അ... അമ്മ, ആ... ആന, ഇ... ഇല, ഈ... ഈച്ച-എറണാകുളം കളക്ടറേറ്റില്‍ രാജസ്ഥാന്‍ സ്വദേശിയായ അസി. കളക്ടര്‍ നിഷാന്ത് സിഹാര മലയാളം ബോര്‍ഡിലെഴുതി പഠിക്കുകയാണ്. 'സാറേ, പറഞ്ഞുകൊണ്ടെഴുതൂ. അപ്പൊ വേഗം പഠിക്കാം' തൊട്ടടുത്തുതന്നെ നിര്‍ദേശവുമായി എറണാകുളം കളക്ടറേറ്റിലെ 'മലയാളം മാഷ്' പി.വി. സുനില്‍കുമാറുമുണ്ട്. കൈയിലുള്ളത് എല്‍.പി. സ്‌കൂളിലെ മലയാള പാഠാവലി. 13 വര്‍ഷമായി കളക്ടറേറ്റില്‍ പരിശീലനത്തിനെത്തുന്ന മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ഐ.എ.എസുകാരുടെ മലയാളം മാഷാണിദ്ദേഹം. ജില്ലാ കളക്ടര്‍മാരും അസി. കളക്ടര്‍മാരുമായി നിരവധി പേരെ കേരളത്തിന്റെ ഭാഷ പഠിപ്പിച്ച ഗുരു.

To advertise here,

കേരള കേഡര്‍ തിരഞ്ഞെടുക്കുന്ന ഐ.എ.എസുകാര്‍ക്ക് മസൂറിയിലെ പരിശീലനത്തിനിടെ മലയാളം അടിസ്ഥാനപരമായി പഠിപ്പിക്കുമെങ്കിലും കേരളത്തിലെ സര്‍വീസ് കാലയളവില്‍ ഇതു മതിയാകില്ല. അതിനാണ് സുനിലിന്റെ സഹായം തേടുന്നത്. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദമെടുത്ത്, സ്വകാര്യ കോളേജിലെ അധ്യാപകനായിരുന്ന സുനില്‍കുമാര്‍ 2010-ലാണ് റവന്യൂ വകുപ്പിലെത്തിയത്.

രാവിലെ പത്തര മുതല്‍ ഒരു മണിക്കൂറാണ് മലയാളം ക്ലാസ്. ആദ്യം അക്ഷരങ്ങള്‍ എഴുതാനും വായിക്കാനും പഠിപ്പിക്കും, ശേഷം പത്രവായന. പിന്നെ ജോലിക്കിടെ കൂടുതലായും പറയേണ്ടി വരുന്ന വാക്കുകളും വാചകങ്ങളുമെല്ലാം പറഞ്ഞു പഠിപ്പിക്കും. 'ഒരാള്‍ ഓഫീസിലേക്ക് വരുമ്പോള്‍ വരൂ, ഇരിക്കൂ, എന്താണ് പ്രശ്നം, നമുക്ക് പരിഹാരമുണ്ടാക്കാം എന്നിങ്ങനെ ജനങ്ങളോട് പറയേണ്ടി വരുന്ന കാര്യങ്ങളെല്ലാം പഠിപ്പിക്കും' - സുനിലിന്റെ വാക്കുകള്‍. അധ്യാപനത്തിനു ശേഷം ബാക്കി സമയം അസി. കളക്ടറുടെ ഓഫീസിലെ മറ്റു ജോലികളുമുണ്ടാകും.

കാസര്‍കോട് കളക്ടറായിരുന്ന, ഇപ്പോള്‍ ജല അതോറിറ്റി എം.ഡി.യായ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അസി. കളക്ടറായി എത്തിയതുമുതലാണ് സുനില്‍ കുമാറിന്റെ മലയാളം ക്ലാസ് തുടങ്ങുന്നത്. കര്‍ണാടകയില്‍നിന്നുള്ള മുന്‍ കളക്ടര്‍ എസ്. സുഹാസ്, മഹാരാഷ്ട്രയില്‍നിന്നുള്ള മൃണ്‍മയി ജോഷി, രാജസ്ഥാനില്‍നിന്നുള്ള ഏഞ്ചല്‍ ഭാട്ടി ചൗഹാന്‍, ഇന്ത്യയിലെ ആദ്യ കാഴ്ചപരിമിതിയുള്ള ഐ.എ.എസ്. ഓഫീസര്‍ പ്രജ്ഞാല്‍ പാട്ടില്‍, യു.പി.ക്കാരനായ രാഹുല്‍കൃഷ്ണ ശര്‍മ, രാജസ്ഥാന്‍കാരനായ സച്ചിന്‍ കുമാര്‍ യാദവ്, ഗുജറാത്തില്‍നിന്നുള്ള ഹര്‍ഷില്‍ ആര്‍. മീണ, ജാര്‍ഖണ്ഡില്‍നിന്നുള്ള ഇഷ പ്രിയ എന്നിങ്ങനെ തുടങ്ങി രാജസ്ഥാനില്‍നിന്നുള്ള നിഷാന്ത് സിഹാരയിലെത്തി നില്‍ക്കുന്നു ആ വി.ഐ.പി. വിദ്യാര്‍ഥി നിര. 

ഒരു വര്‍ഷത്തെ അസി. കളക്ടര്‍ പരിശീലന കാലയളവില്‍ മലയാളത്തെ ഏകദേശം വരുതിയിലാക്കും, പിന്നീടാണ് ഇവര്‍ അടുത്ത പദവിയായ സബ് കളക്ടറിലെത്തുന്നത്. 'ഴ' യാണ് പല ഐ.എ.എസുകാരെയും കുഴപ്പിക്കുന്നതെന്ന് സുനില്‍ പറയുന്നു. പലരും വേഗത്തില്‍ കാര്യങ്ങള്‍ പഠിച്ചെടുക്കുമെന്നും അദ്ദേഹത്തിന്റെ സാക്ഷ്യപ്പെടുത്തല്‍.

ബോള്‍ഗാട്ടി പൊന്നാരിമംഗലം സ്വദേശിയാണ് സുനില്‍കുമാര്‍. ഭാര്യ: ബിനു. മകള്‍: അമേയ (വടുതല ചിന്മയ വിദ്യാലയം).