
യുക്രൈനിലെ മനുഷ്യര്‍ക്കൊപ്പമാണ് നിങ്ങളെങ്കില്‍ ഞങ്ങളെ ഒരുമിച്ച് ചേര്‍ത്തുനിര്‍ത്തുക. ചിതറിത്തെറിച്ചുപോയ കുഞ്ഞുങ്ങള്‍, വിധവകളാക്കപ്പട്ട അമ്മമാര്‍, ഒറ്റപ്പെട്ടുപോയ രക്ഷിതാക്കള്‍. യുക്രൈനിലെ ഒരിഞ്ച് സ്ഥലം പോലും ഇന്ന് സുരക്ഷിതമല്ല. ഞങ്ങളെന്ത് തെറ്റ് ചെയ്‌തെന്ന് ആരെങ്കിലും പറഞ്ഞുതന്നാല്‍ നന്നായിരുന്നു. സങ്കടവാക്കില്‍ തീരുന്നതല്ല ഞങ്ങളോടുള്ള ലോകത്തിന്റെ ബാധ്യത. നിങ്ങളിലൊരാളെ പോലെ കൂടെ നിര്‍ത്തണം. യുക്രൈനിന്റെ യുദ്ധമുഖത്ത് എഴുത്തിനെ പടവാളാക്കിയ യുലിയ മസ്‌കോവ്‌സ്‌ക എന്ന കവയത്രി കനകക്കുന്നിലെ അക്ഷരോത്സവത്തിനിടെ എഴുത്തിനെ കുറിച്ചും യുദ്ധത്തെ കുറിച്ചും മാതൃഭൂമി ഡോട്‌കോമിനോട് സംസാരിക്കുന്നു.
യുക്രൈനില്‍ നിന്നുള്ള യുവ എഴുത്തുകാരി എന്ന നിലയില്‍ എങ്ങനെയാണ് 2014 മുതല്‍ ഇങ്ങോട്ടുള്ള ഓരോ യുക്രൈന്‍കാരുടേയും ജീവിതത്തെ നോക്കിക്കാണുന്നത്.
യുദ്ധം യുക്രൈനിനെ പിടിച്ചടക്കാനുള്ള ശ്രമം മാത്രമല്ല നടന്നത്. അതിനോടൊപ്പം ഓരോ യുക്രൈന്‍കാരുടേയും സ്വാതന്ത്ര്യത്തേയും സംസ്‌കാരത്തേയും പൂര്‍ണമായും ഇല്ലാതാക്കി. ഞങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ മനുഷ്യനെന്ന പരിഗണനപോലും നല്‍കാതെ തൂത്തെറിഞ്ഞുകളഞ്ഞു. ഞങ്ങളുടെ കുഞ്ഞുങ്ങളെ അമ്മയും അച്ഛനുമില്ലാത്തവരാക്കി. പലരേയും അനാഥാലയത്തിലേക്ക് വലിച്ചെറിഞ്ഞു. അതുവരെ ജീവിച്ചിരുന്നയിടത്ത് നിന്ന് പിഴുതെറിഞ്ഞു. പട്ടിണിക്കിട്ടു. എന്തിന് വേണ്ടിയായിരുന്നു. ഞങ്ങള്‍ എന്ത് തെറ്റ് ചെയ്തു. ആര്‍ക്കും ഉത്തരം തരാനില്ല. ഞാന്‍ യുദ്ധംബാധിച്ച യുക്രൈനില്‍ നിന്നുള്ള ജീവിക്കുന്ന തെളിവാണ്. എന്നോട് ചേര്‍ന്ന് നിന്നിരുന്നവരും എന്നോടൊപ്പം പഠിച്ചവരും ജോലിചെയ്തവരുമായ നിരവധി പേരാണ് യുദ്ധത്തിന് ഇരയായത്. അവര്‍ക്ക് വേണ്ടിയാണ് എന്റെ എഴുത്തുകള്‍.
ഒരെഴുത്തുകാരിയെന്ന നിലയില്‍ ഏത് തരം വെല്ലുവിളിയാണ് യുക്രൈനില്‍ ഇപ്പോള്‍ നേരിടുന്നത്.
എഴുത്തുകാരി എന്നതിനപ്പുറം അവിടേയുള്ള ഓരോ മനുഷ്യനും നേരിടുന്ന വെല്ലുവിളികള്‍ പറഞ്ഞറിയിക്കാനാവാത്തതാണ്. ഏത് നിമിഷവും എവിടെയും റഷ്യന്‍ മിസൈല്‍ പതിക്കാമെന്നും കണ്‍മുന്നില്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ ഉറ്റവരെ നഷ്ടപ്പെട്ടുപോവാമെന്നുമുള്ള ചിന്തയിലാണ് അവിടെയുള്ള ഓരോ മനുഷ്യനും ജീവിച്ച് തീര്‍ക്കുന്നത്. ഇത് പലതരം ട്രോമകളിലേക്ക് ആളുകളെ എത്തിച്ചിരിക്കുന്നു. ചുറ്റം മരണഭയം മാത്രമാണ്. അവസാനിക്കാത്ത പേടിയും ചിന്തയും മനുഷ്യരെ രോഗികളാക്കി. ഓരോ ദിവസവും മരണത്തിന്റെയും സ്‌ഫോടനത്തിന്റേയും വാര്‍ത്തകളാണ് മനുഷ്യരുടെ ചെവിയിലെത്തുന്നത്. ഒന്നുകില്‍ കൊല്ലപ്പെടുന്നവര്‍, അല്ലെങ്കില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍. പിന്നെങ്ങനെ സമാധാനത്തോടയുറങ്ങും. ഓരോ വീട്ടിലും യുദ്ധമേല്‍പ്പിച്ച കുഞ്ഞുമുറിവുകളെങ്കിലും ബാധിക്കാത്തവരായി ഇല്ലെന്ന് പറയേണ്ടി വരും. ഉറ്റവരെ നഷ്ടപ്പെട്ടവര്‍, ഒറ്റപ്പെട്ടവര്‍, യുദ്ധത്തിന്റെ ഇരുണ്ട യാഥാര്‍ഥ്യങ്ങളില്‍ നിന്ന് ഞങ്ങള്‍ക്ക് പുറത്തുവരാന്‍ കഴിയുന്നില്ല.
നിരപരാധികളായവരുടെ വീടുകള്‍ക്ക് മുകളിലാണ് ബോംബുകള്‍ വന്ന് വീഴുന്നത്. ഇത് അറിയാതെ സംഭവിക്കുന്നതല്ല. ജനങ്ങളെ പേടിപ്പിച്ച് ഭിതിയിലാക്കുക. അങ്ങനെ ഭീകരത പടര്‍ത്തുക. റഷ്യയുടെ ലക്ഷ്യം ഇതാണ്. അവര്‍ക്ക് ഞങ്ങളെ പേടിപ്പിച്ച് നിര്‍ത്തണം, അവര്‍ക്ക് ഞങ്ങളെയെന്നും നിരാശരും ഗതികെട്ടവരുമാക്കണം, അവര്‍ക്ക് ഞങ്ങളെ നിര്‍ജ്ജീവരാക്കി മാറ്റണം. അതും അവരുടെ യുദ്ധ തന്ത്രമാണ്.

യഥാര്‍ഥത്തില്‍ 2014 മുതല്‍ തുടങ്ങിയ യുദ്ധമാണ് ഇപ്പോഴും തുടരുന്നത്. പെട്ടെന്ന് തോല്‍പിക്കാമെന്ന് കരുതിയവര്‍ക്ക് തെറ്റിപ്പോയോ.
തീര്‍ച്ചയായും. ഞങ്ങള്‍ക്ക് ഞങ്ങളുടെ അന്തസ്സും സംസ്‌കാരവും തിരിച്ചുപിടിച്ചേ മതിയാവു. അതിന് കഴിയാവുന്ന രീതിയിലൊക്കെ ഞങ്ങള്‍ പോരാടുന്നുണ്ട്. പിടിച്ചടക്കുന്ന സ്ഥലങ്ങളില്‍ നിന്ന് ആയിരക്കണക്കിന് യുക്രൈനിയന്‍ കുട്ടികളെയാണ് റഷ്യ തട്ടിക്കൊണ്ടുപോവുന്നത്. അവര്‍ കൊല്ലപ്പെടുകയോ അനാഥരാക്കപ്പെടുകയോ ചെയ്യുന്നു. പുറത്ത് വരുന്നതിലും എത്രയോ ഇരട്ടിയാണ് ഇന്ന് യുക്രൈനിലെ കാര്യങ്ങള്‍.
എഴുത്തും ഒരു തരത്തിലുള്ള പ്രതിരോധമാണോ.
പോളിഷ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ലിവിവ് സിറ്റിയിലാണ് ഞാന്‍ താമസിക്കുന്നത്. താരതമ്യേന സുരക്ഷിതമെന്ന് കരുതുന്ന നഗരം. പക്ഷേ, അവിടെ പോലും എത്രയോ വട്ടമാണ് റഷ്യന്‍ മിസൈലുകള്‍ പതിച്ചത്. അതിന് ശേഷമാണ് സേഫ് പ്ലേസ് എന്ന പേരില്‍ ആദ്യ യുദ്ധകവിത എഴുതുന്നത്. ഞാനത് ഇംഗ്ലീഷിലാണ് എഴുതിയത്. യുക്രൈന്‍ ഭാഷയില്‍ അങ്ങനെയൊരു കവിതയെഴുതാന്‍ എനിക്ക് വാക്കുകള്‍ കിട്ടിയിരുന്നില്ല.
യുദ്ധം തുടങ്ങിയ ശേഷമാണ് ഇംഗ്ലീഷ് ഭാഷയെ ഞാന്‍ അത്രമേല്‍ ഇഷ്ടപ്പെട്ടത്. കാരണം നിങ്ങള്‍ സേഫ് ആണോയെന്ന് ചോദിച്ച് എത്രയോ പേരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എനിക്ക് സന്ദേശം അയച്ചിരുന്നത്. ഞാനവര്‍ക്ക് ഇംഗ്ലിഷില്‍ തന്ന മറുപടികൊടുക്കുകയും ചെയ്തു. അങ്ങനെ സേഫ് പ്ലേസ് എന്ന കവിത പിറന്നു. പിന്നീട് ഞാന്‍ യുദ്ധകവയത്രിയായി.
ഇന്ന് യുക്രൈനില്‍ സംഭവിച്ചത് നാളെ നിങ്ങളുടെ നാട്ടിലും സംഭവിക്കാം. എല്ലാ യുദ്ധ നിയമങ്ങളേയും കാറ്റില്‍പറത്തിയാണ് റഷ്യ യുക്രൈനില്‍ അധനിവേശം നടത്തുന്നത്. ഇന്ന് നോക്കി നില്‍ക്കുന്നവര്‍ നാളെ അനുഭവിക്കുക തന്നെ ചെയ്യും.
നിങ്ങളുടെ കവിതകള്‍ക്ക് യുദ്ധത്തിന്റെ ദുരിതമനുഭവിക്കുന്നവര്‍ക്ക് മറുമരുന്നാവാന്‍ കഴിയുന്നുണ്ടോ.
ഒരെഴുത്തുകാരിയെന്ന നിലയ്ക്ക് ഞാന്‍ അക്ഷരങ്ങളിലൂടെ പ്രകടിപ്പിക്കുന്നത് എന്റെ മാത്രം അനുഭവമല്ല. എന്റെ മാത്രം സങ്കടമല്ല. എന്റെ മാത്രം ദുഃഖമല്ല. അത് കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട, അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ട, കൂടെപ്പിറപ്പിനെ നഷ്ടപ്പെട്ട, പ്രിയതമനെ നഷ്ടപ്പെട്ടവരുടെ കൂടി വേദനയാണ്. ഒരുപക്ഷേ എന്റെ കവിതകള്‍ വായിക്കുമ്പോള്‍ അവര്‍ക്ക് തങ്ങള്‍ കടന്നുപോവുന്ന നിലവിലെ അവസ്ഥയെ കുറിച്ച് കൂടുതല്‍ ബോധവാന്‍മാരാവാന്‍ കഴിയുന്നുണ്ടാകും. സ്വന്തം അന്തസ്സും സംസ്‌കാരവും തിരിച്ച് പിടിക്കുക എന്നത് പരമലക്ഷ്യമാക്കി കാണാന്‍ അവരെ പ്രേരിപ്പിച്ചേക്കാം. ഐക്യത്തോടെ നില്‍ക്കേണ്ടതിനെ കുറിച്ചും ഒരുമിച്ച് പോരാടേണ്ടതിനെ കുറിച്ചും ഉള്‍വിളി കിട്ടിയിരിക്കാം. അങ്ങനെ സംഭവിച്ചത് കൊണ്ടാണ് യുദ്ധകവയത്രി എന്ന് വിളിക്കപ്പെടുന്നത്. അതില്‍ സന്തോഷം മാത്രമാണുള്ളത്.
റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ എതിര്‍ക്കുന്നവരായാല്‍ പോലും റഷ്യന്‍ എഴുത്തുകാര്‍ക്കൊപ്പം വേദി പങ്കിടില്ലെന്ന് നിലപാടെടുത്തതായി കേട്ടു. ശരിയാണോ.
എല്ലാ ദുഃഖത്തേയും ശരിയായി മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും കഴിയുന്നവരാണ് എഴുത്തുകാര്‍. പ്രത്യേകിച്ച് കവിതയെഴുതുന്നവര്‍. ഒരുപാട് റഷ്യന്‍ എഴുത്തുകാരുണ്ട്. വലിയ പുരസ്‌കാരങ്ങള്‍ നേടിയവര്‍. പക്ഷേ, യുദ്ധം തുടങ്ങി ഇക്കാലമത്രയും യുക്രൈനിലെ ജനങ്ങള്‍ക്ക് വേണ്ടി, പീഡിപ്പിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്ക് വേണ്ടി, അനാഥരാക്കപ്പെടുന്നവര്‍ക്ക് വേണ്ടി ഒരു വാക്കുപോലും അവര്‍ പറഞ്ഞിട്ടില്ല. ഒരുപക്ഷേ, അങ്ങനെ പറയുന്നതില്‍ അവര്‍ക്ക് ഭീഷണിയുണ്ടായിരിക്കാം. എങ്കിലും അവരോടൊപ്പം ഒരു വേദി പങ്കിടുക അല്ലെങ്കില്‍ ഒരുമേശയ്ക്ക് ചുറ്റുമിരിക്കുക എന്നത് എനിക്ക് ചിന്തിക്കുന്നതിലും അപ്പുറമാണ്. സ്വയം ചതിക്കപ്പെടുന്നതിന് സമാനമാണ്.
പതിനാറാം വയസ്സ് മുതല്‍ ഞാന്‍ എഴുതാന്‍ തുടങ്ങിയതാണ്. ഇന്നെനിക്ക് 43 വയസ്സായി. യുദ്ധത്തിന് ശേഷം ഞാന്‍ വേദനിക്കുന്നവര്‍ക്ക് വേണ്ടിയാണ് കവിതയെഴുതിയത്. അതെന്റെ എഴുത്തിനേയും ജീവതത്തേയും മാറ്റി. ഒരു തുള്ളി കണ്ണീര്‍ വീഴാതെ ഞങ്ങളെ കുറിച്ച് എനിക്ക് എഴുതാന്‍ കഴിയില്ല. അത്രമാത്രാണ് ഓരോ ദിവസവും അനുഭവിക്കുന്നത്. റഷ്യ നൂറ്റാണ്ടുകളായുള്ള ഞങ്ങളുടെ സംസ്‌കാരവും ഭാഷയും ഇല്ലാതാക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ഞങ്ങള്‍ ഇതുവരെ പ്രതിരോധിച്ച് നിന്ന രീതിയെ ഇന്ന് ലോകം അത്ഭുതത്തോടെ നോക്കിക്കാണുകയാണ്.
യുദ്ധാനന്തരം നിങ്ങള്‍ക്ക് വ്യക്തിപരമായ എന്തൊക്കെ നഷ്ടങ്ങളുണ്ടായി.
എനിക്കെന്റെ പ്രിയപ്പെട്ടവരെ ഒരുപാട്‌പേരെ നഷ്ടപ്പെട്ടു. കണ്‍മുന്നില്‍ പലരും അനാഥരാക്കപ്പെട്ടു. എന്റെ പ്രിയപ്പെട്ട സുഹൃത്തിന്റെ ഭര്‍ത്താവ് ഒലക്‌സാണ്ടര്‍ ഒസാര്‍ഡോ യുക്രൈന്‍ സൈന്യത്തില്‍ വളണ്ടിയറായി സേവനം ചെയ്യാന്‍ പോയ ഉടനെ കൊല്ലപ്പെട്ടു. അതോടെ അവളുടേയും കുട്ടികളുടേയും ജീവിതം തകര്‍ന്നു. മറ്റൊരു സഹപ്രവര്‍ത്തകനും സുഹൃത്തും സൈന്യത്തില്‍ സേവനം നടത്തവേ കൊല്ലപ്പെട്ടു. അവനും എഴുത്തുകാരനായിരുന്നു. ആദ്യ പുസ്തകം പബ്ലിഷ് ചെയ്ത ഉടനെയായിരുന്നു മരണം. അങ്ങനെ എത്രയോപേര്‍.
യുദ്ധം എന്ന് തീരുമെന്ന് ആര്‍ക്കുമറിയില്ല, നാളെ എന്ത് സംഭവിക്കുമെന്നുമറിയില്ല. ഇന്ന് ഓരോ യുക്രൈന്‍കാരനും പ്രതീക്ഷിക്കുന്നതെന്താണ്.
എന്ത് വിലകൊടുത്തും മരണം വരെ പോരാടുക. ഞങ്ങളുടെ സ്വപ്‌നങ്ങളേയും സംസ്‌കാരത്തേയും അന്തസ്സിനേയും ഞങ്ങളുടെ പ്രിയപ്പെട്ട ഇടത്തേയും തിരിച്ചുപിടുക്കുക. അതിന് ലോകരാജ്യങ്ങള്‍ കൈയഴിഞ്ഞ് സഹായിക്കുമെന്ന് ഓരോ യുക്രൈന്‍കാരനും പ്രതീക്ഷിക്കുന്നുണ്ട്.
Content Highlights: Ukrainian poet and translator Yuliya Musakovska tlaks about wat and her writing
Published: 07 Feb 2025, 08:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented