തിരുവനന്തപുരം: നെഹ്രുവിനെ വിസ്മൃതിയിലേക്കയക്കാനുള്ള ശ്രമങ്ങളാണ് വർഗീയശക്തികളുടെ സഹായത്തോടെ ഇന്ത്യൻ ഭരണകൂടം നടത്തുന്നതെന്ന് സിപിഎം നേതാവും മുൻ എംപിയുമായ സുരേഷ് കുറുപ്പ് പറഞ്ഞു. ഇന്ത്യയുടെ പാർലമെന്റ്മന്ദിരം മാറ്റി പുതിയതുണ്ടാക്കിയതുപോലും അതിനാണ്. നെഹ്രുവിന് അധികാരകൈമാറ്റം നടത്തുന്ന ചിത്രവും നെഹ്രു ഭരണഘടനയിൽ ഒപ്പുവെക്കുന്ന ചിത്രവുമുള്ള സെൻട്രൽ ഹാൾ ഇല്ലാതാക്കി. നെഹ്രുവിനെ അപമാനിക്കുക എന്നതാണ് ഇപ്പോഴുള്ള രീതി. ഇന്ത്യയെ മതനിരപേക്ഷ രാജ്യമാക്കാൻ അദ്ദേഹം മുൻകൈ എടുത്തു എന്നതാണ് കാരണം. ഭൂരിപക്ഷ സമുദായങ്ങളെപ്പോലെ മതന്യൂനപക്ഷങ്ങൾക്കും ഇന്ത്യയിൽ ഇടംകിട്ടിയത് നെഹ്രുവിന്റെ മതേതരത്വ വീക്ഷണം കാരണമാണ്.-അദ്ദേഹം പറഞ്ഞു.
ഗാന്ധിജിയെ പിടികൂടാൻ അത്ര എളുപ്പമല്ല. കാരണം അദ്ദേഹം മരണംവരെ ഹിന്ദുവായാണ് ജീവിച്ചത്. നെഹ്രുവിന് അത്തരം മതചിന്തകളുണ്ടായിരുന്നില്ല. അതുകൊണ്ട് നെഹ്രുവിനെ അവർ നോട്ടമിട്ടു. വെകാതെ ഗാന്ധിജിയെയും പിടികൂടുമെന്നുറപ്പാണ്.
നാട്ടുരാജ്യങ്ങളെ സംയോജിപ്പിക്കുന്നതിലായാലും വിഭജനത്തിന്റെ ദുരന്തങ്ങളെ നേരിടുന്നതിലായാലും നെഹ്രു ഏറ്റവും മതേരരമായ നിലപാടുകളെടുത്തു. പാക്കിസ്താനിൽനിന്ന് അഭയാർഥികൾ ഇങ്ങനെ ഇന്ത്യയിലേക്ക് പ്രവഹിച്ചാൽ ഇന്ത്യയിലെ മുസ്ലിം വ്യാപാരികളുടെ കടകൾ പൂട്ടിക്കുമെന്നു പറഞ്ഞ നഗരാസൂത്രണ മന്ത്രി മോഹൻലാൽ സക്‌സേനയെക്കൊണ്ട് നെഹ്രു ആ പ്രസ്താവന പിൻവലിപ്പിച്ചു. വരുന്ന ഒരു ഹിന്ദുവിനുപകരം 10 മുസ്ലിങ്ങളെ പാകിസ്താനിലേക്കയക്കുമെന്നു പറഞ്ഞ ബി.സി. റോയ്ക്കും നെഹ്രുവിന് വഴങ്ങി പ്രസ്താവന പിൻവലിക്കേണ്ടി വന്നു.
57-ലെ കമ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചുവിട്ടതും ഇന്ത്യാ-ചൈനാ യുദ്ധവും നെഹ്രുവിന് സംഭവിച്ച പിഴവുകളായിരുന്നു. കശ്മീരിന് പ്രത്യേക പദവി നൽകിയത് ഒരു സങ്കീർണ സാഹചര്യത്തിലെടുത്ത സങ്കീർണ തീരുമാനവുമായിരുന്നു. ചില തെറ്റുകൾ അദ്ദേഹത്തിന് പറ്റിയിരുന്നു.
എന്നാൽ നിലപാടുകളിൽ അദ്ദേഹം ഉറച്ചുനിന്നു. ദരിദ്രരാഷ്ട്രങ്ങൾക്ക് എന്തു വിദേശനയം എന്നു ചോദിച്ചവരോട് പട്ടിണിപ്പാവങ്ങൾക്കും ഒരു ശബ്ദമുണ്ട് എന്നു പറഞ്ഞ് നെഹ്രു ചേരിചേരാനയം തിരഞ്ഞെടുത്തു. ശാസ്ത്രീയവീക്ഷണത്തിലും നെഹ്രു മുന്നിൽനിന്നു. ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളും ശാസ്ത്രവിദ്യാഭ്യാസ സ്ഥാപനങ്ങളും അദ്ദേഹമാണ് കൊണ്ടുവന്നത്. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ അടിത്തറ പഞ്ചവത്സര പദ്ധതികളിലായിരുന്നു. ഇതുപോലൊരു ഭരണാധികാരി അന്ന് ലോകരാഷ്ട്രങ്ങളിലെവിടെയും ഉണ്ടായിരുന്നില്ല- സുരേഷ് കുറുപ്പ് പറഞ്ഞു.
Content Highlights: CPM leader Suresh Kurup alleges attempts to erase Nehru`s legacy due to his secular vision. He highlights Nehru`s secular stance and key contributions.
Published: 29 Jan 2026, 08:18 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented