
എഴുത്തിന്റെ, നിലപാടുകളുടെ ഔന്നിത്യവും കലയുടെ വിസ്മയതാരവും ഒരൊറ്റ ‘ഹലോ’ പറച്ചിലിലൂടെ ഊഷ്മളസൗഹൃദത്തിലായി. ‘ഞാൻ മോഹൻലാലാണ്’- വിഖ്യാത എഴുത്തുകാരി അരുന്ധതി റോയിയുടെ കാതുകളിൽ ആ ശബ്ദമെത്തി. ‘എന്റെ അമ്മ എഴുതിയ ഒരു പാട്ട് സിനിമയിൽ പാടിയിട്ടില്ലേ’-അരുന്ധതി ഓർമ്മിപ്പിച്ചു. ഒറ്റ നിമിഷംകൊണ്ട് മോഹൻലാൽ ആ പാട്ട് ഓർത്തെടുത്തു പാടി- ‘പെപ്പര പെര പെര പേരയ്ക്കാ...’
മാതൃഭൂമി ബുക്ക് ഓഫ് ദ ഇയർ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയ അരുന്ധതി റോയിക്ക് മാതൃഭൂമി മനേജിങ് ഡയറക്ടറായ എം.വി.ശ്രേയാംസ് കുമാറാണ് നടൻ മോഹൻലാലിനെ ഫോൺ വിളിച്ച് പരിചയപ്പെടുത്തിയത്. വ്യാഴാഴ്ച കനകക്കുന്നിൽ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം ഉദ്ഘാടനം ചെയ്യുന്നത് മോഹൻലാലാണ്.
ഹ്രസ്വസംഭാഷണത്തിലൂടെത്തന്നെ ഇരുവരും ദീർഘകാല സുഹൃത്തുക്കൾ എന്നതുപോലെയായി. ‘ഒളിമ്പ്യൻ അന്തോണി ആദം’ എന്ന ചിത്രത്തിലാണ് അരുന്ധതി റോയിയുടെ അമ്മ മേരി റോയ്, പള്ളിക്കൂടത്തിലെ കുട്ടികൾക്കായി പണ്ടെഴുതിയ പേരയ്ക്കാ പാട്ട് മോഹൻലാൽ പാടി അഭിനയിച്ചത്. ലാൽ ആവശ്യപ്പെട്ടതനുസരിച്ച്, പുരസ്കാരം നേടിയ തന്റെ പുസ്തകമായ ‘മദർ മേരി കംസ് ടു മി’യുടെ കോപ്പിയിൽ അരുന്ധതി ഇങ്ങനെയെഴുതി ഒപ്പിട്ടു- ‘ടു മോഹൻലാൽ. സ്റ്റേ കൂൾ. ലൗ. അരുന്ധതി റോയ്’. വ്യാഴാഴ്ച അക്ഷരോത്സവ ഉദ്ഘാടനവേദിയിൽ, പ്രിയ എഴുത്തുകാരി ഒപ്പുചാർത്തിയ പുസ്തകം മോഹൻലാൽ കൈപ്പറ്റും.
Content Highlights: Mohanlal's Nostalgic Rendition of Arundhati Roy's Mother's Song: A Literary Encounter
Published: 29 Jan 2026, 08:19 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented