ന്താണ്, എന്തായിരുന്നു എം.ടി.യെ തൊട്ടതെല്ലാം പൊന്നാക്കുന്ന കൈരളിയുടെ അപൂര്‍വതയാക്കി മാറ്റിയത്. ഇതിന് ഉത്തരം കിട്ടണമെങ്കില്‍ എം.ടി. വ്യക്തിയും, എം.ടി. സൃഷ്ടിയും വളര്‍ന്നുവികസിച്ച കാലത്തെ ചരിത്രപരമായിത്തന്നെ നോക്കിക്കാണണം. ഫ്യൂഡലിസത്തിന്റെ പൊട്ടിയ നാലുകെട്ടുകളില്‍ നിന്ന് മുതലാളിത്തത്തിന്റെ കുഞ്ഞുങ്ങള്‍ വെളിയിലേക്ക് വിരിഞ്ഞുവരുന്ന സന്ദര്‍ഭം. കൂട്ടുകുടുംബത്തിന്റെ സംരക്ഷണം നഷ്ടപ്പെടുന്നവര്‍ക്ക് ഒറ്റക്കൊറ്റക്കാണ് തങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കേണ്ടിയിരുന്നത്. അങ്ങേയറ്റം ജാഗ്രതയും മിടുക്കും രൂപപരിണാമശേഷിയും കാട്ടിയില്ലെങ്കില്‍ നിലനില്‍പ്പുതന്നെ അപകടത്തിലാകാം. കൂടല്ലൂര്‍ എന്ന കുഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന എം.ടി.ക്ക് അവനവനെ പാകപ്പെടുത്തി ഉയര്‍ന്നുപൊങ്ങേണ്ടത് അനിവാര്യമായിരുന്നു. അതെങ്ങനെ സാധിച്ചുവെന്നത് ആ വിജയഗാഥ വിശകലനം ചെയ്താലറിയാം. 
   
ഏതൊരു മനുഷ്യനും അവന്റെ കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നതും അതിന്റെ ഫലങ്ങള്‍ അനുഭവിക്കുന്നതും സമൂഹത്തില്‍ വെച്ചാണല്ലോ. സമൂഹനിരപേക്ഷമായി കര്‍മങ്ങളോ കര്‍മഫലങ്ങളോ ഇല്ലെന്ന് തന്നെ പറയാം. സൂഹത്തിന്റെ അടിസ്ഥാനഘടകം വ്യക്തികളായതിനാല്‍ ഒരാളുടെ കര്‍മങ്ങള്‍ ആദ്യമായും അവസാനമായും ഏല്‍ക്കുന്നതും പ്രതികരണങ്ങള്‍ ഉണ്ടാക്കുന്നതും സഹജീവികളിലാണ്. അതിനാല്‍ സഹജീവികളെയും സമൂഹത്തെയും തിരിച്ചറിയാനുള്ള ശേഷി മനുഷ്യജീവിതത്തില്‍ അതിനിര്‍ണായകമാകുന്നു ഇരുപത് വര്‍ഷത്തിലധികം എം.ടി.ക്കൊപ്പം തുഞ്ചന്‍ സ്മാരകത്തില്‍ ജോലി ചെയ്തതിനാല്‍ സര്‍വരംഗങ്ങളിലും അദ്ദേഹത്തെ വിജയശ്രീലാളിതനാക്കിയ പരഹൃദയജ്ഞാനമെന്ന സിദ്ധിവിശേഷത്തെ എനിക്ക് തൊട്ടറിയാന്‍ കഴിഞ്ഞിട്ടുണ്ട്.

To advertise here,

കാണാന്‍ സമ്മതം ചോദിച്ച് തുഞ്ചന്‍ സ്മാരകത്തിന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നവരുടെ സ്വഭാവവും ഉള്ളിലിരിപ്പും നിമിഷാര്‍ദ്ധംകൊണ്ട് എം.ടി. പിടിച്ചെടുക്കും. പലപ്പോഴും എന്റെയെല്ലാം നിഗമനങ്ങള്‍ക്ക് വിരുദ്ധമായി അയാള്‍ ശരിയാവില്ല, അയാള്‍ക്ക് ഇന്ന ഗുണങ്ങളുണ്ടെങ്കിലും ഇന്ന കുഴപ്പങ്ങളുണ്ട് എന്നെല്ലാമുള്ള അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ സത്യമായി കലാശിക്കും. താനുമായി ഇടപെടുന്നവരെ ഇങ്ങനെ കൃത്യമായി സ്‌കാന്‍ ചെയ്‌തെടുക്കുന്ന വിദ്യയാല്‍ ഒരുപാട് അനാവശ്യപണികളും മെനക്കേടുകളുമാണ് എം.ടി. ദൈനംദിന വ്യാവഹാരങ്ങളില്‍ നിന്ന് ഒഴിവാക്കുന്നത്. പ്രയോജനരഹിതമായ ഓട്ടവും ചാട്ടവും പല്ലിളിക്കലും നമ്മുടെയെല്ലാം ആയുസ്സിന്റെ വലിയൊരു ഭാഗത്തെ കുട്ടിച്ചോറാക്കുമ്പോള്‍ നിഷ്ഫലമായ ചെറുവിരലനക്കം പോലും അദ്ദേഹം ജീവിതത്തില്‍ നടത്തിയിട്ടുണ്ടാവില്ല. 

ഈ പരഹൃദയജ്ഞാനവല സമൂഹത്തില്‍ മൊത്തം പടര്‍ത്തിയതിനാലാണ് എം.ടി.യുടെ നേതൃത്വത്തില്‍ തുഞ്ചന്‍സ്മാരകം അതിപ്രശസ്തിയിലേക്ക് ഉയര്‍ന്നത്. 1993 ജനുവരി പതിനെട്ടിനായിരുന്നു എം.ടി. വാസുദേവന്‍ നായരുടെ തുഞ്ചന്‍ പറമ്പിലേക്കുള്ള ചരിത്രപ്രധാനമായ സന്ദര്‍ശനം. ഡോക്ടര്‍ ചാത്തനാത്ത് അച്യതനുണ്ണിയും ഡോക്ടര്‍ എം. ആര്‍. രാഘവവാര്യരും കൂടെയുണ്ടായിരുന്നു. ഗെയ്റ്റ് കടന്ന്, കിഴക്കോട്ട് തിരിഞ്ഞ്, മാവിന്‍ ചുവട്ടില്‍ എം.ടി.യുടെ കാറ് നിര്‍ത്തിയതും കാത്തുകെട്ടിയിരുന്ന തിരൂരിലെ പൗരപ്രമാണിമാരെല്ലാം അദ്ദേഹത്തെ പൊതിഞ്ഞുകൂടി. 

കുമാരന്‍ നായര്‍, പി. നന്ദകുമാര്‍ (ഇപ്പോഴത്തെ എം.എല്‍.എ) നാരായണന്‍ കുട്ടി നായര്‍, ആന്റോ മാസ്റ്റര്‍, കൃഷ്ണന്‍കുട്ടി മാസ്റ്റര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ആള്‍ക്കൂട്ടം തുഞ്ചന്‍ സ്മാരകത്തെക്കുറിച്ച് തങ്ങള്‍ താലോലിക്കുന്ന സ്വപ്നങ്ങള്‍ ഉരുക്കഴിക്കാന്‍ ആരംഭിച്ചു. വിജയദശമിക്കും മറ്റും കുട്ടികളെ എഴുത്തിനിരുത്താന്‍ എത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനെക്കുറിച്ചും ആവേശപ്പെട്ടു. അതോടൊപ്പം നിലവിലുള്ള ഭരണസമിതിയുടെ ചില പിടിപ്പുകേടുകളും നയവൈകല്യങ്ങളും അവര്‍ സൂചിപ്പിച്ചു. 
                
1993 ജനുവരി ഇരുപത്തിമൂന്നാം തിയ്യതി തുഞ്ചന്‍ സ്മാരകത്തിന്റെ സാരഥ്യം ഏറ്റെടുത്തതും നാട്ടുകാരുടെയും ഭാഷാസ്‌നേഹികളുടെയും സുവര്‍ണപ്രതീക്ഷകള്‍ സാക്ഷാല്‍ക്കരിക്കാനുള്ള ഊര്‍ജ്ജിത നടപടികളാണ് എം.ടി. കൈക്കൊണ്ടത്. ഉത്സവത്തോടനുബന്ധിച്ച് നടത്തിയിരുന്ന നിലവാരം കുറഞ്ഞ പ്രദര്‍ശനങ്ങളും മത്സരക്കളികളും ഉപേക്ഷിച്ചു. ഓഡിറ്റോറിയം കല്യാണസദ്യകള്‍ക്ക് കൊടുക്കാറുള്ളത് റദ്ദു ചെയ്ത് സാഹിത്യസാംസ്‌ക്കാരിക സമ്മേളനങ്ങളുടെ വേദി മാത്രമാക്കി മാറ്റി. വിജയദശമിക്കും സാധാരണ ദിവസങ്ങളിലുമുള്ള എഴുത്തിനിരുത്തല്‍ സംവിധാനം വിപുലീകരിച്ചു. പരമ്പരാഗത എഴുത്താശാന്മാര്‍ക്ക് പുറമെ വിജയദശമിക്ക് സാഹിത്യകാരന്മാരെയും സാഹിത്യകാരികളെയും എഴുത്തിനിരുത്തലിന് ക്ഷണിച്ചുകൊണ്ടുവന്നു. എഴുത്തിനിരുത്തപ്പെടുന്ന കുട്ടികളുടെയും എഴുത്തിനിരുത്തുന്നവരുടെയും ജാതിമത ലിംഗ പരിഗണനകള്‍ ഉപേക്ഷിച്ച് സംഭവം തീര്‍ത്തും മതേതരമാക്കി. അഭൂതപൂര്‍വമായ ജനപ്രവാഹമായിരുന്നു പിന്നീട് വിജയദശമിക്ക് തുഞ്ചന്‍ പറമ്പിലേക്കുണ്ടായത്.

അക്ഷരത്തോടുള്ള മലയാളി മനസ്സിന്റെ അദമ്യമായ കൂറ് തിരിച്ചറിഞ്ഞതുകൊണ്ടാണ് കേരള സാഹിത്യ അക്കാദമി ചെയര്‍മാനായപ്പോള്‍ എം.ടി. അക്കാദമിയിലും എഴുത്തിനിരുത്തല്‍ തുടങ്ങിയത്. സവര്‍ണമായ ആചാരങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് ഒളിച്ചുകടത്തുന്നുവെന്ന് പലരും ആരോപണമുന്നയിച്ചെങ്കിലും അതൊന്നും ക്ലച്ചുപിടിച്ചില്ല. കാരണം കേരളത്തില്‍ സവര്‍ണന് മാത്രമല്ല അവര്‍ണനും ന്യൂനപക്ഷത്തിനുമെല്ലാം അക്ഷരത്തോട് കടുത്ത പ്രേമമായിരുന്നു. എം.ടി. കുറിച്ച എഴുത്തിനിരുത്തല്‍ വിപ്ലവം മണ്‍സൂണ്‍ പോലെ സംസ്ഥാനത്തുടനീളം പടര്‍ന്നുപിടിച്ചു. മുസ്ലീം പള്ളികള്‍, ക്രിസ്ത്യന്‍ ദേവാലയങ്ങള്‍, പത്രസ്ഥാപനങ്ങള്‍, എന്തിന് വാണിജ്യകേന്ദ്രങ്ങള്‍ വരെ എഴുത്തിനിരുത്തല്‍ കളരികളായി മാറി.

കെട്ടിടങ്ങള്‍ പുതുക്കിപ്പണിയാനും ഗ്രന്ഥശാലയും അതിഥി മന്ദിരങ്ങളും നിര്‍മിക്കാനും ആരംഭിച്ചതോടെ സര്‍ക്കാറിനെപ്പോലും ഞെട്ടിക്കുന്ന തരത്തിലാണ് സ്വദേശത്തെയും വിദേശത്തെയും ഭാഷാസ്‌നേഹികളില്‍ നിന്ന് തുഞ്ചന്‍ പറമ്പിലേക്ക് പണം പ്രവഹിച്ചത്. അടുത്ത വര്‍ഷം മുതല്‍ക്കുള്ള തുഞ്ചന്‍ ഉത്സവങ്ങളില്‍ കാലികപ്രസക്തിയുള്ള ദേശീയ സെമിനാറുകളും ദക്ഷിണേന്ത്യന്‍ കാവ്യോത്സവവും ഉയര്‍ന്ന നിലവാരമുള്ള കലാപരിപാടികളും അരങ്ങേറി. സെമിനാറിലും കാവ്യോത്സവത്തിലും നൃത്തസംഗീതവേദികളിലും അണിനിരത്തേണ്ടവരെക്കുറിച്ച് ട്രസ്റ്റ് അംഗങ്ങളോടും അഡ്മിനിസ്‌ട്രേറ്ററായ എന്നോടും അദ്ദേഹം അഭിപ്രായങ്ങള്‍ ആരാഞ്ഞിരുന്നു. എന്നാല്‍ ദേശീയ നിലവാരത്തിലുള്ള തന്റെ ബന്ധങ്ങളും പണ്ടെന്നോ പരിചയപ്പെട്ട പണ്ഡിതരെയും കലാകാരന്മാരെയും സ്മൃതിയില്‍ നിന്ന് കൃത്യമായി കൊത്തിയെടുക്കാനുള്ള സിദ്ധിയുംകൊണ്ട് എം.ടി.യുടെ അഭിപ്രായങ്ങളാണ് മിക്കവാറും ഉചിതമായി ഭവിച്ചിരുന്നത്. അലി സര്‍ദാര്‍ ജാഫ്രി, ഭീഷ്മ സാഹ്നി, മഹാശ്വേതാദേവി, അനന്തമൂര്‍ത്തി, ഗുല്‍സാര്‍, സുനില്‍ ഗംഗോപാദ്ധ്യായ, അജിത് കൗര്‍, ദിലീപ് ചിത്രെ, കമലേശ്വര്‍, നാംവര്‍ സിംങ് തുടങ്ങിയ ഉന്നതരായ എഴുത്തുകാരും അലര്‍മേല്‍ വള്ളി, ദക്ഷാസേത്, ദക്ഷിണാമൂര്‍ത്തി, യേശുദാസ്, ജയചന്ദ്രന്‍, രമേഷ് നാരായണന്‍ തുടങ്ങിയ പ്രശസ്ത കലാകാരന്മാരും എം.ടി. ബന്ധവഴിയിലൂടെ തുഞ്ചന്‍ ഉത്സവങ്ങളില്‍ പങ്കെടുത്തവരായിരുന്നു. 
 
ശബ്ദകോലാഹലങ്ങളില്ലാത്ത നേതൃത്വപാടവമായിരുന്നു അദ്ദേഹത്തെ വിജയത്തിലേക്ക് നയിക്കുന്ന മറ്റൊരു ഘടകം. ഒന്നും ആവശ്യപ്പെടാതെയും ആവര്‍ത്തിക്കാതെയും തനിക്ക് വേണ്ടതെല്ലാം ആളുകളെക്കൊണ്ട് ചെയ്യിക്കുന്ന, ഇപ്പോഴും മാനേജ്‌മെന്റ് പണ്ഡിറ്റുകള്‍ക്ക് പിടികിട്ടിയിട്ടില്ലാത്ത, മാസ്മരികത എം.ടി.ക്കുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഉണക്കത്തരങ്ങളില്ലാതെ, വീട്ടിലെ കാര്യംപോലെയാണ് തുഞ്ചന്‍ സ്മാരകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വേണ്ടതെന്ന് അദ്ദേഹം സൂചിപ്പിച്ചതേയുള്ളു, ട്രസ്റ്റ് മെമ്പര്‍മാര്‍ ജനറല്‍ബോഡി മീറ്റിംഗുകള്‍ക്കുള്ള യാത്രബത്ത വേണ്ടെന്നുവെച്ചു. ഉത്സവനടത്തിപ്പിലെ കുശിനിയും വിളമ്പലും അലങ്കാരപ്പണികളും നാട്ടുകാര്‍ ഏറ്റെടുത്തു. പണമായും അരിച്ചാക്കായും പച്ചക്കറിയായും സഹായങ്ങളെത്തി. 

ഏതൊരു ചെറിയ നീക്കത്തിന്റെയും പ്രത്യാഘാതം മൂന്‍കൂട്ടിക്കാണാന്‍ എം.ടി.ക്ക് പ്രാഗത്ഭ്യമുണ്ടായിരുന്നു. ഒരു പരിസരവാസി തുഞ്ചന്‍ പറമ്പില്‍ വെച്ച് മക്കള്‍ക്ക് തുലാഭാരം നടത്താനുള്ള ആഗ്രഹത്തോടെ മരമില്ലില്‍ നിന്ന് തുലാസ്സും ഏറ്റിവന്നു. അദ്ദേഹം തരിമ്പും സമ്മതിച്ചില്ല. എന്തെന്നാല്‍ ഇത് നാളെ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡിലേക്ക് കാര്യങ്ങള്‍ നീക്കുമെന്ന് എം.ടി.ക്ക് അറിയാമായിരുന്നു. ജാതിമത ഭേദമന്യെ കുട്ടികളെ അക്ഷരം പഠിപ്പിച്ച ഭാഷാപിതാവിന്റെ മണ്ണ് എല്ലാവര്‍ക്കും സ്വന്തമായിരിക്കണമല്ലോ.

എം.ടി.യുടെ മട്ടുകണ്ടാല്‍ കടുകടുത്ത, സ്വേച്ഛാപ്രമത്തനായ ബോസ്സായിരിക്കുമെന്നല്ലേ തോന്നുകയുള്ളു? എന്നാല്‍ തുഞ്ചന്‍ സ്മാരകത്തിലെ ചെലവഴിച്ച 21 വര്‍ഷത്തെ അഡ്മിനിസ്‌ട്രേറ്റര്‍ ജോലിക്കിടയില്‍ ഒരു കാര്യത്തിനും അദ്ദേഹമെന്നോട് കല്‍പ്പിച്ചിട്ടില്ല. ഇങ്ങനെയൊക്കെയല്ലേ സംഗതികള്‍ വേണ്ടതെന്ന് അത്യന്തം ഗൗരവമായ മുഖത്തോടെ ധ്വനിപ്പിക്കും. അപ്പോള്‍ അതിനുവേണ്ട പണികള്‍ കയ്യും മെയ്യും മറന്ന് ഞാനങ്ങ് ചെയ്തുപോകും. അത്രതന്നെ. ഇതായിരുന്നു തുഞ്ചന്‍ സ്മാരകത്തിലെ ചെയര്‍മാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ വര്‍ക്ക് റിലേഷന്‍ഷിപ്പ്. എന്തെങ്കിലും ചെയ്തത് ശരിയായില്ലെന്ന് എം.ടി.ക്ക് തോന്നിയാല്‍ കുറ്റപ്പെടുത്തലോ പിടിച്ചുനിര്‍ത്തി പറയലോ പോലുമില്ല. അക്കാര്യം എങ്ങനെയെങ്കിലും എന്നില്‍ എത്തിക്കാന്‍ ശ്രമിക്കും. വര്‍ഷങ്ങള്‍ക്ക് മുമ്പ് എണ്‍പത്തിനാലാം വയസ്സില്‍ ഒറ്റക്ക് യാത്രചെയ്തുവന്ന ഭീഷ്മ സാഹ്നിയെ കൂട്ടാന്‍ എയര്‍പോര്‍ട്ടിലേക്ക് ഞാന്‍ പോകുകയും ഫ്‌ളൈറ്റ് ലെയ്റ്റായ വിവരം എം.ടി.യെ അറിയിക്കാന്‍ വിട്ടുപോകുകയും ചെയ്തു. പിന്നീട് മകള്‍ അശ്വതിയിലൂടെയാണ് അദ്ദേഹം വല്ലാതെ വേവലാതിപ്പെട്ട വിവരം എന്നില്‍ എത്തിയതും പറ്റിപ്പോയ വീഴ്ചയില്‍ ഞാന്‍ ദിവസങ്ങളോളം ജാള്യനായതും. 

ഭീഷണിക്കത്തിന്റെ പേരില്‍ മൂന്നു മാസത്തോളം എനിക്ക് പോലീസ് സംരക്ഷണമുണ്ടായപ്പോള്‍ തുഞ്ചന്‍ പറമ്പിലെ പോലീസ് കവാത്ത് അദ്ദേഹത്തിന് രുചിച്ചില്ല. അനിഷ്ടം കോണ്‍സ്റ്റബിളിനോട് എം.ടി. പ്രകടിപ്പിച്ചെന്ന് മനസ്സിലായതും സംരക്ഷണം സ്മാരകത്തിനകത്തേക്ക് കടക്കാതെ സജ്ജീകരിക്കപ്പെട്ടു. കഠുവാ സംഭവത്തെ ആസ്പദമാക്കി കണ്ണൂര്‍ കടലായി ക്ഷേത്രത്തില്‍ ഞാന്‍ പ്രായശ്ചിത്ത ശയനപ്രദക്ഷിണം നടത്തിയിരുന്നു. അതില്‍ പ്രകോപിതരായ ചിലര്‍ എന്നെ വല്ലാതെ ചീത്ത വിളിക്കുന്ന പടുകൂറ്റന്‍ ബോര്‍ഡുകള്‍ തുഞ്ചന്‍ പറമ്പിന്റെ പരിസരങ്ങളില്‍ സ്ഥാപിച്ചപ്പോള്‍ എം.ടി. ചെറുതായി ഉലഞ്ഞുപോയി. ഇത് നിമിത്തമാക്കി എതിരാളികള്‍ സ്മാരകത്തില്‍ പ്രശ്‌നമുണ്ടാക്കുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക. എന്നാല്‍ എന്തിനാണ് ഈ പണിക്ക് നിന്നതെന്ന് ചോദിച്ച് എന്നെ ശകാരിക്കാനൊന്നും എം.ടി. നിന്നില്ല. നേരില്‍ കണ്ടപ്പോള്‍ ഇത്രമാത്രം പറഞ്ഞു:'നമുക്ക് നമ്മുടേതായ അഭിപ്രായങ്ങളും പ്രവര്‍ത്തനങ്ങളും ഉണ്ടാകും. പക്ഷെ പ്രവൃത്തിയെടുക്കുന്ന സ്ഥാപനത്തെ ബാധിക്കാതെ നോക്കണം.'

എം.ടി.യുടെ സേവനം ദീര്‍ഘകാലം തുഞ്ചന്‍ പറമ്പിന് കിട്ടിണമെന്ന ഉദ്ദേശത്തോടെയായിരുന്നു പഴയ ഇടതുപക്ഷ സാംസ്‌ക്കാരിക വകുപ്പു മന്ത്രി ടി.കെ. രാമകൃഷ്ണന്‍ സ്മാരകത്തെ ട്രസ്റ്റാക്കി മാറ്റിയത്. ഇതിനെതിരെ വലിയ പ്രതിഷേധമുണ്ടായി. മുദ്രാവാക്യം വിളിയും കുത്തിയിരുപ്പുസമരവും നടന്നു. എം.ടി. അവരെ പ്രതിരോധിക്കാനോ അനുനയിപ്പിക്കാനോ മുതിര്‍ന്നില്ല. ദക്ഷിണേന്ത്യന്‍ കാവ്യോത്സവത്തിന് പ്രതിഷേധനേതാവിന്റെ കഴിവുറ്റ മകളെ നൃത്തം ചെയ്യിക്കുന്നതിനും എതിര് നിന്നില്ല. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ പ്രതിഷേധക്കാര്‍ എഴുന്നേറ്റു പോയി ഹൈക്കോടതിയില്‍ കേസുകൊടുത്തു. കേസ്സിന്റെ ലീഗാലിറ്റിയൊന്നും നോക്കാതെ, അപ്പീല്‍ നല്‍കാനുള്ള ഇടം പോലുമില്ലാതെ ഹര്‍ജി തള്ളപ്പെട്ടു. എം.ടി.യെപ്പോലുള്ളവരെക്കൂടി നല്ലത് ചെയ്യാന്‍ ആളുകള്‍ സമ്മതിക്കുന്നില്ലല്ലോ എന്നായിരുന്നു ജഡ്ജിയുടെ വിധിപ്രസ്താവവേളയിലെ പരിദേവനം.

തുഞ്ചന്‍ സ്മാരകത്തില്‍ മാത്രമല്ല എം.ടി.യുടെ ഭരണനൈപുണി വിജയശ്രീലാളിതമായത്. അദ്ദേഹം ചെയര്‍മാന്‍ സ്ഥാനത്തിരിക്കുമ്പോള്‍ കേരള സാഹിത്യ അക്കാദമി അതിന്റെ സുവര്‍ണകാലത്തിലെത്തിച്ചേര്‍ന്നു. ആ കമ്മറ്റിയില്‍ മെമ്പറാകുവാനും എനിക്ക് അവസരം ലഭിച്ചു. മാധ്യമത്തിലെ മാഗസിന്‍ എഡിറ്റര്‍ പരിചയം പരിഗണിച്ചും ആഴ്ചപ്പിതിപ്പിലേക്ക് തന്റെ കഥക്കുവേണ്ടി ഞാന്‍ മെനക്കെട്ട് നടന്നതും ഓര്‍ത്തുമായിരിക്കണം താരതമ്യേന ചെറുപ്പമായിരുന്ന എന്നെ എം.ടി. സാഹിത്യലോകത്തിന്റെ എഡിറ്റോറില്‍ ബോര്‍ഡ് കണ്‍വീനറാക്കി. അമ്പരന്നുപോയ ഞാന്‍ രാപ്പകല്‍ പണിയെടുത്തു. അന്നത്തെ നവീകരിക്കാത്ത സാഹിത്യ അക്കാദമി ഗസ്റ്റ് റൂമില്‍ കൊതുകടിയും കൊണ്ടിരുന്ന് സ്‌ക്രിപ്റ്റുകള്‍ പരിശോധിച്ചു. വിഷയാധിഷ്ഠിതമായ പ്രത്യേക പതിപ്പുകള്‍ പുറത്തിറക്കി.

ഒരു പദവിയും ചോദിച്ചോ മത്സരിച്ചോ എം.ടി. വാങ്ങിയിട്ടില്ല. അതുകൊണ്ടായിരിക്കാം ജവഹര്‍ലാല്‍ നെഹ്‌റു ഇരുന്ന കേന്ദ്രസാഹിത്യ അക്കാദമി പ്രസിഡന്റിന്റെ കസേരയിലേക്കും അദ്ദേഹം നോമിനേഷന്‍ കൊടുക്കാന്‍ ആദ്യം വിസമ്മതിച്ചത്. ഒടുവില്‍ എല്ലാവരുടെയും നിര്‍ബ്ബന്ധത്തിന് വഴങ്ങി, പ്രിയസുഹൃത്ത് സുനില്‍ ഗംഗോപാദ്ധ്യായ വൈസ് പ്രസിഡന്റായിക്കൊള്ളാമെന്ന കരാരില്‍ പത്രിക സമര്‍പ്പിച്ചു. പെട്ടെന്നായിരുന്നു സുനില്‍ ഗംഗോപാദ്ധ്യായക്ക് സ്വയം പ്രസിഡന്റാകാനുള്ള മോഹമുദിച്ച് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. പക്ഷെ നോമിനേഷന്‍ ഫയല്‍ ചെയ്ത് എഴുത്തുകാര്‍ക്കെല്ലാം കത്തെഴുതിക്കഴിഞ്ഞിരുന്ന എം.ടി. ചുവട് പിന്നോട്ട് വെച്ചില്ല. സ്‌നേഹിതര്‍ തമ്മില്‍ നടന്ന നിര്‍ഭാഗ്യകരമായ പോരാട്ടത്തില്‍ സ്വന്തം നാട്ടുകാരനെതിരെ പ്രൊഫസര്‍ ഇന്ദ്രനാഥ് ചൗധരി മലയാളത്തിന്റെ കുലപതിയുടെ പാനലില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു. 

വെറും അഞ്ചു വോട്ടിന് എം.ടി. തോറ്റത് അക്കാദമി പ്രസിഡന്റ്ഷിപ്പിനേക്കാള്‍ എഴുത്തുകാരന്റെ ആത്മാഭിമാനത്തിന് അദ്ദേഹം പ്രാധാന്യം നല്‍കിയതിനാലായിരുന്നു. സുനില്‍ ഗംഗോപാദ്ധ്യായ ഇലക്ഷന്റെ തലേന്ന് ഡല്‍ഹിയിലെ ഹോട്ടലുകളായ ഹോട്ടലുകള്‍ മുഴുവന്‍ കറങ്ങി നടന്ന് തന്റെ കൊച്ചുമക്കളുടെ പ്രായമുള്ള വോട്ടര്‍മാരായ എഴുത്തുകാരോട് വോട്ട് ചോദിച്ചപ്പോള്‍ എം.ടി. അനങ്ങിയില്ല. ഞാന്‍ അവര്‍ക്കെല്ലാം കത്തെഴുതിയതല്ലേ, ബുദ്ധിയും വിവരവുമുള്ള എഴുത്തുകാരല്ലേ, പിന്നെ എന്തിനാണ് വീണ്ടും പറയാന്‍ പോകുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായം. ഇലക്ഷന്‍ മാനിഫെസ്റ്റോ ഇറക്കിയില്ലേ വോട്ടുപിടുത്തമെന്തിന് എന്ന് രാഷ്ട്രീയപ്പാര്‍ട്ടികള്‍ ചോദിച്ചാലുള്ള അവസ്ഥാവിശേഷം എം.ടി. വിജയിച്ചില്ല എന്നതിന് കേന്ദ്രസാഹിത്യ അക്കാദമി തോറ്റുതൊപ്പിയിട്ടു എന്നായിരുന്നു അര്‍ത്ഥം. അത്യന്തം സര്‍ഗാത്മകവും കാര്യക്ഷമവുമാകേണ്ട സുവര്‍ണകാലം ഇന്ത്യയിലെ അക്കാദമി ഓഫ് ലെറ്റേഴ്‌സിന് കൈവിട്ടുപോയി.  
   
ഷേക്‌സ്പിയര്‍ നാടകങ്ങളിലെ കഥാപാത്രങ്ങളുടെ ദുരന്തങ്ങള്‍ക്ക് അവരുടെ ചില ദൗര്‍ബല്യങ്ങളാണ് കാരണമെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അതേപോലെ എം.ടി.യുടെ സാഹിത്യരംഗത്തും ഭരണരംഗത്തുമുള്ള വിജയങ്ങള്‍ക്ക് അദ്ദേഹത്തിന്റെ പലപല വ്യക്തിത്വശേഷികളാണ് നിദാനം. അതുകൊണ്ട് എം.ടിയെ വെറുതെ ആരാധിച്ച് ലൈക്കടിക്കുന്നതിന് പകരം ആ ശേഷികളെ വിശകലനം ചെയ്ത് സ്വംശീകരിക്കുകയാണ് വേണ്ടത്. അപ്പോള്‍ സകല കോമ്പിറ്റേഷന്‍ സക്‌സസ്സ് റിവ്യൂ കിത്താബുകളും പുതുതലമുറക്ക് വലിച്ചെറിയാവുന്നതുമാണ്.