തിരുവനന്തപുരം: അക്ഷരങ്ങളും ചിന്തകളും സംഗീതവും സംവാദവുമൊക്കെ നിറയുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലേക്ക് ഉണരാന്‍ തയ്യാറായി കനകക്കുന്ന്. ഫെബ്രുവരി എട്ടിന് ആരംഭിക്കുന്ന അക്ഷരോത്സവത്തിന്റെ വിളംബരമായി ഞായറാഴ്ച മാനവീയംവീഥിയില്‍ കലാസായാഹ്നവും ഒപ്പുശേഖരണവും നടക്കും. രാഷ്ട്രീയ-സാംസ്‌കാരികരംഗത്തെ പ്രമുഖകര്‍ ഐക്യദാര്‍ഢ്യത്തിന്റെ ഒപ്പുചാര്‍ത്തും.

To advertise here,

എട്ടു മുതല്‍ 11 വരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ ലോകസാഹിത്യവും രാഷ്ട്രീയവും മുതല്‍ സിനിമയും ജനപ്രിയ കലകളുംവരെയാണ് സഹൃദയരെ കാത്തിരിക്കുന്നത്. തുര്‍ക്കി നോവലിസ്റ്റും അംബാസഡറുമായ ഫിറാദ് സുനേല്‍, അമേരിക്കന്‍ എഴുത്തുകാരന്‍ ഷോണ്‍പ്രന്റിസ്, സ്പെയിനില്‍നിന്നുള്ള ഫ്രാന്‍സെസ്‌ക് മിറായെസ് തുടങ്ങി പ്രമുഖരുടെ നിരയാണ് അന്താരാഷ്ട്ര എഴുത്തുവഴികളും രാഷ്ട്രീയചിന്തകളുമായി അക്ഷരോത്സവത്തിന്റെ ഭാഗമാകുന്നത്.

placeholder
 രാമചന്ദ്രഗുഹ, അമിതാഭ്കാന്ത്, ഇര്‍ഫാന്‍ ഹബീബ്, സാക്ഷി മാലിക്, സമുദ്രക്കനി ഇങ്ങനെ നീളുന്നു സമകാലിക ഇന്ത്യന്‍ അവസ്ഥകള്‍ പ്രതിഫലിപ്പിക്കാനെത്തുന്നവര്‍. ഒപ്പം സത്യന്‍ അന്തിക്കാട് മുതല്‍ ധ്യാന്‍ ശ്രീനിവാസന്‍ വരെയുള്ളവര്‍ ജനപ്രിയ ചര്‍ച്ചകളുടെ ഭാഗമാകും. കലാസായാഹ്നങ്ങള്‍ കനകക്കുന്നിനെ സമ്പന്നമാക്കും. അക്ഷരോത്സവം വിളംബരംചെയ്ത് ഞായറാഴ്ച വൈകീട്ട് അഞ്ചിനാണ് മാനവീയത്തില്‍ സാംസ്‌കാരികക്കൂട്ടായ്മ. മാനവീയംവീഥിയിലെ പുതുതലമുറയുടെ ആരവങ്ങള്‍ക്കൊപ്പം അക്ഷരങ്ങളും പാട്ടുകളും കൂട്ടുകൂടുന്ന സായാഹ്നമാകുമത്.

സാംസ്‌കാരികക്കൂട്ടായ്മയുടെ ഭാഗമായി ജയചന്ദ്രന്‍ കടമ്പനാടിന്റെ 'മണ്‍പാട്ട്' സംഘം നയിക്കുന്ന നാടന്‍പാട്ട് അവതരണവുമുണ്ടാകും. ഒപ്പം ടാഗോറിന്റെ ഗീതാഞ്ജലിയും വയലാര്‍ കവിതകളും മാനവീയത്തില്‍ പാടിനിറയും.