റ്റവുമധികം വായിക്കപ്പെട്ട നോവലുകളുടെ എഴുത്തുകാർക്ക് ജനപ്രീതിയാണോ അതോ അപ്രീതിയാണോ തലവേദന സൃഷ്ടിക്കുന്നത്? രണ്ടും എന്നായിരുന്നു ഉത്തരം. നാലു ലക്ഷം കോപ്പികൾ വിറ്റ 'റാം c/o ആനന്ദി'യുടെ രചയിതാവ് അഖിൽ പി. ധർമജനും ഒരുവർഷം കൊണ്ട് 75000 കോപ്പി വിറ്റ 'കമ്പിളികണ്ടത്തെ കൽഭരണികൾ' എഴുതിയ ബാബു അബ്രഹാമുമാണ് വായനക്കാരോടു ഹൃദയം തുറന്നത്. പ്രിയരാജ് ഗോവിന്ദരാജ് മോഡറേറ്ററായി.

To advertise here,

കാക്കയ്ക്കും പരുന്തിനും ചില ആളുകൾ ചില പരിധികൾവെച്ചിട്ടുണ്ട്. എന്നെ കാക്കയായാണ് അത്തരക്കാർ കാണുന്നത്. ഒരുപരിധിയിൽ കൂടുതൽ പറന്നാൽ പ്രശ്നമാവും. നേരിട്ട് നല്ല വാക്ക് പറയുന്ന ചിലർ പുറത്തുപോയി കുറ്റം പറയുന്നത് കേട്ടിട്ടുണ്ട്- അഖിൽ സങ്കടപ്പെടുന്നു.

ഒരുഘട്ടത്തിൽ ഫോണിൽ വിളിച്ച് പലരും മോശമായി സംസാരിക്കാൻ തുടങ്ങി. 'കിട്ടുമോ' എന്നാണ് ചോദ്യം. അതിൽ സ്ത്രീകളും അന്യഭാഷക്കാരും എല്ലാമുണ്ട്. ഒരു തമിഴൻ ഇതുപോലെ വിളിച്ചപ്പോൾ ഞാൻ ചോദിച്ചു, അണ്ണാ നിങ്ങൾക്ക് എവിടെനിന്നാണ് ഈ നമ്പർ കിട്ടിയത്‌? അയാളാണ് പറഞ്ഞത് തീവണ്ടിയിലെ കക്കൂസിന്റെ ചുമരിൽനിന്നാണെന്ന് അഖിൽ പറഞ്ഞു.

'കുറ്റം പലരും പറയാറുണ്ട്. ആര് പറയുന്നു എന്നതാണ് പ്രധാനം. ക്രിസ്തുവിനെ ഒറ്റിയതല്ല പ്രശ്നം, കൂടെ നടന്നവർതന്നെ ഒറ്റി എന്നതാണ്'- ബാബു അബ്രഹാം തന്റെ അനുഭവങ്ങൾ സരസമായി അവതരിപ്പിച്ചു. ആരോപണങ്ങൾ പലതാണ്, ഇയാൾക്ക് പണമുള്ളതുകൊണ്ടാണ് പുസ്തകം വിറ്റതെന്ന് ചിലർ. വേറെ ആരോ എഴുതിയതാണെന്ന് വേറൊരു കൂട്ടർ. ഒരു കാര്യം ഓർക്കണം, വയറ്റാട്ടി മുക്കിയാൽ കൊച്ചുണ്ടാവില്ല. ഞങ്ങളെ ഞങ്ങൾക്ക് ഇഷ്ടമുള്ളപോലെ എഴുതാൻ അനുവദിക്കണം. എല്ലാവരുടെയും ഗർഭം ഒരുപോലെയാവില്ല, എന്റെ ഗർഭം ഇങ്ങനെയാണ്- അദ്ദേഹം തുടർന്നു.