കൊച്ചി: ഒളിമ്പിക്‌സ് മാതൃകയിൽ നടത്തിയ സംസ്ഥാന സ്‌കൂൾ കായികമേളയുടെ സമാപനച്ചടങ്ങിലെ പ്രതിഷേധത്തെത്തുടർന്ന് രണ്ട് സ്‌കൂളുകൾക്ക് വിലക്കേർപ്പെടുത്തിയതിൽ ഇപ്പോഴും വ്യക്തതവരുത്താതെ സർക്കാർ. പ്രതിഷേധിച്ച കോതമംഗലം മാർബേസിൽ, തിരുനാവായ നാവാമുകുന്ദ സ്‌കൂളുകളെ അടുത്തവർഷത്തെ കായികമേളയിൽനിന്ന് വിലക്കിയതായി സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇത് കായികകേരളത്തിന്റെ ഭാവിക്ക് തിരിച്ചടിയാകുമെന്ന് കായികരംഗത്തുള്ളവരും അധ്യാപകസംഘടനകളും ചൂണ്ടിക്കാണിച്ചതോടെ സർക്കാർ വിഷയത്തിൽ വീണ്ടും ഇടപെട്ടിരുന്നു. വിലക്ക് പിൻവലിക്കാൻ ശ്രമിക്കുകയാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞിരുന്നു. വാക്കാൽ പറഞ്ഞതല്ലാതെ ഔദ്യോഗികമായ ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. ‘ട്രാക്ക്’ ക്ലിയറാകാത്തത് താരങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.

To advertise here,

രണ്ട് സ്‌കൂളുകളെയും വിലക്കുന്നതായി പ്രഖ്യാപിച്ച സർക്കാർ പക്ഷേ, അത് രേഖാമൂലം ഇതുവരെ അറിയിച്ചിട്ടില്ല. എന്നാൽ, സമാപനച്ചടങ്ങിൽ പ്രതിഷേധിച്ച സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഈ രണ്ട് സ്‌കൂളുകളിലെയും കായികാധ്യാപകരെയും പ്രിൻസിപ്പൽമാരെയും ഹിയറിങ്ങിനായി വിളിപ്പിച്ചിരുന്നു. എൻക്വയറി കമ്മിഷൻ അംഗങ്ങളുടെമുന്നിൽ കാര്യങ്ങൾ വിശദീകരിച്ച സ്‌കൂൾ അധികൃതർ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചിരുന്നു. വിശദീകരണത്തിൽ അന്വേഷണക്കമ്മിഷൻ അംഗങ്ങൾ തൃപ്തിരേഖപ്പെടുത്തി എന്ന ആശ്വാസത്തോടെയാണ് അധ്യാപകർ മടങ്ങിയത്.

കളിക്കാരെ വിലക്കുന്നത് ഉചിതമല്ലെന്ന് തിരിച്ചറിഞ്ഞതുപോലെയായിരുന്നു പിന്നീട് സർക്കാരിന്റെ പ്രതികരണം. വിലക്ക് ഒഴിവാക്കുമെന്നരീതിയിൽ മന്ത്രി പ്രതികരിച്ചതോടെ ആശ്വസിച്ച കുട്ടികളെ ആശങ്കയിലാക്കിയാണ്‌ സർക്കാർ മൗനം തുടരുന്നത്. ഇതിനിടെ അധ്യാപകർക്കെതിരേ അച്ചടക്കനടപടിയുണ്ടാകുമെന്നതിലും അവ്യക്തതയുണ്ട്.

സ്‌കൂളുകളുടെ വിലക്ക് തുടർന്നാലും പിൻവലിച്ചാലും അത് കൃത്യമായി അറിയിക്കുകയെങ്കിലും ചെയ്തുകൂടേയെന്നാണ് ഭീഷണിയിലുള്ള അധ്യാപകർ ചോദിക്കുന്നത്. സ്‌കൂളുകളുടെ വിലക്ക് പിൻവലിക്കുന്ന കാര്യത്തിൽ സർക്കാർ വ്യക്തമായ മറുപടിതന്നില്ലെങ്കിൽ ഈ സ്‌കൂളുകളിലെ താരങ്ങളുടെ പരിശീലനത്തെയും സെലക്‌ഷൻ ട്രയൽസിനെയും ബാധിക്കും. വിലക്ക് ഉണ്ടോ ഇല്ലയോ എന്നറിയാത്തതിനാൽ ഈ സ്‌കൂളുകളിൽ ചേരാൻ പുതുതായി ആരുമെത്തില്ല. ഇപ്പോഴുള്ള കുട്ടികളാകട്ടെ അടുത്തകായികമേളയിലെ പങ്കാളിത്തം ഉറപ്പില്ലാത്തതിനാൽ ആശങ്കയിലാണ്. ഇത് കായികതാരങ്ങളുടെ മാനസികാവസ്ഥയെയും സാരമായി ബാധിക്കുന്നതായി അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.