തിരുവനന്തപുരം: തന്റെ പേരിൽ ഒരു സ്മാരകങ്ങളും ഉണ്ടാക്കരുതെന്ന് ശ്രീനിവാസൻ പറഞ്ഞിട്ടുണ്ടെന്ന് സുഹൃത്തും സംവിധായകനുമായ സത്യൻ അന്തിക്കാട്. ഒരു അവാർഡുപോലും ഏർപ്പെടുത്തരുത്. ഒരു ബസ് സ്റ്റോപ്പിനും തന്റെ പേരിടരുത് – ശ്രീനിവാസൻ നിർദ്ദേശിച്ചിട്ടുള്ള ഇക്കാര്യങ്ങൾ ആദ്യമായാണ് പൊതുവേദിയിൽ പറയുന്നതെന്ന് അന്തിക്കാട് പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ ‘ഒപ്പം നടന്ന ശ്രീനി’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

ശ്രീനിവാസനുമൊന്നിച്ചുള്ള ഒട്ടേറെ രസകരമായ നിമിഷങ്ങൾ സത്യൻ അന്തിക്കാട് പങ്കുവെച്ചു. നിത്യജീവിതത്തിൽ ഞങ്ങൾ നേരിട്ടിട്ടുള്ള പല നിമിഷങ്ങളും സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. മദ്രാസിൽ ഒരുമിച്ച് ഡ്രൈവിങ് പഠിക്കാൻ പോയപ്പോൾ ശ്രീനിവാസൻ വരുത്തിയ പിഴവിന് ആശാൻ ചീത്തവിളിച്ചത് യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയിലാക്കി. ഒരിക്കൽ ക്രിക്കറ്റ് ഭ്രാന്തനായിരുന്ന ശ്രീനിവാസൻ കളി കണ്ടുകൊണ്ടിരിക്കെ എനിക്കൊരു കോൾ വന്നു. ഫോണിൽ ഏതോ സ്ത്രീയുടെ പേര് ശ്രീനി കണ്ടുകാണും. കളി കാണുന്നയാളെ ശല്യപ്പെടുത്തേണ്ടെന്നു കരുതി ഞാൻ പുറത്തേക്കു പോയി. തിരിച്ചെത്തിയപ്പോൾ എങ്ങനെയുണ്ട് കളി എന്നു ചോദിച്ചു. എങ്ങനെയുണ്ട് വിളി എന്നായിരുന്നു ശ്രീനിയുടെ മറുപടി – പൊട്ടിച്ചിരികൾക്കിടെ സത്യൻ അന്തിക്കാട് പറഞ്ഞു.

ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് എഴുതുമ്പോൾ ശ്രീനിവാസൻ ചെയ്ത റോളിലേക്ക് മണിയൻപിള്ള രാജുവിനെയാണ് ഉദ്ദേശിച്ചിരുന്നത്. ദേഹത്താകെ കരിപുരട്ടി കള്ളന്റെ വേഷത്തിൽ വരുന്ന റോൾ താൻതന്നെ ചെയ്യണമെന്നറിഞ്ഞപ്പോൾ ശ്രീനി ഞെട്ടി. അതിനു വേഷമിട്ടു നിൽക്കുമ്പോഴാണ് ഭാര്യയും മകൻ വിനീതും സെറ്റിൽ വന്നത്. അവരെക്കൊണ്ട് ഹോട്ടലിൽ വിടാൻ നിർദ്ദേശിച്ചശേഷമാണ് കരിപുരണ്ട വേഷത്തിൽ ശ്രീനി പുറത്തിറങ്ങിയത്.

സന്ദേശത്തിന്റെ രണ്ടാംഭാഗമല്ലെങ്കിലും സമകാലിക രാഷ്ട്രീയസാഹചര്യം സൂചിപ്പിക്കുന്ന ഒരു ചിത്രം മോഹൻലാലിനെ വെച്ച് ഞങ്ങൾ ആലോചിച്ചിരുന്നു. കുറെ ചർച്ചകൾ നടന്നു. ഇനിയതു നടക്കില്ലെന്ന സങ്കടമുണ്ട്. നാടോടിക്കാറ്റിൽ ചാൻസ് ചോദിച്ച് സെറ്റിൽ ചെല്ലുന്ന ശ്രീനിയുടെ കഥാപാത്രത്തിന്റെ കൈയിൽ അറിയാതെ തോക്കുകിട്ടുന്നതും അതുമായി മതിൽ ചാടുന്നതും വരെയേ സ്‌ക്രിപ്റ്റിൽ ഉണ്ടായിരുന്നുള്ളൂ. അനന്തൻ നമ്പ്യാരുടെ ഗുണ്ടകൾ അതുകണ്ട് പേടിച്ചോടുന്നതു മുതലുള്ള സീനുകൾ പ്രിയദർശൻ പറഞ്ഞിട്ട് ചേർത്തതാണെന്നും സത്യൻ അന്തിക്കാട് വെളിപ്പെടുത്തി.