മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റ അഞ്ചാമത് എഡിഷന്റെ മുഖ്യപ്രമേയം ബഹുസ്വര സഞ്ചാരങ്ങള്‍ ആകുമ്പോള്‍ ഒരു ക്യുറേറ്റര്‍ക്കുള്ള വെല്ലുവിളി എങ്ങനെ ബഹുസ്വരത അക്ഷരോത്സവത്തില്‍ കൊണ്ടുവരാം എന്നുള്ളതാണ്. കഴിഞ്ഞ തവണത്തെ അക്ഷരോത്സവം നൊബേല്‍-ബുക്കര്‍ ജേതാക്കളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. ബഹുസ്വരത പ്രമേയമാകുമ്പോള്‍ ഒന്നോ രണ്ടോ താരമൂല്യമുള്ള എഴുത്തുകാരില്‍നിന്നും മാറി വ്യത്യസ്തശബ്ദങ്ങളും ചിന്തകളും ഉള്ള എഴുത്തുകാരെ കണ്ടെത്തുകയായിരുന്നു എന്റെ ശ്രമം. അങ്ങനെ ആഫ്രിക്കയിലേക്കും പശ്ചിമേഷ്യയിലേക്കുമായി നോട്ടം നീണ്ടു.

To advertise here,

വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നും തുര്‍ക്കിയില്‍നിന്നുമുള്ള എഴുത്തുകാരും പത്രപ്രവര്‍ത്തകരും ബഹുസ്വരതയുടെ നമ്മള്‍ കേട്ടിട്ടില്ലാത്ത ശബ്ദങ്ങളും വശങ്ങളും അക്ഷരോത്സവത്തില്‍ എത്തിക്കും. പശ്ചിമേഷ്യയില്‍നിന്നും വരുന്ന മന്‍സൂറ ഇസഡിന്‍, ഈജിപ്തിലെ പ്രശസ്ത എഴുത്തുകാരിയും ശ്രദ്ധേയ ശബ്ദവുമാണ്. കവികള്‍ക്കും കവിതയ്ക്കുമായുള്ള 'ദ ബാര്‍ഡ് റൂമി'ല്‍ ഇന്ത്യയില്‍നിന്നും പുറത്തുമുള്ള ശ്രദ്ധേയരായ കവികളുടെ ശബ്ദം പ്രതിധ്വനിക്കും. ഒരു രാജ്യത്തിന്റെ, ഒരു സമൂഹത്തിന്റെ അസമത്വത്തിനെതിരായുള്ള പോര്‍വിളിയാണല്ലോ കവികള്‍ ഉയര്‍ത്തുന്നത്. അക്ഷരോത്സവത്തില്‍ നാമത് കേള്‍ക്കും.

ആഫ്രിക്കന്‍ എഴുത്തിന്റെ പുതുവഴികളും വഴിത്താരകളും ചര്‍ച്ച ചെയ്യുന്നതിനോടൊപ്പം, യൂറോപ്പിലെ പുതിയ എഴുത്തും പരിസ്ഥിതി-സാഹിത്യവും അധിനിവേശാനന്തര അന്വേഷണങ്ങളും അക്ഷരോത്സവത്തിന്റെ ഭാഗമാകും. പതിവുപോലെ, ഇന്ത്യയിലെ ശ്രദ്ധേയ രാഷ്ട്രീയ-സാംസ്‌കാരിക വ്യക്തിത്വങ്ങള്‍ 'റീ ഇമാജിന്‍ ഇന്ത്യ'യില്‍ രാജ്യത്തിന്റെ ഭാവിയെ വരച്ചിടും. 'ഇന്‍സ്പിറേഷന്‍' സീരീസില്‍ സ്വന്തം ജീവിതംകൊണ്ട് നമ്മളെ പ്രചോദിപ്പിക്കുന്നവര്‍ സംസാരിക്കും.

placeholder
Photo: Mathrubhumi

ആഹാരരീതികളും ഐഡന്റിറ്റിയും നിര്‍മിത ബുദ്ധിയും സിനിമയും പരിസ്ഥിതിയും കുട്ടികളുടെ ആല്‍ഫവേഴ്സും 'ക' കോര്‍ണറും എല്ലാം അക്ഷരോത്സവത്തിന്റെ ആവേശവും മാറ്റും തീര്‍ച്ചയായും കൂട്ടും. കൂണുകള്‍പോലെ മുളച്ചുപൊന്തുന്ന സാഹിത്യോത്സവങ്ങളുടെ ഇടയില്‍ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിനെ മാറ്റി നിര്‍ത്തുന്നത് രാജ്യത്തിന്റെയും ലോകത്തിന്റെയും പല കോണുകളില്‍നിന്നും വാക്കുകളും സ്‌നേഹത്തിന്റെ ഊഷ്മളതയുമായി വന്നെത്തുന്ന അക്ഷരസ്‌നേഹികള്‍ തന്നെയാണ്. മലയാളികള്‍ക്കുമുന്നില്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടിലെന്നപോലെ മാതൃഭൂമിയുടെ സാഹിത്യ-സാംസ്‌കാരിക സംഭാവനയാണ് ഇക്കുറിയും അക്ഷരോത്സവം.

(ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരനും മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ക്യുറേറ്ററുമാണ് ലേഖകന്‍)