
കളമശ്ശേരി ടൗൺ ഹാളാണ് വേദി. സംസ്ഥാന സ്കൂൾ കായികമേളയിൽ ഗെയിംസ് വിഭാഗത്തിലെ പവർലിഫ്റ്റിങ് മത്സരം നടന്നുകൊണ്ടിരിക്കുകയാണവിടെ. മുന്നിൽ കാലുപൊട്ടി വാക്കറിന്റെ സഹായത്തോടെ വന്നിരിക്കുന്ന ഒരു പയ്യനെക്കണ്ടു. സ്റ്റേജിലെ പവർലിഫ്റ്റിങ് മത്സരാർഥികൾക്ക് ഊർജം പകർന്നുകൊണ്ടും അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ടും വലിയ ആവേശത്തോടെയാണ് അവന്റെ ഇരിപ്പ്. അന്വേഷിച്ചപ്പോൾ 66 കിലോഗ്രാം വിഭാഗം പവർലിഫ്റ്റിങ്ങിൽ എറണാകുളം ജില്ലാതല മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ പയ്യനാണെന്ന് മനസ്സിലായി. മനോവ യൂസേഫെന്ന് പേര്. ജില്ലയിൽ ജയിച്ചിട്ടും എന്തുകൊണ്ട് സംസ്ഥാന കായികമേളയിൽ മത്സരിക്കാനാവാതെ പോയി?
ഒരു ഫുട്ബോൾ ടൂർണമെന്റിന്റെ രൂപത്തിലാണ് ആ നിർഭാഗ്യം മനോവയെത്തേടിയെത്തിയത്. ജില്ലാ പവർലിഫ്റ്റിങ്ങിൽ ഒന്നാംസ്ഥാനം നേടിയതിനു പിന്നാലെ പ്രാദേശികമായ ഒരു ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുത്തതായിരുന്നു. മത്സരത്തിനിടെ കാലിനു പിന്നിൽ എതിർടീം താരത്തിന്റെ അടിയേറ്റു. അതോടെ മനോവ മുട്ടുകുത്തി ഗ്രൗണ്ടിൽ വീണു. ലിഗമെന്റ് പൊട്ടി ശസ്ത്രക്രിയ ആവശ്യമായി വന്നു. ഒന്നര മാസത്തെ വിശ്രമത്തിന് ഡോക്ടർ നിർദേശിച്ചു.
അതോടെ സംസ്ഥാന സ്കൂൾ കായികമേളയിൽ മത്സരിക്കാമെന്ന മോഹം ഉപേക്ഷിക്കൽ നിർബന്ധമായി. തുടർന്ന് ജില്ലയിൽനിന്ന് രണ്ടാംസ്ഥാനം ലഭിച്ച ആലുവ ഉപജില്ലയിലെ അർഷദിന് അവസരം ലഭിച്ചു. അർഷദിനെയും തങ്ങൾ പരിശീലിക്കുന്ന ജിമ്മിലെ കൂട്ടുകാരെയും പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ് മനോവ വയ്യാത്ത കാലുമായി കളമശ്ശേരിയിലെത്തിയത്.
മനോവയ്ക്ക് മത്സരിച്ച് മെഡൽ നേടാനായില്ല. പക്ഷേ, നിസ്വാർഥതയ്ക്ക് ഒരു മെഡലുണ്ടെങ്കിൽ അത് മനോവയ്ക്ക് നൽകാം, വയ്യാത്ത കാലുമായി വന്ന് തനിക്ക് പകരം പ്രതിനിധാനം ചെയ്ത മത്സരാർഥിക്ക് ഉൾപ്പെടെ പ്രോത്സാഹനം നൽകിയതിന്.
പ്ലസ് വൺ വിദ്യാർഥിയായ മനോവയ്ക്ക് ഇനി സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാനാവില്ല. അടുത്ത ഒന്നരവർഷം മത്സരത്തിൽനിന്ന് വിട്ടുനിൽക്കണമെന്നാണ് നിർദേശം. അതിനാൽ പ്ലസ്ടുവിലും മത്സരിക്കാനാവില്ല. ഇനി യൂണിവേഴ്സിറ്റി തലത്തിൽ മത്സരിച്ച് ദേശീയതാരമായി മാറണമെന്നാണ് ആഗ്രഹം. 440 കിലോഗ്രാമോളം ജില്ലയിൽ ഉയർത്തിയിരുന്നതായും സംസ്ഥാന കായികമേളയിൽ മെഡൽ ലഭിക്കുമെന്ന് വലിയ പ്രതീക്ഷയുണ്ടായിരുന്നെന്നും മനോവ പറഞ്ഞു.
പവർലിഫ്റ്റിങ്ങിലെ ഏഷ്യൻ താരവും ദേശീയ റെക്കോഡിന് ഉടമയുമായ മേരി ബീനയുടെ ജിമ്മിലാണ് മനോവ പവർലിഫ്റ്റിങ് പരിശീലിക്കുന്നത്. മേരി ബീനയുടെ കൊച്ചി തമ്മനത്തെ ഫിറ്റ്നസ് കൊച്ചി ജിം സെന്ററിൽ പരിശീലിക്കുന്ന കുട്ടികൾ സംസ്ഥാന മത്സരത്തിനെത്തിയിട്ടുണ്ട്. ഇവരുടെ കൂടി പ്രകടനങ്ങൾ കാണുന്നതിനുവേണ്ടിയായിരുന്നു മനോവ മത്സരവേദിയിലെത്തിയത്.
Content Highlights: Injured student Manova Yusuf came to witness powerlifting competition
Published: 07 Nov 2024, 09:16 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented