
ഇന്ത്യൻ പത്രപ്രവർത്തകനും എഴുത്തുകാരനുമായ രാഹുൽ പണ്ഡിത സംഘർഷഭരിതമായ മേഖലകളിൽ നിന്നുള്ള റിപ്പോർട്ടിംഗിന് പേരുകേട്ടയാളാണ്. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന 'അവർ മൂൺ ഹാസ് ബ്ലഡ് ക്ലോട്ട്സ്' അദ്ദേഹത്തിന്റെ പ്രശസ്തമായ കൃതികളിലൊന്നാണ്. 1990-ൽ കശ്മീരിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതമായ കുടുംബങ്ങളിൽ ഒന്നായിരുന്നു അദ്ദേഹത്തിന്റേതും.
ഇറാഖ്, ശ്രീലങ്ക തുടങ്ങിയ യുദ്ധമേഖലകളിലും ഇന്ത്യയിലെ മാവോയിസ്റ്റ് സ്വാധീനമേഖലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 'ഹലോ ബസ്തർ', 'ദി ആബ്സെന്റ് സ്റ്റേറ്റ്' എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രധാന കൃതികൾ. വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത 'ഷിക്കാര' എന്ന ബോളിവുഡ് സിനിമയുടെ സഹരചയിതാവ് കൂടിയാണ് പണ്ഡിത. മാതൃഭൂമി അക്ഷരോത്സവത്തിൽ വെച്ച് പി. മുരളീധരൻ അദ്ദേഹവുമായി നടത്തിയ സംഭാഷണത്തിൽ നിന്ന്
പുതിയ പുസ്തകവും കശ്മീരിനെക്കുറിച്ചാണോ?
എന്റെ മുൻപത്തെ നാല് പുസ്തകങ്ങളും യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളവ ആയിരുന്നു. കശ്മീർ മുതൽ ഛത്തീസ്ഗഡ് വരെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പത്രപ്രവർത്തനത്തിന്റെ ഭാഗമായി ഞാൻ നടത്തിയ യാത്രകളുടെ തുടർച്ചയായിരുന്നു അവ. ആദ്യമായാണ് ഞാൻ ഒരു നോവൽ എഴുതുന്നത്, പേര് 'അവർ ഫ്രണ്ട്സ് ഇൻ ഗുഡ് ഹൗസസ്'. പത്രപ്രവർത്തനത്തിലൂടെ പ്രകടിപ്പിക്കാൻ കഴിയാത്ത എന്റെ അനുഭവങ്ങളാണിതിന്റെ ഉള്ളിൽ.
പുതിയ നോവലിന്റെ പ്രമേയം?
നീൽ എന്ന യുദ്ധ റിപ്പോർട്ടറുടെ കഥയാണ് ഈ നോവൽ പറയുന്നത്. വീടിനെക്കുറിച്ച് വളരെ ശക്തമായ സങ്കൽപ്പങ്ങളുള്ള, എന്നാൽ തനിക്ക് വീടില്ലെന്ന് തോന്നുന്ന ഒരാളാണയാൾ. വീടിനായുള്ള തിരച്ചിൽ അയാളെ അമേരിക്ക മുതൽ ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് മേഖലകൾ വരെ എത്തിക്കുന്നു. ജീവിതത്തിലെ പല ബന്ധങ്ങളിലൂടെയും യാത്രകളിലൂടെയും ഒടുവിൽ അയാൾ ഒരു തിരിച്ചറിവിലെത്തുന്നു- പുറത്തുള്ള ചുറ്റുപാടുകളിൽ തിരയേണ്ട ഒന്നല്ല വീട്, മറിച്ച് സ്വന്തം ഹൃദയത്തിനുള്ളിൽ കണ്ടെത്തേണ്ട ഒന്നാണെന്ന്.
താങ്കൾ ഇപ്പോഴും കശ്മീർ താഴ്വരയിൽ വേരുകൾ തിരയുന്നുണ്ടോ?
പണ്ഡിറ്റുകൾ കശ്മീർ വിട്ടതിനുശേഷം 36 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ജനിച്ച സ്ഥലമോ, പൂർവ്വികർ ആയിരക്കണക്കിന് വർഷങ്ങൾ ജീവിച്ച സ്ഥലമോ മറക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ആരും സ്വന്തം വീട് മറക്കില്ലല്ലോ? അത് നമ്മെ ആകർഷിക്കുന്ന ഒരു ഗുരുത്വാകർഷണ ബലം പോലെയാണ്. ഏതൊരു മനുഷ്യന്റെയും യാത്രകൾ ഒടുവിൽ സ്വന്തം വേരുകളിലേക്കോ വീട്ടിലേക്കോ ഉള്ള മടക്കയാത്രയാണ്. 35, 36 വർഷങ്ങൾക്ക് മുമ്പ് വീട് നഷ്ടപ്പെട്ട, പ്രവാസം ഒരു സ്ഥിരം അവസ്ഥയായി മാറിയ കശ്മീരി ഹിന്ദുക്കൾ തീർച്ചയായും കശ്മീരിനെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. സംസ്കാരം, ഭാഷ, പാരമ്പര്യങ്ങൾ, മതപരമായ ചടങ്ങുകൾ എന്നിവയിലൂടെ കശ്മീർ അവരുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കാര്യങ്ങളിൽ എന്ത് മാറ്റമാണ് ഉണ്ടായത്?
സുരക്ഷാപരമായ കാഴ്ചപ്പാടിൽ ചില മാറ്റങ്ങൾ വന്നിട്ടുണ്ട് എന്നത് സത്യമാണ്. എന്നാൽ, കശ്മീരി പണ്ഡിറ്റുകളുടെ തിരിച്ചുവരവിന് അത് വഴിതെളിച്ചോ എന്ന് ചോദിച്ചാൽ, ഒരിക്കലുമില്ല. കാരണം ലളിതമാണ് - ഹിന്ദു ന്യൂനപക്ഷവും മുസ്ലീം ഭൂരിപക്ഷവും പ്രയാസങ്ങൾക്കിടയിലും സഹവർത്തിത്വത്തോടെ കഴിഞ്ഞിരുന്ന ആ പഴയ കശ്മീർ ഇന്ന് നിലവിലില്ല. തോക്കിന്റെയും വാളിന്റെയും നിഴൽ എപ്പോഴും പൊതിഞ്ഞുനിൽക്കുന്ന, തങ്ങളെ സ്വാഗതം ചെയ്യാത്ത ഒരിടത്തേക്ക് തിരിച്ചുപോകുന്നത് ഒരു മതന്യൂനപക്ഷത്തിന് വളരെ പ്രയാസകരമാണ്.
പണ്ഡിറ്റുകളുടെ പലായനം നടന്ന സമയത്ത് ഇന്നത്തെപ്പോലെ മാധ്യമശ്രദ്ധ ഉണ്ടായിരുന്നില്ല. കശ്മീരിനെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ ഇന്ന് വലിയ മാറ്റം വന്നിട്ടുണ്ടോ?
മാധ്യമങ്ങൾ അന്നും അവിടെ ഉണ്ടായിരുന്നു എന്നാണ് ഞാൻ കരുതുന്നത്. എന്നാൽ അവർ കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ കാര്യമായി എടുത്തില്ല. പത്രവാർത്തകളിലും ടിവി റിപ്പോർട്ടുകളിലും പണ്ഡിറ്റുകളുടെ ദുരിതം എപ്പോഴും ഒരു അനുബന്ധം മാത്രമായിരുന്നു. പ്രധാനവാർത്തകൾക്ക് ശേഷം അഭയാർത്ഥി ക്യാമ്പുകളിൽ പോയി ഒന്നോ രണ്ടോ പേരോട് സംസാരിക്കുക എന്ന ചടങ്ങു മാത്രം.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി പണ്ഡിറ്റുകളുടെ പലായനത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വലിയ തോതിൽ അവബോധം ഉണ്ടായിട്ടുണ്ട്. കേരളത്തിലെയും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും എന്റെ സുഹൃത്തുക്കൾ പറയാറുണ്ട്, പണ്ഡിറ്റുകളുടെ യഥാർത്ഥകഥ ഇന്ത്യയുടെ ഈ ഭാഗങ്ങളിൽ വളരെ കുറച്ചുപേർക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ എന്ന്. എന്നാൽ ഇപ്പോൾ പുസ്തകങ്ങളിലൂടെയും സിനിമകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും വലിയൊരു മാറ്റം വന്നിട്ടുണ്ട്.
സമീപകാലത്ത് കശ്മീരിനെക്കുറിച്ചുള്ള പഴയ കാഴ്ചപ്പാടുകളെ ചോദ്യം ചെയ്യുന്ന നിരവധി സിനിമകളും പുസ്തകങ്ങളും വരുന്നുണ്ട്. ഇത് വലതുപക്ഷ തീവ്ര ദേശീയതയുടെ വളർച്ച മൂലമാണോ?
നിങ്ങൾ ഈ പറയുന്ന വലതുപക്ഷ തീവ്രദേശീയത പടരാൻ കാരണമെന്താണെന്ന് നോക്കാം. ലിബറൽ സുഹൃത്തുക്കളോടും ഇടതുപക്ഷ ചിന്താഗതിക്കാരോടും ഞാൻ എപ്പോഴും പറയാറുള്ളത് ഇതാണ് - കശ്മീരി പണ്ഡിറ്റുകളുടെ ദുരിതത്തിന് നിങ്ങൾ അന്ന് തുല്യ പരിഗണന നൽകിയിരുന്നെങ്കിൽ, ഇന്ന് തീവ്രദേശീയത എന്ന് വിളിക്കപ്പെടുന്ന സിനിമകളുടെ ആവശ്യം ഉണ്ടാകുമായിരുന്നില്ല. എന്താണ് തീവ്രദേശീയത? ഇതൊരു സ്വതന്ത്രരാജ്യമാണ്, എല്ലാവർക്കും സിനിമയെടുക്കാൻ സ്വാതന്ത്ര്യമുണ്ട്. നിങ്ങൾക്ക് ഒരു പുസ്തകത്തോടോ സിനിമയോടോ എതിർപ്പുണ്ടെങ്കിൽ നിങ്ങളുടെ ഭാഗം എഴുതുക. അതാണ് ഞാൻ ചെയ്തത്. വിധു വിനോദ് ചോപ്രയോടൊപ്പം ഞാൻ 'ഷിക്കാര' എന്ന സിനിമ എഴുതി (അതിന് വലിയ സ്വീകാര്യത ലഭിച്ചില്ല). ഇത്തരത്തിലുള്ള സിനിമകൾ 90-കളിൽ നിർമ്മിക്കപ്പെട്ടിരുന്നെങ്കിൽ, ഇന്നത്തെ സാഹചര്യത്തിലുള്ള സിനിമകൾക്ക് പ്രസക്തി ഉണ്ടാകുമായിരുന്നില്ല.
അക്കാലത്തെ മുഖ്യധാരാനിലപാടിനെ വലതുപക്ഷം കപടമതേതരത്വം എന്ന് വിളിക്കുന്നു...
ഈ രാജ്യത്തെ മതേതര ബുദ്ധിജീവികൾക്കോ കോൺഗ്രസും ഇടതുപാർട്ടികളും ഉൾപ്പെടെയുള്ള രാഷ്ട്രീയനേതൃത്വത്തിനോ ഇന്ത്യയുടെ ഒരു ഭാഗത്ത് ഒരു മതന്യൂനപക്ഷം അനുഭവിച്ച ദുരിതങ്ങളെ അവഗണിക്കാൻ ഒരു കാരണവുമില്ലായിരുന്നു. ചരിത്രത്തിന് അതിന്റേതായ ഒരു വഴിയുണ്ട്. ഒരുകാര്യം എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും, 1990ൽ കശ്മീരി പണ്ഡിറ്റുകൾക്ക് സംഭവിച്ച കാര്യങ്ങൾ അന്നത്തെ മതേതര ബുദ്ധിജീവികളും രാഷ്ട്രീയനേതൃത്വവും ഗൗരവമായി എടുത്തിരുന്നെങ്കിൽ ഈ രാജ്യത്തിന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നു.
കശ്മീരി പണ്ഡിറ്റുകളുടെ മുറിവുകൾ ഉണങ്ങുമോ? അത്തരമൊരു കാലം വരുമെന്ന് താങ്കൾ കരുതുന്നുണ്ടോ?
പല മുറിവുകളും ഉണങ്ങിക്കഴിഞ്ഞു. കാലം എല്ലാ മുറിവുകളും ഉണക്കും. ഒരുപാട് വർഷങ്ങൾ കടന്നുപോയി. ആ ദുരന്തം നേരിട്ട് അനുഭവിച്ച തലമുറ പലരും ഇന്ന് നമുക്കൊപ്പമില്ല. എന്നാൽ കശ്മീരിൽ തങ്ങളുടെ മാതാപിതാക്കൾക്കും പൂർവികർക്കും എന്ത് സംഭവിച്ചു എന്ന് അടുത്ത തലമുറയോട് പറയേണ്ടത് കടമയാണെന്ന് കരുതുന്ന നിരവധി യുവ പണ്ഡിറ്റുകളുണ്ട്. ആ അർത്ഥത്തിൽ ഈ കഥ തലമുറകൾ കൈമാറും.
യുവ കശ്മീരി പണ്ഡിറ്റുകൾക്ക് നൽകാനുള്ള സന്ദേശം എന്താണ്?
രണ്ട് കാര്യങ്ങൾ. ഒന്ന്, എപ്പോഴും ഓർമ്മകൾ നിലനിർത്തുക, പക്ഷേ അച്ഛനമ്മമാരുടെയും അവരുടെ മാതാപിതാക്കളുടെയും ആ പഴയ സങ്കടങ്ങളുടെ ഭാരം ചുമലിലേറ്റേണ്ട ആവശ്യമില്ല. നിങ്ങൾ ജീവിക്കുന്നത് മറ്റൊരു ലോകത്താണ്. സ്വന്തം വഴി കണ്ടെത്തുക. നന്നായി ജീവിക്കുക എന്നതാണ് ഏറ്റവും നല്ല പ്രതികാരം. നന്നായി പഠിച്ച്, നല്ല നിലയിൽ ജീവിക്കുന്നതാണ് നിങ്ങൾക്കും നിങ്ങളുടെ ജനതയ്ക്കും വേണ്ടി ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം.
പുതിയ കാലത്ത് ചരിത്രം മാറ്റിയെഴുതാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ആരോപണമുണ്ട്...
ചരിത്രരചന എപ്പോഴും ഏതെങ്കിലും ഒരു വശത്തേക്ക് ചായാറുണ്ട്. തിരമാലകൾ ചിലപ്പോൾ ഈ വശത്തേക്കും ചിലപ്പോൾ മറുവശത്തേക്കും വരും. ഓരോ നിമിഷവും ചരിത്രം എഴുതപ്പെടുകയോ മാറ്റിയെഴുതപ്പെടുകയോ ചെയ്യുന്നുണ്ട്. പൗരന്മാർ എന്ന നിലയിൽ പെൻഡുലം ഒരു വശത്തേക്ക് അമിതമായി ചായുന്നില്ലെന്ന് നമ്മൾ ഉറപ്പുവരുത്തണം.
അത് ഇപ്പോൾ സംഭവിക്കുന്നുണ്ടോ?
പല രീതിയിലും അതെ.
2014ൽ എൻ.ഡി.എ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണോ ഇത്?
അല്ല. ഒരു നാടിന്റെയോ വീഥിയുടെയോ ഗ്രാമത്തിന്റെയോ സാമൂഹികാന്തരീക്ഷം തകരുന്നത് ഒരിക്കലും നല്ലതല്ല. എന്റെ കഥ വായിച്ച് എന്നെ കാണാൻ വരുന്നവരോട് ഞാൻ പറയും, കശ്മീരിൽ സംഭവിച്ചത് ഭീകരമായിരുന്നു, എന്നാൽ അതിൽ നിന്ന് പാഠം ഉൾക്കൊള്ളുക. ഈ രാജ്യത്തെ മറ്റൊരിടവും കശ്മീർ ആകാൻ അനുവദിക്കരുത്. നിങ്ങളുടെ അയൽക്കാരും സുഹൃത്തുക്കളും സഹപ്രവർത്തകരും നിങ്ങൾക്ക് എതിരെ തിരിയുന്ന, നിങ്ങളുടെ ദുരിതത്തിൽ മറ്റുള്ളവർക്ക് സഹതാപം തോന്നാത്ത, ആൾക്കൂട്ടം നിങ്ങളുടെ വീട് തകർക്കുമ്പോൾ ആരും രക്ഷിക്കാൻ വരാത്ത ഒരു അവസ്ഥ ലോകത്ത് എവിടെയും ഉണ്ടാകരുത്. അതാണ് കശ്മീർ നൽകുന്ന പാഠം.
Content Highlights: Journalist Rahul Pandita discusses the overlooked Kashmiri Pandit exodus, his new novel `Our Friends in Good Houses,` and the search for home.
Published: 01 Feb 2026, 12:16 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented