കൊച്ചി: ഒരിക്കൽ കണ്ണീരുകുടിപ്പിച്ച ഹാൻഡ്‌ബോൾ കോര്‍ട്ടിലേക്ക് ബിജോയ് തിരിച്ചുവന്നിരിക്കുന്നു, കൂടെ കുട്ടികളുമുണ്ട്. ഒരു രാത്രി ജീവിതത്തിലെ കോര്‍ട്ടിൽനിന്ന് അകന്നുപോയ പ്രിയപ്പെട്ട കൂട്ടുകാർക്കുവേണ്ടിയാണ് ഈ വരവ്. ടീമിന്റെ ഓരോ ജയവും അവർക്കുള്ള സ്നേഹാഞ്ജലിയാകും.

To advertise here,

പത്തുവർഷം മുൻപ്‌, ഇതുപോലൊരു സംസ്ഥാന സ്‌കൂൾ കായികമേളയിൽ മത്സരിച്ചു മടങ്ങിയ ബിജോയിയുടെയും കൂട്ടുകാരുടെയും ജീവിതം ആ രാത്രി കലങ്ങിമറിഞ്ഞു. അതിൽ അഞ്ചുപേർ തിരിച്ച് വീട്ടിലെത്തിയില്ല. ബിജോയ് തിരിച്ചെത്തിയത് പാതി ജീവനോടെയാണ്..

2014-ൽ കോഴിക്കോട്ടു നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുത്ത എറണാകുളം ഹാൻഡ്‌ബോൾ ടീം സഞ്ചരിച്ച വാഹനം എടപ്പാൾ ബി.എം. പാലത്തിനു മുകളിലെ മരത്തിലിടിച്ച് 40 അടി താഴേക്കുവീണു. ടീമിലെ നാലുപേർക്കൊപ്പം വണ്ടിയിലുണ്ടായിരുന്ന ബിജോയിയുടെ വല്യപ്പച്ചനും മരിച്ചു.

placeholder
“നാലു കൂട്ടുകാരും വല്യപ്പച്ഛനും ഞങ്ങളെ വിട്ടുപോയത് ഞാൻ അറിഞ്ഞില്ല. ഗുരുതരമായി പരിക്കേറ്റ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണത്തിലായിരുന്നു ‍ഞാൻ. ആറുമാസം അബോധാവസ്ഥയിലായിരുന്നു. ഒരുവർഷം കൊണ്ടാണ് സുഖം പ്രാപിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരാൾ രണ്ടുവർഷം അബോധാവസ്ഥയിൽ കിടന്നശേഷം മരിച്ചു. പതിയെ വീൽച്ചെയറിൽനിന്ന് എഴുന്നേറ്റു, ജീവിതത്തിലേക്ക് തിരിച്ചുവന്നു. അപകടത്തിൽനിന്ന് രക്ഷപ്പെട്ട മറ്റുള്ളവരാരും കളിയിൽ തുടർന്നില്ല. എനിക്കിത് ഉപേക്ഷിച്ചുപോകാൻ തോന്നിയില്ല. കൂട്ടുകാരുടെ നിർബന്ധത്തിൽ വീണ്ടും കളിച്ചുതുടങ്ങി. ആദ്യമൊന്നും കൈകൾ മനസ്സിനൊത്ത് വഴങ്ങിയില്ല. ആ വർഷം സംസ്ഥാന ടീമിലെത്തി. പ്ലസ് ടു കാലത്ത് ദേശീയ ചാമ്പ്യൻഷിപ്പിലും പിന്നീട് ദേശീയ സർവകലാശാലാ ചാമ്പ്യൻഷിപ്പിലും കളിച്ചു.

പഠനം കഴിഞ്ഞ് തേവര സെയ്‌ന്റ്‌ മേരീസ് യു.പി. സ്കൂളിൽ കായികാധ്യാപകനായപ്പോൾ അവിടെ ഹാൻഡ്‌ബോൾ ടീമുണ്ടാക്കി. ആദ്യ വർഷംതന്നെ സബ്ജില്ലാ ജേതാക്കളായി. ഇതിനിടെ, സഹപാഠിയും ഹാൻഡ്‌ബോൾ ദേശീയ ടീമംഗവുമായ കെ.ആർ. അനുപ്രിയയുമായി പ്രണയവും വിവാഹവും നടന്നു” - നോർത്ത് പറവൂരിലെ പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലിരുന്ന് ബിജോയ് പറഞ്ഞുനിർത്തുമ്പോൾ ചുറ്റിലും കുട്ടികൾ പരിശീലനത്തിലായിരുന്നു. ബിജോയിയുടെ ടീം ശനിയാഴ്ച മത്സരിക്കാനിറങ്ങും... കൂട്ടുകാരേ, അകലെയിരുന്ന് നിങ്ങളിത് കാണുന്നില്ലേ...