
കോഴിക്കോട്: മലയാളത്തിലെ സൂപ്പർതാരങ്ങൾ മുതൽ ഹോളിവുഡിൽ ജാക്കി ചാൻ വരെയുള്ളവരെ അടവുപഠിപ്പിച്ച പെരുമയുണ്ട് നടക്കാവിലെ സിവിഎൻ കളരിക്ക്. കളരിക്ക് പുറത്ത് സിനിമയിലും നിറഞ്ഞ്, കേൾവികേട്ട ഈ അഭിമാനസ്ഥാപനം 75-ാം വാർഷികനിറവിലാണ്. നടക്കാവ് സിവിഎൻ കളരിയുടെ സ്ഥാപകനായ കെ. നാരായണൻ ഗുരുക്കളുടെ 25-ാം ചരമവാർഷികംകൂടിയാണ് ഈ വർഷം.
‘നാരായണൻ ഗുരുക്കളും ഞാനും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ആയോധനകല സന്നിവേശിപ്പിച്ചുകൊണ്ട് ഒരു ചലച്ചിത്രം രചിക്കാൻ തീരുമാനിച്ചപ്പോൾ അദ്ദേഹവുമായി തുടർച്ചയായി ആശയവിനിമയം നടത്തിയിരുന്നു. അദ്ദേഹത്തിന്റെ കൈവശമുള്ള കുറച്ചു പുസ്തകങ്ങൾ കടംവാങ്ങി വായിക്കുകയും ചെയ്തു’ -സിവിഎൻ കളരിയുടെ 51-ാം വാർഷികം ഉദ്ഘാടനംചെയ്തുകൊണ്ട് മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.ടി. വാസുദേവൻനായർ പറഞ്ഞ വാക്കുകൾ. ‘ഒരു വടക്കൻ വീരഗാഥ’യുടെ പിറവിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് എം.ടി. അന്ന് ഓർത്തെടുത്തത്.
സിനിമയുടെ ഷൂട്ടിങ് തുടങ്ങിയതോടെ മമ്മൂട്ടി ഉൾപ്പെടെയുള്ളവരെ കളരി പഠിപ്പിച്ച് സിവിഎൻ കളരി അതിന്റെ പ്രശസ്തിക്ക് ഒന്നുകൂടി അടിവരയിട്ടു. സിനിമയിൽ കളരിയുമായി ബന്ധപ്പെട്ട ഭാഗങ്ങളുണ്ടോ സിനിമാക്കാർ നേരേ എത്താറ് സിവിഎൻ കളരിയിലേക്കാണ്. ആ പതിവ് ഇന്നും തുടരുന്നു.
1964-ൽ ഇറങ്ങിയ ‘തച്ചോളി ഒതേനൻ’ എന്ന സിനിമയ്ക്കായി നടൻ സത്യനെ കളരിപഠിപ്പിച്ചായിരുന്നു സ്ഥാപനത്തിന്റെ ഈ രംഗത്തേക്കുള്ള കാൽവെപ്പ്. ‘പഴശ്ശിരാജ’, ‘കായംകുളം കൊച്ചുണ്ണി’, ‘മാമാങ്കം’, ബോളിവുഡിൽ ‘ദിൽസെ’, ‘പത്മാവത്’ തുടങ്ങി ഹോളിവുഡിൽ ജാക്കി ചാന്റെ ‘ദ മിത്ത്’ ഉൾപ്പെടെ രണ്ട് സിനിമകൾ വരെ. 60-ഓളം സിനിമകളിലൂടെ കളരിയുടെ പ്രശസ്തി കടലുംകടന്ന് പറന്നു. മക്കളിലൂടെ ആ പാരമ്പര്യം ഇന്നും അതുപോലെ തുടരുന്നു.
കൂടുതലായി കളരിപഠിക്കാനാണ് കണ്ണൂരിൽനിന്ന് കെ. നാരായണൻ ഗുരുക്കൾ പണ്ട് കോഴിക്കോട്ടെത്തിയത്. ഇവിടെ സി.വി. നാരായണൻനായർ ഗുരുക്കളുടെയും ശിഷ്യൻമാരുടെയും കീഴിൽ പഠനം നടത്തി. പിന്നീട് ഗുരുവിന്റെ സ്മരണയിൽ 1950-ൽ സി.വി. നാരായണൻനായർ കളരി (സിവിഎൻ കളരി) സ്ഥാപിച്ച് പ്രവർത്തനം തുടങ്ങി.
‘അക്കാലത്തുതന്നെ കളരിയുടെ പ്രസക്തി ലോകത്തെ അറിയിക്കാൻ അദ്ദേഹം പ്രത്യേക ഷോകൾ സംഘടിപ്പിക്കാറുണ്ടായിരുന്നു. സ്ഥാപനത്തെക്കുറിച്ചറിഞ്ഞ് പല രാജ്യങ്ങളിൽനിന്നും കളരിപഠിക്കാൻ അന്നേ ആളുകൾ എത്തുമായിരുന്നു. ലോൺലി പ്ലാനറ്റ് എന്ന യാത്രാമാഗസിനിൽ 80 കാലഘട്ടത്തിൽ കോഴിക്കോട്ടെത്തിയാൽ സന്ദർശിക്കേണ്ട സ്ഥലമായി ഉൾപ്പെടുത്തിയിരുന്നത് സിവിഎൻ കളരി മാത്രമായിരുന്നു’ -കെ. നാരായണൻ ഗുരുക്കളുടെ മകനും സ്ഥാപനത്തിന്റെ ഡയറക്ടർമാരിലൊരാളുമായ സുനിൽകുമാർ ഗുരുക്കൾ പറയുന്നു.
20 വർഷമായി എല്ലാവർഷവും ആറുമാസം കളരിയുടെ ചരിത്രവും പ്രസക്തിയും പറയുന്ന തിയേറ്റർ ഷോകൾ വിദേശരാജ്യങ്ങളിൽ നടത്തിവരുന്നുണ്ട്. കളരി മർമ ചികിത്സ, ആയുർവേദ ചികിത്സ എന്നീ മേഖലകളിലും ഒട്ടേറെ സംഭാവനകൾ സ്ഥാപനം നൽകിക്കഴിഞ്ഞു. കോഴിക്കോട് എരഞ്ഞിക്കൽ, കൊച്ചി, ജർമനി, ഓസ്ട്രിയ എന്നിവിടങ്ങളിലും ശാഖകളുണ്ട്. നാരായണൻ ഗുരുക്കളുടെ മറ്റുമക്കളായ അനിൽകുമാർ ഗുരുക്കൾ, ഗോപകുമാർ ഗുരുക്കൾ എന്നിവരാണ് മറ്റ് ഡയറക്ടർമാർ.
ഓർമ്മകളിൽ നിറഞ്ഞ് ‘വീരസ്മൃതി’
കോഴിക്കോട്: തഴുകിയെത്തുന്ന കടൽക്കാറ്റേറ്റിരുന്ന വലിയ ജനക്കൂട്ടത്തിനുമുന്നിൽ വാളും പരിചയുമേന്തി തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ. എതിർവശത്ത് വാളും പരിചയുമായി അദ്ദേഹത്തോട് ഏറ്റുമുട്ടാനൊരുങ്ങി നടി നിരഞ്ജനാ അനൂപ്. ഒരുനിമിഷം എംഎൽഎയും നിരഞ്ജനയും മുന്നോട്ടാഞ്ഞു, വാളുകൾ പരസ്പരം ഉരഞ്ഞു.
തീപാറുന്നതിനുപകരം കണ്ടിരുന്നവരുടെ മനസ്സിൽ ആയിരം ഓർമ്മകൾ പറന്നു, മുഖത്ത് സന്തോഷംനിറഞ്ഞു. കളരിയുടെ അടവുകളും മെയ്‌വഴക്കവുംകൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച സിവിഎൻ കളരിയുടെ 75-ാം വാർഷികത്തിന്റെയും കളരിയുടെ സ്ഥാപകൻ കെ. നാരായണൻ ഗുരുക്കളുടെ 25-ാം ചരമവാർഷികത്തിന്റെയും ഭാഗമായിനടന്ന ‘വീരസ്മൃതി’ക്ക് ഗംഭീരതുടക്കം.
കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറിൽനടന്ന പരിപാടിയാണ് എംഎൽഎയും നിരഞ്ജനയും വാൾപയറ്റി ഉദ്ഘാടനംചെയ്തത്. സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ് പി. നിഖിൽ അധ്യക്ഷനായി. നാരായണൻ ഗുരുക്കൾ മെമ്മോറിയൽ അവാർഡ് ജി. സത്യനാരായണൻ ഗുരുക്കൾ, ജി. രാധാകൃഷ്ണൻ ഗുരുക്കൾ എന്നിവർക്ക് എംഎൽഎ സമ്മാനിച്ചു. കളരിപ്പയറ്റുപഠിച്ച് യുവതലമുറയെ അതിലേക്ക് ആകർഷിക്കുന്നതിന് നടിമാരായ നിരഞ്ജനാ അനൂപ്, അതുല്യ ചന്ദ്ര, ചാന്ദ്‌നി ശ്രീധരൻ എന്നിവർക്കുള്ള പുരസ്കാരങ്ങളും അദ്ദേഹം സമ്മാനിച്ചു.
ഒ. രാജഗോപാൽ, ഡോ. ടി. നിഖിൽദാസ്, ആനന്ദൻ ഗുരുക്കൾ, പി.സി. മുരളീധരൻ ഗുരുക്കൾ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം.കെ. രാജഗോപാലൻ, കൺവീനർ എം.സി. സുദേഷ്‌കുമാർ എന്നിവർ സംസാരിച്ചു. കളരിപ്പയറ്റിന്റെ ചരിത്രവും പാരമ്പര്യവും അവതരിപ്പിച്ച ‘വീരകല’, കളരിപ്പയറ്റും ഭാരതീയ നൃത്തരൂപങ്ങളും സമന്വയിപ്പിച്ച ‘തൻമയി’, റഷ്യൻ നൃത്തം, റാമ്പ് വാക്, ഭരതനാട്യം, ജപ്പനീസ് നൃത്തം എന്നിവയും കാണികൾക്ക് വിസ്മയംപകർന്നു.
Content Highlights: CVN Kalari at 75: From Mammootty to Jackie Chan, A Legacy of Martial Arts Excellence
Published: 11 Jan 2026, 08:26 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented