തിരുവനന്തപുരം: സിനിമാ ചരിത്രത്തിന്റെ തുടക്കകാലം മുതൽ ഭരണകൂടങ്ങൾ സെൻസർഷിപ്പിന്റെ കത്രികയുപയോഗിച്ച് സിനിമയുടെ ശക്തി കുറയ്ക്കാൻ ശ്രമിക്കുന്നുണ്ടെന്ന് തിരക്കഥാകൃത്തും നടനുമായ മുരളീഗോപി. 'സിനിമ, കാലം, സാക്ഷി' എന്ന വിഷയത്തിൽ മാതൃഭൂമി പത്രാധിപർ മനോജ് കെ. ദാസുമായി നടത്തിയ ഭാഷണത്തിലാണ് മുരളീഗോപി എമ്പുരാൻ വിവാദമുൾപ്പെടെ തന്റെ സിനിമായാത്രയും സമകാലിക ആശങ്കകളും പങ്കുവെച്ചത്. കാണികളുടെ ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി പറഞ്ഞു.

To advertise here,

ഹിറ്റ്ലറുടെ നാസി ജർമ്മനി മുതൽ ഇന്ത്യയിൽവരെ മാറിമാറി വരുന്ന ഭരണകൂടങ്ങൾ തങ്ങൾക്ക് സമ്മതമുള്ള സിനിമകൾ മാത്രം കണ്ടാൽ മതി എന്ന നയമാണ് പിന്തുടരുന്നത്. തങ്ങൾക്കിഷ്ടമില്ലാത്ത സിനിമകളെ സെൻസർബോർഡ് ഉപയോഗിച്ച് തടയുമെന്ന ശാഠ്യത്തിലാണവർ. 'എമ്പുരാൻ' സിനിമ പുറത്തുവരുമ്പോൾ വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നു. പല വ്യാഖ്യാനങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികം. അതിനെ അഭിമുഖീകരിക്കുകതന്നെവേണം. സിനിമ പ്രദർശനത്തിനെത്തിക്കഴിഞ്ഞാൽ എഴുതിയ ആളല്ല, ആ സിനിമയാണ് പിന്നീട് സംസാരിക്കേണ്ടത്. എന്നാൽ അത് എഴുതിയത് താനാണെന്ന് ധൈര്യപൂവ്വം പറഞ്ഞ് താൻ ഏത് വേദിയിലും എഴുന്നേറ്റുനൽക്കും. എമ്പുരാൻ ട്രിലജിയുടെ തീം എവിടെ നിന്നുകിട്ടി എന്ന് വ്യക്തമായി പറയാനാകില്ല. ഈ ട്രിലജിയിലെ മൂന്നാം ചിത്രം എപ്പോൾ, എങ്ങനെയെന്നും പറയാനാകില്ല. സിനിമയിൽ 'കണ്ടന്റ' ആണ് രാജാവ്.

ഒരു ഭയത്തിനും വിവാദങ്ങൾക്കും അടിപ്പെടാതെ ചിന്തകളെ സത്യസന്ധമായി എഴുതാനാണ് താൻ ശ്രമിക്കുക. 'ധൈര്യം, ധൈര്യമാകുന്നത് അൽപ്പം ഭയം കൂടി കലരുമ്പോഴാണ്' എന്ന് താൻ തന്നെ എഴുതിയിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിലെ മുഖമില്ലാത്തവരുടെ ആക്രമണമാണ് സത്യം എഴുതുന്നവർ നേരിടേണ്ടിവരുന്നത്. നമ്മുടെ പേര് വെച്ച് അവർ ആക്രമിക്കാൻ ആഹ്വാനവും നൽകുന്നു. മതമൗലികവാദികളുടെ ബധിര കർണങ്ങളോട് മറുപടി പറയാൻ കഴിയില്ല.

ഭരണകൂടത്തിന് ഇഷ്ടമുള്ള സിനിമൾക്ക് നികുതി ഒഴിവാക്കിക്കൊടുക്കുന്ന രീതി എപ്പോഴുമുണ്ട്. കശ്മീരി ഫയൽസിനും കേരളാ സ്റ്റോറിക്കുമൊക്കെ ആ ഇളവ് ലഭിച്ചു.

കോടികളുടെ കണക്ക് കേട്ട് തലകറങ്ങാറില്ല

കോടികളുടെ കണക്കുവെച്ച് സിനിമയെ അളക്കുന്നതിനോട് വ്യക്തിപരമായി തനിയ്ക്ക് യോജിപ്പില്ല. ബോധപൂർവം ഒരു സിനിമയെ ബിഗ്ബജറ്റ് ആക്കാൻ തനിയ്ക്കറിയില്ല. ബോക്സ് ഓഫീസ് പരാജയങ്ങൾ സവാഭാവികമാണ്. അതിൽ സങ്കടപ്പെട്ടിട്ട് കാര്യമില്ല. സിനിമയ്ക്ക് എന്തു വിധിയും വരാം. ടിയാൻ അന്ന് ഹിറ്റായില്ല, പക്ഷേ ഇപ്പോഴത് ചർച്ചചെയ്യപ്പെടുന്നുണ്ട്. കോടിക്കണക്കു കേട്ടാൽ ഒരു കലാകാരൻ തലകറങ്ങാൻ പാടില്ല. ലൂസിഫറിലെ കഥപാത്രങ്ങളുടെ വിശദീകരണമായിരുന്നു പിന്നാലെ വന്നത്. എങ്കിൽ മാത്രമേ മൂന്നാം ഭാഗത്തിലേക്ക് പേകാനാകൂ. എമ്പുരാനിലെ നരേറ്റീവ് ശൈലിയോട് വിയോജിപ്പുള്ളവരെയും അംഗീകരിക്കുന്നു. ഓരോ സിനിമ എഴുതുമ്പോഴും ഇത് തന്റെ അവസാനത്തെ ചിത്രമാകാം എന്ന ചിന്ത ഉണ്ടാകാറുണ്ട്.

സിനിമയിലെയല്ല, രാഷ്ട്രീയത്തിലെ ഫാൻസുകാരാണ് അപകടം

സിനിമാ മേഖലയിലെ ഫാൻസ് അസോസിയേഷനുകൾ സത്യത്തിൽ നിരുപദ്രവകാരികളാണ്. പക്ഷേ നമ്മൾ പേടിക്കേണ്ടത് രാഷ്ട്രീയക്കാരുടെ ഫാൻസിനെയാണ്. വ്യത്യസ്തമായ കഥാപാത്രങ്ങളായി അഭിനയിക്കാനാണ് താൽപര്യം. പക്ഷേ അതിനിടെ എഴുത്ത് ജോലികൾ ഉളളതിനാലാണ് വലിയ ഇടവേള വരുന്നത്. ഇത്രയും വർഷത്തിനിടയിൽ തന്റെ സർഗാത്മകതയിലുണ്ടായ പരിണാമം എന്താണെന്ന് കാഴ്ച്ചക്കാർക്കേ വിലയിരുത്താനാകൂ. സാഹിത്യം ആ രൂപത്തിൽ നിൽക്കുന്നതിനൊപ്പം ഗുരു കൂടിയാണെന്നും മുരളീഗോപി പറഞ്ഞു.