
തിരുവനന്തപുരം: 'ക' എന്ന അക്ഷരത്തിനൊപ്പമായിരുന്നു മാനവീയംവീഥിയിലെ സായാഹ്നം.
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെത്തിയ പ്രമുഖര്‍ 'ക'യില്‍ ഒപ്പുചാര്‍ത്തി. അക്ഷരോത്സവത്തിന് വിളംബരമായി അരങ്ങേറിയ കൂട്ടായ്മയില്‍ പങ്കുചേരാന്‍ ഒത്തുചേര്‍ന്നത് നൂറിലധികം പേര്‍. സാമൂഹിക, രാഷ്ട്രീയ, കലാ, സാഹിത്യരംഗത്തെ പ്രമുഖരും സാഹിത്യപ്രേമികളും മാനവീയംവീഥിയിലേക്ക് ഒഴുകി. ആ സായാഹ്നത്തിന് ഈണംപകര്‍ന്ന് ജയചന്ദ്രന്‍ കടമ്പനാടും സംഘവും ചേര്‍ന്ന് അവതരിപ്പിച്ച നാടന്‍പാട്ടുകള്‍ കൂട്ടായ്മയ്ക്ക് വിരുന്നേകി. 'നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലേ...'എന്ന പാട്ടോടെയായിരുന്നു ജയചന്ദ്രന്‍ കടമ്പനാട് സദസ്സിനെ കൈയിലെടുത്തത്.
വി.കെ. പ്രശാന്ത് എം.എല്‍.എ., സാഹിത്യകാരന്‍മാരായ സക്കറിയ, പ്രഭാവര്‍മ, വി.ജെ. ജയിംസ്, കെ.വി. മോഹന്‍കുമാര്‍, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, മുന്‍ ഡി.ജി.പി. ജേക്കബ് പുന്നൂസ്, ടെക്നോപാര്‍ക്ക് സ്ഥാപക സി.ഇ.ഒ. ജി. വിജയരാഘവന്‍, സിറ്റിപോലീസ് കമ്മിഷണര്‍ സി. നാഗരാജു, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഏഷ്യന്‍ കോളേജ് ഓഫ് ജേണലിസം ചെയര്‍മാനുമായ ശശികുമാര്‍, മുന്‍ സ്പീക്കര്‍ എം. വിജയകുമാര്‍, ബി.ജെ.പി. നേതാക്കളായ സി.കെ. പദ്മനാഭന്‍, ജെ.ആര്‍. പദ്മകുമാര്‍, സിനിമാ നിര്‍മാതാവ് ജി. സുരേഷ് കുമാര്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, പങ്കജകസ്തൂരി ഡയറക്ടര്‍ ഓഫ് മാര്‍ക്കറ്റിങ് അരുണ്‍ വൈശാഖ്, വ്യവസായികളായ ഷീല ജെയിംസ്, കല്ലിംഗല്‍ ഷഫീക്ക്, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, ബൈജു ചന്ദ്രന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സണ്ണിക്കുട്ടി എബ്രഹാം, കൃഷ്ണകുമാര്‍ നായനാര്‍, ബിജു കണ്ടക്കൈ എന്നിവരുള്‍പ്പെടെ വിവിധയാളുകള്‍ സാംസ്‌കാരികക്കൂട്ടായ്മയിലെത്തി 'ക' അക്ഷരത്തില്‍ ഒപ്പുചാര്‍ത്തി.
ഒരു നറുപുഷ്പമായി രമേശ് നാരായണന്റെ സംഗീതവും
'ഒരു നറുപുഷ്പമായി എന്‍ നേര്‍ക്ക് നീളുന്ന മിഴിമുനയാരുടെതാവാം...'മാതൃഭൂമി നിര്‍മിച്ച 'മേഘമല്‍ഹാര്‍' സിനിമയിലെ വരികള്‍ ചൊല്ലി, പ്രശസ്ത സംഗീതജ്ഞന്‍ രമേഷ് നാരായണന്‍. ഈ വരികളില്‍ ഒളിഞ്ഞിരിക്കുന്ന പ്രണയവും അദ്ദേഹം സദസ്സിനുമുന്നില്‍ അവതരിപ്പിച്ചു. സംഗീതസംവിധാനം ചെയ്തതില്‍ പ്രിയപ്പെട്ട പാട്ടാണിതെന്നു പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്. 'ക' സാംസ്‌കാരികക്കൂട്ടായ്മയ്ക്ക് പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

'പ്രണയത്തിന്റെ സംഗീതമായിരുന്നു ആ വരികള്‍ക്ക്. താന്‍ യാത്ര ചെയ്യുമ്പോള്‍ ഈ പാട്ടുകളുമായി ബന്ധപ്പെട്ടുള്ള കഥകള്‍ പറയാന്‍ പലരും സമീപിക്കും. ഞങ്ങളെ ഒരുമിപ്പിച്ച പാട്ടാണിതെന്നാണ് അവരുടെ അഭിപ്രായം. ഈ പാട്ട് പലരെയും സ്വാധീച്ചിട്ടുണ്ടെന്ന് പറയുമ്പോള്‍ എനിക്ക് അഭിമാനവും'- രമേഷ് നാരായണന്‍ പറഞ്ഞു. 'ഗര്‍ഷോം' സിനിമയിലെ 'പറയാന്‍ മറന്ന പരിഭവങ്ങള്‍' അദ്ദേഹം പാടിയപ്പോള്‍ സദസ്സില്‍നിന്നുയര്‍ന്നത് നിലയ്ക്കാത്ത കൈയടി.
Content Highlights: mbifl2024, Cultural evening at Manaveeyamveedhi, Mathrubhumi international festival of letters
Published: 05 Feb 2024, 09:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented