കൊച്ചി: യൂണിഫോം അണിഞ്ഞ കുട്ടികള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ ദര്‍ക്ഷ ഒരു 'ടീച്ചറാ'ണെന്ന് തോന്നുകയേയില്ല. കുട്ടിത്തം മാറാത്ത മുഖത്ത് പക്ഷേ, നിറയെ 'മലയാള'ത്തിന്റെ സ്വപ്നങ്ങളാണ്. നൂറിലേറെ മറുനാടന്‍ കുട്ടികളെ മലയാളം പഠിപ്പിച്ച് അവരെ പുതിയ ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുപോകുമ്പോള്‍ അത് ദര്‍ക്ഷയ്ക്ക് സ്വന്തം ബാല്യത്തിന്റെ തനിയാവര്‍ത്തനമാണ്. ബിഹാറിലെ ദര്‍ഭംഗ എന്ന ഗ്രാമത്തില്‍നിന്ന് കേരളത്തിലെത്തിയ ദര്‍ക്ഷ പര്‍വീണ്‍ എന്ന ബിഹാറി പെണ്‍കുട്ടി ഈ കേരളപ്പിറവി ദിനത്തിലും ആഗ്രഹിക്കുന്നത് ഒന്നുമാത്രം, ''എന്റെ നാട്ടില്‍നിന്ന് ഒരുപാട് കുട്ടികളെ ഇനിയും കേരളത്തിലേക്ക് കൊണ്ടുവരണം. അവര്‍ ഇവിടെ മലയാളം പഠിച്ച് പുതിയ ജീവിതങ്ങളിലേക്ക് കടക്കണം''.

To advertise here,

എത്ര കൈയടികള്‍ നല്‍കിയാലും അധികമാകാത്ത മലയാള സ്നേഹത്തിന്റെ ചിത്രങ്ങളാണ് ദര്‍ക്ഷ വരച്ചിടുന്നത്. പത്തുവര്‍ഷം മുന്‍പ് അച്ഛന്‍ മുഹമ്മദ് അമീനിന്റെയും അമ്മ രാജ്യ ഖാത്തോണിന്റെയും കൈപിടിച്ച് കേരളത്തിലെത്തുമ്പോള്‍ ദര്‍ക്ഷയ്ക്ക് പ്രായം ഒന്‍പത്. ബിനാനിപുരം ഗവ. ഹൈസ്‌കൂളില്‍ നാലാം ക്ലാസില്‍ ചേര്‍ന്ന് മലയാളം പഠിച്ചു തുടങ്ങിയ ദര്‍ക്ഷ മലയാളം അടക്കം അഞ്ച് വിഷയങ്ങളില്‍ എ പ്ലസോടെയാണ് പത്താം ക്ലാസ് വിജയിച്ചത്. പിന്നീട് പോളിടെക്നിക്കില്‍ ചേര്‍ന്ന് ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിപ്ലോമ നേടിയ ദര്‍ക്ഷ അതിനു ശേഷം പ്ലസ് ടു ഓപ്പണ്‍ സ്‌കൂളില്‍ പഠിച്ച് വിജയിച്ചു.

മറുനാടന്‍ കുട്ടികളുടെ ഉന്നമനത്തിനുള്ള റോഷ്നി പദ്ധതിയിലെ എജുക്കേഷന്‍ വൊളന്റിയറാണ് ഇപ്പോള്‍ ദര്‍ക്ഷ. അവിടെയുള്ള നൂറിലേറെ മറുനാടന്‍ കുട്ടികളെ മലയാളം പഠിപ്പിക്കണമെന്ന ആഗ്രഹത്തിലാണ് ദര്‍ക്ഷ താന്‍ പഠിച്ച സര്‍ക്കാര്‍ സ്‌കൂളിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്.

ഇവിടെ രാവിലെ എട്ടര മുതല്‍ വൈകുന്നേരം നാലു മണിവരെ കുട്ടികളെ പഠിപ്പിക്കാനുള്ളതിനാല്‍ തന്റെ ഡിഗ്രി പഠനം ദര്‍ക്ഷ ഓപ്പണ്‍ യൂണിവേഴ്സിറ്റിയിലേക്ക് മാറ്റി. വൈകുന്നേരം വരെ സ്‌കൂളില്‍ കുട്ടികളെ പഠിപ്പിച്ച ശേഷം രാത്രിയിലാണ് ദര്‍ക്ഷ തന്റെ ഡിഗ്രി പഠനം നടത്തുന്നത്.

കേരളവും മലയാളവും ഒരുപാടിഷ്ടമായ ദര്‍ക്ഷ ഇതിനിടെ ദര്‍ഭംഗയിലെ തന്റെ ബന്ധുക്കളും സുഹൃത്തുക്കളും അടക്കമുള്ള പലരെയും ഇവിടെയെത്തിച്ചിരുന്നു. മറുനാടന്‍ കുട്ടികളെ മലയാളം പഠിപ്പിക്കുന്നതിന് സ്‌കൂളിലെ എല്ലാ അധ്യാപകരും നല്ല പ്രോത്സാഹനമാണ് നല്‍കുന്നതെന്ന് പ്രധാനാധ്യാപിക ബീനാദേവി പറയുന്നു. ചെരുപ്പ് കമ്പനിയില്‍ ജോലിചെയ്യുന്ന അച്ഛന്‍ അമീനും അമ്മ രാജ്യയും ദര്‍ക്ഷയുടെ മലയാള സ്നേഹത്തിന് നിറഞ്ഞ പിന്തുണ നല്‍കുന്നുണ്ട്. അമീനിന്റെ ചെറിയ വരുമാനം കൊണ്ടുമാത്രം പുലരുന്ന കുടുംബം ഇപ്പോഴും ചെറിയൊരു വാടക വീട്ടിലാണ് കഴിയുന്നത്. 

''നല്ലൊരു ജോലി നേടി കേരളത്തില്‍ തന്നെ ജീവിക്കണമെന്നാണ് എന്റെ ആഗ്രഹം. ഇവിടെ ചെറിയൊരു വീട് വെക്കണമെന്നതും ജീവിതത്തിലെ ഏറ്റവും വലിയ മോഹങ്ങളിലൊന്നാണ്'' - ദര്‍ക്ഷ പറയുന്നു.