നിലവിലെ കോണ്‍ഗ്രസ് നേതൃത്വത്തിലെ ആരും തന്നോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും പൂര്‍ണമായും മുറിച്ചുമാറ്റപ്പെട്ടിരിക്കുകയാണെന്നും മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മണിശങ്കര്‍ അയ്യര്‍. രാഹുല്‍ ഗാന്ധിക്ക് സ്വന്തം തലമുറയെ വേണം എന്ന് ഞാന്‍ വിചാരിക്കുന്നു, ഒപ്പമുള്ളവരൊക്കെ 60 വയസ്സിന് താഴെയുള്ളവരാണ്. ഞാന്‍ അദ്ദേഹത്തിന്റെ പിതാവിന്റെ വളരെ അടുത്തു പ്രവര്‍ത്തിച്ച ആളാണ്. എന്നെ ഒരുപക്ഷേ അദ്ദേഹം ഒരു ജുറാസിക് പാര്‍ക്കിലെ ആളായിട്ട്, ഒരു പഴയ 80-കളിലെ ഒരു ഡൈനോസര്‍ ആയി കാണുന്നുണ്ട്. അതുകൊണ്ടാവണം അദ്ദേഹം ശ്രദ്ധിക്കാത്തത്. രാഷ്ട്രീയപരമായി ഞാന്‍ പ്രസക്തനാണ് എന്ന് അദ്ദേഹം കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിനെത്തിയ മണിശങ്കര്‍ അയ്യര്‍ സംസാരിക്കുന്നു
? പാകിസ്താനിലെ ലാഹോറിലാണ് അങ്ങ് ജനിച്ചത്
എന്റെ അച്ഛന്‍ വൈദ്യനാഥശങ്കര്‍ അയ്യര്‍ ചെന്നൈയിലെ പച്ചയ്യപ്പാസ് കോളേജില്‍ നിന്നും 1927-ല്‍ ബിരുദം നേടിയ ആളാണ്. അക്കാലത്ത് തമിഴ്നാട്ടില്‍ ബ്രാഹ്‌മണവിരുദ്ധ പ്രസ്ഥാനം കത്തുകയായിരുന്നു. ബ്രാഹ്‌മണന്‍ എന്ന നിലയ്ക്ക് തമിഴ്നാട്ടില്‍ ജോലി കിട്ടുകയില്ല എന്ന് കരുതിയ അദ്ദേഹം ഒരു തീവണ്ടിയില്‍ കയറി അത് നില്‍ക്കുന്നിടത്ത് ഇറങ്ങാമെന്ന് തീരുമാനിച്ചു. എത്തിയത് ലാഹോറില്‍, അവിടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയി 20 വര്‍ഷം ജീവിച്ചു.
? അങ്ങയുടെ പിതാവ് ബ്രാഹ്‌മണവിരുദ്ധത കാരണം തമിഴ്നാട്ടില്‍ നിന്നും കുടിയേറി. ഇപ്പോള്‍ അങ്ങ് മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവാണ്. എന്താണ് ഈ പരിവര്‍ത്തനത്തിനു പിന്നില്‍
എനിക്ക് ആറു വയസ്സുള്ളപ്പോഴാണ് ഇന്ത്യയുടെ വിഭജനം നടക്കുന്നത്. ഓഗസ്റ്റ് പതിനാലാം തീയതി പാകിസ്താന്‍ പിറക്കുന്ന ദിവസം അച്ഛന്‍ ലാഹോറില്‍ ആയിരുന്നു. അമ്മയും ഞാനടക്കം നാലു മക്കളും ഷിംലയിലും. അങ്ങനെ രണ്ടു വ്യത്യസ്ത രാജ്യങ്ങളിലാണ് ഞങ്ങള്‍ സ്വാതന്ത്ര്യം ആഘോഷിച്ചത്. എന്റെ അച്ഛന്റെ ഇടപാടുകാരൊക്കെ ഇന്നത്തെ പടിഞ്ഞാറന്‍ പാകിസ്താനില്‍ ആയിരുന്നു. അദ്ദേഹം വിചാരിച്ചു, പാകിസ്താനി ആകാന്‍ കഴിയുമെങ്കില്‍ എന്തിനാണ് ഇന്ത്യയിലേക്ക് പോകുന്നതെന്ന്. ഓഗസ്റ്റ് പതിനേഴാം തീയതി റാഡ്ക്ലിഫ് റിപ്പോര്‍ട്ട് വന്നു. അതില്‍ വ്യക്തമായിരുന്നു ലാഹോര്‍ പാകിസ്താനില്‍ ആകുമെന്ന്.
ലാഹോര്‍ നഗരത്തില്‍ ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കുമായിരുന്നു നേരിയ ഭൂരിപക്ഷം. പക്ഷേ ഒരു ജില്ല എന്ന നിലയ്ക്ക് അത് 90 ശതമാനം മുസ്ലിംകള്‍ ആയിരുന്നു. കൊല്‍ക്കത്ത കിഴക്കന്‍ പാകിസ്താനു വിട്ടുകൊടുത്താല്‍ ലാഹോര്‍ ഇന്ത്യയ്ക്ക് നല്‍കാം എന്ന് ജിന്ന റാഡ്ക്ലിഫിനോടു പറഞ്ഞിരുന്നു. ഈ അനിശ്ചിതത്വത്തിനിടെ
തീവ്രവാദികള്‍ പരസ്പരം കൊല്ലുന്ന പരിപാടി തുടങ്ങി. അങ്ങനെ അയല്‍പക്കത്തുള്ള ഒരു പച്ചക്കറിക്കടക്കാരന്‍ അച്ഛനോട് പറഞ്ഞു, വീട്ടില്‍ വലിയൊരു താഴിട്ടു പൂട്ടൂ, അങ്ങ് ഹിന്ദുസ്ഥാനിലേക്ക് പോയെന്ന് ഞാന്‍ എല്ലാവരോടും പറയാം. അങ്ങ് അവിടെ താമസം തുടരണം. പുലര്‍ച്ചെ മൂന്നുമണി ആവുമ്പോള്‍ ഞാന്‍ പിന്‍വാതില്‍ വഴി അങ്ങേയ്ക്ക് ആവശ്യമുള്ള സാധനങ്ങള്‍ എത്തിക്കാം, ഈ ഭ്രാന്ത് കഴിയുമ്പോള്‍ കണക്ക് തീര്‍ക്കാമെന്ന്. അങ്ങനെയാണ് അച്ഛന്‍ ഓഗസ്റ്റ് 14 മുതല്‍ 17 വരെ അവിടെ തുടര്‍ന്നത്. റാഡ്ക്ലിഫ് റിപ്പോര്‍ട്ട് വന്ന ശേഷം, പതിനേഴാം തീയതി പുലര്‍ച്ചെ മൂന്നുമണിക്ക് ഇതേ പച്ചക്കറിക്കടക്കാരന്‍ ഒരു കത്തിയുമായി വന്ന് അച്ഛനെ ഭീഷണിപ്പെടുത്തി. അച്ഛന്‍ വാതില്‍ വലിച്ചടച്ചു. ഞാന്‍ എപ്പോഴും ആശ്ചര്യപ്പെടാറുണ്ട്, ആ മനുഷ്യന്‍ അച്ഛനെ കൊല്ലാന്‍ ശ്രമിക്കുകയായിരുന്നോ, അതോ അദ്ദേഹം പുലര്‍ച്ചെ മൂന്നുമണിക്ക് നമ്മുടെ വീട്ടിലേക്ക് വരുന്നത് കണ്ടുപിടിക്കപ്പെട്ടതിനെ തുടര്‍ന്ന് താനും അവരില്‍ ഒരാളാണ്, ഹിന്ദുവിനെ കൊല്ലാന്‍ നടക്കുന്ന ആളാണ് എന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചതാണോ എന്ന്.
അച്ഛന്‍ പിന്നീട് ഇന്ത്യയിലേക്ക് രക്ഷപ്പെട്ടു, ഡല്‍ഹിയില്‍ ജീവിതം തുടങ്ങി. ജീവിതത്തില്‍ അന്നേവരെ ചെയ്ത എല്ലാ പാപങ്ങളും തന്റെ മേല്‍ പതിച്ച ദിവസത്തെക്കുറിച്ച് അച്ഛന്‍ എന്നോടു പറഞ്ഞു. സെപ്റ്റംബര്‍ 1947 ഡല്‍ഹിയില്‍ നടന്ന കലാപ കാലത്ത് അഭയം തേടിയ ചിറ്റപ്പയുടെ വീട്ടിന്റെ ബാല്‍ക്കണിയില്‍ നിന്നും ആ കാഴ്ച കണ്ടു. 13 വയസ്സുള്ള ഒരു മുസ്ലിം കുട്ടി ജീവനുവേണ്ടി അപേക്ഷിച്ചു, ഞാന്‍ രാമനോ കൃഷ്ണനോ നിങ്ങള്‍ പറയുന്നത് എന്തോ അതു പറയാം, എന്നെ കൊല്ലരുത് എന്ന്. പക്ഷേ ഹിന്ദുക്കള്‍ അദ്ദേഹത്തിന്റെ കഴുത്തറുത്തു.
അങ്ങനെ ഞാന്‍ ഇരുവശവും കണ്ടിട്ടുണ്ട്. എനിക്ക് തോന്നുന്നത് ഇന്ത്യയില്‍ നിങ്ങള്‍ക്ക് ചെയ്യാവുന്ന ഏറ്റവും വിഡ്ഢിത്തം നിറഞ്ഞ കാര്യം മതഭ്രാന്ത് ഇളക്കി വിടുകയാണ്. കാരണം, ഏതെങ്കിലും ഒരു മതത്തിന്റെ പേരിലുള്ള ഭ്രാന്ത് വൈകാതെ എതിര്‍മതത്തിനെതിരായ വിദ്വേഷപ്രചാരണം ആയി മാറും. അതുകൊണ്ടാണ് വളരെ അപകടം പിടിച്ച ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത് എന്നു ഞാന്‍ കരുതുന്നത്. മോദിയും അദ്ദേഹത്തിന്റെ അനുയായികളും ഒരു നല്ല ഹിന്ദു മുസ്ലീങ്ങളെ വെറുക്കുന്നവന്‍ ആയിരിക്കണം എന്നാണ് വിവരിക്കുന്നത്.
? പിന്തിരിഞ്ഞു നോക്കുമ്പോള്‍ ഇന്ത്യ വിഭജനം ശരിയായ കാര്യമായി തോന്നുന്നുണ്ടോ
വളരെ ഭയാനകമായ തെറ്റായിരുന്നു അത്. ആ തെറ്റുവരുത്തിയത് ഇതുമായി ബന്ധപ്പെട്ട എല്ലാവരും ചേര്‍ന്നാണെന്ന് ഞാന്‍ കരുതുന്നു. ഗാന്ധിജി പറഞ്ഞിരുന്നു തന്റെ ശവശരീരത്തിന് മേലെ മാത്രമേ വിഭജനം അനുവദിക്കൂവെന്ന്. പക്ഷേ വിഭജനസമയത്ത് അദ്ദേഹം ജീവനോടെ ഉണ്ടായിരുന്നു. നെഹ്റു വിഭജനത്തിന് തത്വത്തില്‍ എതിരായിരുന്നു. പക്ഷേ ജിന്നയുടെ ഡയറക്ട് ആക്ഷന്‍ ഡേയ്ക്കുശേഷം വിഭജനമല്ലാതെ മറ്റൊരു ബദല്‍ ഇല്ലെന്ന് അദ്ദേഹത്തിന് .തോന്നി. സര്‍ദാര്‍ പട്ടേല്‍ 1946-ല്‍ തന്നെ വിഭജനമാണ് പരിഹാരം എന്ന തീരുമാനത്തിലെത്തിയിരുന്നു. ബ്രിട്ടീഷുകാര്‍ കോണ്‍ഗ്രസിനെയും മുസ്ലിം ലീഗിനെയും തമ്മിലടിപ്പിച്ച് ഇന്ത്യാവിഭജനം സ്വാതന്ത്ര്യത്തിനുള്ള വിലയായി ഇന്ത്യയില്‍ നിന്ന് ഈടാക്കാമെന്ന് കണ്ടത്തി.
ഡോക്ടര്‍ അംബേദ്കര്‍ പാകിസ്താന്‍ അല്ലാതെ ബദല്‍ ഇല്ല എന്ന് ഏറെക്കുറെ വാദിക്കുന്ന പുസ്തകം എഴുതി. ചരിത്രത്തിലെ ഒരു നിര്‍ണായക മുഹൂര്‍ത്തം ആയിരുന്നു അത്, പാകിസ്താന്‍ അല്ലാതെ മറ്റൊരു പോംവഴിയും ഇല്ലായിരുന്നു. അതിനര്‍ത്ഥം നമ്മള്‍ ഇരുപതും ഇരുപത്തിയൊന്നും നൂറ്റാണ്ടുകളില്‍ ജീവിക്കുന്നവര്‍ക്ക് വിഭജനം നടക്കാന്‍ പാടില്ലായിരുന്നു എന്നു പറയാന്‍ അവകാശമില്ല എന്നല്ല. അത് സംഭവിച്ച നിലയ്ക്ക് നാം ഇന്ത്യയ്ക്കും പാകിസ്താനും ഇടയ്ക്ക് നല്ല അടുപ്പമുള്ള ബന്ധത്തിന് വേണ്ടി പ്രയത്നിക്കണം. പാകിസ്താന്‍ എത്ര വേണമെങ്കിലും ഇസ്ലാമിക രാഷ്ട്രം ആയിക്കോട്ടെ, പക്ഷേ ഇന്ത്യ ഹിന്ദു രാഷ്ട്രം ആവുകയില്ല, മതനിരപേക്ഷ രാഷ്ട്രമാകും എന്ന് നെഹ്റു തീരുമാനിച്ചു. അതിനെ നമ്മള്‍ പിന്തുണയ്ക്കണം.
? 2014-ല്‍ മോദി അധികാരത്തില്‍ വന്നശേഷം താങ്കള്‍ പാകിസ്താനില്‍ പോയി മോദിയെ താഴെ ഇറക്കാന്‍ അവരുടെ സഹായം തേടി എന്ന രീതിയില്‍ വിവാദമുണ്ടായിരുന്നു. താങ്കള്‍ ശരിക്കും ആ പ്രസ്താവന നടത്തിയോ
ഇത് തികച്ചും വളച്ചൊടിക്കപ്പെട്ടതാണ്. ഹിന്ദിയില്‍ നിങ്ങള്‍ എന്ന് പറയുമ്പോള്‍ നമുക്ക് എതിരെ ഇരിക്കുന്ന ആളെ മാത്രമല്ല ഉദ്ദേശിക്കുന്നത്. എന്നോട് എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ച ആളിനോട് ഞാന്‍ പറഞ്ഞു, നിങ്ങള്‍ ആദ്യം മോദിയെ താഴെ ഇറക്കണമെന്ന്. ബിജെപി അവിടെ നിര്‍ത്തി. അഭിമുഖകാരന്‍ ചോദിച്ചു, എന്താണ് നിങ്ങള്‍ എന്നതുകൊണ്ട് ഉദ്ദേശിച്ചത് ഐഎസ്ഐ ആണോ എന്ന്. ഞാന്‍ അല്ലെന്നു പറഞ്ഞു. നമ്മളാണ് മോദിയെ താഴെ ഇറക്കേണ്ടത്. വരുന്ന നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ നമ്മള്‍ അത് ചെയ്യും, അടുത്ത ഇലക്ഷന്‍ നടക്കുമ്പോള്‍. പക്ഷേ അവര്‍ സൗകര്യം പോലെ മുറിച്ചെടുത്തിട്ട് മണിശങ്കരയ്യര്‍ തന്നെ കൊല്ലാന്‍ സുപാരി (ക്വൊട്ടേഷന്‍) കൊടുത്തിരിക്കുകയാണ് എന്ന് ആരോപിക്കുന്നു. അയാള്‍ കള്ളം പറയുന്നവന്‍ ആണ്, അദ്ദേഹം സംസാരിക്കുന്നത് മാഫിയാഭാഷയിലാണ്. അദ്ദേഹം അഭിമാനത്തോടെ പറയുന്നു, മണിശങ്കര്‍ പാകിസ്താനികളോട് തന്നെ ഇല്ലാതാക്കാനുള്ള ഒരു ഗൂഢാലോചന നടത്താന്‍ ആവശ്യപ്പെട്ടു എന്ന്. അസംബന്ധമാണത്. സമ്പൂര്‍ണ അസംബന്ധം. മോദിയെയും ഷായെയും പ്രതിനിധീകരിക്കുന്നത് അതാണ്.
അവര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ കീഴേയറ്റത്തെത്തിച്ചിരിക്കുന്നു. എതിര്‍ക്കാന്‍ ആരും കാര്യമായൊന്നും ചെയ്യുന്നില്ല. അത് നിങ്ങള്‍ക്ക് ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലത്തില്‍ കാണാം. ആം ആദ്മി പാര്‍ട്ടിയെയും ബിജെപിയും ഒരുമിച്ച് എതിര്‍ത്തതിലൂടെ നമുക്ക് വലിയൊരു തെറ്റുപറ്റി എന്നാണ് ഞാന്‍ വിചാരിക്കുന്നത്, അതിന്റെ ഫലം നമുക്ക് സീറ്റൊന്നും കിട്ടിയില്ല. ഹരിയാണയില്‍ സംഭവിച്ച പിഴവ് ആവര്‍ത്തിച്ചു. ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ആരും എന്റെ അഭിപ്രായം തേടുന്നില്ല. എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയുമായിരുന്നു, ഇന്ത്യാസഖ്യത്തിന്റെ പേരില്‍ നമ്മള്‍ ആം ആദ്മി പാര്‍ട്ടിക്കൊപ്പം ഡല്‍ഹി തിരഞ്ഞെടുപ്പില്‍ മത്സരിക്കണമായിരുന്നു എന്ന്. പ്രാദേശിക പാര്‍ട്ടികളെ പരാജയപ്പെടുത്തുന്നതാകരുത് നമ്മുടെ മുന്‍ഗണന. നമ്മുടെ തന്ത്രപരമായ ലക്ഷ്യം ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നതാവണമായിരുന്നു. ഗാന്ധിയുടെയും നെഹ്റുവിന്റെയും ഇന്ത്യ എന്ന ആശയത്തെ വെല്ലുവിളിക്കുന്നത് ബി.ജെ.പിയാണ്. അതുകൊണ്ട് ഇന്ത്യയുടെ സ്വത്വത്തെ രക്ഷിക്കുന്നതിനായി നമ്മള്‍ ബിജെപിയുടെ പരാജയം ഉറപ്പിക്കണമായിരുന്നു
കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പിലെയും ദേശീയതലത്തിലെ കണക്കുകള്‍ നോക്കിയാല്‍ ബിജെപിക്ക് വോട്ട് ചെയ്തിരിക്കുന്നത് സമ്മതിദായകരുടെ മൂന്നിലൊന്നാണ്. ബാക്കി മൂന്നില്‍ രണ്ടിനെയും നമ്മള്‍ ഒരുമിപ്പിച്ചാല്‍ ബിജെപി പിറ്റേന്ന് അവസാനിക്കും. അങ്ങനെ ഇന്ത്യ എന്ന ആശയം രക്ഷിക്കപ്പെടും. എന്തുകൊണ്ടാണ് അത്‌നമ്മള്‍ ചെയ്യാത്തതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഞാന്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടിരിക്കുകയാണ് അതിനാല്‍ നേതൃത്വത്തില്‍ എന്റെ സന്ദേശം എത്തിക്കാന്‍ കഴിയുന്നില്ല, ഈ അഭിമുഖങ്ങള്‍ വഴിയല്ലാതെ അവരത് കാണുമോ എന്നും കണ്ടാല്‍ തന്നെ അവര്‍ അവരുടെ രീതികള്‍ മാറ്റുമോ എന്നും എനിക്കറിയില്ല.
? അങ്ങ് മാത്രമല്ല മറ്റ് നിരവധി നേതാക്കളും ഒതുക്കപ്പെട്ടതായി വാര്‍ത്തകള്‍ ഉണ്ട്. ഗുലാം നബി ആസാദ് സ്വന്തം പാര്‍ട്ടി ഉണ്ടാക്കി
ഞാന്‍ അവരെപ്പോലെ അല്ല. ഞാനൊരു കോണ്‍ഗ്രസുകാരനാണ്, കാരണം ഞാന്‍ നെഹ്റൂവിയന്‍ ആണ് എന്നതാണ്. മറ്റൊരു രാഷ്ട്രീയപാര്‍ട്ടിയും കോണ്‍ഗ്രസിനെ പോലെ ഇന്ത്യയെക്കുറിച്ച് നെഹ്റുവിന്റെ വീക്ഷണം പുലര്‍ത്തുന്നില്ല. അതിനാല്‍ എനിക്ക് ഈ പാര്‍ട്ടി വിട്ടു പോകാന്‍ താല്‍പര്യമില്ല. കോണ്‍ഗ്രസ് നേതൃത്വത്തിന് എന്നെ ഇഷ്ടമല്ലെന്ന് എനിക്കറിയാം. അവരെന്നെ പുറത്താക്കിയില്ലെങ്കില്‍ കോണ്‍ഗ്രസുകാരനായി തുടരും. എനിക്ക് ഈ പാര്‍ട്ടിയില്‍ ഒരു രാഷ്ട്രീയഭാവിയും ഇല്ലെങ്കിലും. 33 വര്‍ഷം ഈ പാര്‍ട്ടി എന്നോട് വളരെ നല്ല രീതിയില്‍ പെരുമാറി. പക്ഷേ ഇപ്പോള്‍ അവരെന്നെ ഉപേക്ഷിച്ചിരിക്കുന്നു.
? നിലവിലെ കോണ്‍ഗ്രസ് നേതൃത്വം താങ്കളോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല
ആരും എന്നോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല. പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും പൂര്‍ണമായും മുറിച്ചുമാറ്റപ്പെട്ടിരിക്കുകയാണ്. എനിക്കറിയില്ലായിരുന്നു, 2024 തിരഞ്ഞെടുപ്പില്‍ മണിശങ്കര്‍ അയ്യര്‍ക്ക് സീറ്റ് കൊടുക്കേണ്ടെന്നും അയാള്‍ക്ക് പ്രായം കൂടുതലാണെന്നും മാസങ്ങള്‍ക്ക് മുമ്പുതന്നെ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്ന കാര്യം. എനിക്ക് ഒരു കോള്‍ വന്നു, അതില്‍ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ എന്‍.റാമിനോട് പറഞ്ഞത്രേ, തിരഞ്ഞെടുപ്പില്‍ മയിലാടൂതുറയില്‍ വീണ്ടും മത്സരിക്കാന്‍ എനിക്കു വഴി തുറന്നെന്ന്. ഉടനെ ഞാന്‍ മണ്ഡലത്തിലേക്ക് തിരിച്ചു. കുഭകോണത്തു വെച്ച് ഞാനറിഞ്ഞു, ചിദംബരത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്, അയ്യര്‍ക്കു പകരം അതില്‍ പിന്നാക്കജാതിയില്‍പ്പെട്ട സ്ഥാനാര്‍ത്ഥിയെ നിര്‍ത്താമെന്ന കാര്യം ജില്ലാ പ്രസിഡന്റുമായി സംസാരിക്കാന്‍. ഞാന്‍ അതിപിന്നാക്ക ജാതിയില്‍ പെടുന്ന ആളല്ല, എന്റെ നിയോജകമണ്ഡലം ജാതിയുടെ അടിസ്ഥാനത്തില്‍ വോട്ട് ചെയ്യുന്ന സ്ഥലമായി എനിക്ക് തോന്നിയിട്ടുമില്ല. അവിടെ ബ്രാഹ്‌മണര്‍ രണ്ടു ശതമാനം മാത്രമേയുള്ളൂ എന്റെ ജാതി പശ്ചാത്തലത്തിന്റെ പേരില്‍ ആരും എനിക്ക് അനുകൂലമായോ എതിരായോ വോട്ട് ചെയ്തിട്ടും ഇല്ല.
1991-ല്‍ ഞാന്‍ മത്സരിക്കുന്ന കാലത്ത് ഡിഎംകെ അനുയായികളോട് ഉത്തരവിട്ടിരുന്നു, ബ്രാഹ്‌മണനെ കണ്ടാല്‍ അപ്പോള്‍ത്തന്നെ അവന്റെ പൂണൂല്‍ മുറിച്ചു കളയാന്‍ കത്രിക കൊണ്ടു നടക്കാന്‍. എന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊക്കെ ഞാന്‍ ഉടുപ്പൂരി ഡി എം കെ അണികളോട് പറയും, എന്റെ പൂണൂല്‍ മുറിക്കാന്‍. ഞാന്‍ അത് ധരിക്കുന്നില്ല. പ്രേക്ഷകരോട് പറയും, കോഴിക്കറി വെക്കൂ, എന്റെ എതിരാളിയെയും വിളിക്കൂ. നമുക്കു കാണാമല്ലോ, ആരാണ് കൂടുതല്‍ കോഴിക്കറി കഴിക്കുക എന്ന്. അങ്ങനെ ഞാന്‍ എന്റെ ബ്രാഹ്‌മണ സ്വത്വത്തെ നിഷേധിച്ചിട്ടാണ് തിരഞ്ഞെടുക്കപ്പെട്ടത്. മൂന്നു തവണ തിരഞ്ഞെടുക്കപ്പെട്ടു 15 വര്‍ഷം നിയോജകമണ്ഡലത്തെ സേവിച്ചു പിന്നീട് രാജ്യസഭാംഗം ആക്കിയപ്പോള്‍ എന്റെ എംപി ഫണ്ട് മുഴുവന്‍ ഞാന്‍ മയിലാടുതുറയ്ക്ക സമര്‍പ്പിച്ചു.
ഇന്നു പറയുന്നു എനിക്ക് പ്രായമായിപ്പോയെന്ന്. ഞാന്‍ വളരെ വയസ്സന്‍ ആയിരുന്നെങ്കില്‍ എനിക്ക് ഇത്രയും ആവേശത്തോടെ സംസാരിക്കാന്‍ കഴിയുമായിരുന്നോ? കലണ്ടര്‍ നോക്കിയാണോ പ്രായം നിശ്ചയിക്കുന്നത്, മനുഷ്യന്റെ മസ്തിഷ്‌കവും ഹൃദയവും നോക്കിയല്ലേ നിശ്ചയിക്കേണ്ടത്? അങ്ങനെ ചെയ്തതില്‍ എനിക്ക് കടുത്ത കോപമുണ്ട്. പക്ഷേ, കോണ്‍ഗ്രസ് പാര്‍ട്ടി എന്നെ പരിപൂര്‍ണ്ണമായി ഒറ്റപ്പെടുത്തിയാലും ഞാന്‍ കോണ്‍ഗ്രസില്‍ തന്നെ തുടരും, പുറത്താക്കും വരെ.
? താങ്കളോട് കോണ്‍ഗ്രസ് നേതൃത്വത്തിലെ ആര്‍ക്കെങ്കിലും വ്യക്തിപരമായ വൈരാഗ്യമോ എതിര്‍പ്പോ ഉണ്ടോ
ഇല്ല. രാഹുല്‍ ഗാന്ധി സ്വന്തം തലമുറയിലുള്ളവര്‍ വേണമെന്നാണ് വിചാരിക്കുന്നത്. ഒപ്പമുള്ളവരൊക്കെ 60 വയസ്സിന് താഴെയുള്ളവരാണ്. ഞാന്‍ അദ്ദേഹത്തിന്റെ പിതാവുമായി വളരെ അടുത്തു പ്രവര്‍ത്തിച്ച ആളാണ്. എന്നെ അദ്ദേഹം ഒരു ജുറാസിക് പാര്‍ക്കിലെ ആളായിട്ട്, പഴയ 80-കളിലെ ഡൈനോസര്‍ ആയി കാണുന്നുണ്ട്. അതുകൊണ്ടാവണം അദ്ദേഹം ശ്രദ്ധിക്കാത്തത്. രാഷ്ട്രീയപരമായി ഞാന്‍ പ്രസക്തനാണ് എന്ന് അദ്ദേഹം കരുതുന്നില്ല.
? ബിജെപി നെഹ്റുവിനെ നിരന്തരമായി ആക്രമിക്കുന്നുണ്ടല്ലോ
അതുകൊണ്ടാണ് ഞാന്‍ നെഹ്റൂവിയന്‍ ആയി തുടരാന്‍ ആഗ്രഹിക്കുന്നത്. രാജീവ് ഗാന്ധിയും അടിസ്ഥാനപരമായി നെഹ്റൂവിയന്‍ ആയിരുന്നു. അതുകൊണ്ടാണ് ഞാന്‍ രാഷ്ട്രീയത്തിലേക്ക് എത്തിയത്. അന്ന് ഞാന്‍ കരുതിയിരുന്നില്ല, മോദിയെയും ഷായെയും പോലുള്ളവര്‍ പില്‍ക്കാലത്ത് രാജ്യത്തെ നയിക്കുമെന്ന് നമ്മള്‍ ഒരു ഹിന്ദു ചായ്വുള്ള രാഷ്ട്രമാകും, മതാധിഷ്ഠിത രാഷ്ട്രമാവും, മതോന്‍മാദമുള്ള രാജ്യമാവും എന്ന്. മഹാകുംഭത്തിലെ തിക്കിലും തിരക്കിലും അത് കണ്ടു. മുമ്പെന്നത്തെക്കാളും കൂടുതല്‍ നെഹ്റൂവിനെ നമുക്ക് ആവശ്യമുള്ള കാലമാണിത്.
നെഹ്റുവിനെ കുറിച്ച് പറയുമ്പോള്‍, കോണ്‍ഗ്രസുകാര്‍ക്കു തന്നെ അത്ര താല്‍പര്യമില്ലാത്ത പോലെ തോന്നുന്നു
പാര്‍ലമെന്റിലെ കോണ്‍ഗ്രസ് ബെഞ്ചുകളിലേക്ക് നോക്കുക. ഒറ്റനോട്ടത്തില്‍ കുറഞ്ഞത് മൂന്ന് ആള്‍ക്കാരെ വ്യക്തമായി കാണാം. ഗൗരവ് ഗൊഗോയി, മനീഷ് തിവാരി, ശശി തരൂര്‍. പക്ഷേ, അവര്‍ മൂവരും പിന്‍ബെഞ്ചുകാരാണ്. എന്തുകൊണ്ടാണ് അവരെ ഒഴിവാക്കി അധീര്‍ രഞ്ജന്‍ ചൗധരിയെ സഭാകക്ഷി നേതാവായി തിരഞ്ഞെടുത്തിരുന്നത്? മനസ്സിലാക്കാന്‍ കഴിയുന്നില്ല. ഒരുപക്ഷേ, ഭരിക്കുന്ന ഗുണ്ടകളുടെ നേര്‍പ്രതിഫലനം ആയ ആള്‍ക്കാരെ തിരഞ്ഞെടുക്കുന്നതാണ് അവരെ തോല്‍പ്പിക്കാന്‍ ആവശ്യമെന്ന് കരുതുന്നുണ്ടാകും. നമുക്ക് ബിജെപിയോട് ഗുണ്ടായിസത്തില്‍ മത്സരിക്കാന്‍ ആവില്ല. നമുക്ക് കൂടുതല്‍ വിദ്യാഭ്യാസം ഉണ്ട്, കൂടുതല്‍ ബുദ്ധിയുള്ള മനസ്സുണ്ട്, ബുദ്ധി ഉപയോഗിച്ച് ശാരീരിക ശക്തിയെ തോല്‍പ്പിക്കാനായേക്കും. ശാരീരിക ശക്തികള്‍ തമ്മിലുള്ള പോരാട്ടത്തില്‍ പ്രതീക്ഷയ്ക്കു വകയില്ല.
? അങ്ങേക്ക് മോദിയോടുള്ള അനിഷ്ടം ഒരു ഒരു രഹസ്യമല്ല. അങ്ങ് കേന്ദ്രമന്ത്രി ആയിരുന്നപ്പോള്‍ അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. അന്ന് നിങ്ങള്‍ സുഹൃത്തുക്കളായിരുന്നോ
കോയമ്പത്തൂരില്‍ നടന്ന ഒരു റോട്ടറി ക്ലബ് മീറ്റിങ്ങില്‍ ഞാനും മോദിയും ചിരിച്ചു നില്‍ക്കുന്ന ചിത്രം ഇന്റര്‍നെറ്റില്‍ നിന്നും ആരോ തപ്പിയെടുത്തതാണ്. ആ ചിത്രം എന്നെ വളരെയധികം ലജ്ജിപ്പിച്ചു. ഞാന്‍ അദ്ദേഹത്തെ മുഖ്യമന്ത്രിമാരുടെ കൂട്ടത്തിലെ ഒരാളായി മാത്രമേ കണ്ടിട്ടുള്ളൂ. ഞാന്‍ മന്ത്രിയായിരിക്കെ എന്നെ അദ്ദേഹം ഗുജറാത്തില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് കടത്തിയിട്ടില്ല.
ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അടിസ്ഥാനസത്യം നമ്മുടെ ഏകത വൈവിധ്യത്തില്‍ ഊന്നിയതാണ് എന്നതാണ്. അത് കുറഞ്ഞാല്‍ ഐക്യം കുറയും. ഐകരൂപ്യം കൊണ്ട് ഐക്യം ഉണ്ടാവുകയില്ല. എങ്കിലും മോദി സര്‍ക്കാര്‍ നമ്മുടെ വൈവിധ്യം നിറഞ്ഞ രാജ്യത്ത് ഐകരൂപ്യം അടിച്ചേല്‍പ്പിക്കാന്‍ നിശ്ചയിച്ചുറച്ചതായി തോന്നുന്നു. അടിസ്ഥാനപരമായി വലിയ തെറ്റാണത്. അത് വളരെ അപകടകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
തെക്കന്‍ സംസ്ഥാനങ്ങളിലും മഹാരാഷ്ട്രയിലും 2027-ല്‍ വരാന്‍ പോകുന്ന ജാതിസെന്‍സസിനെക്കുറിച്ച് വളരെയധികം ആശങ്കകള്‍ ഉണ്ട്. തെക്കന്‍ സംസ്ഥാനങ്ങളില്‍ ജനസംഖ്യാ വര്‍ധനനിരക്ക് ഗണ്യമായി കുറഞ്ഞിരിക്കുന്നു. തമിഴ്നാട് കേന്ദ്രത്തിന് കൊടുക്കുന്ന ഓരോ രൂപയ്ക്കും തിരിച്ചു കിട്ടുന്നത് 60 പൈസയാണ്. ബിഹാര്‍ ഓരോ രൂപയ്ക്കും തിരിച്ചു മേടിക്കുന്നത് 3.6 രൂപയും. മേന്മകളുടെ പേരില്‍ ശിക്ഷിക്കപ്പെടുന്നത് നമുക്ക് അംഗീകരിക്കാനാവില്ല.
ഒരാള്‍ക്ക് ഒരു വോട്ട് എന്ന രീതിയില്‍ കാര്യം നടക്കുകയാണെങ്കില്‍ നമ്മള്‍ ശിക്ഷിക്കപ്പെടും. തെക്കന്‍, പടിഞ്ഞാറന്‍ സംസ്ഥാനങ്ങളുടെ പാര്‍ലമെന്റ് സീറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നത് വടക്കിനെ സഹായിക്കും. പരാജയപ്പെട്ട സംസ്ഥാനങ്ങളായ ബിഹാറിനും ഉത്തര്‍പ്രദേശിനും അത് വളരെ ഗുണകരമാവും. ഗുരുതരമായ ഈ പ്രശ്നത്തെക്കുറിച്ച് ആഴത്തിലുള്ള ചര്‍ച്ചകള്‍ നടക്കേണ്ടിയിരിക്കുന്നു.
? കേന്ദ്രമന്ത്രിയായിരിക്കെ ഇന്ത്യയിലെ പഞ്ചായത്തീരാജ് വിപ്ലവം തുടങ്ങിവച്ച ആള്‍ക്കാരില്‍ ഒരാളാണ് താങ്കള്‍
1992 ഡിസംബറില്‍ ആണ് അത് അത് സംബന്ധിച്ച ഭരണഘടന ഭേദഗതി പാസാക്കിയത്. അതിനുശേഷം വലിയ മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നു. കേരളം വളരെ പെട്ടെന്ന് ഒന്നാമതെത്തി. പിന്നീട് പലപ്പോഴും കേരളവും കര്‍ണാടകവും തമ്മിലായിരുന്നു ഒന്നാം സ്ഥാനത്തേക്കുള്ള മത്സരം. തോമസ് ഐസക്കിന്റെ ജനകീയ ആസൂത്രണ പദ്ധതിക്ക് ശേഷം കേരളത്തിന് ഭാവന നഷ്ടമായത് പോലെയുണ്ട്. കാര്യമായി പുതുമകള്‍ ഒന്നും കൊണ്ടുവരുന്നില്ല. കുടുംബശ്രീക്ക് ശേഷം പുതിയ ആശയങ്ങള്‍ വരുന്നില്ല.
? പൗരത്വഭേദഗതി നിയമം പാസാക്കി, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി, രാമ ക്ഷേത്രം സ്ഥാപിച്ചു... ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഒക്കെ നടപ്പാവുന്നു
വളരെ ഭയാനകമാണ്. ഇന്ത്യയില്‍ ആര് താമസിക്കണം എന്ന് നിശ്ചയിക്കാന്‍ മതത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇനി ദേശീയ പൗരത്വരജിസ്റ്റര്‍ വന്നാല്‍ നമ്മള്‍ ന്യൂനപക്ഷങ്ങളോട് കൂടുതല്‍ കടുത്ത ചോദ്യങ്ങള്‍ ചോദിക്കും എന്നാണ് അതിന്റെ അര്‍ത്ഥം. നമ്മുടെ നിയമവ്യവസ്ഥയില്‍ വര്‍ഗീയത കൊണ്ടുവന്നിരിക്കുന്നു. ഇന്ത്യ പാകിസ്താന്റെ മങ്ങിയ അനുകരണമായി മാറിയിരിക്കുന്നു. അതിനാണോ നമ്മള്‍ സ്വാതന്ത്ര്യം നേടിയത്? ഒരു മതനിരപേക്ഷ രാഷ്ട്രമാകാനാണോ, ഹിന്ദുരാജ്യമാകാനാണോ സ്വാതന്ത്ര്യം നേടിയത്? അതാണ് അടിസ്ഥാനപരമായ ചോദ്യം. ഹിന്ദു രാജ്യം, ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിലേക്ക് ഉള്ള ഒഴുക്കു തടയാന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ഒരുമിച്ചു കൊണ്ടുവരാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കേണ്ടിയിരിക്കുന്നു. ഏകലക്ഷ്യം മോദിയെയും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തെയും താഴെ ഇറക്കുക എന്നതായിരിക്കണം. മറ്റു കാര്യങ്ങളിലേക്ക് ശ്രദ്ധ മാറിപ്പോയാല്‍ നമ്മുടെ ഭാവി വളരെ ഇരുളടഞ്ഞത് ആയിരിക്കും.
? അങ്ങ് നിരവധി വിവാദങ്ങളില്‍ ചെന്ന് ചാടിയിട്ടുണ്ട് അത് സംഭവിച്ചു പോകുന്നതാണോ, മനഃപൂര്‍വ്വമാണോ
ഞാന്‍ എന്റെ മനസ്സിലുള്ള കാര്യങ്ങള്‍ പറയും. വിവാദം ഞാന്‍ ഉണ്ടാക്കുന്നതല്ല, ബിജെപിക്കാരാണ് അതിന് പിന്നില്‍. പിന്നെ കോണ്‍ഗ്രസിലെ എന്റെ ശത്രുക്കളും ബിജെപിയുടെ ശൈലി കടമെടുക്കുന്നു, അവയെ വിവാദമാക്കി മാറ്റുന്നു
? 'നീച'പരാമര്‍ശം കോണ്‍ഗ്രസുകാരും താങ്കള്‍ക്കെതിരെ ഉപയോഗിച്ചു
ശരിയാണ്. എന്റെ ഒറ്റപ്പെടുത്തലിന് കാരണവും അതാണ്. എന്റെ കാഴ്ചപ്പാട് വിശദീകരിക്കാന്‍ എനിക്ക് അവസരം കിട്ടിയിട്ടില്ല. പാര്‍ട്ടിയുടെ വക്താവ് പറയുന്നു, എന്നെ പുറത്താക്കിയിരിക്കുകയാണ്, മണിശങ്കര്‍ അയ്യര്‍ കോണ്‍ഗ്രസിനെ ഒരു രീതിയിലും പ്രതിനിധീകരിക്കുന്നില്ലെന്ന്. എന്താണ് അതിന്റെ അര്‍ത്ഥം? സ്വയം വിശദീകരിക്കാന്‍ എനിക്ക് അവസരം തന്നില്ല എന്നതായിരുന്നു ഒരു സമയത്ത് എന്റെ പരാതി. ഇപ്പോള്‍ എനിക്കത് ശീലമായിരിക്കുന്നു. നേതൃത്വത്തിന്റെ ശീലങ്ങളെ, രീതികളെ മാറ്റാന്‍ കഴിയില്ല എന്ന് ഞാന്‍ അംഗീകരിച്ചിരിക്കുന്നു.
കോണ്‍ഗ്രസ് ഒരു പ്രതിസന്ധിഘട്ടത്തിലാണ്. നിലവിലെ നേതൃത്വത്തിന് കോണ്‍ഗ്രസിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാന്‍ കഴിയും എന്നു തോന്നുന്നുണ്ടോ
ഇല്ല. കോണ്‍ഗ്രസിന്റെ ഡി.എന്‍.എയില്‍ ഗാന്ധി കുടുംബം ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ഗാന്ധി കുടുംബത്തെ പുറത്താക്കുകയോ അവര്‍ സ്വന്തം നിലയ്ക്ക് പോവുകയോ ചെയ്താല്‍ പാര്‍ട്ടി നിരവധി കഷണങ്ങളായി മുറിയും. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നില്‍ക്കണമെങ്കില്‍ ഗാന്ധിമാര്‍ അവിടെ ഉണ്ടാകണം. 2004-ല്‍ നമുക്ക് 140 സീറ്റ് മാത്രം കിട്ടിയപ്പോള്‍ സോണിയ ഗാന്ധി കാണിച്ചുതന്നു, ഒരു കാന്തത്തെ പോലെ വിവിധ രാഷ്ട്രീയകക്ഷികളെ ആകര്‍ഷിച്ച് ഒപ്പം നിര്‍ത്തുന്നത് എങ്ങനെയെന്ന്. നമുക്ക് മറ്റു കക്ഷികളെ അതുപോലെ ആകര്‍ഷിക്കുന്ന നേതൃത്വം ആണ് വേണ്ടത്.
പക്ഷേ അത് ഇപ്പോള്‍ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഇന്ത്യാമുന്നണിയെ ശരിക്കും ശക്തമായ, സ്വത്വബോധമുള്ള, ലക്ഷ്യബോധമുള്ള ഒരു യൂണിറ്റ് ആക്കി മാറ്റുന്നതായിരിക്കണം ആദ്യത്തെ ദൗത്യം. പക്ഷേ അത് ഉപേക്ഷിക്കപ്പെടുന്നതു പോലെ തോന്നുന്നു. ഭാവി ഇരുണ്ടതായി തോന്നുന്നുവെങ്കിലും പ്രശ്നപരിഹാര ഫോര്‍മുല എളുപ്പമാണ് കഴിഞ്ഞ മൂന്ന് പൊതുതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ഒരിക്കലും മൂന്നിലൊന്നില്‍ അധികം വോട്ട് കിട്ടിയിട്ടില്ല. ഈ കണക്കില്‍ കുറച്ച് കെമിസ്ട്രി, ഇഴയടുപ്പം, കൂടി വന്നാല്‍ നമുക്ക് ഇന്ത്യ എന്ന ആശയത്തെ വീണ്ടെടുക്കാന്‍ ആകും, ഗാന്ധിയുടെയും നെഹ്റുവിന്റെയും ഇന്ത്യയെ വീണ്ടെടുക്കാന്‍ ആകും. സവര്‍ക്കര്‍-മോദിമാരുടെ ഇന്ത്യയെ അവസാനിപ്പിക്കാന്‍ ആകും. അതായിരിക്കണം കോണ്‍ഗ്രസിന്റെ തന്ത്രപരമായ ലക്ഷ്യം.
Content Highlights: interview with mani shankar aiyar-indian politics-congress
Published: 11 Feb 2025, 12:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented