
കോഴിക്കോട്: ഒപ്പംസഞ്ചരിച്ച ടീമംഗങ്ങളിൽ നാലുപേർ വാഹനാപകടത്തിൽ മരിച്ചു, ആറുമാസം അബോധാവസ്ഥയിൽ ആശുപത്രിയിലായി. എന്നിട്ടും നിശ്ചയദാർഢ്യംകൊണ്ട് മരണത്തെ തോൽപ്പിച്ച് കളിക്കളത്തിലേക്ക് തിരിച്ചുവന്നു- അതാണ് ബിജോയ് ജോർജ്. അന്താരാഷ്ട്രമെഡലുകൾവരെ നൽകി കളിക്കളം അവനെ ചേർത്തുപിടിച്ചു. പക്ഷേ, ജീവിതത്തിന്റെ കോർട്ടിൽ ഈ ഹാൻഡ്‌ബോൾതാരത്തെ തോൽപ്പിക്കുകയാണ് കായികകേരളം.
2024-ൽ കേരളത്തിൽനടന്ന ഓൾ ഇന്ത്യ ഇന്റർ-യൂണിവേഴ്‌സിറ്റി ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിൽ ബിജോയി ഉൾപ്പെടുന്ന എം.ജി. സർവകലാശാല ടീം സ്വർണം നേടി. സ്‌പെയിനിൽ നടന്ന ലോക യൂണിവേഴ്‌സിറ്റി ചാമ്പ്യൻഷിപ്പൽ ദേശീയ ടീമംഗമായും പങ്കെടുത്തു. അഞ്ചുലക്ഷത്തിലേറെ രൂപ ഇതിനുവേണ്ടിവന്നു. ഒന്നരലക്ഷം എം.ജി. സർവകലാശാല നൽകി. വീട് പണയപ്പെടുത്തിയാണ് ബാക്കിത്തുക കണ്ടെത്തിയത്. തിരിച്ചടവ് മുടങ്ങി കഴിഞ്ഞ നവംബറിൽ ബാങ്കിൽനിന്ന് ജപ്തിനോട്ടീസെത്തി. ജപ്തിയൊഴിവാക്കാൻ ആറുലക്ഷം രൂപ അടയ്ക്കണം.
കായിക ക്വാട്ടയിൽ സർക്കാർജോലിക്ക് ബിജോയിക്ക് അർഹതയുണ്ട്. എന്നാൽ, 2026-ലെ വിജ്ഞാപനത്തിൽ 2024 മാർച്ചുവരെ ലഭിച്ച നേട്ടങ്ങളേ പരിഗണിച്ചുള്ളൂ. ബിജോയ് ദേശീയ-അന്താരാഷ്ട്രതല മത്സരങ്ങളിൽ മാറ്റുരച്ചത് 2024 മേയ്-ജൂൺ മാസങ്ങളിലും. രണ്ടുമാസത്തിന്റെ സാങ്കേതികത്വത്തിൽ സർക്കാർ ജോലിയെന്ന സ്വപ്നം അകന്നു.
''ഇനി അഞ്ചുകൊല്ലം കഴിഞ്ഞേ കായിക ക്വാട്ടയിൽ വിളിക്കൂ. മുഖ്യമന്ത്രിക്ക് നിവേദനം നൽകി കാത്തിരിക്കുകയാണ്'' -മുഖ്യമന്ത്രിയുടെ മണ്ഡലമായ പറവൂർക്കാരനായ ബിജോയ് പറഞ്ഞു.
2015-ൽ കോഴിക്കോട്ട് നടന്ന സ്‌കൂൾ കായികമേളയിൽ പങ്കെടുത്തുമടങ്ങുമ്പോഴാണ് എറണാകുളം ഹാൻഡ്‌ബോൾ ടീമിന്റെ വാഹനം എടപ്പാളിൽ അപകടത്തിൽപ്പെട്ടത്. നാല് ടീമംഗങ്ങളും ബിജോയിയുടെ അച്ഛന്റെ ജ്യേഷ്ഠനും മരിച്ചു. ഒരുവർഷത്തെ ചികിത്സയ്ക്കുശേഷമാണ് ബിജോയ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. 2024 നവംബറിൽ കൊച്ചിയിൽ നടന്ന സംസ്ഥാന സ്‌കൂൾ കായികമേളയിൽ എറണാകുളം സബ്ജൂനിയർ ടീമിന്റെ പരിശീലകനായിരുന്നു.
Content Highlights: Bijoy George, a survivor of a tragic 2015 accident, won gold at the 2024 All India Inter-University Handball Championship., His family faces bank eviction after mortgaging their home to fund his participation in the World University Championship in Spain., Technicalities in the 2026 sports quota notification excluded his achievements from May-June 2024, denying him government employment., Bijoy is currently seeking government intervention to resolve his financial crisis and employment eligibility.
Published: 13 Jul 2026, 07:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented