽ മാതൃഭൂമി ബുക്സിന്റെ നേതൃത്വത്തിലാണ് എൺപതാംപിറന്നാൾ ആഘോഷിക്കുന്നത്. മേയ് 29-ന് തൃശ്ശൂർ സാഹിത്യ അക്കാദമി എം.ടി. ഹാളിൽ ഒരു ദിവസം നീണ്ടുനിൽക്കുന്ന ആഘോഷത്തിൽ സെമിനാർ, സമാദരണസമ്മേളനം, പുസ്തകപ്രകാശനം, കവിതാലാപനം എന്നിവയുണ്ടാകും.

രാവിലെ 10-ന് ആരംഭിക്കുന്ന ഉദ്ഘാടനസമ്മേളനത്തിൽ എം.പി. സുരേന്ദ്രൻ ആമുഖപ്രഭാഷണം നിർവഹിക്കും. മാതൃഭൂമി ഡയറക്ടർ (ഡിജിറ്റൽ ബിസിനസ്) എം.എസ്. മയൂര അധ്യക്ഷയാകും. തുടർന്ന് 11-ന് നടക്കുന്ന സെമിനാറിൽ 'സച്ചിദാനന്ദനും മലയാളത്തിന്റെ ഭാവുകത്വപരിണാമവും' എന്ന വിഷയത്തിൽ സുനിൽ പി. ഇളയിടം പ്രഭാഷണം നിർവഹിക്കും. പി.കെ. രാജശേഖരൻ- 'സച്ചിദാനന്ദന്റെ സമാന്തരലോകം', ഇ.പി. രാജഗോപാലൻ-'സച്ചിദാനന്ദന്റെ നാടകപർവം'-എന്നിവരും സംസാരിക്കും.

ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന കവിതാവിരുന്നിൽ റഫീക്ക് അഹമ്മദ്, ആലങ്കോട് ലീലാകൃഷ്ണൻ, വീരാൻകുട്ടി, പി.പി. രാമചന്ദ്രൻ, പി. രാമൻ, പി.എൻ. ഗോപീകൃഷ്ണൻ, രാവുണ്ണി, കെ.ആർ. ടോണി, സെബാസ്റ്റ്യൻ, മാങ്ങാട് രത്‌നാകരൻ, സർജു, ഷീജ വക്കം, ബി.കെ. ഹരിനാരായണൻ, പി.എ. നാസിമുദ്ദീൻ, ഒ.പി. സുരേഷ്, രോഷ്‌നി സ്വപ്‌ന, ലോപാമുദ്ര, അമ്മു ദീപ, വിജേഷ് എടക്കുനി, കമറുദ്ദീൻ ആമയം, നസീർ കടിക്കാട് തുടങ്ങിയവർ സ്വന്തം കവിതയോടൊപ്പം സച്ചിദാനന്ദന്റെ കവിതകളും ആലപിക്കും. വിനോദ് പി. നാരായണനാണ് കവിതാവിരുന്നിന് ആമുഖം പറയുക.

4.30-ന് സമാദരണസമ്മേളനം മഴയുടെ കവിതാലാപനത്തോടെ ആരംഭിക്കും. സാറാ ജോസഫ് ഉദ്ഘാടനംചെയ്യും. മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാർ അധ്യക്ഷനാകും. ഇ.വി. രാമകൃഷ്ണൻ, എസ്.കെ. വസന്തൻ, ഡോ. പി.വി. കൃഷ്ണൻനായർ, അശോകൻ ചരുവിൽ തുടങ്ങിയവർ ആശംസയർപ്പിക്കും. തുടർന്ന് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച, സച്ചിദാനന്ദന്റെ 'ജയിച്ചവരും തോറ്റവരും', 'ആൽബം', 'ഇടങ്ങൾ' എന്നീ പുസ്തകങ്ങൾ പ്രകാശനംചെയ്യും. പ്രകാശനച്ചടങ്ങിൽ കെ.പി. മോഹനൻ, കെ.സി. നാരായണൻ, സുഭാഷ് ചന്ദ്രൻ, വിനീത മേക്കോത്ത് എന്നിവർ പങ്കെടുക്കും. എം.കെ. കൃഷ്ണകുമാർ സ്വാഗതം പറയുന്ന ചടങ്ങിൽ രാജശേഖരൻ നായർ എം.കെ. നന്ദി പ്രകാശിപ്പിക്കും.