സിനിമയിൽ തിരുവനന്തപുരം ബെൽറ്റ് ഇല്ലെന്നും എല്ലാവരും പോയി, ഇപ്പോൾ ബക്കിൾ മാത്രമായെന്നും നിർമാതാവ് ജി. സുരേഷ് കുമാർ. ടീം ട്രിവാൻഡ്രം എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സംവിധായകൻ പ്രിയദർശൻ, നടൻ മണിയൻപിള്ള രാജു എന്നിവർക്കൊപ്പം പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

To advertise here,

സിനിമയിലെ തിരുവനന്തപുരം സംഘത്തെക്കുറിച്ചായിരുന്നു ചർച്ച. അതൊരു നായർ സംഘമായിരുന്നോ എന്ന് മോഡറേറ്റർ ആർ. ശ്രീകണ്ഠൻനായർക്കു സംശയം. ഞങ്ങൾ സൗഹൃദമുണ്ടാക്കിയത് കരയോഗമുണ്ടാക്കാനല്ലെന്ന് സുരേഷ് കുമാറിന്റെ മറുപടി.

സിനിമയിൽ ജാതിയില്ലെന്ന് മണിയൻപിള്ള രാജു. മോഹൻലാലിനെ അവതരിപ്പിച്ചത് ഫാസിലാണ്. മമ്മൂട്ടിയെ കൊണ്ടുവന്നത് എം.ടി. വാസുദേവൻ നായരും- രാജു ചൂണ്ടിക്കാട്ടി.

ചർച്ചയ്ക്കു കയറും മുൻപ്‌ മണിയൻപിള്ള രാജു തന്നോടു ചോദിച്ചകാര്യം പ്രിയദർശൻ വെളിപ്പെടുത്തി. ‘നമ്മൾ എന്താണ് പറയാൻ പോകുന്നത്?’ പ്രിയൻ ആശ്വസിപ്പിച്ചു. ‘കുറച്ചെന്തെങ്കിലും ഓർത്തുവെച്ചാൽ മതി.കൂടുതലും സംസാരിക്കുന്നത് മോഡറേറ്റർ ശ്രീകണ്ഠൻ നായരായിരിക്കും’- സദസ്സ് ചിരിയിൽ മുങ്ങി.