തിരുവനന്തപുരം: പുതിയ കാലത്ത് പാട്ടുകളുടെ ശൈലിയിലുണ്ടായ മാറ്റത്തിന് ആസ്വാദകർ കുറ്റക്കാരല്ലെന്ന് സംഗീത സംവിധായകൻ ബിജിബാൽ. പതിനെട്ടിനും ഇരുപത്തിയഞ്ചിനും ഇടയിൽ പ്രായമുള്ളവരാണ് ഏറ്റവും കൂടുതൽ പാട്ട് കേൾക്കുന്നതും സിനിമ കാണുന്നതും. അവർക്ക് ഏതെങ്കിലും ഒരു തരത്തിലുള്ള പാട്ടുകളാണ് ഇഷ്ടമെന്ന് പറഞ്ഞാൽ വിശ്വസിക്കില്ല. നമ്മൾ എന്ത് കൊടുക്കുന്നു എന്നതാണ് കാര്യം. മുൻവിധികളില്ലാതെ സംവിധായകർ എല്ലാ തരത്തിലുമുള്ള പാട്ടുകൾ നൽകണമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി അക്ഷരോത്സവത്തിൽ ഈണവും പാട്ടും എന്ന വിഷയത്തിൽ ഡോ. ബിനീത രഞ്ജിത്തുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം

To advertise here,

കവികളെയോ പാട്ടെഴുത്തുകാരയോ ഒരു മുറിയിൽ അടച്ചുപൂട്ടുന്ന ചിന്തയുണ്ടെന്നും അത് ശരിയല്ലെന്നും ബിജിബാൽ കൂട്ടിച്ചേർത്തു. 'ബുദ്ധികൊണ്ട് സ്വതന്ത്രരായവരാണ് അവർ. ജീവിതശൈലിയും വിശ്വാസസംഹിതയുമെല്ലാം ഉണ്ടാകുമെങ്കിലും ഭാഷയും സമീപിക്കുന്ന വിഷയവുമാണ് അപ്പോൾ അവർ സ്നേഹിക്കുക. തങ്കം സിനിമയിലെ ദേവീ നീയേ... എന്ന ഭക്തിസാന്ദ്രമായ പാട്ട് എഴുതാൻ അങ്ങനെയാണ് അൻവർ അലിയെ സമീപിക്കുന്നത്. എഴുതി പ്രകാശിപ്പിക്കാത്ത ഒരാളെ തേടുകയായിരുന്നു ഉദ്ദേശം. പല സുഖദുഃഖ പലാശികൾ പടരുമൊരാത്മ വനാന്തവസന്ത ഋതോ എന്നാണ് അദ്ദേഹം എഴുതിയത്. പല സുഖദുഃഖങ്ങൾ ആകുന്ന ശിഖരങ്ങൾ പടർന്നു കിടക്കുന്ന മനസിനകത്തെ വനത്തിനുള്ളിലെ വസന്തമെന്ന ഋതുവേ എന്നാണ് ദേവിയെ വിളിക്കുന്നത്. അത്തരത്തിൽ ദേവിയെ വിളിക്കുന്ന മറ്റേന്ത് കവിയുണ്ട്', ബിജിബാൽ പറഞ്ഞു

എല്ലാ തരം പാട്ടുകളും കേൾക്കുന്ന ഒരു കാലം ഉണ്ടായിരുന്നുവെന്നും അത് ഇനിയും വരുമെന്നും ബിജിബാൽ അഭിപ്രായപ്പെട്ടു. പണ്ട് ഓൾഡ് ഈസ്‌ ഗോൾഡ് വാദികൾ ഉണ്ടായിരുന്നു. എല്ലാം അംഗീകരിക്കാനുള്ള കഴിവ് നമുക്ക് പലപ്പോഴും കുറവാണല്ലോ. സത്യത്തിൽ എല്ലാം കേൾക്കണം. എല്ലാം ആസ്വദിക്കണമെന്നും അദ്ദേഹം പറഞ്ഞു.