തിരുവനന്തപുരം: ഒരു കാളക്കൂറ്റനെപ്പോലെ കാടും മലയും കയറുന്ന ജീപ്പിനെ മെരുക്കി ‘റെട്രോ-മോഡേണാക്കി’ പുതുതലമുറയുടെ കാർപോർച്ചിൽ കൊണ്ടിടീച്ചതിനു പിന്നിൽ ഒരു ‘പെൺതല’യുണ്ട്. രാംകൃപാ അനന്തൻ എന്ന വനിതാ ഡിസൈനറുടെ ‘ഓഫ് റോഡ്’ ആശയങ്ങൾക്കു ചക്രംവെച്ചപ്പോൾ, പുറമേയുള്ള മസിലുപിടിത്തം വിടാതെതന്നെ മഹീന്ദ്രാ ഥാർ ‘ഉള്ളിൽ മാർദ്ദവ’മുള്ളവനായി മാറി.

To advertise here,

പ്രശസ്ത വാഹന ഡിസൈനർ രാംകൃപാ അനന്തൻ, മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയിലെത്തുമ്പോൾ ബൊലോറോയും സ്കോർപ്പിയോയും മുതൽ ഓല സ്‌കൂട്ടർ വരെ തങ്ങളുടെ പിറവിയുടെ കഥകളുമായി ഒപ്പമുണ്ടാകും. രാംകൃപയ്ക്കൊപ്പം വേദി പങ്കിടുന്നത് മറ്റൊരു ഡിസൈനറാണ്- ഫാഷൻ ഡിസൈനർ സ്വാതി മോഹൻദാസ്.

സ്വാതിയുടെ വിശേഷണങ്ങൾ ഇങ്ങനെ: മലയാളികളുടെ പ്രിയപ്പെട്ട പഴയകാല നടൻ കുഞ്ചന്റെ മകൾ. നിതാ അംബാനിയുടെ പേഴ്സണേൽ സ്റ്റൈലിസ്റ്റ്. ദീപികാ പദുകോൺ ഉൾപ്പെടെയുള്ള ബോളിവുഡ് താരങ്ങളുടെ ‘ലുക്കിനു' പിന്നിലെ ഡിസൈനർ. വാഹനങ്ങളെയും മനുഷ്യരെയും സുന്ദരമാക്കുന്ന ഇവർ രണ്ടുപേരും വേദിയിൽ ഒരുമിക്കുമ്പോൾ അറിയാനും ചോദിക്കാനും ഒരുപാടുണ്ടാകും.

ഇന്ത്യൻ എസ്.യു.വി. മാർക്കറ്റിൽ മാറ്റങ്ങളുടെ ‘ഗിയർ ഷിഫ്റ്റിങ്‌’ കൊണ്ടുവന്നവരിൽ അതികായയാണ് ഓട്ടോമോട്ടീവ് ഡിസൈനറായ രാംകൃപ. മഹീന്ദ്രയുടെ എസ്.യു.വി.കളുടെെയല്ലാം സൗന്ദര്യം ഈ ഭാവനയിലാണ് ആദ്യം ഫസ്റ്റ് ഗിയറിട്ട് ഓടിത്തുടങ്ങിയത്. ഫാംഹൗസുകളിലും ഓഫ് റോഡുകളിലും ഇരച്ചുനടന്നിരുന്ന ജീപ്പ് എന്ന പരുക്കനെ, ഗാംഭീര്യവും വിന്റേജ് നൊസ്റ്റാൾജിയയും കുറയ്ക്കാതെതന്നെ ഇവർ പരിവർത്തിപ്പിച്ചു.

ഐ.ഐ.ടി. മുംെബെയിൽ പഠിച്ചിറങ്ങിയ രാംകൃപ, മഹീന്ദ്ര വാഹനങ്ങളുടെ ഇന്റീരിയർ ഡിസൈനിങ്ങിലാണ് കരിയർ തുടങ്ങിയത്. ഇപ്പോൾ ഓല ഇലക്ട്രിക്കിന്റെ ഹെഡ് ഓഫ് ഡിസൈനാണ്. അക്ഷരോത്സവവേദിയിൽ അടുത്തറിയാം, സ്ത്രീകൾ അപൂർവമായി മാത്രം കടന്നുവരുന്ന ഈ രംഗത്ത് അവർ സ്വന്തമാക്കിയ വിജയഗാഥ.

നടൻ കുഞ്ചന്റെ മകളായ സ്വാതി, ഫെമിന മാസികയിൽ ഫാഷൻ ഡിസൈനറായാണ് പേരെടുത്തത്. േബാളിവുഡിൽ ഫാഷൻ സ്റ്റൈലിസ്റ്റായിരുന്ന സ്വാതി, ഫാഷൻ ഷൂട്ടുകൾക്കായി അണിയിച്ചൊരുക്കിയ സെലിബ്രിറ്റികൾ ഇങ്ങനെ നീളും- ഹൃദിക് റോഷൻ, ദീപികാ പദുകോൺ, സോനം കപൂർ, രാധികാ ആപ്‌തേ... പിന്നീട് നിതാ അംബാനിയുടെ ഉടമസ്ഥതയിലുള്ള ‘ഹെർ സർക്കിൾ’ എന്ന കമ്പനിയിലെത്തുകയും അവരുടെ പേഴ്സണേൽ സ്റ്റൈലിസ്റ്റ് ആവുകയും ചെയ്തു. ഇപ്പോൾ ദുബായിൽ താമസമാക്കിയ സ്വാതി, ദുബായ് ഫാഷൻ വീക്ക്, എമിെറെറ്റ്‌സ് ഫാഷൻ വീക്ക് എന്നിവയുടെ ഒഫീഷ്യൽ ഫാഷൻ ഡിസൈനറാണ്.

ബോളിവുഡും ഹോളിവുഡും കടന്ന് പ്രപഞ്ചത്തോളം കരിയർ സ്വപ്നംകാണാൻ, പിന്തുടരാൻ ഈ രണ്ടു വനിതാറാണികൾ ഊർജ്ജമാകും. കൂടാതെ, കലയും സാഹിത്യവും ബിസിനസും തുടങ്ങി സമസ്തമേഖലകളിലെയും മാതൃകാവ്യക്തിത്വങ്ങളായ എഴുന്നൂറോളം പേർ പ്രഭാഷകരായി നാലു നാൾ കനകക്കുന്നിന്റെ പുൽമേട്ടിലെത്തും.