തിരുവനന്തപുരം: അധികാരത്തിന്റെ ശീതളഛായയോ ആനുകൂല്യങ്ങളോ പത്ത് വർഷമായി ഇല്ലാതിരുന്നിട്ടും ലീഗ് പൂർവാധികം ഊർജ്ജസ്വലമാവുകയാണ് ചെയ്തതെന്ന് ഇന്ത്യൻ യൂനിയൻ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മാതൃഭൂമി അക്ഷരോൽസവത്തിൽ ആത്മീയതക്കും രാഷ്ട്രീയത്തിനുമിടയിൽ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തിന് പുറത്തായിരുന്നിട്ടും സമസ്ത മേഖലകളിലും മുസ്ലിംലീഗ് വലിയ മുന്നേറ്റമുണ്ടാക്കിയ കാലമാണിത്. സംഘടനാരംഗത്തായാലും ജീവകാരുണ്യ മേഖലയിലായാലും ലീഗിന്റെ പ്രവർത്തനം മികച്ച രീതിയിൽ മുന്നേറുന്നു. അതിനിടയിൽ തന്നെയാണ് സാമൂഹ്യജീവിതത്തിലും സമകാലിക വിഷയങ്ങളിലും ലീഗിന്റെ ഇടപെടൽ. കേരളത്തിലെ മുസ്ലിംലീഗിന്റെ പ്രവർത്തനങ്ങൾ ഇതര സംസ്ഥാനങ്ങളിലെ മുസ്ലീം സംഘടനകൾ ആശ്ചര്യത്തോടെയാണ് നോക്കിക്കാണുന്നത്. എന്നാൽ ഇവിടെ ചിലർ മുസ്ലിംലീഗിന്റെ പ്രവർത്തനത്തെ സംശയത്തോടെ കാണുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അത് അവരുടെ കാഴ്ചയുടെയും കാഴ്ചപ്പാടിന്റെയും കുഴപ്പമാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിയുടെ വിവാദപരാമർശങ്ങളെ മുൻനിർത്തിയായിരുന്നു ഈ പ്രതികരണം.
സമുദായത്തിലെ ഇതര സംഘടനകളെ പൊതുവേദിയിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ലീഗ് തുടരും. എന്നാൽ, സംഘപരിവാറിനെ എതിർക്കാൻ സിപിഎമ്മുമായി സൗഹൃദം ഉണ്ടാക്കുന്നത് ഇപ്പോൾ ആലോചനയിലില്ല. പക്ഷേ, ദേശീയതലത്തിൽ ഇന്ത്യാസഖ്യത്തിന് കരുത്ത് പകരുന്നതായിരിക്കും ലീഗിന്റെ നടപടികളെന്നും സാദിഖലി തങ്ങൾ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ വനിതാ നേതാവായിരുന്ന ഇന്ദിരാഗാന്ധി പോലും തെരഞ്ഞെടുപ്പിൽ തോറ്റിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഗിന്റെ വനിതാ സ്ഥാനാർഥികൾ സിറ്റിംഗ് സീറ്റിൽ പരാജയപ്പെട്ടതിന് പിന്നിൽ മുസ്ലീം വോട്ടർമാരുടെ മറ്റ് സമീപനങ്ങളൊന്നുമല്ല കാരണം. ജമാഅത്തെ ഇസ്ലാമി മുസ്ലിംലീഗിനെ ഹൈജാക്ക് ചെയ്തുവെന്ന ആക്ഷേപം മുഖവിലക്കെടുക്കുന്നില്ല. ആർക്കെങ്കിലും ഹൈജാക്ക് ചെയ്യാവുന്ന പാർട്ടിയല്ല ലീഗ്.
മതം ചർച്ച ചെയ്യപ്പെടുന്ന കാലത്ത് മതമാണ് മതമാണ് പ്രശ്നമെന്ന കെ.എം ഷാജിയുടെ പ്രസ്താവനക്ക് മറ്റ് അർത്ഥങ്ങൾ ചമക്കേണ്ടതില്ല. എന്നും സമുദായത്തിലെ തീവ്രചിന്തകളെയും തീവ്രവാദപ്രവർത്തനങ്ങളെയും മുസ്ലീംലീഗ് തള്ളിപ്പറഞ്ഞിട്ടുണ്ട്. എല്ലാ സമുദായങ്ങളുടെയും ഉന്നമനമാണ് മുസ്ലിംലീഗ് ലക്ഷ്യമിടുന്നത്. ഏതെങ്കിലും ഒരു സമുദായത്തിന് മാത്രമായി ഉയർച്ചയോ വളർച്ചയോ ഉണ്ടാക്കാനാവുമെന്നും ലീഗ് കരുതുന്നില്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു. മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ പി.പി.ശശീന്ദ്രനുമായുള്ള സംവാദത്തിലായിരുന്നു തങ്ങളുടെ പ്രതികരണം.
Content Highlights: IUML state president Sadiqali Thangal discusses the League`s growth, outreach, and stance on contemporary issues.
Published: 29 Jan 2026, 04:44 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented