തിരുവനന്തപുരം: ജനാധിപത്യത്തിനു വേണ്ടിയുള്ള ജനാധിപത്യപരമായ ഒരു 'പോരാട്ട'ത്തിനാണ് 'ക' ഫെസ്റ്റിവലിന്റെ അവസാനദിനം ഫെസ്റ്റിവല്‍ഹാള്‍ സാക്ഷ്യം വഹിച്ചത്. നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത് ജോണ്‍ ബ്രിട്ടാസ് എം.പി.യും ബി.ജെ.പി.യുടെ ഭാഗമായ പ്രഭാഷകയും സിവില്‍ എന്‍ജിനിയറുമായ വിനീതാ ഹരിഹരനും, മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ സബാ നഖ്‌വിയും. എഴുത്തുകാരനായ എന്‍.പി. ഉല്ലേഖ് മോഡറേറ്ററായി.

To advertise here,

ജനാധിപത്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അപൂര്‍വം സംസ്ഥാനങ്ങളിലേ ഇന്ന് സാധ്യമാവൂ എന്നും അതിലൊന്നാണ് കേരളമെന്നും പറഞ്ഞാണ് ബ്രിട്ടാസ് ചര്‍ച്ച തുടങ്ങിവെച്ചത്. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഉദ്യോഗസ്ഥവിഭാഗം പാര്‍ലമെന്റിന് വിധേയരാണ്. എന്നാല്‍, ഇന്ന് അതല്ല അവസ്ഥ. ഒരു ചര്‍ച്ചയും നടക്കുന്നില്ല. സ്വതന്ത്രമാധ്യമങ്ങള്‍ കേരളത്തിലല്ലാതെ വേറെയെവിടെയുമില്ല. മീഡിയ അവിടെയൊക്കെ 'മോഡിയ' ആയിക്കഴിഞ്ഞു -ബ്രിട്ടാസ് പറഞ്ഞു.

'ക' പോലുള്ള അക്ഷരോത്സവങ്ങള്‍ ആവശ്യമാണ്. ജയ്പുരിലൊക്കെ അത് നടക്കുന്നുണ്ട്. ഇന്ത്യയുടെ ആത്മാവില്‍നിന്ന് ജനാധിപത്യമെന്ന ആശയം എടുത്തുകളയാനാവില്ലെന്നും വിനീതാ ഹരിഹരന്‍ പറഞ്ഞു. പാര്‍ലമെന്റില്‍ പ്രതിഷേധിക്കുമ്പോള്‍ എം.പി.മാര്‍ അല്പംകൂടി മര്യാദ കാണിക്കണമെന്നും വിനീത അഭിപ്രായപ്പെട്ടു.

ലോകത്തെല്ലായിടത്തും ജനാധിപത്യം ഭീഷണി നേരിടുന്നുണ്ടെങ്കിലും ഇന്ത്യയില്‍ ഇപ്പോഴും ഒരു ജനാധിപത്യപരമായ തിരഞ്ഞെടുപ്പുണ്ടെന്നത് ആശ്വാസകരമാണെന്ന് സബാ നഖ്‌വി 
പറഞ്ഞു. എന്നാല്‍, അത് ഭീഷണി നേരിടുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ചെലവഴിച്ചത് അത്രയും വലിയ തുകയാണെന്നും അവര്‍ പറഞ്ഞു.