തിരുവനന്തപുരം: മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ നാല് ദിവസങ്ങളും കലകളാലും സമ്പന്നമായിരുന്നു. കനകക്കുന്നിലെ കൊട്ടാരമുറ്റത്തുള്ള വൃക്ഷച്ചുവട്ടിലെ 'മെഡോസ' എന്ന തുറന്ന വേദിയിലാണ്  നാല് ദിവസവും കലകള്‍ വിരിഞ്ഞത്. കേരളത്തിന്റെ തനത് നൃത്തരൂപമായ മോഹിനിയാട്ടം മുതല്‍ തെക്കന്‍ കളരിമുറകളുടെ പ്രദര്‍ശനം വരെ ഇവിടെ അരങ്ങേറി. 

To advertise here,

അക്ഷരോത്സവത്തിന്റെ അവസാന ദിവസമായ ഞായറാഴ്ച കുടപ്പനക്കുന്നിലെ വിനായക കളരിസംഘത്തിന്റെ തെക്കന്‍ കളരിമുറകളുടെ പ്രദര്‍ശനമാണ് അരങ്ങേറിയത്. ഏഴുവയസുകാരായ ഗോകുല്‍ചന്ദും ശ്രീബാലയും മുതല്‍ രണ്ടുകുട്ടികളുടെ അമ്മയായ ശ്രീജ വരെ മെഡോസയില്‍ തങ്ങളുടെ മെയ് വഴക്കം പ്രദര്‍ശിപ്പിച്ചു. വിനായക കളരിസംഘത്തിന്റെ അമരക്കാരനായ കെ. രവീന്ദ്രനാശാന്റേയും അദ്ദേഹത്തിന്റെ ശിഷ്യനും അഭിഭാഷകനുമായ അരവിന്ദ് ശിവന്റേയും നേതൃത്വത്തിലാണ് വിനായക കളരിസംഘത്തിലെ മിടുക്കര്‍ ചുവടുകള്‍ പയറ്റിയത്. 

ഇടുക്കി ജില്ലയിലെ ആദിവാസി വിഭാഗമായ മന്നാന്മാരുടെ തനത് കലാരൂപമായ മന്നാന്‍ കൂത്തും ഞായറാഴ്ച മെഡൂസയില്‍ ഉണ്ടായിരുന്നു. അത്ര പരിചിതമല്ലാത്ത ഈ കലാരൂപം കാണാന്‍ ചുട്ടുപൊള്ളുന്ന വെയിലിലും നിരവധി പേരാണ് മെഡൂസയില്‍ തടിച്ചുകൂടിയത്. 

അക്ഷരോത്സവത്തിന് മാറ്റ് കൂട്ടാനായി ഓരോ ദിവസവും വ്യത്യസ്തമായ കലാപരിപാടികളാണ് ഉണ്ടായിരുന്നത്. കൊടിയേറ്റം നടന്ന ബുധനാഴ്ച അശോക് കുമാറും സംഘവും അവതരിപ്പിച്ച പഞ്ചവാദ്യം അരങ്ങേറി. അന്നേദിവസം തന്നെ അശ്വിനി നായരും സംഘവും അവതരിപ്പിച്ച മോഹിനിയാട്ടവും ഉണ്ടായിരുന്നു. അക്ഷരോത്സവത്തിലെ അതിഥികളായെത്തിയ വിദേശികള്‍ ഉള്‍പ്പെടെ കൗതുകത്തോടെയാണ് ഇതെല്ലാം ആസ്വദിച്ചതും ദൃശ്യങ്ങള്‍ പകര്‍ത്തിയതും. 

അക്ഷരോത്സവത്തിന്റെ ആദ്യദിനമായ വ്യാഴാഴ്ചയും കണ്ണൂര്‍ പഴയങ്ങാടി ചെറുതാഴ് രാമചന്ദ്രന്‍ പണിക്കരും സംഘവും തെയ്യം അവതരിപ്പിച്ചു. ശ്രീക്കുട്ടനും സംഘവും അവതരിപ്പിച്ച ഭരതനാട്യവും വ്യാഴാഴ്ച ഉണ്ടായിരുന്നു.  

കോട്ടയം നടേശനും സംഘവും അവതരിപ്പിച്ച അര്‍ജുന നൃത്തമായിരുന്നു വെള്ളിയാഴ്ചയിലെ പ്രധാന ആകര്‍ഷണം. തൃശൂരില്‍ നിന്നുള്ള രാജീവനും സംഘവും അവതരിപ്പിച്ച മയൂര നൃത്തം, തിരുവനന്തപുരം ഫെല്ലോഷിപ്പ് അക്കാദമിയിലെ അപര്‍ണയും സംഘവും അവതരിപ്പിച്ച മാര്‍ഗംകളി, കൊല്ലത്തു നിന്നുള്ള രാഹുല്‍ രമേശും സംഘവും അവതരിപ്പിച്ച പരിചമുട്ട് എന്നിവയും കാണികളുടെ പ്രശംസ പിടിച്ചുപറ്റി. 

ഉള്ളിയേരിയില്‍ നിന്നുള്ള കലാകാരനായ ശിവനും സംഘവും അവതരിപ്പിച്ച തെയ്യമായിരുന്നു മൂന്നാം ദിനമായ ശനിയാഴ്ചയിലെ ആകര്‍ഷണം. ഭഗവതിത്തെയ്യം, രക്തേശ്വരിത്തെയ്യം, ഒതേനത്തെയ്യം എന്നിവയാണ് മെഡോസയില്‍ അരങ്ങേറിയത്.