മലയാളി മറുനാട്ടിലാണ് പിറന്നത്. കേരളത്തിലൊരാളും മറ്റൊരാളെ മലയാളി എന്നു പറയില്ലല്ലോ. മദിരാശിയിലും ബോംബെയിലും കല്‍ക്കത്തയിലും സിലോണിലും ബര്‍മയിലും പിന്നെപ്പിന്നെ ഗള്‍ഫ്‌നാടുകളിലും യൂറോപ്യന്‍ നാടുകളിലും അമേരിക്കയിലും മലയാളി വളര്‍ന്നു. കഠിനമായി വിതച്ച് അവര്‍ അതിന്റെ വിള നാട്ടിലെത്തിച്ചു. കുറ്റംചെയ്താല്‍ ജന്മനാടുകൂടിയാണ് കുറ്റവാളിയാകുക, നല്ലതുചെയ്താല്‍ ജന്മനാടാണ് പ്രകീര്‍ത്തിതമാകുക (ഒറ്റപ്പെട്ട കുറ്റകൃത്യങ്ങളാല്‍ അതിഥിത്തൊഴിലാളികള്‍ കുറ്റവാളിക്കൂട്ടമാകുന്നത് കാണുന്നില്ലേ) ഈ ഉത്തരവാദിത്വക്കൂടുതല്‍ അവരെ മലയാളികളെക്കാള്‍ മലയാളികളാക്കി. പട്ടിണികിടന്ന് ചത്തുപോവുമായിരുന്ന കേരളീയരുടെ ജീവിതവും സംസ്‌കാരവും അവരാല്‍ നിലനിര്‍ത്തപ്പെട്ടു. കേരളത്തിലെ കിണറുകള്‍ വറ്റിയപ്പോഴും പുഴകള്‍ റോഡുകളായപ്പോഴും തണലുകള്‍ മരങ്ങളില്‍നിന്ന് വേര്‍പെട്ടപ്പോഴും വിദേശമലയാളിയുടെ ഓര്‍മകളില്‍ പഴയകാല ചലച്ചിത്രങ്ങളിലെന്നപോലെ അവ പച്ചപിടിച്ചുനിന്നു. 

To advertise here,

കേരളം മറന്നത് അവര്‍ ഹൃദയംനിറയെ ഓര്‍മിച്ചു. ഒരു വിദേശയാത്ര തരമായെങ്കില്‍ എന്ന് അംഗീകാരത്തിന് ദാഹിക്കുന്ന, തികച്ചും നാടനായ കഥകളിയും മോഹിനിയാട്ടവും തുള്ളലും തായമ്പകയും സ്വപ്നംകണ്ടു. ഇവിടെയാര്‍ക്കുവേണം ഇതെല്ലാം? പട്ടും വളയും തരുന്ന തമ്പുരാക്കന്മാര്‍ പുനര്‍ജനിച്ചത് അവിടെ. പക്ഷേ, കേരളത്തോടൊട്ടിനിന്നിരുന്ന പ്രവാസികളില്‍ ശേഷിച്ചിരുന്ന ആ ഗൃഹാതുരത്വം കുടിയേറുന്ന പുതുതലമുറയിലൂടെ നിശ്ശേഷമായി ഇല്ലാതാവുകയാണ്. ഭൂപടത്തിലെ കേരളത്തിന്റെ വലുപ്പം ഗ്‌ളോബിലെ കേരളത്തിലില്ലാത്തതിനാല്‍, ആഗോളവത്കരണകാലത്ത് കൂടുതല്‍ വിസ്തൃതിയിലേക്ക് ചെല്ലുന്ന ഉന്മാദത്തോടെയാണ് നാട് നാടുകടക്കുന്നത്. എല്ലാ നഗരങ്ങളും ഫലത്തില്‍ ഒരേ അനുഭവംതരുന്ന ഇടങ്ങളായി മാറിയതിനാല്‍ ഉച്ഛിഷ്ടം ഭുജിച്ചിട്ടാണെങ്കിലും കേരളവും നെടുനീളത്തില്‍ ഒരൊറ്റപ്പട്ടണമായി മാറിക്കഴിഞ്ഞതിനാലും സാങ്കേതികവളര്‍ച്ച ദൂരം തുടച്ചുകളഞ്ഞതിനാലും ആര്‍ക്കുമില്ല വീട്ടുത്കണ്ഠകള്‍, നഷ്ടബോധങ്ങള്‍. രാഷ്ട്രീയമായി നടിക്കുന്ന കക്ഷിരാഷ്ട്രീയം, സൗഹൃദംപോലും സമ്മതിക്കാത്ത സന്മാര്‍ഗത്തിന്റെ സി.സി.ടി.വി., ലൈംഗിക ഗുണ്ടകള്‍, പലവിധ ദുരഭിമാനങ്ങള്‍ പലായനത്തിന് വേഗംകൂടുന്നു. നഷ്ടപ്പെട്ടത് വിലങ്ങുകള്‍ മാത്രല്ലെങ്കിലും കിട്ടുന്നത് പുതിയലോകം.

അന്ന് തൊഴിലിനായിരുന്നെങ്കില്‍ ഇന്ന് വിദ്യാഭ്യാസത്തിനായും കേരളം വെളിയിലേക്ക് പുറപ്പെടുകയാണ്. ശാസ്ത്രമോ ചരിത്രമോ തത്ത്വചിന്തയോ സാമ്പത്തികശാസ്ത്രമോ എന്തിന് മലയാളംപോലുമോ പഠിക്കാന്‍, പഠിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് വിദേശം വേണം. വിദ്യാഭ്യാസത്തിനും തൊഴിലിനും തുടര്‍ന്നുജീവിക്കാനും വിദേശംതന്നെ സ്വദേശം എന്നുവരുമ്പോള്‍, മലയാളി എന്ന ഐഡന്റിറ്റി പൂര്‍ണമായും അസ്സംഗതമാവുകയാണ്. തൊഴിലിനുള്ള സാഹചര്യമില്ലെന്നു മാത്രമല്ല, പഠിച്ചുവളരാനുള്ള സാഹചര്യവും ഇല്ലാത്ത നാട്ടിന്റെ ഭാഷയ്ക്ക്, സംസ്‌കാരത്തിന് എന്തീട്?

കുഴിച്ചെടുക്കാന്‍ ഖനികളൊന്നുമില്ലാത്ത, വ്യവസായ സാധ്യതകളില്ലാത്ത ഈ നാടിന് യഥോചിതം മുതലിറക്കിയാല്‍ ഉറപ്പായും വിജയിക്കാന്‍ കഴിയുമായിരുന്ന ഒരു മേഖലയായിരുന്നു വിദ്യാഭ്യാസം. മലയാളം ഒരു വലിയ ഇടവും ഭാഷയുമാകുമായിരുന്നു എങ്കില്‍. അധ്യാപകസംഘടനകളും ഏകാധിപത്യത്തിനു പഠിക്കുന്ന വിദ്യാര്‍ഥിസംഘടനകളും വിദ്യാഭ്യാസ വിരുദ്ധരായ ഭരണകൂടങ്ങളും ആ സാധ്യത പൂര്‍ണമായടച്ചു. നിരക്ഷരരായ ബിരുദ, ബിരുദാനന്തര ധാരികളെ മാത്രമുണ്ടാക്കാന്‍കഴിയുന്ന ഫാക്ടറികളായി കലാലയങ്ങള്‍ മാറി.

ഇയ്യിടെ ഭൂരിഭാഗം ബംഗാളികള്‍ ഇരിക്കുന്ന ഒരു തീവണ്ടിക്കമ്പാര്‍ട്ട്മെന്റില്‍ തുടര്‍ച്ചയായി കൂട്ടച്ചിരി മുഴങ്ങുന്നതുകേട്ടപ്പാള്‍ എന്റെ ബംഗാളിയറിയുന്ന കൂട്ടുകാരന്‍ കാതോര്‍ത്തു. മലയാളികളെപ്പോലെ വിഡ്ഢികള്‍ ഇന്ത്യയില്‍ മറ്റെങ്ങുണ്ടാവും എന്നാണവര്‍ ചിരിക്കുന്നത്. പണക്കാരായി കാണപ്പെടാന്‍ മലയാളികള്‍ പെടാപ്പാടുപെടുന്നതിനെപ്പറ്റിയോര്‍ത്ത് അവര്‍ക്ക് ചിരിനിര്‍ത്താനാവുന്നില്ല. അവര്‍ ചിരിക്കുന്നു; അതിനുള്ള പ്രയത്‌നത്തില്‍ പങ്കുചേരാനാണ് നമ്മള്‍വരുന്നത്. അവര്‍ക്ക് ചെയ്യാവുന്ന പണി, വിദേശത്തവര്‍ ഒരവകാശബോധവുമില്ലാതെചെയ്യുന്ന പണി, ഇവിടെ ചെയ്യാത്തതിനാല്‍. നമ്മള്‍ ജീവിക്കുന്നു. 
മാറാത്തത് മാറ്റംമാത്രമാണെന്ന് വീരസ്യം പറയാമെങ്കിലും ഇയ്യിടെ കേരളത്തില്‍ മാറ്റവും മാറി. ഒരു ഭാഗത്ത് മാറിനിന്ന് അത് കൈകൂപ്പുന്നു. അലോഗ്യം തോന്നരുത്, കുമ്പിട്ടത് കുറഞ്ഞുപോയെങ്കില്‍ കൂട്ടാം, ഉപദ്രവിക്കരുത്.