‘‘മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ കോൺഗ്രസുകാരെ പാർട്ടിക്കാരെ ഇറക്കി തല്ലിച്ചതയ്ക്കുന്നതാണോ ജനാധിപത്യം?’’- അബിൻവർക്കിയുടെ ചോദ്യത്തിൽ എ.എ.റഹീം പ്രകോപിതനായി. റഹീം ചരിത്രം ഓർമിപ്പിച്ചു- ‘‘കേരളത്തിൽ ആദ്യമായി ഇലക്‌ട്രിക്ക് ബാറ്റൻകൊണ്ട് ലാത്തിച്ചാർജ് നടത്തിയത്, സമരക്കാർക്കുനേരേ ആദ്യമായി ഗ്രനേഡ് പ്രയോഗിച്ചത്, ജലപീരങ്കി ആദ്യമായി ഉപയോഗിച്ചത് ഒക്കെ യു.ഡി.എഫ്. സർക്കാരിന്റെ കാലത്തായിരുന്നു’’.

To advertise here,

രാഷ്ട്രീയത്തിൽ യഥാർഥ ഫാസിസ്റ്റ് ആരാണെന്ന ചോദ്യത്തിന് മുന്നിൽ മൂന്ന് മുന്നണി പ്രതിനിധികളും പരസ്പരം പഴിചാരിയപ്പോൾ ചർച്ചാവേദി ചൂടുപിടിച്ചു. എ.എ.റഹീം എം.പി, യൂത്ത്‌ കോൺഗ്രസ് നേതാവ് അബിൻവർക്കി, ബി.ജെ.പി. നേതാവ് ബി. ഗോപാലകൃഷ്ണൻ എന്നിവരാണ് ഫാസിസത്തെക്കുറിച്ചുള്ള വ്യത്യസ്ത വ്യാഖ്യാനങ്ങളുമായി നേർക്കുനേർ വന്നത്.

മനുഷ്യത്വ വിരുദ്ധത, അപരമത വിദ്വേഷം, ബഹുസ്വരതയെ റദ്ദുചെയ്യൽ എന്നിവയാണ് ഫാസിസത്തിന്റെ ലക്ഷണങ്ങളെന്ന് എ.എ.റഹീം പറഞ്ഞു. കേരളത്തിലെ യാഥാർഥ്യമെടുത്താൽ ഇവിടെ ഫാസിസം കാട്ടുന്നത് കമ്യൂണിസ്റ്റ് സർക്കാരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സ്വേഛാധിപതിയാണെന്നും അബിൻവർക്കി പറഞ്ഞു.

കമ്യൂണിസം വളരാത്തതുകാരണം ഇന്ത്യയിൽ ഒരിക്കലും ഫാസിസം വരില്ലെന്നായിരുന്നു ബി.ഗോപാലകൃഷ്ണന്റെ വാദം. ഇന്ത്യയെ 16 ആയി വിഭജിക്കണമെന്നു പറഞ്ഞ ഇടതുപക്ഷമാണ് രാജ്യത്തെ ഒന്നായി കാണാൻ വിസമ്മതിച്ച കൂട്ടർ. മതത്തിന്റെ കാര്യമാണെങ്കിൽ അത് പല്ലുതേയ്ക്കുന്ന ബ്രഷ് പോലെയാണ്. അവരവർക്കു മാത്രം ഉപയോഗിക്കാവുന്നതും, മറ്റുള്ളവർക്ക് കൈമാറാത്തതും- അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിൽ യഥാർഥ ഫാസിസ്റ്റ് ആരാണെന്ന ചോദ്യവുമായി മൂന്ന് മുന്നണി പ്രതിനിധികളും അക്ഷരവേദിയിൽ കൊമ്പുകോർത്തു.