‘പണിയില്ലാപ്പട പെരുകും നാട്ടിൽ...’ ഇങ്ങനെയൊരുമുദ്രാവാക്യം മറന്ന മലയാളികൾ കുറവാകും.  തൊഴിൽപോകുമോയെന്നും നാട്ടിൽ തൊഴിലില്ലായ്മയുണ്ടാകുമോയെന്നുമുള്ള ആശങ്കയിൽനിന്നു പിറന്ന പ്രതിഷേധങ്ങൾ. കേരളത്തിന് 67 വയസ്സാകുമ്പോൾ അതേനാട്ടിൽ തൊഴിലേറെയുണ്ട്. എന്നാൽ,  പരമ്പരാഗത തൊഴിലിടങ്ങളിൽനിന്ന് മലയാളികൾ മാറുകയാണ്. പകരം മറുനാടൻ തൊഴിലാളികൾ ആ കുറവ് നികത്തുന്ന കാലം. ഒരു മലയാളി വിദേശത്തുപോകുമ്പോൾ ഒരു മറുനാടൻ തൊഴിലാളി കേരളത്തിലെത്തുന്നെന്നാണ് കണക്ക്.

To advertise here,

കേരളത്തിൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർചെയ്തിട്ടുള്ളവർ 37.14 ലക്ഷം. അതായത് ഒന്‍പത്‌ മലയാളികളിലൊരാൾ. ഇതിനുപുറമേ, 20 ലക്ഷത്തോളം മലയാളികൾ വിദേശത്തുണ്ടെന്നാണ് സെന്റർ ഫോർ ഡിവലപ്മെന്റ് സ്റ്റഡീസിന്റെ ഉൾപ്പെടെ പഠനങ്ങൾ പറയുന്നത്. അതായത് ആറിലൊരു മലയാളി തൊഴിലില്ലാത്തതായോ തൊഴിൽതേടി വിേദശത്തേക്ക് പോകുന്നതായോ ഉണ്ടെന്ന് ചുരുക്കം. സത്യത്തിൽ അത്രയ്ക്ക് തൊഴിലില്ലായ്മ ഈ നാട്ടിലുണ്ടോ? ഇല്ലെന്നുറപ്പ്. കാരണം 21 ലക്ഷത്തോളം മറുനാടൻ മലയാളികൾ കേരളത്തിലുണ്ട്. എല്ലാവരും തൊഴിലെടുക്കുന്നുമുണ്ട്. ഇതിൽ 10 ലക്ഷത്തോളംപേർ ദീർഘകാലമായി ഇവിടെയുള്ളവരാണ്. ഇതിൽ അഞ്ചുശതമാനത്തോളംപേർ ഇവിടെ കുടുംബവുമായി കുടിയേറിയവരും. 

ബാർബറാം ഭായി

ഒരുകാലത്ത് തമിഴ്നാട്ടിൽനിന്നെത്തിയ തൊഴിലാളികളായിരുന്നു കേരളത്തിലെ നിർമാണമേഖലയെ സജീവമാക്കിയിരുന്നത്. എന്തിനും ഏതിനും അണ്ണന്മാർ. എന്നാൽ, തമിഴ്നാട്ടിൽ മികച്ച ക്ഷേമപദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചതോടെ മിക്കവരും ജന്മനാട്ടിലേക്ക് മടങ്ങി. ആ വിടവിലായിരുന്നു വടക്കെ ഇന്ത്യൻ തൊഴിലാളികളുടെ വരവ്. നാമവരെ ബംഗാളികളെന്നു വിളിച്ചു. ടൈൽപണിമുതൽ അടുക്കളപ്പണിവരെ എടുത്ത് അവർ നമ്മെ അന്പരപ്പിച്ചു. ഓരോ രോമങ്ങളിലും രാഷ്ട്രീയം നിറയുകയും പറയുകയുംചെയ്തിരുന്ന നമ്മുടെ ബാർബർഷോപ്പുകളിൽനിന്ന്‌ മലയാളി ബാർബർമാർ അപ്രത്യക്ഷരായി. പകരം മുടിയിലും താടിയിലും വടക്കൻ സ്റ്റൈലായി. ബാർബർഷോപ്പുകളിലെ രാഷ്ട്രീയസംവാദങ്ങൾക്കുപകരം ബാർബറാം ഭായിമാരുടെ മുറിമലയാളങ്ങൾ കത്രികയ്ക്ക് കൂട്ടായി.  വയലിൽ ഞാറുനട്ടിരുന്ന, തെങ്ങിനു വളമിട്ടിരുന്ന, ഹോട്ടലുകളിൽ ഭക്ഷണം വിളമ്പിത്തന്നിരുന്ന നമ്മുടെ നാടൻതൊഴിലാളികളും കളമൊഴിഞ്ഞു. പാടത്ത് ഞാറ്റുപാട്ടിന്റെ ഈണങ്ങൾക്കുപകരം ഹിന്ദിപ്പാട്ടുകൾ ഇടംപിടിച്ചു. എന്തിന്, കടലിൽപ്പോകാനും മൂരിയെ തെളിക്കാനും അവരിറങ്ങി. അപ്പോഴും നാം മനസ്സിൽ അറിയാതെ മുഷ്ടിചുരുട്ടി വിളിച്ചുകൊണ്ടേയിരിക്കും -‘പണിയില്ലാപ്പട പെരുകുംനാട്ടിൽ...’

പകരം കുടിയേറ്റം

കേരളം രൂപവത്കരിച്ചകാലത്ത് ഇവിടെ തൊഴിലവസരങ്ങൾ കുറവായിരുന്നതിനാലാണ് വിദേശജോലിതേടി ആളുകൾ പോയിത്തുടങ്ങിയത്. വിദ്യാഭ്യാസം കുറഞ്ഞ അവിദഗ്ധതൊഴിലാളികളായിരുന്നു കൂടുതൽ. സംസ്ഥാനം വിദ്യാഭ്യാസപുരോഗതി നേടിയതോടെ വിദഗ്ധതൊഴിലാളികളുടെ എണ്ണം വൻതോതിൽകൂടി. അവർക്കാവശ്യമായ തൊഴിലും ഉയർന്ന ശമ്പളവും നാട്ടിലില്ലാത്തതിനാൽ അവരും വിദേശരാജ്യങ്ങളിലെ തൊഴിൽതേടിത്തുടങ്ങി. ഇവിടെ അവിദഗ്ധ തൊഴിൽചെയ്യാൻ അവർ തയ്യാറാകാത്തതിനാൽ അത്തരം തൊഴിലവസരങ്ങൾ ധാരാളമുണ്ടായി. രണ്ടായിരത്തിനുശേഷം മറ്റുസംസ്ഥാനങ്ങളിലെ മോശം സാന്പത്തികസ്ഥിതിയും കൂലിയും അവിടത്തെ അവിദഗ്ധതൊഴിലാളികളെ കേരളത്തിലേക്ക് നയിച്ചു. (പ്രൊഫ. എസ്. ഷിബിനു, സാന്പത്തികവിഭാഗം മേധാവി, തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജ്)