
'രാവിലെ രണ്ട് ഇഡ്ഡലി, ഉച്ചയ്ക്ക് മൂന്ന് ഇഡ്ഡലി, വൈകുന്നേരം രണ്ട് ഇഡ്ഡലി. പിന്നെ സിനിമാനടനാവാന്‍ കുറച്ച് മിനുക്കമുള്ള മുഖം വേണ്ടതുകൊണ്ട് മുസംബി ജ്യൂസും. അര്‍ധപട്ടിണി കിടന്നിരുന്ന ആ മദിരാശിക്കാലത്ത് എന്റെ ഭക്ഷണം അങ്ങനെയായിരുന്നു. ഞാനിപ്പോള്‍ ഏതെങ്കിലും വീട്ടില്‍ ചെന്ന് ഇഡ്ഡലി തന്നാല്‍ വേണ്ടെന്ന് പറയും. അഹങ്കാരം കൊണ്ടല്ല, വെറുത്തിട്ടല്ല. ഒരു ജന്മം കഴിക്കാനുള്ള ഇഡ്ഡലിയുടെ ക്വാട്ട തീര്‍ന്നതുകൊണ്ടാണ്' - മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവവേദിയില്‍ മണിയന്‍ പിള്ള രാജു ഇങ്ങനെ പറഞ്ഞപ്പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും സിനിമാഭിനയം പാസായി ചാന്‍സ് തേടി കോടമ്പാക്കത്ത് അലഞ്ഞുനടന്നിരുന്ന കാലത്തെ കണ്ണീരിന്റെ ഉപ്പും, അത് കഥകളായി അവതരിപ്പിക്കുമ്പോഴുള്ള മധുരവും സദസ്സില്‍ പടര്‍ന്നു.
കോടമ്പാക്കത്തെ ക്ഷേത്രങ്ങളിലെ പായസവും പ്രസാദവുമൊക്കെ കുറേ കഴിച്ചിട്ടുണ്ട്. ഇടയ്ക്ക് സിനിമാ വാരികയുടെ പ്രതിനിധിയായ ബാലചന്ദ്രമേനോന്റെ അടുത്ത് ചെല്ലുമ്പോള്‍ പുള്ളി പറയും: 'ആ ചോറില്‍ കുറച്ച് വെള്ളംകൂടി ഒഴിച്ചേക്ക് ഒരാള്‍ കൂടിയുണ്ട്. നമുക്കിന്ന് ചോറ് കഞ്ഞിയാക്കാം' എന്ന്.
അന്ന് ചാന്‍സ് കിട്ടാതെ മടുത്ത് നാട്ടിലേക്ക് പോരുമ്പോള്‍ ഇഡ്ഡലി തിന്ന ചന്ദ്ര ഹോട്ടലില്‍ 33 രൂപ പറ്റ് കൊടുക്കാനുണ്ടായിരുന്നു. പിന്നീട് സിനിമകള്‍ വന്ന് പാംഗ്രു ഹോട്ടലില്‍ താമസിക്കുമ്പോള്‍ ഒരു ദിവസം വാതിലില്‍ ഒരു മുട്ട്. ചെന്ന് തുറന്നപ്പോള്‍ ആ ഹോട്ടലുടമ. ഞാനൊന്ന് ഞെട്ടി. എന്റെ ഭാവം കണ്ട് പക്ഷെ അദ്ദേഹം ചിരിച്ചു. ''33 രൂ ചോദിക്കാനും തല്ലാനും ഒന്നും വന്നതല്ല. പത്രപരസ്യത്തില്‍ നിങ്ങളുടെ തല കണ്ടു. അതിന്റെ സന്തോഷം പങ്കുവെക്കാന്‍ വന്നതാ. എന്റെ ഇഡ്ഡലിയാണിതെ''ന്ന് ശരീരം നോക്കി ഒരു ചിരിയും.
പക്ഷെ മലയാള സിനിമയില്‍ ഇന്ന് ഭക്ഷണത്തിന്റെ രുചിയറിയണമെങ്കില്‍ മണിയന്‍പിള്ള നിര്‍മിക്കുന്ന ചിത്രത്തിന്റെ സെറ്റില്‍ ചെല്ലണം. അവതാരക രേഖാമേനോന്‍ പറഞ്ഞപ്പോള്‍ മല്ലിക അത് ഏറ്റുപിടിച്ചു. അതിന്റെ കാരണം രാജു പറഞ്ഞു:
''ഞാന്‍ ആദ്യകാലത്ത് സെറ്റില്‍ ചെല്ലുമ്പോള്‍ അവിടെ സൂപ്പര്‍സ്റ്റാര്‍ തലത്തിലുള്ളവര്‍ക്ക് ചിക്കനും മട്ടനും പോലെ വിലകൂടിയ ഭക്ഷണം. രണ്ടാം നിരക്കാര്‍ക്ക് മീന്‍പൊരിച്ചതും ബീഫുമൊക്കെ. യൂണിറ്റ് ബോയ് തലത്തിലുള്ളവര്‍ക്ക് തൈര്സാദം, പുളിസാദമൊക്കെ ഇലയില്‍ പൊതിഞ്ഞ്. അവരത് നിലത്തിരുന്ന് കഴിക്കുന്നതും കാണും. അന്ന് മനസ്സുകൊണ്ട് വിചാരിച്ചതാണ് എന്നെങ്കിലും സിനിമാനിര്‍മാതാവായാല്‍ എല്ലാവര്‍ക്കും ഒരേ ഭക്ഷണം മാന്യമായി കൊടുക്കും എന്ന്. അത് ആദ്യചിത്രം മുതല്‍ ഇപ്പോഴും തുടരുന്നു. പിന്നീട് പല നിര്‍മാതാക്കളും അത് പിന്തുടര്‍ന്നു. അഭിനയത്തില്‍ പുതുമ കൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കിലും ഞാന്‍ ഭക്ഷണത്തില്‍ ഒരു പുതുമ അവതരിപ്പിച്ചിട്ടുണ്ട്. അനന്തഭദ്രത്തിന്റെ സെറ്റ് മുതല്‍ ഉച്ചഭക്ഷണം കഴിഞ്ഞാല്‍ എല്ലാവര്‍ക്കും ഓരോ കപ്പലണ്ടി മുട്ടായിയും. അതും ഇപ്പോള്‍ പലരും ചെയ്യുന്നുണ്ട്. പിന്നെ സമയത്തിന് ഭക്ഷണം കഴിച്ചില്ലെങ്കില്‍ എനിക്ക് കൈയും കാലും വിറയ്ക്കും. അത് മിക്ക സംവിധായകര്‍ക്കും അറിയാം. ജോഷി സാര്‍ വരെ ഒരു മണിയാവുമ്പോ പറയും, 'രാജു പോയി വല്ലോം കഴിച്ചിട്ട് വാ എന്നിട്ട് ഷോട്ട് എടുക്കാമെന്ന്'. അത് എനിക്ക് കിട്ടിയ ഒരു പ്രിവിലേജ് ആണ്.'
രാജു തന്റെ ഭക്ഷണപ്രിയത്തിലേക്ക് സഞ്ചരിക്കുമ്പോള്‍ ആ മദിരാശിക്കാലത്തെ പൈപ്പുവെള്ളവും ഇഡ്ഡലിയും ഒരു വലിയമോഹത്തിന്റെ ഭക്ഷണമായിരുന്നെന്ന് തെളിയുന്നു.
Content Highlights: mbifl2024, Maniyan Pilla Raju, Mathrubhumi international festival of letters
Published: 14 Feb 2024, 10:02 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented