മനുഷ്യന്റെ ചിന്തയാണ് ഏറ്റവും വേഗമുള്ളതെന്നാണ് നമ്മുടെ സങ്കൽപ്പം. എന്നാൽ ചിന്തിക്കുന്നതിനുമപ്പുറത്തേക്ക്‌ ജീവിതത്തെ എത്തിക്കുന്ന ലോകമാണിപ്പോൾ. കൂടുവിട്ട് കൂടുമാറി മറ്റൊരു മനുഷ്യനായി മാറുന്നത് സങ്കൽപ്പമായിരുന്നു. ജീവിതത്തെ അതിവേഗം മാറ്റിമറിച്ച് ഇന്നിന്റെ മനുഷ്യൻ വളരെവേഗം കൂടുവിട്ട് കൂടുമാറാൻ കഴിവുള്ളവനായി. വേഗത എന്നതാണ് ഇന്നത്തെ ജീവിതത്തിന്റെ പേരുതന്നെ.

To advertise here,

ഭാരതീയ ഇതിഹാസങ്ങളിലും പുരാണങ്ങളിലും വേഗതയുടെ ചിന്തകൾ പലയിടത്തും ഉണ്ടായിരുന്നു. വിമാനം കണ്ടുപിടിക്കുന്നതിനു മുൻപുതന്നെ പുഷ്പകവിമാനം എന്ന സങ്കൽപ്പം ഇന്ത്യയിലുണ്ടായിരുന്നു. യുദ്ധങ്ങളിലും മറ്റുമുള്ള ആയുധങ്ങളുടെ ഉപയോഗത്തിലും അക്കാലത്തെ സങ്കൽപ്പങ്ങൾ അതിവേഗതയുടേതായിരുന്നു. ഇത്തരം ഭാവനകളിൽനിന്ന് ഊർജം ഉൾക്കൊണ്ടാണ് മനുഷ്യൻ പിന്നീട് അതൊക്കെ ജീവിതവേഗത്തിൽ പ്രാവർത്തികമാക്കിയത്.

ഇന്നത്തെ ലോകത്തിന്റെ പ്രതീകങ്ങളെല്ലാം പ്രപഞ്ചത്തിൽ നേരത്തേതന്നെ നിലകൊള്ളുന്നതായിരുന്നു. അതൊക്കെ ഓരോ കാലത്തും ഡീകോഡ് ചെയ്യുമ്പോഴാണ് മാറ്റങ്ങൾ ഉണ്ടാകുന്നത്. ഇന്ന് എല്ലാം വിരൽത്തുമ്പിൽ ലഭ്യമാകുന്നുണ്ട്. കൈവിരലുകൾ നിയന്ത്രിക്കുന്ന വേഗതയാർന്ന ജീവിതലോകമാണ് നമുക്കു ചുറ്റും. അറിയാത്ത കാര്യങ്ങൾക്ക് ഒരിടത്തും അലയേണ്ടാ. ശരിയോ തെറ്റോ എന്നറിയാൻ കഴിയില്ലെങ്കിലും അതിവേഗം ഉത്തരം തരുന്ന കണ്ടുപിടിത്തങ്ങളാണ് മനുഷ്യനെ നയിക്കുന്നത്. ഈ അറിവ് നിമിഷങ്ങൾകൊണ്ടു ലോകം മുഴുവൻ എത്തുന്നു. ശരിയും തെറ്റും നന്മയും തിന്മയും ഒക്കെ ഈ വേഗത്തിനിടയിൽ തിരിച്ചറിയപ്പെടാതെ പോകുന്നുണ്ട്.

ഇന്ന് ഹൈബ്രിഡിനുമപ്പുറമുള്ള സാങ്കേതികവിദ്യയിലാണ് വാഹനങ്ങൾ ഓടുന്നത്. എക്സ്പ്രസ് വേകളും അതിവേഗ തീവണ്ടികളും ജീവിതത്തിൽ ഒഴിച്ചുകൂടാത്തതായി. പണ്ട് കാശിക്കു പോവുകയെന്നാൽ മടങ്ങിവരാത്ത അവസാന യാത്രയായാണ് കരുതിയിരുന്നത്. ഇന്ന് ആലോചിക്കുന്നതിനു മുൻപുതന്നെ മടങ്ങിവരാൻ കഴിയുന്ന ഒരിടമായി കാശി മാറിക്കഴിഞ്ഞു. ദൂരം വേഗതയ്ക്കു വഴിമാറിക്കഴിഞ്ഞു. 1965 മോഡൽ അംബാസഡർ കാർ ഇപ്പോഴും ഞാൻ ഓടിക്കുന്നുണ്ട്. എങ്ങനെ ഓടിക്കണമെന്ന് നമ്മൾ ചിന്തിക്കുകയും തീരുമാനിക്കുകയും ചെയ്യുന്നതിനനുസരിച്ചാണ് കാറിന്റെ ഗതിവേഗം. എന്നാൽ ഇന്നത്തെ കാറുകൾ നമ്മളോടു പറയും എങ്ങനെയാണ് ഓടിക്കേണ്ടതെന്ന്.

പണ്ടത്തെ തലമുറ മനസ്സിലാക്കുന്നതിനേക്കാൾ വേഗത്തിൽ ഇന്നത്തെ തലമുറ കാര്യങ്ങൾ മനസ്സിലാക്കുന്നുണ്ട്. കംപ്യൂട്ടർ യുഗത്തിന്റെ എല്ലാ മികവുകളും ജീവിതത്തെ സ്വാധീനിക്കുന്നുണ്ട്. അപ്രായോഗികമെന്നു പറഞ്ഞ് ഒന്നിനെയും മാറ്റിനിർത്തുന്നില്ല. ലോകത്തിന്റെ വേഗതയ്ക്ക് അനുസരിച്ച് എല്ലാത്തിനെയും ജീവിതത്തിന്റെ ഭാഗമാക്കാൻ പുതുതലമുറ ശ്രമിക്കുന്നുണ്ട്. ഒരു സാധ്യതകളെയും അവഗണിക്കാതെ അതിവേഗമാണ് അവരുടെ യാത്ര. പ്രപഞ്ചരഹസ്യങ്ങളെല്ലാം കീഴടക്കാനുള്ള അതിവേഗ യാത്രയാണ് ഇന്നത്തെ ലോകത്തിന്.

പണ്ടുകാലത്ത് തിരുവിതാംകൂറിൽ അഞ്ചലോട്ടക്കാരൻ കത്തുകളുമായി നാടു മുഴുവൻ ഓടിയോടിയാണ് വിവരങ്ങൾ കൈമാറിയിരുന്നത്. പിന്നീട് എന്റെ തലമുറയുടെ കുട്ടിക്കാലത്ത് ടെലിഫോൺ വന്നുകഴിഞ്ഞു. മുംബൈയിൽ വിളിക്കണമെങ്കിൽ ട്രങ്ക് കോൾ ബുക്ക് ചെയ്ത് കാത്തിരിക്കണം. സമയവും കാലവും ശരിയായി വിവരങ്ങൾ കിട്ടാൻ ക്ഷമ വേണം. ഇന്ന് വേഗാനന്തര ലോകത്ത് ക്ഷമ നശിച്ചു. ഉത്തരങ്ങൾ ലഭിക്കാൻ വൈകുമ്പോൾ നമ്മൾ അക്ഷമരാകുന്നു. വേഗതയ്ക്ക് ഒപ്പം സഞ്ചരിച്ച് സമയത്തെയും കാലത്തെയും മറികടക്കാനാണ് ശ്രമം. പയ്യെത്തിന്നാൽ പനയും തിന്നാം എന്നത് പ്രായോഗികമല്ലാത്ത പഴഞ്ചൊല്ലായി. മെല്ലെയല്ല; വേഗത്തിൽ ലോകത്തെ മാറ്റിമറിക്കാൻ കഴിയുന്നവരാണ് ജേതാക്കളാവുകയെന്നതാണ് പുതിയ സിദ്ധാന്തം.

ഫ്രഞ്ച് വിപ്ലവകാലത്ത് വിദേശത്ത് നിർമിച്ച ക്ലോക്ക് കാലത്തിന്റെ വേഗതയ്ക്കൊപ്പം കവടിയാർ കൊട്ടാരത്തിൽ സമയം അറിയിക്കുന്നുണ്ട്. എന്നാൽ നൂറ്റാണ്ടുകളെ നിമിഷങ്ങൾകൊണ്ട് മറികടക്കുകയാണ് മനുഷ്യൻ. സമയത്തിന്റെ വേഗതയെ നിശ്ചലമാക്കി വന്യമായ ചിന്തകളെ യാഥാർഥ്യമാക്കി അതിവേഗം കുതിക്കുന്ന കാലത്താണ് നമ്മുടെ ജീവിതം.

(തിരുവിതാംകൂർ രാജകുടുംബാംഗമാണ് ലേഖകൻ)