കാണികളെ രസിപ്പിക്കാൻ പറ്റുന്ന വിധത്തിലേ സിനിമയെടുക്കൂ എന്ന തീരുമാനവും മോഹൻലാൽ എന്ന നടനെ ലഭിച്ചതുമാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശക്തിയും ഭാഗ്യവും എന്ന് പ്രശസ്ത സംവിധായകൻ പ്രിയദർശൻ. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ ലോകപ്രിയങ്കരം എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

സത്യൻ അന്തിക്കാടും ശ്രീനിവാസനും ഉൾപ്പെടെയുള്ള വലിയൊരു വിഭാഗം സിനിമാപ്രവർത്തകരും പ്രതിഭാശേഷിയുള്ള മികച്ച നടന്മാരും ഉണ്ടായിരുന്ന ആ കാലമാണ് തന്നെ സൃഷ്ടിച്ചതെന്ന് പ്രിയദർശൻ അനുസ്മരിച്ചു.

തങ്ങളുടെ റോളുകൾ സ്വന്തം കഴിവുകൊണ്ട് കൂടുതൽ പൊലിപ്പിക്കുന്നവരായിരുന്നു അന്നത്തെ നടന്മാർ. തെലുങ്കും തമിഴും കന്നഡയും ഹിന്ദിയും ഉൾപ്പെടെ പല ഇന്ത്യൻ ഭാഷകളിലെയും നടന്മാരെ വെച്ച് സിനിമ എടുത്തിട്ടുണ്ടെങ്കിലും മലയാളനടന്മാരാണ് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളെന്ന് അദ്ദേഹം പറഞ്ഞു.

നമ്മൾ ചെയ്യുന്ന സിനിമ നമ്മളെത്തന്നെ രസിപ്പിക്കുന്നതാവണം എന്നതാണ് ആദ്യം ശ്രദ്ധിക്കുന്ന കാര്യമെന്ന് ലോക സിനിമയുടെ സംവിധായകൻ ഡൊമിനിക് അരുൺ പറഞ്ഞു. സിനിമറ്റോഗ്രാഫറും മറ്റു സഹപ്രവർത്തകരും എല്ലാം മികച്ച സൗഹൃദമുള്ള ടീം ആയിട്ടാണ് ലോക സിനിമ ചെയ്തതെന്ന് ഡൊമിനിക് അരുൺ പറഞ്ഞു. ലോകയിലെ താരവും പ്രിയദർശന്റെ മകളുമായ കല്യാണി അയച്ച സന്ദേശം മോഡറേറ്റർ രേഖാമേനോൻ വായിച്ചു.