കനകക്കുന്ന് 90-കളിലെ ഈഡൻ ഗാർഡൻ മൈതാനമായി. മുഹമ്മദ് അസ്ഹറുദീൻ എന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ ടോസ്‌ നേടി ഓർമ്മകളെന്ന സഹകളിക്കാർക്കൊപ്പം ആ പുൽപ്പരപ്പിലിറങ്ങി. ഷാർജാ കപ്പും സഹാറ കപ്പുമൊക്കെ കനകക്കുന്നിൽ ആരവമുയർത്തി. കൈക്കുഴ കറക്കിയുള്ള സ്വന്തം ഫ്ലിപ് ഷോട്ടുകളെ ഓർമ്മിപ്പിച്ച് വഴക്കത്തോടെ മറുപടികൾ വന്നു. കുഴയ്ക്കുന്ന ചോദ്യങ്ങൾപോലും തന്റെ ഫേവറേറ്റ് പൊസിഷനായ 'സ്ലിപ്പി'ലെന്നപോലെ വിദഗ്ധമായി പിടിച്ചെടുത്തു. ഇന്ത്യൻ ക്രിക്കറ്റ് മാറിമറിഞ്ഞ 90-കൾ വീണ്ടും പിറക്കുകയായിരുന്നു അക്ഷരോത്സവ വേദിയിൽ. ശ്രീദത്ത് എസ്. പിള്ള മോഡറേറ്ററായി.

To advertise here,

കരിയറിൽ താൻ കഷ്ടപ്പെട്ടപ്പോഴൊക്കെ തന്നെ കരകയറ്റിയ കൊൽക്കത്ത ഈഡൻഗാർഡൻ മൈതാനത്താണ് താൻ ഏറ്റവും ആസ്വദിച്ച് കളിച്ചിട്ടുള്ളതെന്ന് അസ്ഹറുദീൻ പറഞ്ഞു. സ്‌കൂൾതല ക്രിക്കറ്റിൽ ഈ മൈതാനത്തുവെച്ചാണ് 51 റൺ ആദ്യമായി നേടിയത്.

തന്റെ അവസാന ടെസ്റ്റ് മാച്ചും ഈ മൈതാനത്തായിരുന്നു. ഫോം നഷ്ടപ്പെട്ടപ്പോഴൊക്കെ മികച്ച ഫീൽഡിങ് കൊണ്ടാണ് പലപ്പോഴും ടീമിൽ നിലനിൽക്കാനായത്. 89-ലെ പാകിസ്‌താൻ പര്യടനത്തിൽ സ്‌കോർചെയ്യാൻ പാടുപെട്ടപ്പോൾ ഫീൽഡിങ് പ്രകടനം തന്നെ ടീമിൽ നിലനിർത്തിയത് ഓർക്കുന്നു. നോക്കാതെതന്നെ പന്ത് തന്റെ കൈയിലേക്ക് എത്തുന്ന കാന്തികത പലപ്പോഴും അനുഭവിച്ചിട്ടുണ്ട്.

ആദ്യ ടെസ്റ്റ് ക്രിക്കറ്റ് കഴിഞ്ഞപ്പോൾ തന്നെ റിസ്റ്റ് കറക്കിയുള്ള ഷോട്ടിനെക്കുറിച്ച് മാധ്യമങ്ങൾ പറഞ്ഞിരുന്നു. താനത് കാര്യമായെടുത്തില്ല. പക്ഷേ, രണ്ടാമത്തെ കളിയിൽ സെഞ്ചുറി നേടിയതോടെ വിദേശമാധ്യമങ്ങളുടെ സ്‌പോർട്‌സ് പേജിലടക്കം ഈ ഫ്ലിപ് ഷോട്ട് ചർച്ചയായി.

ഇതോടെ തനിക്ക് സമ്മർദവുമുണ്ടായി. ആ സ്‌കിൽ വളർത്താൻ കൂടുതൽ ശ്രദ്ധിക്കുകയും ചെയ്തു. അത്തരം ഷോട്ടുകൾ എങ്ങനെ പിറക്കുന്നുവെന്നു ചോദിച്ചാൽ ഇപ്പോഴും വിവരിക്കാൻ അറിയില്ല.

സഞ്ജു ഇഷ്ടതാരം, പക്ഷേ ഉപദേശം വേണം

സഞ്ജു സാംസൺ തന്റെ ഇഷ്ടതാരമാണെന്നും പക്ഷേ, അദ്ദേഹത്തിന് മുതിർന്ന താരങ്ങൾ കൃത്യമായ മാർഗനിർദേശങ്ങൾ നൽകേണ്ടത് അത്യാവശ്യമാണെന്നും അസ്‌ഹറുദീൻ പറഞ്ഞു. ഒരുപാട് കഴിവുള്ള പ്രതിഭയാണ് സഞ്ജു. പക്ഷേ, ഡ്രസിങ് റൂമിലിരുന്നാൽ സ്‌കോർ ചെയ്യാനാകില്ല എന്ന് അദ്ദേഹം മനസ്സിലാക്കണം- അസ്ഹർ പറഞ്ഞു.

ഞെട്ടിച്ച തീരുമാനങ്ങൾ

98-ലെ സഹാറ കപ്പിൽ ബോളറായിരുന്ന റോബിൻ സിങ്ങിനെ ബാറ്റിങ് ഓർഡറിൽ മുകളിൽ ഇറക്കി കളി ജയിപ്പിച്ചത് ഏവരെയും ഞെട്ടിച്ചിരുന്നു. സച്ചിന് ബൗൾ ചെയ്യാനായി പന്തുകൊടുത്തതാണ് മറ്റൊന്ന്. ‘’പ്രധാന ബോളർമാർക്ക് നാലഞ്ച് റൺസ് എങ്കിലും സ്‌കോർ ചെയ്യാൻ കഴിയുന്നുണ്ടെങ്കിൽ ബാറ്റർമാർക്ക്‌ എന്തുകൊണ്ട് വിക്കറ്റ് എടുത്തുകൂടാ. ആ ചിന്തയാണ് എന്നെക്കൊണ്ട് അങ്ങനെ തീരുമാനമെടുപ്പിച്ചത്’’- അദ്ദേഹം പറഞ്ഞു.