സിനിമയിലെ ദീർഘകാലത്തെ അനുഭവസമ്പത്ത് ഷബാന ആസ്മിക്ക് പകർന്നുനൽകിയത് എപ്പോൾ ‘അതെ’ എന്നു പറയണം എന്നതിനേക്കാൾ എപ്പോൾ ‘വേണ്ട’ എന്നു പറയണം എന്ന പാഠമാണ്. തൊഴിൽപരവും സാമ്പത്തികവുമായി ഗുണകരമായ വേഷങ്ങൾ പോലും നിരസിക്കാനുള്ള ആർജവം തന്റെ കരിയറിലെ വലിയ തിരിച്ചറിവാണെന്നു അവർ പറയുന്നു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ വിശാൽ മേനോനുമായി നടത്തിയ ‘ഓഫ് ഫയർ ആൻഡ് ഗ്രേസ്’ എന്ന സംഭാഷണത്തിലാണ് താരം തന്റെ നിലപാടുകൾ വ്യക്തമാക്കിയത്.
വഴിത്തിരിവായ ആ സിനിമ
രാജേഷ് ഖന്ന നായകനായ ഒരു സിനിമയിലെ സംഭാഷണമാണ് തന്റെ ചിന്താഗതി മാറ്റിയതെന്ന് ഷബാന ഓർക്കുന്നു. ഭർത്താവിന്റെ വീട്ടിലെ സ്ത്രീയുടെ വേദന സ്വന്തം വീട്ടിലെ സന്തോഷത്തേക്കാൾ വലുതാണെന്നു സൂചിപ്പിക്കുന്ന വരികളായിരുന്നു അത്. ‘ആകർഷകമെങ്കിലും തെറ്റായ സന്ദേശം നൽകുന്ന സിനിമകളോട് വിസമ്മതം പ്രകടിപ്പിക്കാൻ ആ നിമിഷമാണ് ഞാൻ തീരുമാനിച്ചത്.’- അവർ പറഞ്ഞു. സ്ത്രീകളുടെ വിധേയത്വത്തെ സ്വാഭാവികവത്കരിക്കുന്നതോ അസമത്വത്തെ വൈകാരിക സത്യമായി ചിത്രീകരിക്കുന്നതോ ആയ വേഷങ്ങൾ പിന്നീട് വേണ്ടെന്നു വെച്ചു.
പുരുഷനോട്ടവും ഐറ്റം ഗാനങ്ങളും...
മുഖ്യധാരാ സിനിമകളിൽ അവിഭാജ്യഘടകമായി കരുതപ്പെട്ടിരുന്ന ‘ഐറ്റം ഗാനങ്ങളെ’ ഷബാന കടുത്ത ഭാഷയിൽ വിമർശിച്ചു. അത്തരം ഗാനങ്ങൾ സ്ത്രീകളെ അപമാനിക്കുന്നതാണെന്നു അവർ ചൂണ്ടിക്കാട്ടി. ‘ക്യാമറയ്ക്ക് മുന്നിൽ വെറുമൊരു ശരീരഭാഗമായി സ്ത്രീ ചുരുങ്ങുമ്പോൾ അവൾ ഒരു കഥാപാത്രമല്ലാതാവുകയും ഒരു വെറും വസ്തുവായി മാറുകയും ചെയ്യുന്നു.
ലൈംഗികത ആഘോഷിക്കുന്നതും പുരുഷന്റെ ദൃഷ്ടിക്ക് കീഴ്‌പ്പെടുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്.’
ശല്യംചെയ്യലിനെ പ്രണയമായി ചിത്രീകരിക്കുന്ന സിനിമാശൈലിയെയും അവർ ചോദ്യം ചെയ്തു. ഒരാൾ ‘വേണ്ട’ എന്നു പറഞ്ഞിട്ടും പിന്തുടരുന്നത് അവകാശമായി കാണുന്ന രീതി സിനിമയിൽനിന്ന് പുരുഷന്മാർ പഠിക്കുന്ന ഒന്നാണെന്നും ഇത് തെരുവുകളിൽ സ്ത്രീകളുടെ സുരക്ഷയെ ബാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
തന്റെ ധാർമികമായ വ്യക്തതയ്ക്ക് പിന്നിൽ ഭർത്താവും കവിയുമായ ജാവേദ് അക്തറുമായി പങ്കിടുന്ന ലോകവീക്ഷണമാണെന്നു അവർ പറഞ്ഞു. “ഞങ്ങൾ തമ്മിൽ തർക്കങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും ഞങ്ങളുടെ അടിസ്ഥാനമൂല്യങ്ങൾ ഒന്നുതന്നെയാണ്. ജാവേദിന്റെ തിരക്കഥകളിലെ നായകന്മാർ സമൂഹത്തിനെതിരേ പോരാടുന്നവരായിരുന്നു, ക്രൂരത ആഘോഷിക്കുന്നവരായിരുന്നില്ല”-ഷബാന പറഞ്ഞു.
Content Highlights: Shabana Azmi discusses her journey of learning to refuse roles, even lucrative ones, prioritizing meaningful cinema and challenging stereotypes. Learn from her insights.
Published: 02 Feb 2026, 08:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented