‘ചില തീരുമാനങ്ങളെടുത്തപ്പോൾ നഷ്ടങ്ങളുണ്ടായെങ്കിലും നേരിന്റെ കൂടെനിന്നു, സുഹൃത്തിന്റെ കൂടെനിന്നു എന്ന സന്തോഷമുണ്ട്. അവളെ കാണുമ്പോഴെല്ലാം ഞാനെടുത്ത തീരുമാനം നൂറുശതമാനം ശരിയാണ് എന്നെനിക്ക് തോന്നിയിട്ടുമുണ്ട്.’ -ആക്രമിക്കപ്പെട്ട നടിയോടൊപ്പം എന്നും കൈകോർത്തു നടന്ന നടി രമ്യാ നമ്പീശൻ പറയുന്നു. ‘സിനിമയ്ക്കകത്തും പുറത്തും’ എന്ന സെഷനിൽ എഴുത്തുകാരി അർച്ചനാ വസുദേവനുമായി സംസാരിക്കുകയായിരുന്നു രമ്യ.

To advertise here,

അവളുടെ ഇതുവരെയുള്ള ജീവിതയാത്ര ഞങ്ങൾ കാണുന്നുണ്ട്. അവൾ ചിരിച്ചും പിടിച്ചുനിന്നും ജീവിക്കുന്നതേ പുറമേയ്ക്കു കാണുന്നുള്ളൂ. വേദികളിൽ പോകാൻ മടിക്കുന്ന, സോഷ്യൽ ആങ്സൈറ്റിയുള്ള അവളെ ഞങ്ങൾ കാണുന്നുണ്ട്. എന്നിട്ടും അവൾ ധൈര്യമായി നിൽക്കുന്നതു കാണുന്നുണ്ട്. എന്തുതന്നെ വന്നാലും എത്ര യുദ്ധംചെയ്യേണ്ടിവന്നാലും അവൾക്കൊപ്പമാണ്, അവൾക്കൊപ്പം തന്നെയാണ്.

എന്നെ സിനിമയിലേക്കു വിളിക്കും ചിലപ്പോൾ. പിന്നെ, അടുത്ത ദിവസം വിളിച്ച് ഡേറ്റ് നീട്ടിയെന്നോ, ഷൂട്ട് തുടങ്ങിയില്ലെന്നോ ഒക്കെ പറയും. സ്‌ക്രീനിൽ പിന്നീട് ആ സിനിമ എപ്പോഴെങ്കിലും കാണുമ്പോഴായിരിക്കും ഇതിലേക്ക് എന്നെ വിളിച്ചിരുന്നല്ലോ എന്നോർക്കുന്നത്. സിനിമയിൽനിന്നു മാറ്റുന്നതു നമ്മൾപോലും അറിയില്ല.

സോഷ്യൽ മീഡിയ ഉണ്ടാക്കുന്ന ഫീൽ ഞാനാണ് എല്ലാം എന്നാണ്. നമ്മളല്ല സെന്റർ എന്ന് മനസ്സിലാക്കുന്നു. മുതിരുംതോറും കൂടുതൽ സത്യങ്ങൾ മനസ്സിലാക്കുന്നു. സിനിമയില്ലേ ഇപ്പോൾ എന്ന് പലരും ചോദിക്കാറുണ്ട്. അവർക്കറിയാം സിനിമയില്ലെന്ന്. എന്നാലും ചോദിക്കും.

മലയാളത്തിലേ സിനിമ ഇല്ലാതുള്ളൂ, ഇല്ലാതാക്കിയിട്ടുള്ളൂ. മറ്റു ഭാഷകളിലുണ്ട്. രമ്യാ നമ്പീശൻ എന്നപേരിൽ ബ്രാൻഡ് ചെയ്ത ഒരു ബാൻഡുമായും സജീവമാണ്. -രമ്യാ നമ്പീശൻ പറഞ്ഞു.