ഡാക്കിലെ ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ്‌സിന്റെ സഹസ്ഥാപകയും സി.ഇ.ഒയും ഡീനുമായ ഇവർ ശ്രദ്ധേയയായ ഒരു സോഷ്യൽ ഓൺട്രപ്രണറും വിദ്യാഭ്യാസ പ്രവർത്തകയുമാണ് ഡോ. ഗീതാഞ്ജലി ജെ. ആങ്‌മോ. ഭർത്താവും പ്രശസ്ത പരിസ്ഥിതി പ്രവർത്തകനുമായ സോനം വാങ്ചുക്കിന്റെ മോചനത്തിനായുള്ള നിയമപോരാട്ടങ്ങളുടെ തിരക്കിലാണ് ഗീതാഞ്ജലി. മാതൃഭൂമി അക്ഷരോത്സവവേദിയിൽ വെച്ച് സംസാരിച്ചപ്പോൾ.

To advertise here,

താങ്കളുടെ ഭർത്താവ് അറസ്റ്റ് ചെയ്യപ്പെട്ട ആ ദിവസം ഓർക്കുന്നുണ്ടോ?

അറസ്റ്റിലായിട്ട് നാല് മാസത്തിലധികമായി, കൃത്യമായി പറഞ്ഞാൽ 125 ദിവസങ്ങൾ. ആ ദിവസം എനിക്ക് വ്യക്തമായി ഓർമ്മയുണ്ട്. രാവിലെ 11:30ന് ശേഷം എനിക്ക് അദ്ദേഹത്തെ ഫോണിൽ കിട്ടിയില്ല. വൈകുന്നേരം 3:30നാണ് അദ്ദേഹം തടങ്കലിലാണെന്ന് ഞാൻ അറിയുന്നത്. വിദ്യാഭ്യാസരംഗത്തും താഴെത്തട്ടിലുള്ള ജനങ്ങളെ നവീകരണത്തിലൂടെ ശാക്തീകരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരാൾ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പറയുന്നത് വലിയൊരു ആഘാതമായിരുന്നു.

അക്രമത്തിന് പ്രേരിപ്പിച്ചു എന്നത് ഉൾപ്പെടെ അദ്ദേഹത്തിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിട്ടുണ്ടല്ലോ?

ആ ആരോപണങ്ങളെല്ലാം തെറ്റാണ്, ഞാൻ അവയെ തുടർച്ചയായി അപലപിക്കുന്നു. മഹാത്മാഗാന്ധിയുടെ സമാധാനപരമായ പ്രതിഷേധത്തിന്റെ വഴി പിന്തുടരുന്ന ഒരാൾക്ക് ഒരു സുപ്രഭാതത്തിൽ അക്രമാസക്തനാകാൻ കഴിയില്ല. ഇതെല്ലാം അദ്ദേഹത്തെ കുടുക്കാൻ ഉണ്ടാക്കിയതാണ്. ഇത്തരം സ്വഭാവഹത്യകളും അപകീർത്തിപ്പെടുത്തലുകളും രണ്ട് വർഷം മുമ്പ് തുടങ്ങിയതാണ്, എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി അത് ശക്തമായി. ഈ അടിസ്ഥാനരഹിതമായ ആരോപണങ്ങളെല്ലാം ഞാൻ നിഷേധിക്കുന്നു. സോനം വാങ്ചുക്കിന്റെ വീഡിയോകൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയാണ് അവർ ചെയ്യുന്നത്.

വിദേശ കറൻസി നിയമങ്ങൾ ലംഘിച്ചു എന്ന ആരോപണത്തിൽ സത്യവുമുണ്ടോ?

ഒന്നുമില്ല. ഞങ്ങൾക്ക് രണ്ട് സംഘടനകളാണുള്ളത്. അതിൽ സ്‌കൂളായ 'സെക്‌മോളിന്' (SECMOL) എഫ്.സി.ആർ.എ രജിസ്‌ട്രേഷൻ ഉണ്ട്, അവർ നിയമങ്ങൾ ഒന്നും ലംഘിച്ചിട്ടില്ല. 'ഭക്ഷണ പരമാധികാരം' എന്ന പ്രോജക്റ്റിനെ 'ദേശീയ പരമാധികാരം' എന്ന് അവർ മനഃപൂർവ്വം തെറ്റായി വായിച്ചു. ഇത് വളരെ ബാലിശമായ, അല്ലെങ്കിൽ ദുരുദ്ദേശ്യപരമായ വ്യാഖ്യാനമാണ്.

'ഹയാലിനെ' (HIAL) സംബന്ധിച്ചിടത്തോളം, ഞങ്ങൾക്ക് എഫ്.സി.ആർ.എ രജിസ്‌ട്രേഷൻ ഇല്ല. അവിടേക്ക് വന്ന ഫണ്ടുകൾ ഗവേഷണത്തിനുള്ള വരുമാനമാണ്, അല്ലാതെ സംഭാവനകളല്ല. സംഭാവനകൾ സ്വീകരിക്കാൻ മാത്രമേ എഫ്.സി.ആർ.എ ആവശ്യമുള്ളൂ. ചുരുക്കത്തിൽ, സാമ്പത്തിക കാര്യങ്ങളിൽ രണ്ട് സംഘടനകളും ഒരു നിയമലംഘനവും നടത്തിയിട്ടില്ല.

വളരെക്കാലമായി വലതുപക്ഷ അനുഭാവമുള്ളവരുടെ 'പോസ്റ്റർ ബോയ്' ആയിരുന്നു സോനം വാങ്ചുക്ക്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം എന്താണ് പെട്ടെന്ന് മാറിയത്?

അദ്ദേഹം ഇന്ത്യയുടെ തന്നെ 'പോസ്റ്റർ ബോയ്' ആണെന്നാണ് ഞാൻ കരുതുന്നത്. കഴിഞ്ഞ 30 വർഷമായി കേന്ദ്രത്തിലും സംസ്ഥാനത്തുമുള്ള വിവിധ സർക്കാരുകൾ അദ്ദേഹത്തെ ഒരുപോലെ ആദരിച്ചിട്ടുണ്ട്. ഈ സർക്കാർ അധികാരത്തിൽ വന്നപ്പോഴും അദ്ദേഹത്തിന്റെ നവീകരണങ്ങളിൽ അവർ സന്തോഷവാനായിരുന്നു. 'മേയ്ക്ക് ഇൻ ഇന്ത്യ', 'സ്വച്ഛ് ഭാരത്' തുടങ്ങിയ നയങ്ങളിൽ അദ്ദേഹവും സഹകരിച്ചിരുന്നു.

വിദ്യാഭ്യാസത്തിനും പരിസ്ഥിതിക്കും വേണ്ടി ഏത് സർക്കാർ അധികാരത്തിലിരുന്നാലും അവരെ സഹായിക്കുക എന്നതാണ് ഞങ്ങളുടെ രീതി. എന്നാൽ ലഡാക്കിന് ആറാം ഷെഡ്യൂൾ പദവിയും സംസ്ഥാനപദവിയും നൽകാമെന്ന് പറഞ്ഞ് അധികാരം നേടിയവർ ആ വാഗ്ദാനങ്ങൾ ലംഘിച്ചപ്പോൾ അദ്ദേഹം അത് ഓർമ്മിപ്പിക്കാൻ തുടങ്ങി. ജനങ്ങളുടെ ആശങ്കകൾ സർക്കാരിനെ അറിയിക്കാൻ അദ്ദേഹം ശ്രമിച്ചു. വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി (അത് സംഭവിക്കുകയും ചെയ്തു). ഈ ഓർമ്മപ്പെടുത്തലുകൾ അവർക്ക് ഇഷ്ടപ്പെട്ടില്ല. അങ്ങനെയാണ് അദ്ദേഹത്തെ എൻ.എസ്.എ ചുമത്തി തടങ്കലിലാക്കി നിശബ്ദനാക്കാൻ ശ്രമിച്ചത്.

ഈ തടങ്കലിനെക്കുറിച്ച് ലഡാക്കിലെ ജനങ്ങൾ എന്താണ് പറയുന്നത്?

എല്ലാവരും അദ്ദേഹത്തിനായി പ്രാർഥനയിലാണ്. സോഷ്യൽ മീഡിയയിലൂടെയും മറ്റും ഈ വിഷയം സജീവമായി നിലനിർത്താൻ അവർ ശ്രമിക്കുന്നു. അദ്ദേഹം പുറത്തിറങ്ങി വരുന്നത് കാണാൻ എല്ലാവരും കാത്തിരിക്കുകയാണ്.

അദ്ദേഹം ഇപ്പോൾ ലഡാക്കിൽ നിന്ന് വളരെ ദൂരെ ജോധ്പൂർ ജയിലിലാണ്. ഈ അകലം അദ്ദേഹത്തെ വിഷമിപ്പിക്കുന്നുണ്ടോ?

ഞങ്ങൾ രണ്ടുപേരും മാനസികമായി കരുത്തുള്ളവരാണ്. ഞങ്ങൾ ഒന്നിനെയും അമിതമായി മിസ്സ് ചെയ്യാറില്ല; നല്ല കാര്യങ്ങൾ ഓർക്കുക മാത്രമാണ് ചെയ്യുന്നത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ജോധ്പൂർ എന്നത് സിന്ധുനദിയുടെ മറ്റൊരു അറ്റമാണ്. അതിനാൽ അദ്ദേഹം അവിടെയും ബന്ധം കണ്ടെത്തുന്നു. ലഡാക്കിനെപ്പോലെ ജോധ്പൂരും ഒരു മരുഭൂമിയാണ് (ചൂടുള്ളതാണെന്ന് മാത്രം). അവിടെയും ഒഴുകുന്നത് ഒരേ സിന്ധുനദിയുടെ തുടർച്ചയാണ്. രാജ്യത്തെ സ്‌നേഹിക്കുന്ന ഒരാളായതിനാൽ അദ്ദേഹം എവിടെയും സന്തോഷവാനാണ്. എങ്കിലും തന്റെ ജോലികളെ അദ്ദേഹം മിസ്സ് ചെയ്യുന്നുണ്ടാകാം. അവിടെയും അദ്ദേഹം പാരിസ്ഥിതിക വാസ്തുവിദ്യയെക്കുറിച്ച് പഠിച്ചും പുസ്തകങ്ങൾ വായിച്ചും യോഗയും ധ്യാനവും ചെയ്തും സമയം ചെലവഴിക്കുന്നു.

താങ്കൾ അദ്ദേഹത്തോട് പതിവായി സംസാരിക്കാറുണ്ടോ?

ഇല്ല, ഫോണിൽ സംസാരിക്കാൻ അനുവാദമില്ല. ആഴ്ചയിൽ രണ്ടുതവണ എനിക്ക് നേരിട്ട് കാണാം (ദിവസം ഒരു മണിക്കൂർ വീതം). ഇതുവരെ 24 തവണയിൽ കൂടുതൽ ഞാൻ അദ്ദേഹത്തെ കണ്ടു.

കാണുമ്പോൾ അദ്ദേഹം എന്താണ് പറയാറുള്ളത്?

ഞങ്ങൾ പോസിറ്റീവ് കാര്യങ്ങൾ മാത്രമാണ് സംസാരിക്കാറുള്ളത്. ഞങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ സംസാരിച്ച് പരസ്പരം തളർത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. സർവകലാശാലാ കാര്യങ്ങളും ഞാൻ ചെയ്യുന്ന പ്രവർത്തനങ്ങളും ഞാൻ അദ്ദേഹത്തോട് പറയും. അദ്ദേഹം അവിടെ ചെയ്യുന്ന കാര്യങ്ങൾ എന്നോടും പറയും. ഞങ്ങളുടെ കരുത്തിനെക്കുറിച്ച് മാത്രമാണ് ഞങ്ങൾ സംസാരിക്കുന്നത്.

അദ്ദേഹത്തിന്റെ തടങ്കലിനെതിരെയുള്ള നിയമനടപടികളുടെ അവസ്ഥ എന്താണ്?

ഞങ്ങൾ ഒക്ടോബർ രണ്ടിന് ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തു. മുതിർന്ന അഭിഭാഷകരായ കപിൽ സിബലും വിവേക് തൻഖയും ഞങ്ങൾക്ക് വേണ്ടി വാദിക്കുന്നുണ്ട്. തടങ്കൽ ഉത്തരവിലെ പിഴവുകൾ ഞങ്ങൾ കോടതിയിൽ അക്കമിട്ട് നിരത്തിയിട്ടുണ്ട്. അടുത്ത ഹിയറിംഗ് ഫെബ്രുവരി രണ്ടിനാണ്. കേസ് വളരെ ശക്തമായതിനാൽ അനുകൂലമായ വിധി ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

അദ്ദേഹം ഉടൻ മോചിതനാകുമെന്ന് താങ്കൾ കരുതുന്നുണ്ടോ?

അതെ, തീർച്ചയായും. കാരണം ഈ കേസിൽ യാതൊരു കഴമ്പുമില്ല. ഇന്ത്യയിലെ ജഡ്ജിമാരും അദ്ദേഹത്തെ തടങ്കലിലാക്കിയ മന്ത്രാലയങ്ങളും ഉൾപ്പെടെ എല്ലാവർക്കും അറിയാം, അദ്ദേഹം കുറ്റവാളിയല്ലെന്നും രാജ്യസുരക്ഷയ്ക്ക് ഭീഷണിയല്ലെന്നും. 'സത്യമേവ ജയതേ' എന്നതാണ് ഇന്ത്യയുടെ തത്വം. ഞങ്ങൾ സത്യത്തിന്റെ പക്ഷത്താണ്. ഈ കേസിൽ യാതൊരു കഴമ്പുമില്ല; അദ്ദേഹം ഉടൻ മോചിതനാകുമെന്ന് എനിക്ക് ഉറച്ച പ്രതീക്ഷയുണ്ട്.