തിരുവനന്തപുരം: സാഹിത്യവും രാഷ്ട്രീയവും മുതൽ ജീവിതാനുഭവങ്ങൾ വരെ എല്ലാ അറിവുകളും നിറഞ്ഞ ഒറ്റപ്പുസ്തകം പോലെ മാതൃഭൂമി പുസ്തകശാല വ്യാഴാഴ്ച തുറക്കും. മലയാളത്തിന്റെ അണയാത്ത എഴുത്തുവിളക്കുകൾക്ക് ആദരമർപ്പിച്ചുകൊണ്ടാണ് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് മുന്നോടിയായി മാതൃഭൂമി ബുക്‌സ് പുസ്തകശാല വ്യാഴാഴ്ച കനകക്കുന്നിൽ വായനാ കലവറ തുറക്കുന്നത്. മലയാളത്തിന്റെ മൺമറഞ്ഞുപോയ പ്രിയപ്പെട്ട ഏഴ് എഴുത്തുകാരുടെ മക്കൾ ചേർന്നാണ് ഉദ്ഘാടനം.

To advertise here,

29 മുതൽ ഫെബ്രുവരി ഒന്നു വരെ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം ഏഴാം പതിപ്പിലേക്കുള്ള ക്ഷണംകൂടിയാകും വ്യാഴാഴ്ചയിലെ സായാഹ്നം. വൈകീട്ട് അഞ്ചിന് ഏഴു തിരികൾ തെളിച്ചുകൊണ്ടാണ് ഉദ്ഘാടനം. വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീസ് ബഷീർ, വയലാർ രാമവർമ്മയുടെ മകൻ ശരത്ചന്ദ്രവർമ്മ, ഒ.എൻ.വി. കുറുപ്പിന്റെ മകൻ രാജീവ് ഒ.എൻ.വി., സുഗതകുമാരിയുടെ മകൾ ലക്ഷ്മി ദേവി, എം.കൃഷ്ണൻ നായരുടെ മകൾ രാധ, കാക്കനാടന്റെ മകൾ രാധാ കാക്കനാടൻ, എം.കെ.സാനുവിന്റെ മകൾ രേഖ എന്നിവർ ചേർന്നാണ് തിരിതെളിക്കുക. അവർ തങ്ങളുടെ മാതാപിതാക്കളുടെ രചനകളിൽ പ്രിയപ്പെട്ട വരികൾ ഒരു മിനിറ്റു വീതം വേദിയിൽ വായിക്കുമ്പോൾ ആ മഹാരഥന്മാർ മക്കളുടെ വാക്കുകളിലൂടെ അക്ഷരോത്സവത്തിന്റെ ഭാഗമാകും. ഒപ്പം എംടിയുടെ മകൾ അശ്വതി ശ്രീകാന്തും എസ്.കെ.പൊറ്റെക്കാട്ടിന്റെ മകൾ സുമിത്രയും വീഡിയോയിലൂടെ ചടങ്ങിൽ പങ്കുചേരും.

സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തുള്ള പ്രമുഖരുൾപ്പെടെ കനകക്കുന്നിന്റെ പുൽത്തകിടിയിൽ അക്ഷരോത്സവവരവിനു സാക്ഷികളാകാനെത്തും. ഉദ്ഘാടനദിവസം പുസ്തകങ്ങൾക്ക് 15 ശതമാനം വിലക്കിഴിവുണ്ടാകും. അക്ഷരോത്സവത്തിന്റെ ഭാഗമാകാനുള്ള പ്രവേശന ടിക്കറ്റ് ബുക്ക് ചെയ്യാനും പുസ്തകോത്സവവേദിയിൽ അവസരമുണ്ട്.