തിരുവനന്തപുരം: നാല് ദിവസമായി കനകക്കുന്നിൽ നടന്നുവന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഏഴാം പതിപ്പിന് പ്രൗഢോജ്വലമായ കൊടിയിറക്കം. നിറഞ്ഞ മനസോടെയാണ് അക്ഷരസ്‌നേഹികൾ കുന്നിറങ്ങിയത്. മലയാളത്തിന്റെ ആകാശത്ത്, സംവാദങ്ങളും വാഗ്വാദങ്ങളുമായി നാലുനാൾ പൂത്തുവിടർന്ന അക്ഷരങ്ങളും ആശയങ്ങളും ബാക്കിയായി.

To advertise here,

ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ ആരംഭിച്ച സമാപന സമ്മേളനത്തിൽ പ്രശസ്ത കഥാകൃത്തും കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരജേതാവുമായ ടി. പത്മനാഭൻ, പ്രമുഖ നടിയും പദ്മഭൂഷൺ ജേതാവുമായ ശബാന ആസ്മി, പ്രശസ്ത ഐറിഷ് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഡെക്ലാൻ വാൽഷ് എന്നിവർ മുഖ്യാതിഥികളായി. ക്രിക്കറ്റ് ഇതിഹാസവും ഭാരത് രത്‌ന ജേതാവുമായ സച്ചിൻ തെണ്ടുൽക്കറിന്റെ സന്ദേശം സമാപനവേദിയിൽ വായിച്ചു.

ഡൽഹി ഒരു ശ്മശാന ഭൂമി കൂടിയാണെന്ന് ഇന്ത്യ ഇന്ന് ഭരിക്കുന്നവർ ഓർക്കണമെന്ന് അക്ഷരോത്സവത്തിന്റെ സമാപനത്തിൽ ടി. പത്മനാഭൻ പറഞ്ഞു. ഒരാളും ഡൽഹിയിൽ ശാശ്വതമായിരുന്നില്ല. പലരും മരിച്ചതും നശിച്ചതും ഡൽഹിയിൽ വച്ചാണ്. ബ്രിട്ടീഷുകാർ വന്നു നശിച്ചു, മരിച്ചു. കോൺഗ്രസ് വന്നു നശിച്ചു. ഡൽഹി ശ്മശാന ഭൂമിയാണ് അത് ഓർമിക്കണം. ഭരിക്കുന്നവർ അത് മറക്കരുത്. ഇത് അടുത്തൊന്നും പോകുകയില്ല ദീർഘകാലം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഫെസ്റ്റിവൽ ചെയർമാനും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.വി. ശ്രേയാംസ് കുമാർ അധ്യക്ഷനായി. ഫെസ്റ്റിവൽ ചീഫ് പേട്രണും മാതൃഭൂമി മാനേജിങ് എഡിറ്ററും ചെയർമാനുമായ പി.വി. ചന്ദ്രൻ വിശിഷ്ടാതിഥികളെ ആദരിച്ചു. ഫെസ്റ്റിവൽ ഡയറക്ടറും മാതൃഭൂമി ഓപ്പറേഷൻസ് ഡയറക്ടറുമായ എം.എസ്. ദേവിക സ്വാഗതവും ഫെസ്റ്റിവൽ ഡയറക്ടറും മാതൃഭൂമി ന്യൂസ് ചാനൽ എഡിറ്റർ രാജീവ് ദേവരാജ് നന്ദിയും പറഞ്ഞു.