'ചില ഗാനങ്ങൾ നമുക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്ന് തോന്നും', എസ്. ജാനകിയുടെ വാക്കുകൾ. 'എന്തെല്ലാം പ്രതിബന്ധങ്ങളും പ്രതിസന്ധികളും ഉണ്ടായാലും ആ പാട്ടുകൾ നമ്മളെത്തന്നെ തേടിവരും; ഈശ്വരനിയോഗം പോലെ. എന്റെ ജീവിതത്തിൽ അത്തരം അനുഭവങ്ങൾ നിരവധിയുണ്ട്.'

To advertise here,

1970-ലാണ്. ഒരു ഗാനമേളയ്ക്ക് മുംബൈയിൽ എത്തിയതായിരുന്നു ജാനകിയും ഭർത്താവ് രാമപ്രസാദും; പാടാനല്ല, വെറുതെ സ്റ്റേജിൽ നിൽക്കാൻ.

'നേരത്തെ ഏറ്റുപോയതുകൊണ്ട് മാത്രമായിരുന്നു ആ മുംബൈ യാത്ര. ചെന്നൈയിൽനിന്ന് പുറപ്പെടുമ്പോൾ പനിച്ചു വിറക്കുകയായിരുന്നു ഞാൻ. മുംബൈയിലെത്തിയപ്പോൾ അസുഖം നിയന്ത്രണാതീതമായി. നിൽക്കാനും ഇരിക്കാനും വയ്യാത്ത അവസ്ഥ.'

പക്ഷേ ഗാനമേളയുടെ സംഘാടകരുണ്ടോ വിടുന്നു? 'അമ്മ പാടേണ്ട, വെറുതെ സ്റ്റേജിൽ വന്ന് നിന്നാൽ മതി' എന്നായിരുന്നു അവരുടെ അപേക്ഷ. 'നേരത്തെ പരസ്യം ചെയ്തുപോയി. ഞങ്ങൾ കളവ് പറയുകയല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ വേണ്ടിയെങ്കിലും അമ്മ വേദിയിൽ വന്നുനിൽക്കണം; ഒരൊറ്റ തവണയെങ്കിലും...' സംഘാടകർ നിർബന്ധിച്ചപ്പോൾ വഴങ്ങാതിരിക്കാനായില്ല ജാനകിക്കും രാമപ്രസാദിനും. 'ഒടുവിൽ രണ്ടു ലേഡി ഡോക്ടർമാരുടെ സഹായത്തോടെ ഞാൻ സ്റ്റേജിലെത്തി. സദസ്സിനെ നോക്കി കഷ്ടിച്ചൊന്നു തൊഴുതുവെന്ന് വരുത്തി വേഗം തിരിച്ചിറങ്ങി. എങ്ങനെയെങ്കിലും മുറിയിൽ ചെന്നൊന്ന് കിടന്നാൽ മതി എന്ന അവസ്ഥയിലായിരുന്നു ഞാൻ', ജാനകി പറഞ്ഞു.

പിറ്റേന്നുതന്നെ ചെന്നൈയിലേക്ക് മടങ്ങിപ്പോയേ പറ്റൂ. എന്നാൽ ഒരു പ്രശ്‌നമുണ്ട്. മദ്രാസിൽ ചുഴലിക്കാറ്റ് വീശിയടിക്കുന്ന സമയമാണ്. വിമാന സർവീസുകൾ പലതും റദ്ദാക്കിയിരുന്നു. 'സ്വാഭാവികമായും ഞങ്ങളുടെ യാത്ര നീണ്ടു. ആയിടക്കാണ് പുതിയൊരു മലയാളസിനിമയുടെ ആളുകൾ കാണാനെത്തുന്നത്. മുംബൈ മലയാളികളാണ്. ഹിന്ദിയിലെ പ്രശസ്ത സംഗീത സംവിധായിക ഉഷാ ഖന്നയാണ് സ്വന്തം പടത്തിൽ പാട്ടുകൾ ഒരുക്കുന്നതെന്നും അവയിൽ മൂന്നെണ്ണം പാടേണ്ടത് ഞാനാണെന്നും അവർ പറഞ്ഞു കേട്ടപ്പോൾ സോറി പറഞ്ഞ് ഒഴിഞ്ഞുമാറുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. പനിച്ചു വിറച്ച് കിടക്കയിൽ കിടന്നുരുളുന്ന എനിക്ക് എങ്ങനെ സ്റ്റുഡിയോയിൽ ചെന്ന് പാടാനാകും? മാത്രമല്ല അസുഖം ഒരു പരിധിയോളം ശബ്ദത്തേയും ബാധിച്ചിരുന്നു. പാടാൻ നിവൃത്തിയില്ലെന്ന് ഭർത്താവും പറഞ്ഞതോടെ മനസ്സില്ലാമനസ്സോടെ തിരിച്ചുപോകേണ്ടി വന്നു അവർക്ക്.'

ഹിന്ദിയിൽ നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ ഒരുക്കിയിട്ടുള്ള ഉഷ ഖന്നയ്ക്ക് വേണ്ടി പാടാൻ കഴിയാത്തതിൽ സങ്കടം തോന്നിയെന്നത് സത്യം. എന്തു ചെയ്യാം? വേറെ വഴിയില്ലല്ലോ.

എന്നാൽ കാര്യങ്ങൾ അവിടെ അവസാനിച്ചില്ല. ജാനകിയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ അന്ന് മുംബൈയിലുണ്ട്- അരുണ മൂർത്തി. വിവരമറിഞ്ഞതും ജാനകി താമസിക്കുന്ന ഹോട്ടൽ മുറിയിൽ പാഞ്ഞെത്തി അരുണ. 'ഉഷ ഖന്നയുടെ പാട്ടുകളാണ്. ഒട്ടും മോശമാവില്ല. ഇതൊരു സുവർണാവസരമാണ്. നഷ്ടപ്പെടുത്തരുത്. പാടിയേ പറ്റൂ. എന്ത് സഹായത്തിനും ഞാൻ ഒപ്പമുണ്ടാകും. നീ ധൈര്യമായി പാടിയാൽ മാത്രം മതി'. അരുണ നിർബന്ധിച്ചപ്പോൾ വയ്യ എന്ന് പറയാൻ തോന്നിയില്ലെന്ന് ജാനകി. 'അത്രയും സ്‌നേഹമായിരുന്നു അവൾക്ക് എന്നോട്.'

പിറ്റേന്ന് തന്നെ അരുണയുടെ വീട്ടിലേക്ക് ജാനകിയമ്മ താമസം മാറ്റി. 'പിന്നീടങ്ങോട്ട് പൂർണ്ണമായും അവളുടെ പരിചരണത്തിലായിരുന്നു ഞാൻ. സ്വന്തം മകളെയെന്ന പോലെ അവളെന്നെ ശുശ്രൂഷിച്ചു. ഇടക്കിടെ ഹോർലിക്സും ഗ്ലൂക്കോസുമൊക്കെ കലക്കിത്തന്നു, കൃത്യമായി മരുന്നുകൾ എടുത്തുതന്നു. പിറ്റേന്നത്തേക്ക് ഒരു വിധം എണീറ്റ് നിൽക്കാനുള്ള ശേഷി വീണ്ടുകിട്ടി. മനസ്സിന്റെ സന്തോഷം കൂടിയുണ്ടാവണം അതിന് പിന്നിൽ. അരുണയോടൊപ്പം രണ്ടും കൽപ്പിച്ചു സ്റ്റുഡിയോയിൽ ചെന്നത് അങ്ങനെയാണ്.'

ഫേമസ് സ്റ്റുഡിയോയിലാണ് റെക്കോർഡിങ്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഗാനലേഖനനിലയങ്ങളിലൊന്ന്. ആദരണീയനായ മിനു ഖാത്രക് ആണ് അവിടെ സൗണ്ട് എഞ്ചിനീയർ. മുഹമ്മദ് റഫിയുടേയും ലത മങ്കേഷ്‌കറുടെയുമൊക്കെ എണ്ണമറ്റ ക്ലാസ്സിക് ഗാനങ്ങൾ ആലേഖനം ചെയ്ത പ്രഗത്ഭൻ.

'എന്റെ അവസ്ഥ കണ്ട് അദ്ദേഹത്തിന് സഹതാപം തോന്നി. സ്റ്റുഡിയോയിലെ വിശ്രമമുറിയിലുള്ള സോഫയിൽ ചെന്ന് കിടന്നുകൊള്ളാൻ അദ്ദേഹം എനിക്ക് അനുമതി തന്നു. ആവശ്യമുള്ളപ്പോൾ വിളിക്കാം, അപ്പോൾ എണീറ്റു വന്നാൽ മതി- ഖാത്രക് ജി പറഞ്ഞു. അപ്പോഴും പാട്ടുകൾ പാടി ഫലിപ്പിക്കാൻ കഴിയുമെന്ന് വിശ്വാസമുണ്ടായിരുന്നില്ല എനിക്ക്.'

ഓരോ തവണയും റെക്കോർഡിംഗിന്റെ ഘട്ടമെത്തുമ്പോൾ ജാനകിയെ വിളിച്ചുവരുത്തും ഖാത്രക്. വിറച്ചു വിറച്ച് അരുണയുടെ ചുമലിൽ ചാഞ്ഞ് മൈക്കിനു മുന്നിൽ എത്തും ജാനകി. 'കാര്യമായ റിഹേഴ്സലൊന്നും ഉണ്ടായില്ല. ചുരുങ്ങിയ സമയത്തിലാണ് പാട്ടു പഠിച്ചെടുത്തത്. എങ്ങനെയും റെക്കോർഡിങ് ഒന്ന് അവസാനിച്ചുകിട്ടിയാൽ മതി എന്നാണല്ലോ അപ്പോഴത്തെ ചിന്ത. ദൈവാനുഗ്രഹത്താൽ മൈക്കിന് മുന്നിലെത്തിയാൽ ഞാൻ എല്ലാ തളർച്ചയും മറക്കും. സർവശക്തിയും സംഭരിച്ചു പാടും. മൂന്ന് പാട്ടും അങ്ങനെ റെക്കോർഡ് ചെയ്തു തിരികെ സോഫയിൽ വന്ന് കിടന്നതേ ഓർമയുള്ളൂ. ഉണർന്നപ്പോൾ തൊട്ടരികെ ഇരിക്കുന്നു അരുണ; ഒരു കുസൃതിച്ചിരിയുമായി'.

അന്ന് ജാനകിയുടെ ശബ്ദത്തിൽ റെക്കോർഡ് ചെയ്യപ്പെട്ട ഗാനങ്ങൾ ഏതെന്നല്ലേ? 'മൂടൽമഞ്ഞ് ' എന്ന ചിത്രത്തിലെ ഉണരൂ വേഗം നീ സുമറാണി, മാനസ മണിവേണുവിൽ ഗാനം പകർന്നൂ ഭവാൻ, മുകിലേ വിണ്ണിലായാലും കണ്ണീരു തൂകൂ നീ.... മലയാള സിനിമാ ചരിത്രത്തിലെ തന്നെ എക്കാലത്തേയും ഹിറ്റുകൾ.

റെക്കോർഡിങ് കഴിഞ്ഞു ടേപ്പിട്ട് പാട്ട് കേൾപ്പിച്ചപ്പോൾ ഓർക്കസ്ട്രക്കാർ ഒന്നടങ്കം എണീറ്റ് നിന്ന് കയ്യടിച്ചതോർക്കുന്നു. അവരിൽ ഒരാളുടെ മുഖം എന്നും മനസ്സിൽ സൂക്ഷിച്ചു ജാനകി: പുല്ലാങ്കുഴൽ വാദകനായ ഹരിപ്രസാദ് ചൗരസ്യ എന്ന യുവാവിന്റെ. 'മാഡം, നാട്ടിലേക്ക് പെട്ടെന്ന് തിരിച്ചുപോകരുത്. നിങ്ങളെ ഹിന്ദി സിനിമക്ക് ആവശ്യമുണ്ട്', അദ്ദേഹം പറഞ്ഞു. ഒപ്പം ഒരു സ്‌നേഹവാഗ്ദാനവും. 'വേണമെങ്കിൽ നിങ്ങൾക്കും ഭർത്താവിനും എന്റെ വീട്ടിൽ താമസിക്കാം.'

എന്ത് ചെയ്യാം? തെന്നിന്ത്യൻ ഭാഷകളിലെ തിരക്കേറിയ ഗായികക്ക് ചെന്നൈയിൽ തന്നെയും കാത്തിരിക്കുന്ന സംഗീത സംവിധായകരെ നിരാശരാക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും വയ്യ. ഒന്നു രണ്ടു നാൾ കൂടി മുംബൈയിൽ തങ്ങിയ ശേഷം തിരികെ ചെന്നൈയിലേക്ക് പറക്കുന്നു ജാനകി.

നാട്ടിലെത്തിയ ശേഷമുണ്ടായ ഒരനുഭവം കൂടി ചിരിച്ചുകൊണ്ട് വിവരിച്ചു ജാനകി. നേരത്തെ ഏറ്റുപോയ പാട്ടുകൾ പാടിത്തീർക്കാൻ സ്റ്റുഡിയോയിലെത്തിയ ജാനകിയുടെ മുഖത്തെ ക്ഷീണം കണ്ട് പരിഭ്രമിച്ച നിർമാതാക്കൾ രണ്ടാമതൊന്ന് ആലോചിക്കാതെ റെക്കോർഡിങ്ങുകൾ ക്യാൻസൽ ചെയ്തുകളഞ്ഞു. 'അവിടെ അങ്ങനെ, ഇവിടെ ഇങ്ങനെ...', ചിരിച്ചുകൊണ്ട് ജാനകി പറഞ്ഞു.