കൊച്ചി: ആരും അടിച്ചിറക്കാത്ത, സ്വന്തമായൊരു വീട്ടില്‍ കിടന്നുറങ്ങണമെന്നാണ് ഏറ്റവും വലിയ ആഗ്രഹം- കിനാവുകള്‍ പങ്കുവെയ്ക്കുമ്പോഴെല്ലാം ഗീതു അക്കാര്യം പറയാറുണ്ടെന്നുപറഞ്ഞ് സഹോദരി സീതു കരഞ്ഞു. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഇത്തവണയും 3,000 മീറ്റര്‍ നടത്തത്തില്‍ ഗീതുവിനെ വെല്ലാന്‍ ആരുമുണ്ടായില്ല. സംസ്ഥാനതലത്തില്‍ ഹാട്രിക് മെഡല്‍. പക്ഷേ, അവ വയ്ക്കാന്‍ സ്വന്തമായൊരു വീടില്ല അവള്‍ക്ക്. 

To advertise here,

സ്വർണനേട്ടം ഗീതുവിന് ഒരു പുതുമയല്ല. കഴിഞ്ഞ മൂന്നുകൊല്ലവും സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 3,000 മീറ്റര്‍ നടത്തത്തില്‍ പൊന്നണിഞ്ഞതാണ് മലപ്പുറം ആലത്തിയൂര്‍ സ്‌കൂളിലെ ഈ മിടുക്കി. സഹോദരി സീതുവിനോട് പൊന്നണിഞ്ഞേ വരൂ എന്നുറപ്പിച്ചു പറഞ്ഞാണ് വീട്ടിൽനിന്നിറങ്ങിയത്. പറഞ്ഞ വാക്ക് പാലിച്ചു. മഹാരാജാസ് കോളേജ് ട്രാക്കില്‍ നടന്ന സീനിയര്‍ പെണ്‍കുട്ടികളുടെ 3,000 മീറ്റര്‍ നടത്തം 16 മിനിറ്റ് 24.69 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ആലത്തൂര്‍ കെ.എച്ച്.എം.എച്ച്.എസ്.എസിലെ ഈ മിടുക്കി സ്വര്‍ണമണിഞ്ഞത്. 

പൊട്ടിപ്പൊളിഞ്ഞ സ്‌പൈക്‌സണിഞ്ഞ് 3000 മീറ്റര്‍ ഓടിയാണ് കഴിഞ്ഞവര്‍ഷം ഗീതു സ്വര്‍ണമണിഞ്ഞിരുന്നത്. തുടര്‍ന്ന് അധ്യാപകര്‍ വക പുതിയ സ്‌പൈക്‌സ് വാങ്ങിനല്‍കുകയായിരുന്നു. ഓട്ടോ ഡ്രൈവറായിരുന്ന അച്ഛന്‍ ചന്ദ്രൻ ഇടയ്ക്ക് ആക്‌സിഡന്റിൽപ്പെട്ടതോടെ ജോലിക്ക് പോകാന്‍ വയ്യാത്ത സ്ഥിതിയായി. അതില്‍പ്പിന്നെ അമ്മ രജനി കുടുംബശ്രീ ഹോട്ടലില്‍ പോയി കിട്ടുന്ന വരുമാനംകൊണ്ടാണ് കുടുംബം കഴിയുന്നത്. ഹോട്ടലില്‍ ആള്‍ ആവശ്യമുള്ളപ്പോള്‍ അമ്മയെ വിളിക്കും. അതില്‍നിന്ന് കിട്ടുന്ന 300 രൂപയാണ് കുടുംബത്തിന്റെ ജീവനോപാധിയെന്ന് അച്ഛന്‍ പറയുന്നു.

ആറ് പേരുള്ള കുടുംബത്തിന് ആകെ അഞ്ച് സെന്റ് ഭൂമിയും അതില്‍ ചെറിയ വീടുമുണ്ട്. ആ വീട്ടിലാണ് ഗീതുവും സഹോദരിയും രക്ഷിതാക്കളും കഴിയുന്നത്. അച്ഛന്‍ ചന്ദ്രന്റെ അസുഖബാധിതയായ സഹോദരി ആ വീട്ടിലാണ് കഴിഞ്ഞിരുന്നത്. രണ്ടുവര്‍ഷംമുന്‍പ് അവര്‍ മരിച്ചു. തുടര്‍ന്ന് കുടുംബസ്വത്തിലെ പങ്ക് ചോദിച്ച് സഹോദരങ്ങള്‍ സമീപിച്ചുതുടങ്ങി. ആറുപേര്‍ക്കുകൂടി ആ സ്ഥലവും വീടും പങ്കുവെച്ചാല്‍ ഒരാള്‍ക്ക് ഒരു സെന്റ് പോലുമുണ്ടാവില്ല. വാടകവീട്ടിൽ കഴിയേണ്ടിവരും. ഇതിനിടയില്‍ ചികിത്സാച്ചെലവുംകൂടി വരുമ്പോള്‍ ഭാരം ഇരട്ടിയാകുമെന്നും അച്ഛന്‍ പറയുന്നു.

ഓടിയോടി ഒളിമ്പിക്‌സിലെത്തി മെഡല്‍ നേടണമെന്നാണ് ഗീതുവിന്റെ ആഗ്രഹം. ആ ആഗ്രഹം പലപ്പോഴും അവള്‍ സീതുവിനോട് പറയാറുമുണ്ട്. ആ മേഖലയില്‍ വളര്‍ന്ന് ഒരു ജോലി ലഭിക്കുമെന്നാണ് അവളുടെ പ്രതീക്ഷ. ജോലി നേടണം, അച്ഛനെയും അമ്മയെയും പൊന്നുപോലെ നോക്കണം എന്നൊക്കെയാണ് ഗീതുവും സീതുവും കാണുന്ന സ്വപ്‌നങ്ങള്‍. 

കിട്ടിയ മെഡലുകള്‍ ആളുകള്‍ കാണ്‍കെ വയ്ക്കാന്‍ വീട്ടില്‍ ഒരിടമില്ലാത്തതിന്റെ സങ്കടമുണ്ട് ഗീതുവിന്. വസ്ത്രങ്ങള്‍ അടുക്കിവെച്ച അലമാരയ്ക്കുള്ളില്‍ കെട്ടിവെച്ചാണ് മെഡലുകള്‍ സൂക്ഷിച്ചത്. ടി.വി. സ്റ്റാന്‍ഡിലും ഉമ്മറത്തെ മേശയിലുമെല്ലാം മെഡലുകളും ട്രോഫികളും വെച്ചിട്ടുണ്ട്.