ന്ധ്യമയങ്ങും മുമ്പേ വീട്ടിലെത്തണമെന്ന് വിശ്വസിച്ച, ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം വിവാഹമാണെന്ന കാഴ്ചപ്പാടില്‍ ജീവിച്ച, ഒറ്റയ്‌ക്കൊരു യാത്ര പോകാന്‍പോലും മടിച്ച കേരളത്തിലെ പഴഞ്ചന്‍ പെണ്‍കാഴ്ചപ്പാടുകള്‍ മാറുകയാണ്.  തങ്ങള്‍ക്കുമുമ്പില്‍ പരിധികളും പരിമിതികളുമില്ലെന്ന് തിരിച്ചറിഞ്ഞതോടെ സമൂഹം തീര്‍ത്ത ചട്ടക്കൂടില്‍നിന്നിറങ്ങി അവര്‍ സ്വപ്നങ്ങളിലേക്ക് പറന്നുയരുകയാണ്. തുല്യരല്ല, പല മേഖലകളിലും പുരുഷന്മാരെക്കാള്‍ മുന്നിലാണിന്ന് മലയാളിസ്ത്രീകള്‍.

To advertise here,

ഒറ്റയ്ക്ക് ജീവിക്കാന്‍ പെണ്‍കുട്ടികള്‍ പ്രാപ്തരായി. ജോലിചെയ്ത് സമ്പാദിക്കാന്‍ കഴിവുണ്ടെങ്കില്‍ എന്തിന് വിവാഹം കഴിക്കണമെന്നാണ് പുതുതലമുറ ചോദിക്കുന്നത്. ഒറ്റയ്ക്കുള്ള യാത്രകള്‍ ഇഷ്ടപ്പെടുന്നവരുടെ എണ്ണവും കൂടി.  അതിക്രമങ്ങള്‍ക്കുനേരെ മൗനംപാലിച്ചവര്‍ പ്രതികരിക്കാന്‍ തുടങ്ങി. വസ്ത്രധാരണത്തിലുള്‍പ്പെടെ പ്രകടമായ മാറ്റങ്ങള്‍വന്നു. ഗ്രാമ-നഗര വ്യത്യാസമില്ലാതെ ആധുനികവും സൗകര്യപ്രദവുമായ വസ്ത്രധാരണത്തിലേക്ക് പെണ്‍കുട്ടികള്‍ മാറി. ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രധാരണത്തിനു കിട്ടിയ സ്വീകാര്യത ഇതിന്റെയൊക്കെ തുടര്‍ച്ചയാണ്. 

വേണം സഞ്ചാരസ്വാതന്ത്ര്യം

രാത്രി ഇറങ്ങിനടക്കുന്നതാണ് സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യമെന്നൊന്നും വിശ്വസിക്കുന്നില്ല. രാത്രി ഇപ്പോഴും സ്ത്രീസൗഹൃദമല്ല. അവരെ കാത്തിരിക്കുന്നത്  അപകടങ്ങള്‍മാത്രമാണ്.  സ്വാതന്ത്ര്യമുണ്ടെന്നു പറഞ്ഞാലോ അത് ആരുടെയൊക്കെയോ കൈയില്‍നിന്ന് വാങ്ങിക്കേണ്ടിവരുന്നു. സമരങ്ങളിലൂടെയും പ്രതിഷേധങ്ങളിലൂടെയും നേടിയെടുക്കേണ്ടിവരുന്നു. അത് മാറണം. - ഇന്ദുമേനോന്‍, എഴുത്തുകാരി  

മാറണം ഇനിയുമേറെ

അഭിമാനബോധം, സ്വാതന്ത്ര്യബോധം എന്നിവ മലയാളിപ്പെണ്‍കുട്ടികള്‍ക്ക് ഏറിവരുന്നുണ്ടെന്നതു സന്തോഷിപ്പിക്കുന്നു. പക്ഷേ, സ്ത്രീധനവും ചിട്ടവട്ടങ്ങളും മാറുന്നുമില്ല. ഈ വൈരുധ്യം മാറിയാല്‍ത്തന്നെ പെണ്‍കുട്ടികളുടെ പദവി ഉയരും. സ്‌നേഹം, ആര്‍ദ്രത, ഭാഷാ സ്‌നേഹം എന്നിവ  കുറയുന്നുണ്ട്. 'കൊരച്ച് മലയാലം' പറയുന്നതില്‍ ലഹരിപിടിക്കാത്ത സ്‌നേഹശീലരായി, അഭിമാനികളായി പുതുതലമുറ മാറണമെന്നാണ് ആഗ്രഹം. -കെ. രേഖ, എഴുത്തുകാരി